കുറിപ്പടി
പത്തിന്‍റെ ഒരു സ്ട്രിപ്പ് ക്രോസിൻ കഴിച്ചിട്ടും അഴയാത്ത പനിക്കുപ്പായമിട്ട് തൊട്ടടുത്തുള്ള ക്ലിനിക്കില്‍ പോയതാണ്. കുഴല്‍ നെഞ്ചത്ത് അമര്‍ത്തി ശ്വാസം നീട്ടി വലിപ്പിച്ചും കഠിനമായി ചുമപ്പിച്ചും ദണ്ഡിപ്പിച്ചുകൊണ്ട് കഴിഞ്ഞ രണ്ടു ദിവസത്തെ എന്റെ ചെയ്തികളെല്ലാം ഡോക്ട്ടര്‍ ചോര്‍ത്തിയെടുത്തു. ഒരാഴ്ച മുന്‍പ് മകളുടെ കോളേജിലെ പീ.ടീ.എ. മീറ്റിംഗിൽ വെച്ച് കാമ്പസിലെ അശാന്തിയെപ്രതി അല്‍പ്പം വൈകാരികമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്നു തലവിങ്ങിയതും ചുറ്റിയതുമെല്ലാം ഡോക്ട്ടറോടു പറഞ്ഞു . അതൊന്നും തീരെ ശ്രദ്ധിക്കാത്ത മട്ടിൽ പരിശോധന മുഴുമിപ്പിച്ച് അദ്ദേഹം സ്റ്റെതസ്കോപ്പെടുത്തു മേശപ്പുറത്തു വെച്ചു . രക്തസമ്മർദ്ദം പരിശോധിച്ചശേഷം മരുന്നിനു കുറിപ്പെഴുതുമ്പോൾ ഡോക്ട്ടര്‍ തനി നാടന്‍ ഭാഷയില്‍ വിശദീകരിച്ചു:
"പ്രഷറ് നൂറ്റിമുപ്പത് . കാര്യാക്കാല്ല്യ . ഈ പ്രായത്തില് അതൊക്കെ നോർമലാ . അസുഖം ജലദോഷപ്പന്യാ . കാലാവസ്ഥ അത്ര നന്നല്ലലോ . രാത്രി അസ്സല് മഴ, കാലത്ത് മഞ്ഞ്, പകലു മുഴന്‍ തീപ്പൊള്ളണ ചൂടും. പേടിക്കാനൊന്നൂല്ല്യ . മൂന്നീസത്തേക്ക് മരുന്നെഴുതീണ്ട് . കഴിച്ചിട്ട് വിവരം പറയ്വാ ."
മീറ്റിങ്ങിനിടയിലുണ്ടായ തലചുറ്റലിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്നു വ്യസനിച്ചു ഫീസ് കൊടുത്തു പുറംവാതിലിലേക്കു തിരിയുമ്പോള്‍ ഡോക്ട്ടറുടെ പോസ്റ്റ് സ്ക്രിപ്റ്റ്:
" അതേയ് ഞാനൊരു കാര്യം പറേട്ടെ; വെഷമം തോന്നണ്ട. നോക്ക്വോ, ചുറ്റും കാണണ ലോകം മുഴൻ വഷളാ. കുടിക്കണ വെള്ളം, ശ്വസിക്കണ വായു, കഴിക്കണ പച്ചക്കറി, എടപഴകണ ആൾക്കാര്, കാണണ കാര്യങ്ങള് , കേക്കണ വാക്കോള്, ഒക്കെ മഹാ പൊട്ട്യാ . സംശല്ല്യ. ന്നാ മ്മളൊന്നും വിചാരിച്ചാ ദൊന്നും നന്നാക്കാൻ പറ്റൂല്ല്യ. ഉള്ളാരോഗ്യം വെടക്കാക്കാന്ന് മാത്രം. സാമൂഹ്യോം ദേശാന്തരോം കളിക്കാണ്ട് സൊന്തം കാര്യം നോക്കി നടക്ക്വാച്ചാ കൊർച്ചാലം കൂടി കേടൊന്നൂല്ല്യാണ്ട് ജീവിക്കാം . ന്നാ അങ്ങന്യാവട്ടെ. മരുന്ന് കോഴ്സ് കംപ്ളീറ്റിയ്യാൻ മറക്കണ്ട !"
പുതിയ കുറിപ്പടി മനസ്സിൽ ചുരുട്ടി വെച്ച് പുറത്തു കടക്കുമ്പോൾ ഡോക്ട്ടർ അടുത്ത ദീനനെ വിളിച്ചു :
"അടുത്താളാരാച്ചാ വര്വോ ട്ടാ! "
xxxxxxxxxxx
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ