മീ....റ്റൂ!.
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സംഭവം. സൈക്കോ സോമാറ്റിക്ക് ഡിസോർഡർ എന്നു പറയാമോ എന്നറിയില്ല സമിപത്തെങ്ങാനും ആൾസാന്നിദ്ധ്യമുണ്ടെങ്കിൽ മൂത്രം പോകാതിരിക്കുന്ന അസുഖമുണ്ടായിരുന്നു അന്നെനിക്ക്. അന്നെന്നല്ല ഇന്നുമുണ്ട്!. സിനിമാ തിയ്യറ്ററിലൊക്കെ പോയാൽ ഇടവേളയിൽ ടോയ്ലറ്റ് മാൻഫ്രീയായാലേ കാര്യം സാധിക്കാറുള്ളു!.
അന്നൊക്കെ മൂത്രപ്പിരിയഡിന് മണിയടിച്ചാൽ എന്റെ ഊഴമെടുക്കാൻ മൂത്രപ്പുര വിജനമാവുന്നതു കാത്തു നിൽക്കുമായിരുന്നു ഞാൻ. അതൂ മൂലം ക്ലാസ്സിൽ ലേറ്റാവലും ചോദ്യം ചെയ്യലും അടിയും പുറത്തു നിർത്തലും പെൺകുട്ടികളുടെ ബെഞ്ചിൽ കയറ്റി നിർത്തലും നിത്യസംഭവമായിരുന്നു. വൈകുന്നതിന്റെ കാരണം ടീച്ചറോട് വെളിപ്പെടുത്താൻ വയ്യ!. കാരണം ഭയം. നാണം. അഭിമാനക്ഷയം.
മൂത്രം പോവായ്മയും ക്ലാസിൽ വൈകിവരലും അനുസാരിയായ ശിക്ഷയും അസഹനീയമായപ്പോൾ ഒരു നാൾ ഉച്ചക്കു മുമ്പുള്ള മൂത്രപ്പിരിയഡ് സ്കിപ്പ് ചെയ്ത് ക്ലാസ്സിൽ തന്നെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒഴിക്കാതെ പിടിച്ചു നിർത്തിയതും പുതിയതുമായി മൂത്രസഞ്ചി നിറഞ്ഞ് അടിവയറ്റിൽ വേദന കഠിനമായി. ഇനിയും വൈകിയാൽ മൂത്രം അതിന്റെ വഴി തേടുമെന്നായപ്പോൾ ഞാൻ കരയാൻ തുടങ്ങി.
"എന്താടാ കരയണേ?."
ടീച്ചർ ഗൌരവത്തിൽ ചോദിച്ചു.
"മൂത്രം മുട്ടുണു!."
''അപ്പ നീ മൂത്രപ്പിരീഡില് ഒഴിച്ചില്ല്യേ?."
"ഇല്ല്യ!."
"എന്തേ?."
"............"
"എന്തേന്ന് ചോയ്ച്ചത് കേട്ടില്ല്യേ?."
ടീച്ചർ കണ്ണുരുട്ടി.
"............"
''ന്നാ അവടേരിക്ക് ട്ടാ. ഉച്ചബെല്ലടിക്കുമ്പോ പൂവാം."
അത്രയും നേരം ഇരിക്കേണ്ടതോർത്തപ്പോൾ വേദന ജീവൻ പറിച്ചെടുക്കുന്ന ലെവലിലായി. ഏതു നിമിഷവും ഷട്ടർ തുറന്നേക്കാമെന്ന നിലയായപ്പോർ ഞാൻ വാവിട്ടു നിലവിളിച്ചു.
''എനിക്കിപ്പ മൂത്രൊഴിക്കണം! അല്ലെങ്ങെപ്പൊ പൂവും!."
"മൂത്രപ്പിരീഡില് പൂവാണ്ട് നെനക്ക് ഇപ്പ മൂത്രപ്പെരേൽക്ക് പോണല്ലേ!. അഹമ്മതിക്കൊക്കൊരതിരില്ല്യേ!. നെന്നേന്ന് ഞാൻ!."
മേശയിൽ നിന്ന് ചൂരല് വലിച്ചൂരി രാക്ഷസീരൂപം പൂണ്ട് ടീച്ചർ വന്നതും തുടയിൽ ചൂരൽപ്പാടുകൾക്കു മേൽ മൂത്രത്തിന്റെ ചൂടുചാലുകൾ ഒഴുകിയതുമൊക്കെ ഈ വയസ്സാം കാലത്തും നിദ്രയിൽ കടന്നു വരുന്ന ബാല്യത്തിന്റെ ദുസ്വപ്നങ്ങളിലൊന്നാണ്!.
ഈ വാർത്താ ക്ലിപ്പുണ്ടായിരുന്നില്ലെങ്കിൽ ഇപ്പറഞ്ഞത് പല സുഹൃത്തുക്കൾക്കും അവിശ്വസനീയമായി തോന്നുമായിരുന്നേനെ. വീട്ടിലറിഞ്ഞാൽ അവിടെ നിന്നും കിട്ടുന്ന വിഹിതമോർത്ത് അന്ന് ആ ദുരന്തകഥ അവിടെ പറഞ്ഞിരുന്നില്ല. അര നൂറ്റാണ്ട് കഴിഞ്ഞ് ദാ ഇന്നാണ് അക്കാര്യം വെളിപ്പെടുത്തുന്നത്.
സാഡിസ്റ്റുകളായിരുന്ന ചില അദ്ധ്യാപകരും അവർക്ക് തങ്ങളുടെ സന്താനങ്ങൾക്കു മേൽ 'ചുട്ട അടി'യുടെ ബ്ലാങ്ക് ചെക്ക് നൽകിയിരുന്ന മാതൃകാ രക്ഷിതാക്കളും ചേർന്ന് എത്രയെത്ര ഭീരുക്കളെ സൃഷ്ടിച്ചിട്ടുണ്ടാവില്ല അന്നൊക്കെ!.
----------------------------------------------------------------
അദ്ധ്യാപക സമൂഹത്തിലെ അപവാദങ്ങൾ മാത്രമാണ് പ്രതിപാദ്യം. എന്റെ നല്ല അദ്ധ്യാപക സുഹൃത്തുക്കൾ ക്ഷമിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ