ട്രെന്‍ഡ് സെറ്റേഴ്സ്
നിനച്ചിരിക്കാത്ത ഒരു നിമിഷത്തിലായിരിക്കും ചിലര്‍ക്ക് ബോധോദയം സിദ്ധിക്കുക എന്ന് ഓഷോ പറയാറുണ്ട്. അതുപോലെ ഓര്‍ക്കാപ്പുറത്ത് കുടുംബസമേതം ചിലര്‍ മോഡേണാവുന്ന സന്ദര്‍ഭങ്ങളുമുണ്ട്. ദ് കമ്പ്ളീറ്റ് മാന്‍ ഷമ്മിയുടെ ഭാഷയില്‍ ഒരു മോഡേണ്‍ ഫാമിലി.
ഒന്നര വര്‍ഷം മുമ്പ് മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് കമ്പനി വിലയില് മേത്തരം വസ്ത്രങ്ങൾ വാങ്ങുന്നതിനായി മദ്ധ്യകേരളത്തിലെ പ്രശസ്ത കൈത്തറി ഗ്രാമത്തിലേക്ക് ഞാനും ഭാര്യയും മോളും കൂടി പോയിരുന്നു. രാവിലെ പത്തു മണിക്ക് ഷോ റൂമില്‍ കയറി സെലക്ഷന്‍ അവസാനിപ്പിച്ച് ബില്ലടച്ചപ്പോൾ സമയം ഒന്നര മണിയായി. മുടിഞ്ഞ വിശപ്പ്. ഹോട്ടലിൽ ഊണ് കഴിക്കണമെങ്കിൽ അടുത്ത ജംഗ്ഷനിലേക്ക് ബസ്സ് കയറണം എന്നു കാഷ് കൌണ്ടറിലെ സുന്ദരി. അതിനുള്ള ഇന്ധനമില്ല മൂന്നു പേരുടേയും ഉള്ളിൽ. എന്തു ചെയ്യും?. പെട്ടെന്നാണ് വ്യാപാര സമുച്ചയത്തിനു മുന്നിലെ ഒരു ചെറിയ കുടില്‍ കണ്ണിൽ പെട്ടത്. ആളുകൾ കയറിയിറങ്ങുന്നതും വാ കഴുകി തുപ്പുന്നതും ശ്രദ്ധിച്ചപ്പോൾ മനസ്സിലായി അതൊരു ഭക്ഷണക്കടയാണെന്ന്.
"അവടെ കേറ്യാലോ?. കഴിക്കാന്‍ എന്താണ്ടാവാവോ."
ഞാൻ സംശയിച്ചു നിന്നു.
" എന്തായാലും വേണ്ടില്ല്യ. വെശന്ന്ട്ട് ദേഹം വെറച്ചൊടങ്ങി. കേറാം"
സംശയലേശമന്യയായി ഭാര്യ.
"അവടെ മത്യച്ഛാ!."
പിന്നെ സംശയിച്ചില്ല.
കടയിലേക്ക് ആർത്തിപൂണ്ട് കയറി വരുന്ന മൂന്നാള്‍ കുടുംബത്തെ വിളമ്പുന്നവരും കഴിക്കുന്നവരും അത്ഭുതം വിടർന്ന കണ്ണുകളോടെ നോക്കുന്നതിന്റെ ഹേതുവെന്തെന്നു ചിന്തിക്കണമെന്നുണ്ടായിരുന്നു. പക്ഷേ കാളുന്ന വിശപ്പ് അനുമതി നിഷേധിച്ചു.
"ഊണുണ്ടോ?.''
"ഉണ്ട് സർ!."
"മൂന്നൂണ്."
"സർ, സ്പെഷൽ?."
"ഒന്നും വേണ്ട."
"ചാള വറത്തതുണ്ട്."
''വേണ്ട!."
"ആംബ്ളേറ്റ്?."
" ഒന്നും വേണ്ട. ഊണു് മാത്രം മതി. േഗെടുക്കണം!."
"ശരി സർ. ഇപ്പെടുക്കാം."
നാട്ടിലെ കവലയിലെ ചായക്കടയുടെ പോലും ലുക്കില്ലാത്തതെങ്കിലും ഓലയും തട്ടികയും കൊണ്ടു മറച്ച ആ കുടിലിലെ ഊണ് മോശമായിരുന്നില്ല. പുളിങ്കറിയെന്നു തോന്നിച്ചെങ്കിലും സാമ്പാറും മുളകുപൊടിയിട്ടു ചുവപ്പിച്ച കാബേജ് ഉപ്പേരിയും മസാല തക്കാളിയുമെല്ലാം അച്ചാറിനൊത്ത എരിവാലും പുളിയാലും സമ്പന്നം!.
ഊണു് കഴിഞ്ഞ് വഴിയരികില്‍ വെച്ച പ്ലാസ്റ്റിക്ക് ബക്കറ്റിലെ വെള്ളത്തിൽ കൈ കഴുകാൻ നോക്കുമ്പോഴേക്കും തിടുക്കത്തിൽ ഒരു അലുമിനിയം ബോണിയിൽ വെള്ളം കൊണ്ടുവന്നുകൊണ്ട് കടയുടമ എന്ന് തോന്നിച്ചയാള്‍ പറഞ്ഞു.
"ഇതിൽ കഴുകാം സർ!."
ആ വിശേഷാല്‍ പരിചരണത്തിന്റെ കാരണവും പിടികിട്ടിയില്ല.
പക്ഷേ പണം കൊടുത്ത് ഏമ്പക്കമിട്ട് വഴിയിലിറങ്ങി പത്തടി നടന്ന് തിരിഞ്ഞു നോക്കിയപ്പോൾ സത്യം മറ നീക്കി കടയുടെ വശത്തുള്ള തട്ടികച്ചുമരിൽ തെളിഞ്ഞു.
കള്ള്!.
“അയ്യേ ഇവട്യാ കേറീത്!. അസ്സലായി!.”
“വെര്‍ത്യല്ല എല്ലാറ്റിലും ഇത്രെരിവ്!.”
"ആവും. പരിചയക്കാർക്കറ്യാലോ!."
“അയ്, അപ്പിത് കേറുമ്പാരും കണ്ടില്ലിലോ?.”
ആ സംശയത്തിന് മറുപടിയായി വിശന്നാൽ കണ്ണ് കാണില്ല എന്ന നാട്ടുമൊഴിയിൽ തെല്ലും അത്യുക്തിയില്ലെന്ന് വെള്ളയടിച്ച പനമ്പുതട്ടികയില്‍ കരിയിലെഴുതിയ ആ രണ്ടക്ഷരങ്ങൾ വിളിച്ചു പറഞ്ഞു.
കള്ളുനോട്ടം അവസാനിപ്പിച്ച് തിരിയുന്നതിനിടയില്‍ കാലുകള്‍ കൂട്ടിത്തട്ടി ഇടറി വീഴാൻ പോയ അച്ഛനെ താങ്ങി സ്റ്റെഡിയാക്കുമ്പോൾ മകൾ കാതിൽ മന്ത്രിച്ചു:
"അച്ഛാ സൂക്ഷിച്ച് നടക്കണം. ദേ ആൾക്കാര് നോക്ക്ണ്ട്!."
മകളുടെ നര്‍മ്മബോധത്തെ മനസാ അഭിനന്ദിക്കുമ്പോഴും ഒരു കാര്യം അവഗണിക്കാനായില്ല; നട്ടുച്ചക്ക് ഷാപ്പിറങ്ങി വരുന്ന കുടുംബത്തെ പരിസരത്തുള്ളവര്‍ സാകൂതം നിരീക്ഷിക്കുന്നുണ്ട്!.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ