വീ ഐ പി
വർഷങ്ങൾക്ക് മുമ്പാണ്.
സാഹിത്യ അക്കാദമി പോർട്രേറ്റ് ഗ്യാലറിയുടെ മുറ്റത്ത് ബഷീർ വേദിയിൽ ഒരു നാടകം കളിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഇലക്ട്രിക്ക് പണികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ജീപ്പ് അക്കാദമി അതിഥിമന്ദിരത്തിലേക്കുള്ള വഴിയിൽ കിടക്കുന്നുണ്ട്. ജീപ്പ് നിൽക്കുന്നിടത്തു നിന്ന് ഇരുപതടി നടന്നാൽ മന്ദിരത്തിലെത്താം.
പെട്ടെന്ന് പണി നടക്കുന്നിടത്തേക്ക് ഒരു സെക്യുരിറ്റിക്കാരൻ ഓടിക്കിതച്ച് വന്ന് അവര്‍ക്ക് സ്വത:സിദ്ധമായ ധാർഷ്ട്യത്തോടെ ഉറക്കെ വിളിച്ചു ചോദിച്ചു.
"ആരാ ജീപ്പിന്‍റെ ഡ്രൈവറ്?."
"എന്തേ ചേട്ടാ?."
നാടകത്തിന്റെ സംവിധായകൻ അയാളുടെ അടുത്തുചെന്നു.
"ഈ ജീപ്പ് മാറ്റണം!."
''മാറ്റാലോ; എന്താ കാര്യം?."
''.........ഷന്‍റെ ചെയർമാനേം കൊണ്ട് സെക്രട്ടറി ഇപ്പൊ വരും. കാറ് പോകാൻ വഴി ക്ലിയറാക്ക്!."
ഒരു സാമൂഹ്യ വിദ്യഭ്യാസ സാംസ്ക്കാരിക ഭാഗ്യാന്വേഷിയാണ് എഴുന്നെള്ളാനിരിക്കുന്ന വീയൈപ്പി.
"ശരി, ഡാ ഗോപ്യേ ആ ജീപ്പ് മാറ്റാൻ പറഞ്ഞേ സോമനോട്."
സംവിധായകൻ ഇലക്ട്രീഷ്യനോട് നിർദ്ദേശിച്ചു.
"അയിന് വിശ്വേട്ടാ അവനൂണ് കഴിക്കാൻ പോയേക്ക്യാ."
"അത്യാ?."
സംവിധായകൻ മൊബൈലെടുത്തു.
"സോമാ നീയെവട്യാ?."
"വേം വാ. ആ ജീപ്പൊന്ന് നീക്കീടണം."
"ശരി. വേഗാട്ടെ ഒരു വീഐപ്പി വര്ണ്ട്. വഴീലാ ജീപ്പ്."
"ചേട്ടാ ഡ്രൈവറ് ഊണ് കഴിക്ക്വാ. ഇപ്പൊ വരും ട്ടാ. ഒരഞ്ച് മിൻറ്റ്. ദേ ഹീറോ ഹോട്ടൽലാ."
"അതൊന്നും പറഞ്ഞാ പറ്റില്ല. താൻ വണ്ടി മാറ്റ്. അവരിപ്പൊ വരും."
"അതിപ്പെങ്ങന്യാ ചേട്ടാ, എനിക്ക് വണ്ടി ഓടിക്കാറീല്ല്യ. ചേട്ടനറീച്ചാ എടുത്തു മാറ്റിക്കോ. താക്കോല് വണ്ടിമേണ്ട്."
"എന്താ താനാളെ കള്യാക്കാ?."
"കള്യാക്കീതല്ല ചേട്ടാ. കാര്യം പറഞ്ഞതാ. ഡ്രൈവറ് വരാണ്ട് വണ്ടി എങ്ങനെടുക്കാനാ?. ഒരഞ്ച് മിനിറ്റ് പ്ലീസ്."
"വേഷംകെട്ട് നാടകത്തില് മതി ട്ടാ!."
"ശെന്താ നോക്ക്യേൻ!. ശരി അങ്ങന്യാച്ചാ അങ്ങനെ. വേറെ നൂർത്തീല്ല്യ!."
"വണ്ടീട്ക്കടോ!. "
"ഡ്രൈവറ് വന്നാട്ക്കും!."
"അല്ലെങ്ങെടുക്കില്ല്യാ?."
"ബുദ്ധിമുട്ടാ!."
"അവര് വന്നെറങ്ങി നടക്കണ്ടി വന്നാ കാര്യൊക്കെ തകരാറാവുട്ടാ!."
"കൊഴപ്പല്ല്യ ചേട്ടാ!. അവര് വരട്ടെ. ഞാന്‍ ഡീലീതോളാം. ഇവടന്നങ്ങട് പത്തടി നടന്നാ ആരട്യായാലും കൊഴിഞ്ഞു പോവൊന്നൂല്ല്യ!. ചേട്ടൻ ചെല്ല്!."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ