2013 ഡിസംബർ 4, ബുധനാഴ്‌ച

തന്നിഷ്ട്ടം

തന്നിഷ്ട്ടം 

വെളുപ്പിനുള്ള  അതിവേഗനടത്തം പൂർത്തിയാക്കി വീട്ടിലേക്ക്‌ കയറുമ്പോൾ എതിരെനിന്നും ബൈക്കിൽ വന്ന സുഹൃത്ത് പടിക്കൽ വണ്ടി നിർത്തി. പുഞ്ചപ്പാടത്ത് വിത്തിറക്കിയ കണ്ടത്തിൽ വെള്ളത്തിന്റെ നില നോക്കാൻ പോയി മടങ്ങി വരികയാണ് പഴയ  സഹപാഠി.

"നടക്കാൻ പോയി വര്വാല്ലേ ?"

"അതെ."

"എത്രോണ്ട്  നടക്കും?"

"മുതുവറ,അമല ആശുപത്രി, വ്യാസപീഠം, സംസ്കൃത വിദ്യാപീഠം, പോസ്ടാപ്പീസ് വഴി."

"അയ്യെന്റമ്മേ ! വഴി കൊറച്ച്ണ്ടലോ ?"

"തരക്കേടില്ല്യ.  ആറ് കീമീ ."

"തന്ന്യാ  നടക്ക്വാ ? കൂട്ടിന്  ആരൂല്ല്യേ  ?"

"ഇല്ല്യ. എന്തിനാപ്പൊ കൂട്ട് ? തന്നെ നടക്കാനാ എനിക്കിഷ്ട്ടം."

"ങ്ഹും . മറ്റോൻ  പറഞ്ഞ പോലെ  തന്നിഷ്ട്ടം!"

"ങ്ഹാ ഏതാണ്ടൊക്കെ. ജീവിച്ചു പോണ്ടേ! അതു  പോട്ടെ;  ആരാ ഈ 'മറ്റോൻ ' ?" ഞാൻ ചോദിച്ചു .

" ഏയ്‌ ! ഞാൻ വെർതെ  തമാശ പറഞ്ഞതല്ലേ."

അല്ലല്ലല്ല. എന്തോ ഒന്നുണ്ട്. നീയൊരു തമാശക്കാരനാന്ന്  അന്നുമിന്നും എനിക്ക് തോന്നീട്ടില്ല്യ !."

"ഒന്നൂല്ല്യടോ. നീ മ്മടെ ഒപ്പം പത്താം ക്ലാസില് പഠിച്ചേർന്ന  ഒ  പി.ടി. രമേശനെ ഓർക്ക്ണ്ടാ ; പടിഞ്ഞാറ്റുമുറിക്കാരൻ ?"

"ഉവ്വ്.  ദാ ഇന്നാള് വരെ കണ്ടതാ. ഒരീസം എന്റെ കൂടെ നടക്കാണ്ടാർന്നു. "

"അത് ശരി!.   ന്നട്ട്  ഇപ്പെന്തേ അവൻ കൂടെ വരണില്ല്യേ ? "

"അവൻ വരായ്ക്യല്ല. ഞാൻ ഒന്ന് മാറ്റിപ്പിടിച്ചതാ. എന്റെ താളോം അവന്റെ താളോം യോജിക്കില്ല്യ ."

"അപ്പോ അവൻ പറഞ്ഞത് ശര്യന്ന്യാ!   നീ അവനെ ഒഴിവാക്കീന്ന്  !"

"ഹത് ശരി !. അപ്പോ അതാ കാര്യം അല്ലെ?. സാരല്ല്യ . സാരല്ല്യാന്ന് മാത്രല്ല. ഒഴിവാക്കീത്  നന്നായീന്നന്നെ പറേണം. കാരണണ്ട് !.  "

"അതെന്താ?." സുഹൃത്ത് തലയിൽ കെട്ടിയ തോർത്തുമുണ്ടഴിച്ചു കഴുത്തിലിട്ട് കാരണം കേൾക്കാൻ കയ്യും കെട്ടിനിന്നു.

"വെളുപ്പിന് അഞ്ചര തൊട്ട് ആറര  വരേള്ള  ഒരു മണിക്കൂറോണ്ട് വിലങ്ങൻ കുന്നിന് ഒരു പ്രദക്ഷിണം വെക്ക്യാ, വെയിലുദിക്കണേനു മുമ്പ് തിരിച്ചെത്ത്വാ , ഇതാണെന്റെ കണക്ക്. പിന്നെ നടക്കുമ്പോ എനിക്കൊരു വേഗോം താളോം ഒക്കേണ്ട്. അത്  തെറ്റിക്കാൻ രണ്ടാമതൊരാളെ   കൂടെ കൂട്ടാറില്ല്യ. കാരണം, വേഗതേല്   എന്നേക്കാൾ കൂട്യോനോ  കൊറഞ്ഞോനോ ആവാം  അയാള് . അഡ്ജസ്റ്റീയാൻ പറ്റില്ല്യ. മാത്രോല്ല കൂടെ ഒരാള് കിടികിടീന്നു വർത്താനം പറഞ്ഞു നടക്കണതും  എനിക്കിഷ്ട്ടല്ല . ഈ നടത്തം ന്നൊക്കെ പറേണത് എനിക്കൊരു ധ്യാനാ! "

"അതിനിപ്പോ ധ്യാനം മൊടക്കാൻ  മ്മടെ പാർട്ടി എന്തേ ചെയ്തേ ?" കൂട്ടുകാരൻ  ഉത്സുകനായി .

"രണ്ടാഴ്ച മുമ്പ് ഇണ്ടായീതാ . വീട്ടീന്ന്  എറങ്ങി  ആശ്രമം ബസ് സ്റ്റോപ്പിലെത്തി  വലത്തോട്ട്  തിരിഞ്ഞ് മുതുവറ  ഭാഗത്തയ്ക്ക് വെച്ചടിച്ചപ്പോ പിന്നീന്ന് ഒരു കയ്യടീം  ബഹളോം  കേട്ടു . തിരിഞ്ഞു നോക്കീപ്പോ ഇവനാ. രമേശൻ . "നിക്ക് ബാലന്ദ്രാ , ഞാനൂണ്ട്. ഒപ്പം നടക്കാൻ ഒരാളെ കിട്ടാണ്ട്‌ നിക്ക്വാർന്നു. അപ്പളാ തന്റെ വരവ്. " എന്നും പറഞ്ഞ്‌ ആശാൻ എന്റെ കൂടെ കൂടി. ചറപറാന്നു സംസാരം. മന്ദഗതി. രണ്ടാമതൊന്നു ചിന്തിക്കാണ്ട് നിർദ്ദാക്ഷിണ്യം വിട്ടു കളഞ്ഞാലോന്ന് വെച്ചതാ ഞാൻ .  അതു മോശല്ലേന്നു തോന്ന്യോണ്ട്  വേഗത  കുറച്ചു കൂടെ നടന്നു.വിമ്മിഷ്ട്ടം സഹിച്ച് ബ്ലോക്കാപ്പീസിന്റെ അവടെത്തീപ്പോ എതിരേന്ന്  വന്ന ഒരാള്  കൈ വീശി ഗുഡ് മോണിംഗ് പറഞ്ഞതും  "ബാലന്ദ്രാ പോല്ലേ! ഒരു മിനിറ്റ് , ഞാൻ ദാ വരണു" എന്നും പറഞ്ഞ്  മ്മടെ ആശാൻ നടത്തം നിർത്തി അയാളോട് വിശേഷിക്കാൻ നിന്നു .   ചിറ്റിലപ്പിള്ളി ഭാഗത്ത് നടന്ന ഒരു സ്ഥലക്കച്ചോടോം അതിന്റെ ബ്രോക്കറേജും ആ സ്ഥലം കൂട്യേ വേലയ്ക്കു ചോദിച്ച തനിക്കു തരാണ്ട് വേറൊരുത്തനു കൊടുത്തത്തിലുള്ള മ്മടെ വിദ്വാന്റെ അമർഷപ്രകടനവും ഒക്ക്യായി ഒരു റിയൽ എസ്റ്റേറ്റ്‌ ഷോ അവർക്കിടയിൽ പൊടിപൊടിക്കണതു കണ്ടപ്പോ എനിക്ക് ആസകലം തരിച്ചു കയറി !"

"ന്ന്ട്ട് ?" സുഹൃത്തിന് വല്ലാതെ രസം പിടിച്ചു. 

"ദ്വേഷ്യം  അടക്ക്യോണ്ട് ഞാൻ പറഞ്ഞു; "അതേയ്‌  രമേശാ സമയം പോണൂ"ന്ന്. അത് കേട്ടപ്പോ സംസാരം നിർത്തി സോറീം പറഞ്ഞ്  പാർട്ടി കൂടെ വന്നു. പുത്തിശ്ശേരി എത്തീപ്പോണ്ട്രാ വേറൊരാള്. ഇത്തവണ വിഷയം സാംസ്കാരികം. ഉപജില്ല സ്കൂൾ യുവജനോത്സവത്തിൽ കേരളനടനത്തിൽ തന്റെ മോൾക്ക്‌ ഒന്നാം സ്ഥാനം നഷ്ട്ടപ്പെട്ടതിന്റെ വ്യസനം പറഞ്ഞു നിന്ന പരിചയക്കാരനോടു അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് യുവജനോത്സവത്തിന്റെ ഉള്ളറരഹസ്യങ്ങളുടെ ചുരുളഴിക്കുന്നത് കണ്ടപ്പോൾ എന്റെ ക്ഷമ കെട്ടു . "രമേശാ ..!" എന്റെ വിളിയിലെ കനപ്പ് സെൻസീതിട്ടാവാം ഫെസ്റ്റിവൽ നിലവറകളുടെ  വാതിലടച്ചു സോറി പറഞ്ഞ് രമേശൻ നടത്തം തുടർന്നു . പക്ഷെ അമല സെന്ററിലെ പ്രജാപതി ഹോട്ടലിലേക്ക് ചായ കുടിക്കാനായി കൈ പിടിച്ചുവലിച്ചപ്പോ എനിക്കു ക്ഷമിക്കാനായില്ല്യ .  താൻ പോയി ചായ കുടിക്ക് . എനിക്ക് കാത്തു നില്ക്കാൻ സമയല്ല്യ. പോയിട്ട് വേറെ പണീണ്ട്ന്നും പറഞ്ഞു ഞാൻ കുതറിയോടി. സംഭവത്തിന്റെ തൊടക്കോം  ഒടുക്കോം  അതാർന്നു . "

"അത് ശരി ! അപ്പൊ അങ്ങന്യാ കാര്യല്ലേ ! കൊള്ളാം അസ്സല് പാർട്ടി !. ഇവൻ എന്തിനാ ഇത്ര ബുദ്ധിമുട്ടണതാവോ ? നേരം വെളിച്ചാമ്പോ കാക്കൂട്ടില് കയ്യും തിരുകി കെടന്നൊറങ്ങ്യാ പോരേ?" സുഹൃത്ത് .

" ആവോ. അതവന്റെ ഇഷ്ട്ടം. ?"

"തന്നിഷ്ട്ടം!ഹ ഹ ഹ ഹ  ശരി,  പോട്രാ പണീണ്ട്."പൊട്ടിച്ചിരിച്ചുകൊണ്ട് സുഹൃത്ത് തോളത്തുകിടന്ന തോർ ത്തുമുണ്ട് തിരിച്ചു തലയിൽ കെട്ടി പഴയ'യെസ്ഡി'മോട്ടോർ സൈക്കിൾ  ഒറ്റകിക്കിന് അത്ഭുതകരമായി സ്റ്റാർട്ടാക്കിക്കൊണ്ട് ഓടിച്ചു പോയി.  



2013 നവംബർ 12, ചൊവ്വാഴ്ച

സത്യസന്ധത


സത്യസന്ധത 

ബി.എ പാസ്സായി  കാജാബീഡിയും അമ്പലപ്പറമ്പിൽ അമ്പത്താറു കളിയും കാതിലെ  മച്ചിങ്ങഞാത്തും താര ടാക്കീസിൽ  സെക്കന്റ് ഷോയുമായി  തേരാ ആൻഡ്‌ പാര കളിച്ചു നടക്കുന്ന കാലം. ഏതോ ദേശസാൽകൃത ബാങ്കിലേക്ക് 'അപ്പ്ളിക്കേഷന്‍ ഫോര്‍ ദ പോസ്റ്റ്‌ ഓഫ്....' ഒന്നയക്കാനായി ഒരു നട്ടുച്ചയ്ക്ക്  പോസ്റ്റ്‌ ആപ്പീസിലേക്ക് പോയതാണ്. അവിടെ ചെന്നപ്പോള്‍ ആകെ  ബഹളം. ആശ്രമം സ്കൂളിലെ ഒരു മാഷ് പരവശനായി വിയർത്തു കുളിച്ചു നില്‍ക്കുന്നു. പോരാത്തതിന് പോസ്റ്റ്‌ മാഷും പോസ്റ്റ്‌ മാൻ എഴുത്തശ്ശനും എന്തൊക്കെയോ ചോദിച്ച് മാഷെ വശം കെടുത്തുന്നുമുണ്ട്. കന്നുകാലി പൊരുത്തുകാരന്‍ പൈലോത് മാപ്ലയുമുണ്ട് കൂട്ടത്തിൽ. ഞാൻ കാര്യം തിരക്കി. കോട്ടയത്തുള്ള വീട്ടിലേക്ക്‌ മണി ഓര്‍ഡര്‍ അയക്കാന്‍ വന്നതാണ് മാഷ്. കരുതിക്കൊണ്ടു  വന്ന  നൂറു രൂപ കാണാനില്ല. മണി ഓര്‍ഡര്‍ ഫോറം പൂരിപ്പിക്കുന്നതിനിടയില്‍ പണം മേശപ്പുറത്തു അഞ്ചടി പത്തടി നടന്ന് മൂക്കൊന്നു ചീറ്റി വന്നപ്പോഴേക്കും പണം കാണാതായത്രേ!

 " അയ്‌ ..അപ്പൊ പണം എവിടെ പോവാനാ  മാഷേ ?" 

എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ശുദ്ധഗതിക്കാരനായ പൊറിഞ്ചു മാപ്ല എടുത്തു ചാടി പറഞ്ഞു: 

"അതന്ന്യാ  ഞാനും ചോദിക്കണേ കുട്ട്യേ !. ഈ മാഷ് വരുമ്പോ ഞാന്‍ ഇബടേണ്ട്.  വേറാരും ഇതിനെടയ്ക്ക് ഇബടെ വന്ന്ട്ടൂല്ല്യ ഇബട്ന്ന്  പോയിട്ടൂല്ല്യ . അപ്പപ്പിന്നെ എവടെ പൂവാനാ  പണം ?"

-x-x-x-x-x-






2013 നവംബർ 8, വെള്ളിയാഴ്‌ച

അമ്മയും മകനും

അമ്മയും മകനും 


ചെറുബാല്യത്തിലെ  ഒരു  വേനലവധിക്കാലം.

"അതേയ് നോക്ക്വോ, ഇന്നെന്തായാലും മുണ്ടൂര് പോണം ട്ടാ. ഇനി അവനോന് നേരല്ല്യാച്ചാ ചന്നരനേം കൂട്ടി ഞാൻ പൂവാൻ നിരീച്ച്ണ്ട്!. പത്തു മാസം ചോന്ന് പെറ്റൊരു തള്ളേണ്ട് അവടെ.  വല്ലപ്പഴൊന്നു ചെന്നു കണ്ടാ ദോഷൊന്നൂല്ല്യ !"

അമ്മയുടെ നിരന്തരമായ സമ്മർദ്ദം സഹിക്ക വയ്യാതായപ്പോൾ ഒരു ഞായറാഴ്ച ഒന്നാം ക്ലാസുകാരനായ എന്നെയും അമ്മയെയും കൂട്ടി അച്ഛൻ മുണ്ടൂരിലുള്ള സ്വന്തം തറവാട്ടിലേക്ക് പുറപ്പെട്ടു. അമ്പലത്തിനു മുന്നിലെ മുണ്ടകൻ പാടത്തുകൂടെ നടന്നു  മുതുവറയിലെത്തി  ജീബി ട്രാൻസ്പോർട്ടിൽ കയറി മുണ്ടൂർ രാധാകൃഷ്ണ ടാക്കീസിനടുത്ത് ബസ്സിറങ്ങി. 

അച്ഛന്‍റെ  പിന്നിൽ അമ്മയുടെ കൈവിരലിൽ തൂങ്ങി  വീട്ടിലേക്കു നടക്കുമ്പോൾ അമ്മ  മുന്നറിയിപ്പു നൽകി  .

"അതേയ്, വീട്ടിച്ചെന്നാ അമ്മ വല്ലത്വൊക്കെ പറേം. അതും കേട്ട് മോൻ തുള്ളാൻ നിക്കണ്ടാ ട്ടോ. പർഞ്ഞേക്കാം.!"

"ന്നാപ്പിന്നെന്തിനാ നിങ്ങള് എന്നേങ്ങട് കെട്ടീട്ത്തത് ?"

"കെട്ടീട്ത്തത് തള്ളോടങ്കം വെട്ടാനല്ല!. മൂത്ത മോന്‍റെ മൊഖം  പാവം വല്ലപ്പഴും ഒന്ന് കണ്ടോട്ടേന്ന് വെച്ച്ട്ടാ  !"

അച്ഛൻ നിശ്ശബ്ദനായി. ശൂരനും ക്ഷിപ്രകോപിയുമാണെങ്കിലും അങ്കംവെട്ട് എന്നു കേട്ടപ്പോൾ അച്ഛന് ചെറിയൊരു തളര്‍ച്ച അനുഭവപ്പെട്ടിരിക്കണം!. കാരണം പോർമുഖങ്ങളിൽ എന്നും അച്ഛന്‍റെ വാട്ടർലൂ ആയിരുന്നു അച്ഛമ്മ!.   

വീടിന്‍റെ ചവിട്ടു പടിയിൽ അച്ഛന്‍ കാലെടുത്തു വെച്ചതും ഇറയത്ത് അനന്തശയനം പോസിൽ കിടന്നിരുന്ന  അച്ഛമ്മ മുറ്റത്ത് അമ്മയോടൊട്ടി  വിരലു  കടിച്ചു നിന്ന എന്നെ മുന്‍നിര്‍ത്തി ഒരു ശരം തൊടുത്തു:

"എന്തിനാണ്ടാ ഇങ്ങട്  പോന്ന്?. അച്ഛമ്മ ചത്ത്വോന്നു നോക്കാനാ ?"

അമ്പ് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. അച്ഛന്‍റെ മുഖം ചുവന്നു.

"വന്നു കേറ്യേപ്ലക്കും   തൊടങ്ങി അമ്മ!. അമ്മേ ദേ ഒരു കാര്യണ്ട്‌ട്ടാ!. അമ്മേടെ കൊത്തിവർത്താനം കേക്കാനല്ല ഞാൻ വന്നേക്കണത് !"

"പിന്നെന്തിനാണ്ടാ നീയ് വന്നേക്കണ്?" 

എണീറ്റിരുന്നുകൊണ്ട് അച്ഛമ്മ മുഖദാവിലേക്കു പ്രവേശിച്ചു.

"മൂന്ന് മാസായില്ല്യേ നീയീ ഉമ്മറത്തക്ക്‌ കാല് കുത്തീട്ട്?. ഇക്കണ്ട കാലം തള്ളേനെ ഒന്നു വന്നു കാണാൻ സമയണ്ടായോ നെനക്ക്? . ഞാന്‍ പറേണേനാ അവനു ചൊരുക്ക് ! അവന്‍ ചെയ്യണേനൊന്നൂല്ല്യ !"

"ഞാനെന്തൂട്ട് ചെയ്തൂന്നാ അമ്മ പറേണ്?. ദേ അമ്മ ന്നെക്കൊണ്ടൊന്നും പറേപ്പിക്കണ്ട!"

 അച്ഛൻ തുടക്കത്തിലേ  പരാജയം മണത്തു.

"ഔ  പറഞ്ഞാ  നീയെന്ന്യങ്ങട്  മൂക്കില് വലിച്ചു കേറ്റൂലോ !. ദേ നാരേണാ! വേണ്ട; ന്നോട് യുദ്ധം വെട്ടാൻ നിക്കണ്ട നിയ്യ് !."

അത്രയും പറഞ്ഞ് അച്ഛമ്മ അമ്മക്കു നേരെ തിരിഞ്ഞു :

"ഇക്കറ്യാം; നീയൊരുമ്പെട്ടോണ്ടാവും ഇന്നെങ്ങിലും ഇങ്ങടൊന്നെഴുന്നള്ളാൻ അവന്  കയ്യും കാലും പേർന്നത് !. വന്ന കാലുമ്മെ  നിക്കാണ്ട്  അടുക്കളേല് ചെന്ന് ആ കുട്ടിക്കെന്തെങ്കിലും എട്ത്തു കൊടുക്കെന്‍റെ പാറൂട്ട്യേ നിയ്യ്!."

അമ്മയുടെയും മകന്‍റെയും പരസ്പരാഭിവാദ്യങ്ങൾ  അങ്ങിനെ കലാശിക്കും .

കയ്യിലിരുന്ന കാലൻ  കുട ഉമ്മറത്തെ  കഴുക്കോലിൽ കൊളുത്തിയിട്ടിട്ട് ഇറയത്തോടു ചേർന്നുളള ചായ്പ്പിൽ കടന്നു ഷർട്ടൂരിയിട്ടു  തിരിച്ചു വരുന്ന അച്ഛനോട്  അച്ഛമ്മ പറയും.

"നാരേണാ, ന്‍റെ കട്ടിലിന്‍റെ തലക്കല് ചെല്ലം ഇരിക്കണ്ട്.  അതിങ്ങടെടുത്തോ ."

പിന്നെ ഇറയത്ത്  പരസ്പരം അഭിമുഖമായിരുന്ന് അമ്മയും മകനും ചേർന്നൊരു മുറുക്കിപ്പിടുത്തമുണ്ട്. ഇറയത്ത്‌ കിടന്നിരുന്ന ഒരു പഴുക്കടയ്ക്ക എടുത്തു രണ്ടായി വെട്ടി തൊണ്ടു ചീന്താൻ തുടങ്ങുന്ന അച്ഛനെ തടഞ്ഞുകൊണ്ട് അച്ഛമ്മ പറയും:

" വേണ്ട്ര . ആ അടക്ക നെനക്ക്  പറ്റില്ല്യ !. ചൊരുക്കും. ട്യേ കാർത്ത്യേന്യേ! ആ കലത്തിലിരിക്കണ  നീറ്റടക്ക   ഒരെണ്ണം ഇങ്ങടെടുത്തേൻ!."

വല്ലാതെ അഴുകി ചീഞ്ഞു നാറിയ നീറ്റടയ്ക്ക  അച്ഛന്‍റെ കയ്യിൽ വെച്ചു കൊടുക്കുമ്പോൾ ഭയവും ബഹുമാനവും  കലർന്ന സ്വരത്തിൽ അച്ഛൻപെങ്ങൾ ചോദിക്കും:

"ഓപ്പക്കെങ്ങന്യാ;  ചായേല് മതിരാവോ?"

'ലേശം ."

അടയ്ക്ക മൊരി കളയാൻ തുടങ്ങുന്ന അച്ഛനെ ആകപ്പാടെ  ഒന്നുഴിഞ്ഞു നോക്കിക്കൊണ്ട്‌ ആസ്മ സമ്മാനിച്ച ഇടതടവില്ലാത്ത മുക്കലും മൂളലുമായി അച്ഛമ്മ ചോദിക്കും: 

"അതെന്താണ്ടാ ലേശം?. നെനക്ക് പഞ്ചാരേടെ അസ്കിതേണ്ടാ?"

"ഏയ്. അതൊന്ന്വല്ലമ്മേ. സ്വതേ നിക്ക് മധുരം കൊർച്ചേ വേണ്ടൂ."

'ങ്ഹാ! ദേഹം നല്ലോണം നോക്കിക്കോളോ ട്ടാ ! പര്‍ഞ്ഞില്ല്യാന്നു വേണ്ട! വയസ്സമ്പതാ യ്യ് കര്‍ക്കടത്തില്!"

അങ്ങിനെ താമ്പൂലചർവണവും മൂന്നു മാസത്തെ വിശേഷം പറച്ചിലും ഉച്ചയൂണ്‌ വരെ നീളും.

ഊണും ഉച്ചമയക്കവും കഴിഞ്ഞ് തൊടിയിയിലിറങ്ങി  തെങ്ങും കവുങ്ങും വാഴയും നോക്കി ഏനക്കേടുകൾ നിർണയിച്ച്  ഒടപ്രന്നോളെ വിളിച്ചു കുറച്ചു പണവും കയ്യിൽ കൊടുത്ത് ചെയ്യേണ്ടതൊക്കെ വിസ്തരിച്ചു കഴിഞ്ഞാൽ  അച്ഛൻ മടക്കയാത്രയ്ക്ക് കുപ്പായമിടും. ദക്ഷിണപോലെ അമ്മയുടെ കയ്യിലും കുറച്ചു പണം വെച്ചു കൊടുത്തു  യാത്രപറയുന്ന മകന് അമ്മ നല്‍കുന്ന ആശിർവാദം വ്യത്യസ്തമായിരിക്കില്ല:

"ങ്ഹും പൊക്കോ. ഇന്യെന്നാ ങ്ങടൊക്കെ എഴുന്നള്ളണതാവോ? ഞാൻ ചത്തിട്ടേരിക്കും!" 

തിരിച്ചു വീട്ടിലെത്തി ഷർട്ടൂരാൻ പോലും വയ്യാത്ത ക്ഷീണത്താല്‍ ഉമ്മറത്തെ ചാരുകസേരയിലേക്ക് മലരുമ്പോൾ അപൂർവമായൊരു മന്ദഹാസത്തോടെ അച്ഛൻ ദീർഘനിശ്വാസമിടും  :

"ഈശ്വരാ! എന്‍റെമ്മേടൊരു കാര്യം!" 

00000000 

2013 നവംബർ 5, ചൊവ്വാഴ്ച

മൂല്യനിര്‍ണയം



മൂല്യനിര്‍ണയം 



എന്തിനേയും ഏതിനേയും രോമത്തോട് താരതമ്യപ്പെടുത്തി  വില  കുറച്ചു  കാണുന്ന  ഒരു
സംസാരരീതിയായിരുന്നു ശങ്കുമാന്റേത് . 


"അവന്‍ വിചാരിച്ചാ ഒരു രോമോം കൂട്ട്യാ കൂടില്ല്യ !"



"അവനെ എനിക്ക് രോമത്തിന്റെ വെലേല്ല്യ !"



"അവൻ  അറിഞ്ഞാ എനിക്കെന്തൂട്ട്‌ രോമാ?" 



എന്നിങ്ങനെ ചുക്കിനെ തട്ടി മാറ്റി തൽസ്ഥാനത്ത് രോമത്തെ പ്രതിഷ്ടിച്ചുകൊണ്ടുള്ള  ഒരു സസ്യേതര 

ഭാഷണഭേദം. 


ഒരു നാൾ ചുണ്ടും മൂക്കും കണ്‍തടങ്ങളും എന്നു വേണ്ട മുഖമാസകലം  നീരുവന്നു  വീര്‍ത്ത പരുവത്തില്‍ ശങ്കുമാനെ  വഴിയിൽ  വെച്ചു കാണാനിടയായി. വിവരമന്വേഷിച്ചപ്പോള്‍ പല്ലു പറിക്കാന്‍ ഇഞ്ചക്ഷന്‍ എടുത്തു വായ മരവിച്ചവനെപ്പോലെ ശങ്കുമ്മാന്‍ പറഞ്ഞു :



" ഒന്നും പറേണ്ട ന്റെ മാഷേ; മൂക്കില് നീണ്ടു വന്ന് മെനക്കെട്ണ്ടാക്ക്യേ ഒരു രോമം കയ്യോണ്ട് വലിച്ച് കളഞ്ഞതാ. മൂന്നു ലോകോം കണ്ടു! തന്ന്യല്ല മൂന്നീസം കോപ്രേറ്റീവില് കെടക്കണ്ടീം വന്നു. മൂന്നീസം കൊണ്ട് മുവ്വായിരം രൂവ  ഭും !" 



ചുവന്നു  വീർത്തു  ക്രിക്കറ്റ്  ന്യൂ  ബോൾ  പോലെ തിളങ്ങുന്ന മൂക്കിന്റെ വിങ്ങല്‍ കൈവിരലുകൾകൊണ്ടു തൂവല്‍സ്പര്‍ശം നടത്തി ലഘൂകരിക്കുന്നതിനിടയിൽ ശങ്കുമ്മാൻ പശ്ചാത്തപിച്ചു :


"ന്റെ മാഷേ! ഇപ്പെനിക്ക് മനസ്സിലായി; രോമത്തിന്റെ നെലേം വേലേം !"

----------------
Photo courtesy:Lëïzëë Pïggëë Phörs.

2013 ഒക്‌ടോബർ 29, ചൊവ്വാഴ്ച

ക്ഷണപ്രഭാചഞ്ചലം



ക്ഷണപ്രഭാചഞ്ചലം 


ഒരു വിഷുവിന്‍റെ കഥയാണ്. 

കഥനത്തിനു മുൻപായി രണ്ടു വാക്ക്.
ഈ കഥ ഒരു തരത്തിലും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല . വേഷങ്ങളും മുഹൂർത്തങ്ങളും ആസകലം ഭാവനാത്മകമാണ്. മറിച്ചു തോന്നുന്നുവെങ്കിൽ അതു ഞാനങ്ങു സഹിച്ചു!.
ഇനി കഥാകാലക്ഷേപം.
അച്ഛൻ ലേശം കള്ളുകുടിച്ചു മിനുങ്ങി വന്നിരുന്നെങ്കിൽ എന്ന് മോഹിച്ചിരുന്ന ഒരു ബാല്യക്കാരൻ്റെ കഥയാണ്.
അഞ്ചു പേരുള്ള കുടുംബം. ഗൃഹനാഥന് പട്ടണത്തിൽ ജോലി. ഭാര്യ , ആറു മക്കൾ. മക്കളിൽ മുതിർന്നവർ മൂന്നു പേര്‍ പറക്കമുറ്റി പുറത്ത്. ചിറകുവിരിയാത്തവർ ഞങ്ങൾ മൂന്നു പേര്‍ അകത്ത്. ഗാർഹിക കളിവേഷങ്ങളിൽ ഏറിയ കൂറും രൗദ്രം ആയിരുന്നു ഗൃഹനാഥന്‍റെ 

മുഖത്തെഴുത്ത്. ശാന്തവും കരുണവും നന്നേ കഷ്ടി. ആരോഗ്യപരമായ പരിഗണനകളാലാവാം സാമൂഹിക വ്യവഹാരങ്ങളിൽ ശാന്തമാണ് സ്ഥായി. വീടിനകത്ത് കരുണശാന്താദികളിൽ ഏതെങ്കിലും ഒന്ന് മുഖത്തു വിരിയണമെങ്കിൽ 'ലേശം' അകത്തു ചെല്ലണമായിരുന്നു. അവർണനും പരാക്രമിയുമായ വീരഭദ്രനെ തൊട്ടുകൂട. കിക്ക് കുറഞ്ഞവൻ ക്ഷീരവർണൻ തന്നെയായിരുന്നു അച്ഛന്‍റെ ഫേവറിറ്റ്. അതുതന്നെ കുപ്പിയിലെ ജലനിരപ്പ്‌ പകുതിയായാൽ ഷട്ടറിടും.
പച്ച വേഷം ഏതു നിമിഷവും കത്തിയായി പകർന്നാടിയേക്കാമെന്ന് അറിയാമായിരുന്നെങ്കിലും അരക്കുപ്പി തെങ്ങിൻകള്ള് പൂശി ലാസ്യമാടുന്ന അച്ഛനുവേണ്ടി മക്കളെന്നും മുട്ടിപ്പായി പ്രാർഥിച്ചുപോന്നു. അന്യത്ര ചിന്തിക്കാൻ താനാര് എന്ന മട്ടിൽ അപ്പോഴൊക്കെ പാവം മാവിലായിക്കാരിയായി അകലം പാലിച്ചു നിന്നു അമ്മ. വിഷയത്തെ മുൻനിർത്തി പിറന്നാളുകൾ, ഓണം തിരുവാതിര, നാട്ടിലെ പൂരം ഇത്യാദി വിശേഷങ്ങൾക്ക് ഒരാഴ്ച മുൻപുതന്നെ വിളക്കു തെളിയുന്ന പ്രാർഥനാശിബിരങ്ങളിൽ അഹമഹമികയാ മൂവരും പങ്കെടുത്തിരുന്നുവെങ്കിലും വിഷുവടുക്കുമ്പോൾ സ്ഫോടനാത്മകമായ ഒരു വിഷയത്തെച്ചൊല്ലി സോളിഡാരിറ്റിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടാറുണ്ട്. മത്താപ്പ്, മേശപ്പൂവ് , തലച്ചക്രം , ലാത്തിരി, പൂത്തിരി കമ്പിപ്പൂത്തിരി എന്നിവയുമായി ലോഗ്യത്തിലായിരുന്നെങ്കിലും പടക്കം എന്ന ഭീകരതയുമായി ചേച്ചിക്കു തീരെ പൊരുത്തപ്പെടാനാകുമായിരുന്നില്ല. . പടക്കവൈരിയായ സഹോദരിയുടെ ഫെമിനിസ്റ്റ് സംഘടനാ തത്വങ്ങളോടു യോജിക്കുവാനോ പടക്കരഹിത വിഷുവിനെപ്പറ്റി ചിന്തിക്കുവാനോ ഇളമുറക്കാർ ഞങ്ങൾക്കും വയ്യ. സ്വാഭാവികമായും " ഈശ്വരാ , ഇന്ന് അച്ഛൻ ഇത്തിരി കള്ളൂടിക്കണേ, കൊറേ പടക്കം മേടിച്ചു കൊണ്ടരണേ.!" എന്ന സഹോദരന്മാരുടെ ഉള്ളുരുകിയ പ്രാർഥനകളിൽനിന്ന് പ്രതിഷേധ സൂചകമായി ഇരുചെവികളിലും ചൂണ്ടുവിരൽ കുത്തിയിറക്കി വിട്ടുനിന്നു മൂവരിൽ മൂത്തവളായ സഹോദരി.
പ്രാർഥനകൾ മിക്കവാറും ഫലിക്കുക തന്നെ ചെയ്യാറുണ്ട്. അയല്പക്കത്തെല്ലാം പടക്കവും കമ്പിത്തിരിയും കത്തി കരിപ്പേറെ ചെന്നിട്ടും തങ്ങളുടെ കുടിയിൽ ഒരു തരി വെടിമരുന്നു പുകയുന്നില്ലല്ലോ എന്നു വിഷണ്ണിച്ച് താടിക്കു കയ്യും വെച്ച് രാമലക്ഷ്മണന്മാർ ഇറയത്തെ തിണ്ണയിൽ കുന്തിച്ചിരിക്കുമ്പോഴായിരിക്കും അച്ഛൻ പടി കയറി വരുന്നത്. രാവിലെ തോളത്തിട്ടുപോയ രണ്ടാംമുണ്ട് ഭാണ്ഡമായി പരിണമിച്ചു കണ്ടാൽ സഹോദരങ്ങൾ ഞങ്ങൾ ആർപ്പു വിളിക്കുകയും സമാന്തരമായി ചേച്ചി അടുക്കളയിലേക്കൊടി മാതൃസമക്ഷം പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുമായിരുന്നു.
"അപ്പ്വോ , കുട്ടാ " തുടങ്ങിയ ചക്കരവിളികളോടെ അച്ഛൻ മുന്നിൽ ഇട്ടു തരുന്ന പടക്കക്കിഴി കെട്ടഴിയുന്നതും മേശപ്പൂ വിരിയുന്നതും തലച്ചക്രം തിരിയുന്നതും പിന്നെ നൊടിയിടക്കുള്ളിലായിരിക്കും.
"സൂക്ഷിച്ചു കത്തിക്ക്വാ. കയ്യും കാലും പൊള്ളിക്കണ്ട കുട്ട്യോള്! "
എന്നും പറഞ്ഞ് അടുക്കളയിലേക്ക് പ്രവേശിക്കുന്ന അച്ഛന്‍റെ കയ്യിലെ എണ്ണ പുരണ്ട കടലാസുപൊതിയിൽ അമ്മയെ ഒട്ടിനിന്നു ചിണുങ്ങുന്ന ചേച്ചിക്കുള്ള രണ്ടു സമാശ്വാസ ജിലേബികളാണെന്ന കൊതിപ്പിക്കുന്ന യാഥാർത്ഥ്യത്തെ വെടിക്കെട്ടിന്‍റെ തത്സമയലഹരിയിൽ ഞങ്ങൾ ചേട്ടനും അനിയനും പാതി മനസ്സോടെ അവഗണിക്കാറാണ് പതിവ്.
നിയമാനുസൃത കരിമരുന്നുപ്രയോഗം ഒരു റൌണ്ട് പൂർത്തിയാക്കി അത്താഴപ്പുറമെയുള്ള രണ്ടാമൂഴത്തിലേക്ക് സംക്രമിക്കുമ്പോഴാണ്‌ അച്ഛന്‍റെ പകർന്നാട്ടം തുടങ്ങുക. ചിമ്മിനിവിളക്കിന്‍റെ നാളത്തിൽ കൊളുത്തി വെപ്രാളത്തിൽ വലിച്ചെറിഞ്ഞ ആനപ്പടക്കം മുതുകത്തു വീണു പൊട്ടിയതാണെന്നാണ് ആദ്യം തോന്നുക. പിന്നീട് സ്വബോധം തിരിച്ചു കിട്ടുമ്പോൾ കാണാം.....
വിചിത്രവീര്യം പടിയിറങ്ങി ലാസ്യം മാറ്റി താണ്ഡവമണിഞ്ഞ് തൊട്ടുപിന്നിൽ അച്ഛന്‍റെ ദീർഘകായം!.
"പോയി കെടന്നൊറങ്ങട!. കണ്ണും ചെവിടും കേക്കാൻ നൂർത്തീല്ല്യാണ്ട്!. ന്യൊരു ശബ്ദം ഇബടെ കേട്ടാ രണ്ടും പടിക്ക് പൊറത്ത്!."
വീണ്ടും പൊട്ടാവുന്ന അടിയുടെ സമീപസാദ്ധ്യതക്കെതിരെ ജാഗ്രത പാലിച്ച് കിടപ്പുമുറിയിലേക്ക് നടക്കുമ്പോൾ നിരാശയോടെ ഓർക്കും:
"ബാക്കി വന്ന പടക്കം കത്തിക്കാൻ ഇനിയെത്ര ദിവസം ഭജനമിരിക്കണം?."
വിയർത്തൊലിച്ചു ഗന്ധകം മണക്കുന്ന ശരീരവുമായി വടക്കേ അകത്തു വിരിച്ച കോസറിയിലേക്കു ചരിയുമ്പോഴാണ് കൂനിന്മേൽ കുരുവെന്നപോലെ സഹോദരന്മാർ നടുക്കുന്ന ആ കാഴ്ച കാണുക!.
ഓടിച്ചിട്ടു പിടിച്ച ഇരയെ കടിച്ചു പറിക്കുന്ന വ്യാഘ്രത്തെപ്പോലെ തങ്ങൾ കാണാനും കേൾക്കാനും പാകത്തിൽ കശകശാന്ന് ജിലേബി ചവച്ചു തേനൊലിക്കുന്ന ദംഷ്ട്രകളുമായി ചേച്ചിയുടെ ഭീഷണമായ രൂപം മുറിയുടെ മൂലയിലെ അരണ്ട വെളിച്ചത്തിൽ!.

2013 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

"ഇറ്റ്സോൾ റൈറ്റ് ."

"ഇറ്റ്സോൾ റൈറ്റ് ."

ഏ ടി എം  തുടങ്ങിയ കാലത്തുണ്ടായ അനുഭവമാണ്.  അന്ന് ബാങ്കിൽ ജോലി ചെയ്യുന്നു.

പനിക്കു കുറിച്ചു തന്ന മരുന്നിന്‍റെ ഒരു കോഴ്സ് കഴിഞ്ഞു   ഡോക്ട്ടറെ  കാണാൻ ക്ലിനിക്കിലേക്കു പോകുന്ന വഴി വട്ടച്ചെലവിനുള്ള  പണമെടുക്കാൻ തൊട്ടടുത്തുള്ള ഏ.ടി.എം. കാബിനിൽ  ചെന്നു.   രണ്ടു മെഷിനുള്ള കാബിനാണ് . വലിയ തിരക്കില്ല. ഉള്ളിൽ രണ്ടു പേർ . പുറത്തും രണ്ട് . പുറത്തു ക്യൂവിൽ മൂന്നാമനായി ഞാൻ.  എനിക്ക് പിന്നിൽ സുമുഖനായ ഒരു ചെറുപ്പക്കാരൻ.  കയ്യിലുള്ള ബാഗ് കണ്ടിട്ട് സെയിൽസ് എക്സിക്ക്യൂട്ടീവാണ്. ഉള്ളിലുള്ള രണ്ടു പേരിൽ ഒരാൾ പണമെടുത്ത് പുറത്തിറങ്ങി. മറ്റെയാൾ നിന്ന നിൽപ്പു തന്നെ. സ്ലോട്ടിൽ കാർഡ്‌ തള്ളിയും വലിച്ചും സ്ക്രീനിൽ തൊട്ടും തോണ്ടിയും ബട്ടണുകളിൽ  അമർത്തിയും  ഇടക്കിടെ അയൽവക്കക്കാരനേയും പുറത്തുള്ള ഞങ്ങളെയും നോക്കി പരുങ്ങുന്നത് കണ്ടപ്പോൾ  മനസ്സിലായി ആൾ കണ്‍ഫ്യൂഷ്യസ്സാണെന്ന് . ഞങ്ങളിൽ ഒന്നാമൻ കയറി പടപടാന്ന് കാര്യം നടത്തി പുറത്തിറങ്ങിയ ഗ്യാപ്പിൽ അയാൾ കൗണ്ടർ മാറ്റിപ്പിടിച്ചു ഭേദ്യം തുടങ്ങി. ഊഴമനുസരിച്ച് എനിക്കു തൊട്ടു മുന്നിൽനിന്നും കയറിയ വിദ്വാൻ   ഒഴിഞ്ഞ മെഷിനിൽ അനായാസം കാര്യം സാധിച്ച അഹങ്കാരത്തിൽ പുറത്തു കടക്കുമ്പോൾ പൊതിക്കാത്ത തേങ്ങയുമായി മല്ലിടുന്ന ഏട്ടീയെം നിരക്ഷരനെ പുച്ഛത്തോടെ നോക്കി.  ഞാൻ കരുതി; പാവം സഹായിച്ചു കളയാം.

അകത്തു കയറി സ്ലോട്ടിൽ കാർഡ് ഇടുമ്പോൾ ഞാൻ അയാളെ ഒന്നു നോക്കി . ഒരു പത്തു നാൽപ്പതു വയസ്സു കാണും. പാൻസും  സ്ലാക്ക് ഷർട്ടും ഗോൾഡൻ  ഫ്രെയിം കണ്ണടയും ധരിച്ച പരമയോഗ്യൻ. മെഷിൻ  ആദ്യമായി ഉപയോഗിക്കുകയായിരിക്കും.. വിഷമങ്ങൾ സ്വാഭാവികം. ഞാൻ അയാളെ നോക്കി പുഞ്ചിരിച്ചു . പക്ഷെ പുള്ളിക്കാരൻ  മുഖത്തു ഗൗരവം എഴുതി നിൽപ്പാണ്  . ഞാൻ  ചോദിച്ചു :

"എന്താ സർ  സഹായിക്കണോ?."

അയാൾ എന്നെ ആപാദചൂഡം ഒന്ന് നിരീക്ഷിച്ചു. അപ്പോഴാണ്‌ എന്‍റെ ബാഹ്യരൂപത്തെക്കുറിച്ചു ഞാനും ഓർത്തത്. അക്ക്യുപംക്ചർ വള്ളിച്ചെരിപ്പ് .അസുഖത്തിന്‍റെ അലസതയിൽ ഇസ്തിരിയിടാതെ എടുത്തു ചുറ്റിയ ചുക്കിച്ചുളിഞ്ഞ കൈത്തറി മുണ്ടും  ഷർട്ടും.  ഏഴുദിവസം പ്രായമുള്ള  നരച്ച താടിക്ക് മുകളിൽ കുഴിയിലാണ്ട കണ്ണുകൾ . ടോട്ടലി അണ്‍ ഇമ്പ്രസ്സീവ്  !.

"വേണ്ട . ഞാൻ നോക്കട്ടെ."

തിടുക്കത്തിൽ അത്രയും പറഞ്ഞുകൊണ്ട് അയാൾ മെഷിനിലേക്കു തിരിഞ്ഞു യജ്ഞം പുനരാരംഭിച്ചു . കുത്തിയും തേമ്പിയുമുള്ള എന്‍റെ പണി പുരോഗമിക്കുന്നതിനിടക്ക്  അയാളുടെ സ്ക്രീനിലേയ്ക്ക്    നോക്കി ഞാൻ ഒരനാശാസ്യം  നടത്തി . ആശാൻ ട്രാൻസ്ഫർ ബട്ടണ്‍ അമർത്തിയാണ് കളി. 

"സുഹൃത്തേ, നിങ്ങള്‍ക്ക് കാഷല്ലേ അവശ്യം. അപ്പോൾ ട്രാൻസ്ഫറല്ല ബാങ്കിങ്ങാണ് അമർത്തേണ്ടത്. "

ഞാൻ പറഞ്ഞു.

വെട്ടാൻ  നില്ക്കുന്ന പോത്തിനെപ്പോലെ എന്നെ ഒന്നു നോക്കിക്കൊണ്ട്‌ അയാൾ പറഞ്ഞു :

"ഇറ്റ്സോൾറൈറ്റ് മിസ്റ്റർ !. എനിക്കറിയാം."

പണവും അഡ്വൈസ് സ്ലിപ്പും വാരിയെടുത്ത് പൊന്നുരുക്കുന്നിടത്തുനിന്നും  ജീവനും കൊണ്ടു  പുറത്തു കടക്കുമ്പോൾ  പൂച്ച പറഞ്ഞു:

"സോറി ."

എനിക്കു  പിന്നിൽ  നിന്നിരുന്ന മെഡിക്കൽ റെപ് യുവാവ് അകത്തു കയറുന്ന വേളയിൽ  പുഞ്ചിരിച്ചുകൊണ്ട് എന്നോടു പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു :

"കൊറേ  നെരായീലോ ഗുസ്തി തൊടങ്ങീട്ട് !എന്താ അങ്ങേർക്കു പ്രോബ്ലം സർ ?  "

"ഇറ്റ്സോൾ റൈറ്റ് ." ഞാനും  പ്രതിവചിച്ചു .

പുറത്തു കടന്നു സ്ലിപ് പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ഒരൗത്സുക്യത്തിന്‍റെ  പുറത്ത് കാബിനിലേക്കൊന്നു തിരിഞ്ഞുനോക്കി. അവിടെ തിരുതകൃതിയായി ക്ലാസ് നടക്കുന്നു!. വളരെ ഉത്സാഹത്തോടെ ചെറുപ്പക്കാരൻ വിരൽ  ചൂണ്ടി നല്‍കുന്ന നിദേശങ്ങൾ സ്കൂൾ കുട്ടിയെപ്പോലെ അനുസരിക്കുന്ന കണ്‍ഫ്യൂഷ്യസ്സ് !

പണം എടുത്തു ഉന്മേഷവാനായി   പുറത്തിറങ്ങുമ്പോൾ രണ്ടു പേരും സംഭാഷിച്ചിരുന്നത്  ഞാൻ ശ്രദ്ധിച്ചു.

" സാറ് ട്രാൻസ്ഫർ  ഓപ്ഷൻ ആണ്  ട്രൈ ചെയ്തോണ്ടിരുന്നത് . ദാറ്റ്‌ വാസ് ദി പ്രോബ്ലം. ലിങ്ക്ഡ്‌  അക്കൌണ്ടുകളിലേക്ക് പണം മാറ്റാനുള്ള ഒപ്ഷനാണത്. റ്റു ഗെറ്റ്  കാഷ് യു ഹാഡ്  റ്റു  ഗോ ബാങ്കിംഗ്!"

" യെസ്  യെസ്  ഇപ്പൊ മനസ്സിലായി. ഞാൻ ആദ്യായിട്ടാണ്‌ ഓപറേറ്റ് ചെയ്യുന്നതേയ്  . അതിന്‍റെ ഒരു ടെന്‍ഷന്‍   ഉണ്ടായിരിന്നു  . ആക്ച്വലി ചെയ്യണ്ട വിധമൊക്കെ  ബാങ്കുകാര് ഇന്‍സ്ട്രക്റ്റ് ചെയ്തിരുന്നു; അറ്റ്‌ ദി ടൈം  ഓഫ് ഡെലിവറിങ്ങ് ദി കാർഡ് .  ഞാൻ പക്ഷെ ഒക്കെ മറന്നു . എനിവേ താങ്ക്സ്  ഫോർ യുവർ ഗുഡ് ഗൈഡന്‍സ് !."

"ഇറ്റ്സോൾ റൈറ്റ് ." എന്നും  പറഞ്ഞു അയാൾക്ക്‌ കൈ കൊടുത്ത് ചെറുപ്പക്കാരൻ  യമഹ മൂളിച്ചു  പറന്നു പോയി. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ  പോലെ  എന്നെ തിരിഞ്ഞു നോക്കിയ കണ്‍ഫ്യൂഷ്യസ്സിന്‍റെ കഴുത്തിനു മുകളിൽ അപ്പോഴും ഞാൻ അതു കണ്ടു;

ആ  വെട്ടുപോത്തിന്‍റെ തല!.

ഞാനെന്തു തെറ്റാണ് ചെയ്തത് ദൈവമേ!.

                                                                  0-0-0-0-0 















2013 ഒക്‌ടോബർ 23, ബുധനാഴ്‌ച

കുറിപ്പടി

കുറിപ്പടി 

പത്തിന്‍റെ ഒരു സ്ട്രിപ്പ്‌ ക്രോസിൻ കഴിച്ചിട്ടും അഴയാത്ത പനിക്കുപ്പായമിട്ട് തൊട്ടടുത്തുള്ള ക്ലിനിക്കില്‍ പോയതാണ്. കുഴല്‍ നെഞ്ചത്ത് അമര്‍ത്തി ശ്വാസം നീട്ടി വലിപ്പിച്ചും കഠിനമായി ചുമപ്പിച്ചും ദണ്ഡിപ്പിച്ചുകൊണ്ട് കഴിഞ്ഞ രണ്ടു ദിവസത്തെ എന്റെ ചെയ്തികളെല്ലാം ഡോക്ട്ടര്‍ ചോര്‍ത്തിയെടുത്തു.  ഒരാഴ്ച മുന്‍പ് മകളുടെ കോളേജിലെ പീ.ടീ.എ. മീറ്റിംഗിൽ വെച്ച് കാമ്പസിലെ അശാന്തിയെപ്രതി അല്‍പ്പം വൈകാരികമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്നു തലവിങ്ങിയതും ചുറ്റിയതുമെല്ലാം ഡോക്ട്ടറോടു പറഞ്ഞു . അതൊന്നും തീരെ ശ്രദ്ധിക്കാത്ത മട്ടിൽ പരിശോധന മുഴുമിപ്പിച്ച്‌ അദ്ദേഹം സ്റ്റെതസ്കോപ്പെടുത്തു മേശപ്പുറത്തു വെച്ചു . രക്തസമ്മർദ്ദം പരിശോധിച്ചശേഷം  മരുന്നിനു കുറിപ്പെഴുതുമ്പോൾ ഡോക്ട്ടര്‍ തനി നാടന്‍ ഭാഷയില്‍ വിശദീകരിച്ചു:



"പ്രഷറ് നൂറ്റിമുപ്പത് .   കാര്യാക്കാല്ല്യ . ഈ പ്രായത്തില് അതൊക്കെ നോർമലാ . അസുഖം ജലദോഷപ്പന്യാ . കാലാവസ്ഥ അത്ര നന്നല്ലലോ . രാത്രി അസ്സല് മഴ, കാലത്ത് മഞ്ഞ്, പകലു മുഴന്‍ തീപ്പൊള്ളണ ചൂടും. പേടിക്കാനൊന്നൂല്ല്യ . മൂന്നീസത്തേക്ക് മരുന്നെഴുതീണ്ട് . കഴിച്ചിട്ട് വിവരം പറയ്വാ ."

മീറ്റിങ്ങിനിടയിലുണ്ടായ  തലചുറ്റലിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്നു വ്യസനിച്ചു ഫീസ് കൊടുത്തു പുറംവാതിലിലേക്കു തിരിയുമ്പോള്‍  ഡോക്ട്ടറുടെ പോസ്റ്റ്‌ സ്ക്രിപ്റ്റ്:

" അതേയ്‌ ഞാനൊരു കാര്യം പറേട്ടെ; വെഷമം തോന്നണ്ട. നോക്ക്വോ, ചുറ്റും കാണണ ലോകം മുഴൻ വഷളാ. കുടിക്കണ വെള്ളം, ശ്വസിക്കണ വായു, കഴിക്കണ പച്ചക്കറി, എടപഴകണ ആൾക്കാര്, കാണണ കാര്യങ്ങള് , കേക്കണ വാക്കോള്, ഒക്കെ മഹാ പൊട്ട്യാ . സംശല്ല്യ. ന്നാ മ്മളൊന്നും വിചാരിച്ചാ ദൊന്നും നന്നാക്കാൻ പറ്റൂല്ല്യ. ഉള്ളാരോഗ്യം വെടക്കാക്കാന്ന് മാത്രം. സാമൂഹ്യോം ദേശാന്തരോം കളിക്കാണ്ട് സൊന്തം കാര്യം നോക്കി നടക്ക്വാച്ചാ കൊർച്ചാലം കൂടി കേടൊന്നൂല്ല്യാണ്ട് ജീവിക്കാം . ന്നാ അങ്ങന്യാവട്ടെ. മരുന്ന് കോഴ്സ് കംപ്ളീറ്റിയ്യാൻ മറക്കണ്ട !"

പുതിയ കുറിപ്പടി മനസ്സിൽ ചുരുട്ടി വെച്ച് പുറത്തു കടക്കുമ്പോൾ ഡോക്ട്ടർ അടുത്ത ദീനനെ വിളിച്ചു :

"അടുത്താളാരാച്ചാ വര്വോ ട്ടാ! "

xxxxxxxxxxx