2019 ജനുവരി 18, വെള്ളിയാഴ്‌ച

ഡയലോഗ് ഇന്‍ ദി ഡാര്‍ക്ക്


ഡയലോഗ് ഇന്‍ ദി ഡാര്‍ക്ക്

നാലു ദശകം മുമ്പൊരു പൂരക്കാലം....

തേവരുടെ വേലത്തലേന്ന് അമ്പലപ്പറമ്പില്‍ അരങ്ങു കെട്ടുവാന്‍ കരുതിയ കുരുത്തോല തികയാതെ വന്നപ്പോള്‍ ഉത്സാഹപ്രമുഖന്‍ ഉണ്ണ്യേട്ടന്‍ പ്രശ്നപരിഹാരത്തിന് എന്നെയും ഉണ്ണിയേയും ചട്ടം കെട്ടി. കുറ്റാക്കൂരിരുട്ടത്ത് ആശ്രമം വളപ്പിലെ കൊടിത്തുമ്പകളേയും പുല്ലാനിമൂര്‍ക്കന്മാരേയും കൂസാതെ വെട്ടിക്കൊണ്ടു വന്ന  കുരുത്തോല അമ്പലനടയിലെ ഗോപുരത്തറയില്‍ അരങ്ങു കീറിക്കൊണ്ടിരുന്ന കൊച്ചപ്പേട്ടന്‍റെ മുമ്പില്‍ കൊണ്ടിടുമ്പോള്‍ സമയം രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു.

ചൊറിഞ്ഞിട്ടും ചൊറിഞ്ഞിട്ടും കടി തീരാത്ത കാല്‍ മുട്ടിനു കീഴില്‍ നടപ്പുരയിലെ ദീപസ്തംഭത്തിലെ തിരിക്കുഴികളില്‍ കിനിഞ്ഞു കിടന്നിരുന്ന എണ്ണ ചൂണ്ടുവിരലുകൊണ്ട് വടിച്ചെടുത്തു തടവിക്കൊണ്ട് ഉണ്ണി ഖണ്ഡിതമായി പറഞ്ഞു.

“കൊച്ചപ്പേട്ടാ, ഇനി കൂട്ട്യാ കൂടില്ല്യാട്ടാ!. തുമ്പ കടിച്ച് ചൊറിഞ്ഞു  കാലൊക്കെ മന്തു പിടിച്ച പോല്യായി!.

ഓ ഇതൊക്കെ ധാരാളം!. ഇനി വേണ്ടി വരില്ല്യ. അല്ലേ ശ്രീധരേട്ടാ?.”

അതൊക്കെ മതീന്‍റെ കൊച്ചപ്പാ,  തെകഞ്ഞില്ലിങ്ങെ ഉള്ളോണ്ടൊക്കെ ഒപ്പിക്ക്യന്നെ.

തൊട്ടപ്പുറത്ത് തീവെട്ടിയുടെ പന്തക്കുറ്റിയില്‍ തുണി ചുറ്റിക്കൊണ്ടിരുന്ന ശ്രീധരക്കുറുപ്പ് തീര്‍പ്പു കല്പ്പിച്ചു.

ദേ നിങ്ങള് പോവുമ്പോ ഇതങ്ങട് കൊണ്ടോക്കോളോ ട്ടാ. രണ്ടു പേരേം അന്വേഷിച്ച് കൊര്‍ച്ചേര്‍ത്തെ ഉണ്ണി വന്നേര്‍ന്നു.

ഈര്‍ക്കിലി പാതി ചീന്തി കോര്‍ത്തു കുരുക്കിട്ട കുരുത്തോലക്കെട്ടുകള്‍ ഞങ്ങളെ ഏല്‍പ്പിക്കുമ്പോള്‍ കൊച്ചപ്പേട്ടന്‍ പറഞ്ഞു.

എന്താ കാര്യം കൊച്ചപ്പേട്ടാ?.” ഞാന്‍ ചോദിച്ചു.

അറീല്ല്യ; ആരോ വെള്ളടിച്ച് കൊഴപ്പണ്ടാക്കണൂന്നൊക്കെ കേട്ടു .

ആരാ?.”

അതൊന്ന്വറീല്ല്യാന്നേയ്. അവടെ അമ്പലപ്പറമ്പില്ണ്ടാവും. ചെന്ന് നോക്ക്വ.

വാടാ, പോയി നോക്കാം.

ഉണ്ണിക്കൊപ്പം പ്രദക്ഷിണവഴിയിലൂടെ അമ്പലപ്പറമ്പിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ കുറുപ്പ് പറയുന്നത് കേട്ടു.

ശെന്താ കാലം പോയേ പോക്ക്!. ഇപ്പൊ ഇതാ ഫാഷന്‍. പൂരായാലും വെളക്കായാലും കള്ളുടിച്ച് കൂത്താട്വാ. കഷ്ടം!.

ഒന്നും പറേണ്ടാന്നേയ്. തേവരടെ വേലക്ക് തട്ടകത്ത് കുടിക്കാത്തോരായി രണ്ട് പേരേണ്ടാവുള്ളു.

ആരാദ്?.”

ശ്രീധരക്കുറുപ്പിന്  സാത്വികന്മാരെ അറിയാന്‍ ഔത്സുക്യമായി.

തേവരും മനക്കലമ്പലത്തിലെ ശാസ്താവും!.

പടിഞ്ഞാറെ നട കടന്ന് ആല്‍ത്തറയിലെത്തുമ്പോഴേക്കും ഓല നിരയൊപ്പിച്ച് ചീന്താനായി കുരുത്തോലത്തണ്ടില്‍ ചെത്തിയുണ്ടാക്കിയ തോതുകോല്‍ വീശി ഉണ്ണ്യേട്ടന്‍ ഞങ്ങള്‍ക്കടുത്തെക്ക് വന്നു. ആളും മിനുങ്ങിയിട്ടുണ്ട്. ഹെര്‍ക്കുലീസ് ത്രീ എക്സ്‌ റമ്മിന്‍റെ രൂക്ഷഗന്ധം.

ഡാ ഉണ്ണീ, നിങ്ങള് രണ്ടാളോട്വായിട്ടു പറ്യാണ്; എത്രേം വേഗം ആ പണ്ടത്തിനെ വീട്ടില് കൊണ്ടാക്കിക്കോളോ. ഇല്ലെങ്ങവന്‍ എന്‍റെയ്യീന്നു വാങ്ങും. പിന്നെ കണാകുണാ പറഞ്ഞിട്ട് കാര്യല്ല്യ ട്ടാ.

എന്തേ ഉണ്ണ്യേട്ടാ?. ആരാ എന്താ?.” ഉണ്ണി ചോദിച്ചു.

നിയ്യ്‌ ദേ നോക്ക്യേന്‍ കാണിക്കണ അങ്കം!.

ഉണ്ണ്യേട്ടന്‍ കൈ ചൂണ്ടിയിടത്തെക്ക് ഞങ്ങള്‍ നോക്കി. മുകുന്ദനാണ്. വലിച്ചു കെട്ടിയ മുപ്പിരി കയറില്‍ ഇടവിട്ട് മാവില കോര്‍ത്തു ഭംഗിയായി കെട്ടിയ കുരുത്തോല അരങ്ങില്‍ പിടിച്ചുതൂങ്ങി ഇടത്തോ വലത്തോ മുന്നോ പിന്നോ എന്ന പരുവത്തില്‍ ചാഞ്ചാടി നില്‍ക്കുകയാണ് കക്ഷി.

നേരം കൊറ്യായി ഊഞ്ഞാലാട്ടം തൊടങ്ങീട്ട്. ഞാന്‍ പിന്നെ ആ തള്ളേം തന്തേം ഓര്‍ത്തട്ടാ ഒന്നും ചെയ്യാത്ത്.

ഞങ്ങള്‍ക്കത്ഭുതമായി. മുകുന്ദനെ ഇതിനു മുമ്പ് ഇങ്ങിനെ കണ്ടിട്ടില്ല. വയസ്സായി അവശരായ അച്ഛനും അമ്മയ്ക്കുമുള്ള ഏക ആണ്‍തരിയാണ്. പട്ടണത്തിലുള്ള മെഡിക്കല്‍ ഷോപ്പില്‍ ഫര്‍മസിസ്റ്റായി ജോലി ചെയ്യുന്ന മുകുന്ദന്‍റെ സംരക്ഷണയിലാണ് രണ്ടു പേരും. നമ്മളറിയാത്തതാണോ എന്തോ ഇന്നേ വരെ അവന്‍ മദ്യപിച്ചു കണ്ടിട്ടില്ല. ഇന്നെന്തു പറ്റീ?. ആരുടെ വകയായിരുന്നാവോ സബോതി?.

ഇവനെങ്ങനെ ഈ പരുവായി ഉണ്ണ്യേട്ടാ?.“

ആ ജയന്‍റെ പണ്യാവും. അവന്‍റെ കൂട്യാ വരണ കണ്ടേ!.

ന്നട്ട് അവനെവടെ?.”

എവട്യാവോ. പണ്ടം പണിത് പറമ്പില് കൊണ്ടു വന്നിട്ടിട്ട് അവനാ പോയി. വേറെ കമ്പനി കൂട്വാവും!. നിങ്ങള് രണ്ടാളും കൂടി അതിനെ വീട്ടില് കൊണ്ടാക്ക്യേന്‍!.

ഞങ്ങള്‍ മുകുന്ദനരികിലേക്ക് നീങ്ങി.

ഡാ...മൂന്ദാ!.

ഉണ്ണി അവനെ കടുപ്പിച്ച സ്വരത്തില്‍ വിളിച്ചു.

ങ്ങ്ഹാ...ഉണ്ണ്യാ...ബാല്‍ന്ദ്രനാ..!. വെരി ഗുഷ്‌. നിങ്ങളെവട്യാര്‍ന്നൂ?. എത്രന്വേഷിച്ചൂന്നാ!. സോറി; ഞാന്‍ ഫിറ്റാ ട്ടാ.

എന്താണ്ടാദ്!. നീയിതെന്നു തൊടങ്ങീ?.”

ഒന്നും പറേണ്ടിഷ്ടാ!. ലേശോവറായി. ആ ജയന്‍ ചതിച്ചു.

ഡാ തെണ്ടീ നോക്ക്യേന്‍ മറ്റേലെ വര്‍ത്താനം പര്‍ഞ്ഞാണ്ടലോ നെന്‍റെ...;

പെട്ടെന്ന് എവിടെ നിന്നോ പ്രത്യക്ഷനായ ജയന്‍റെ കൈകളില്‍ നിന്നും മുകുന്ദന്‍റെ ഷര്‍ട്ടിന്‍റെ കോളര്‍ വിടുവിക്കാന്‍ എനിക്കും ഉണ്ണിക്കും ഏറെ വിയര്‍ക്കേണ്ടി വന്നു.

മുകുന്ദനെ ഉണ്ണിയുടെ കയ്യില്‍ ഏല്‍പ്പിച്ചു ജയനെ മാറ്റി നിര്‍ത്തി ഞാന്‍ ചോദിച്ചു:

എന്താടാ. എന്തേണ്ടായേ?.”

ഞാന്‍ ചോദിച്ചു. ജയന്‍ ആമുഖമെഴുതി.

വൈകീട്ട് ജോലികഴിഞ്ഞ് തൃശ്ശൂരില്‍ നിന്ന് ആശ്രമം സ്റ്റോപ്പില് ബസ്സെറങ്ങീപ്പഴാ അവനെ കണ്ടത്. പോരണ വഴി ആസൂത്രണം ചെയ്ത പദ്ധത്യാ കാല് കൊഴഞ്ഞ് ദാ  അരങ്ങില് തൂങ്ങി നിക്കണത്!.

എന്താ സംഭവം?. നീ കാര്യം പറേടാ!.

ജയന്‍ കാര്യം പറഞ്ഞു:

സന്ധ്യക്ക്‌ വീട്ടിലുള്ളവരെല്ലാം അമ്പലത്തില്‍ തൊഴുവാന്‍ പോയ തക്കം നോക്കി ജയന്‍റെ വീടാണ് കമ്പനിക്ക് കണ്ടു വെച്ചിരുന്നത്. അമ്പലത്തില്‍ പോയവര്‍ ഏതു നിമിഷവും മടങ്ങി വരാം എന്ന ആശങ്കയുടെ പുറത്താണ് മദ്യാഹ്നം അരങ്ങേറിയത്. ഹണീ ബീ ഫുള്‍ ബോട്ടിലും രണ്ടു വലിയ സ്റ്റീല്‍ ഗ്ലാസും വീടിന്‍റെ പടിഞ്ഞാറെ ഇറയത്തെ അരണ്ട വെളിച്ചത്തില്‍ മുളകരയ്ക്കുന്ന അമ്മിയില്‍ കൊണ്ടു വെക്കുമ്പോള്‍ ജയന്‍ പറഞ്ഞു:

വേഗം കാര്യം കഴിക്കണം. നീയ് കുപ്പി പൊട്ടിക്ക്. ഞാനപ്ലക്കും വെള്ളം കൊണ്ടരാം എന്നു പറഞ്ഞു അടുക്കളയില്‍ പോയതാടാ. തിരിച്ചു വന്നപ്പോഴേക്കും കുപ്പി പകുതി മുക്കാലായേക്കണു!.

എന്‍റെമ്മേ!.

ഞങ്ങള്‍ സ്തബ്ദരായി.

ന്നട്ട്?.”

ന്നട്ടെന്താ പിന്നാലെ രണ്ട് ലാര്‍ജൂടി താങ്ങി ദരിദ്രവാസി!.

ദൈവമേ!. അപ്പടാ അവന്‍ കുടിക്കാറില്ല്യാന്ന് നെനക്കറീല്ല്യേ?.”

കുടിക്കാറില്ല്യാന്നാ!. ഒന്നു പോയേരാവടന്ന്!. കുടിക്കാത്താളാ ഡ്രൈയ്യായിട്ട് അരക്കുപ്പി കമത്തീത്!. ദേ കണ്ടില്ല്യേ ബാറാട്ടം!.

ഉം!. കൊള്ളാം ബെസ്റ്റ് പാര്‍ട്ട്യോള്!. പിന്നെന്താണ്ടായെ?.”

“എനിക്ക് പണ്യായി അതന്നെ!. കെട്ടിവലിച്ച് ഇങ്ങടെത്തിച്ചേന്‍റെ പാട് എനിക്കേ അറീള്ളോ!.

അതൊക്കെ പോട്ടെ; പെട്ടെന്ന് ചരക്ക് വീട്ടിലെത്തിക്കണം. എന്താ വഴി?. ഇല്ലിങ്ങെ ഉണ്ണ്യേട്ടന്‍ കയ്യ് വെക്കും!.

നിങ്ങള്ണ്ടങ്ങെ ഞാന്‍ വരാം. എനിക്ക് തന്നെ പറ്റില്ല്യ!.

അതിനിടക്ക് മുകുന്ദന്‍ വേച്ച് വേച്ച് ഞങ്ങള്‍ക്കടുത്തെത്തിയിരുന്നു. ഉറക്കം തൂങ്ങാന്‍ തുടങ്ങിയ മട്ടുണ്ട്.

എന്താടാ?.”

ഉണ്ണി ചോദിച്ചു:

"ഒന്നൂല്ല്യ. ഇക്ക് വീട്ടില് പോണം. നിങ്ങള് സഹായിക്കണം. പിന്നൊരു കാര്യണ്ട്‌. വീട്ടാരറ്യരുത്. അവരറിഞ്ഞാ പെശകാ.

വീട്ടുകാരറ്യാണ്ട് എങ്ങന്യാണ്ടാ?.”

കൊഴപ്പല്ല്യ. എറേത്ത്‌ കെടക്ക വെച്ചണ്ട്.

ആഹഹഹ!. അപ്പൊ ഒക്കെ കാലേക്കൂട്ടി ഒരുക്കീട്ടാ പാനകളി അല്ലേ?.“

ഏയ്‌ ഞാന്‍ സ്ഥിരം പൊറത്താ കെടക്കാറ്.

ങ്ങ്ഹും ഇതിനൊക്കെ സൗകര്യം അതാണലോ. ശരി ശരി നടക്ക്!.

ഞാനും ഉണ്ണിയും ഇടവും വലവും താങ്ങി പിന്നില്‍ ജയനുമായി കനത്ത സുരക്ഷയില്‍ മുകുന്ദനെ വീട്ടിലേക്ക് ആനയിച്ചു. പടിക്കലെത്തിയപ്പോള്‍ ഉണ്ണിക്ക് ടെന്‍ഷനായി:

ഡാ ബാലന്ദ്രാ   വീട്ടുകാരറ്യോ?.”

"ശ്ശ്.....മിണ്ടരുത്!,” 


മുകുന്ദന്‍ ചുണ്ടത്തു വിരല് വെച്ചു വിലക്കി.


അറിയാണ്ട്  പതുക്കെ കൊണ്ടാക്കണം.  അറിഞ്ഞാ അച്ഛന്വമ്മേം തകര്‍ന്നു പൂവും.

ഇനീപ്പോ തകരാന്‍ എന്താള്ള്!.

ജയന്‍ തോട്ടിയിട്ടപ്പോള്‍ ഉണ്ണി അവനെ കണ്ണുരുട്ടി.

ഉമ്മറത്ത് കെടക്ക വെച്ചണ്ട്. പതുക്കെ വിരിച്ച് തന്നാ ഞാന്‍ കെടന്നോളാം. ന്നട്ട് നിങ്ങള് മിണ്ടാണ്ട്‌ പോന്നാ മതി. ഒരു കൊഴപ്പോല്ല്യ.

ഇരുട്ടായിരുന്നെങ്കിലും മുകുന്ദന്‍ പറഞ്ഞ പോലെ ഇറയത്ത്‌ വെച്ചിരുന്ന കിടക്ക കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ജയന്‍ കിടക്ക വിരിച്ചപ്പോള്‍ തട്ടാതെയും മുട്ടാതെയും ഞാനും ഉണ്ണിയും ചേര്‍ന്ന് പതുക്കെ മുകുന്ദനെ കിടത്തി. പോരുമ്പോള്‍ ചെവിയില്‍ പതുക്കെ പറഞ്ഞു.

മിണ്ടാതെ കിടന്നോളോ ട്ടാ. മ്മള് പോവാ. നാളെ ശീവേലിക്ക് കാണാം.

യെസ്സെസ്. നിങ്ങള് ധൈര്യായിട്ട് പൊക്കോ. ഇക്കൊരു കൊഴപ്പോല്ല്യ.

മാര്‍ജാരനടയുമായി ഞങ്ങള്‍ മൂന്നു പേരും റോഡില്‍ എത്തിയപ്പോഴാണ് അതുണ്ടായത്‌.

ഉണ്ണ്യേ, ബാലന്ദ്രാ....ഇക്ക് കൊഴപ്പൊന്നൂല്ല്യ ട്ടാ. പക്ഷേ വീട്ട്വാരറ്യരുത്!. അറിഞ്ഞാ കൊഴപ്പാ. അവര് തകരും!.

മുകുന്ദന്‍റെ ഉച്ചത്തിലുള്ള കുഴഞ്ഞ വാക്കുകള്‍ കേട്ടു ഞെട്ടിത്തരിച്ച ഞങ്ങള്‍ പടിക്കലേക്ക്‌ തിരിച്ചോടിയെത്തി നോക്കിയപ്പോള്‍ കണ്ടു!. ഉമ്മറത്ത് കത്തുന്ന ട്യൂബിന്‍റെ വെളിച്ചത്തില്‍  കിടക്കയില്‍ നിന്ന് തിത്തിത്താങ്കളി കളിക്കുന്ന മുകുന്ദന്‍!. തുറന്ന വാതില്‍ക്കല്‍ അന്തം വിട്ടു നോക്കി നില്‍ക്കുന്ന അച്ഛനമ്മമാര്‍!.







കാലഹരണം

· 
കാലഹരണം 

''എന്താ ബാലന്ദ്രാ സുഖന്ന്യല്ലേ?."

''ഓ സുഖം!. കുട്ടൻ ഇപ്പെവട്യാ?."

"ഞാൻ പഴയന്നൂര്."

"അതെങ്ങനെ ഇത്രകലെ ചെന്നുപെട്ടു?."

"ഭാര്യവീട് അവട്യല്ലെ. ഭാഗം കഴിഞ്ഞപ്പോ അവരടെ വീതത്തില് കിട്ട്യേ സ്ഥലത്ത് വീട് വെച്ചു."

"നാട്ടിലിക്ക് വരാറില്ല്യാല്ലേ?."

"വല്ലപ്പഴേള്ളൂ. തേവരടെ വേലക്ക് വൈകീട്ടൊന്ന് വന്ന് തൊഴുത് പൂവാറ്ണ്ട്. അപ്പഴൊന്നും തന്നെ കാണാർല്ല്യ. പിന്നെ ഇവടെപ്പോ സ്വന്തക്കാര്ന്നു് പറ്യാൻ ആരൂല്ലിലോ?."

നാട്ടിൽ എല്ലാവർക്കും വേണ്ടപ്പെട്ട ഒരാളുടെ മരണവിവരം പത്രത്തിൽ കണ്ട് എത്തിയതാണ് കുട്ടൻ. വല്ലപ്പോഴുമാണെങ്കിലും നാടുമായി ഇപ്പോഴും ബന്ധം കാത്തു സൂക്ഷിക്കുന്നു. പത്തു മുപ്പതോളം വർഷമായി ആളെ കണ്ടിട്ട്. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് പട്ടാളത്തിൽ ചേർന്ന് നാടുവിട്ടയാളാണ്. അച്ഛനും അമ്മയ്ക്കും ഏക മകന്‍. വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷത്തിനുള്ളില്‍ അച്ഛനും അമ്മയും മരിച്ചു. പിന്നീട് നാട്ടിലുള്ള സ്ഥലം വിറ്റ് വേറെ എവിടെയോ ആണെന്നൊക്കെ കേട്ടിരുന്നു. അതിനു ശേഷം ഇപ്പോഴാണ് കാണുന്നത്.
ആത്മബന്ധമൊന്നുമില്ലായിരുന്നെങ്കിലും കുട്ടന്‍ കളിക്കൂട്ടുകാരനായിരുന്നു. എന്‍റെ വീട്ടിൽ നിന്നും ഒരു മൈൽ അകലെയായിരുന്നു കുട്ടന്‍റെ വീട്. തരം ഒന്നും ക്ലാസ്സ് വേറെയുമായി സ്കൂൾമേറ്റ്സുമാണ്. വൈകീട്ട് അമ്പലപ്പറമ്പിൽ പന്തുകളി. പിന്നെ അമ്പലക്കുളം ചാടല്‍. ചെല്ലപ്പേരെടുത്തു വിളിച്ചിരുന്ന സൌഹൃദം.

"കുട്ടന് മക്കൾ?."

"രണ്ടാള്. മൂത്തത് മോൻ. ദുബായീലാ. താഴേള്ള മോള് കല്ല്യാണം കഴിഞ്ഞ് ഡെൽഹീല്."

ഒരു നിമിഷത്തെ മൌനം

"ബാൽന്ദ്രന് മക്കളൊക്കെ?."

"രണ്ടാളന്നെ. മൂത്തോൻ ഹൈദരബാദ്. മോള് ബാംഗളുര്. കുട്ടന്‍റെ ഭാര്യ ടീച്ചറല്ലെ?."

"ആയിരുന്നു. റിട്ടയറായി. ചേലക്കര സ്കൂൾലാർന്നൂലോ."

വീണ്ടും തെല്ലിട നിശ്ശബ്ദത. പിന്നെ എന്‍റെ രണ്ട് കയ്യും കൂട്ടിപ്പിടിച്ച് സ്നേഹം കൂട്ടി മസൃണമാക്കിയ സ്വരത്തിൽ കുട്ടൻ എന്ന രാമകൃഷ്ണൻ പറഞ്ഞു:

"മുപ്പത്തഞ്ച് കൊല്ലം കഴിഞ്ഞു നാട് വിട്ടട്ട്!. തന്നെ കണ്ടട്ടും. പക്ഷെ താനിപ്പഴും എന്‍റെ വിളിപ്പേര് മറന്നിട്ടില്ല്യ!. അതിശയം തന്നെ!."

"അയ് അതിശയോ!. നല്ല കാര്യായി!. അതൊക്കെങ്ങന്യാ മറക്ക്വാ കുട്ടാ!.''

" ഭാര്യക്കും മക്കൾക്കും പോലും ഈ പേരറീല്ല്യ. ഞാൻ തന്നെ മറന്ന പോല്യാ. എന്തോ, നാട്ടില് വന്നാ സന്തോഷം എരട്ടിക്കും. ങ്ങന്യൊക്കെ വിളിച്ച് കേക്കുമ്പോ!."

പഴയ ചങ്ങാതിയുടെ കണ്ണൂകളിൽ നീർ പൊടിഞ്ഞു കൊണ്ടിരുന്നപ്പോൾ കുറച്ചു ദിവസം മുമ്പ് നടന്ന മറ്റൊരു അഭിമുഖം മനസ്സിലേക്ക് കടന്നു വന്നു.

പഞ്ചായത്ത് ഓഫീസ്. വീട്ടു നികുതി അടച്ച് പുറത്തിറങ്ങുമ്പോഴാണ് തങ്കപ്പൻ ഇന്നോവയിൽ വന്നിറങ്ങിയത്. പഴയ നാട്ടുകൂട്ടുകാരനെ കണ്ടിട്ട് നാളേറെയായിട്ടുണ്ട്. കക്ഷി ഇപ്പോൾ എവിടെയെന്നു പോലുമറിയില്ല. പട്ടണത്തിൽ എന്തോ ബിസിനസ്സാണെന്ന് ആരോ പറഞ്ഞ അവ്യക്തമായ ഓർമ്മ.

അടുത്തെത്തിയപ്പോൾ ഞാൻ ആവേശത്തോടെ ഉപചരിച്ചു:

"ഹലോ തങ്കപ്പൻ!. എത്രാലായി കണ്ടട്ട്?. ഇപ്പെവട്യാ?."

"തൃശ്ശൂര്!."

ഗൌരവം നിറഞ്ഞ സ്വരം. ഹസ്തദാനത്തിന് നീട്ടിയ കൈക്ക് മറുകയ്യുണ്ടായില്ല. പകരം നീരസം പുരട്ടിയ വാക്കുകൾ:

"ഇറ്റ്സോൾ റൈറ്റ്!.''

ജാള്യത മറയ്ക്കാനായി മാത്രം ഒരു ചോളാക്യം കൂടി ഞാനെടുത്തിട്ടു.

"എന്താ ഇവടെ?."

"പ്രസിഡണ്ടിനെ ഒന്നു കാണണം. ജസ്റ്റ് പേഴ്സണൽ."

"ഓക്കെ. ന്നാ പോട്ടെ?."

"റൈറ്റ്. പിന്നെ ബാലന്ദ്രൻ വൺ മിനിറ്റ്."

പിൻവിളി കേട്ടു തിരിഞ്ഞപ്പോൾ അടുത്ത് വന്ന് അടക്കിയ ഉറച്ച സ്വരത്തിൽ അയാൾ പറഞ്ഞു:

"ബാലന്ദ്രൻ, എന്‍റെ പേര് ഗോപാലകൃഷ്ണൻന്നാണ് ട്ടോ; മറക്കണ്ട!."

തരിച്ചു നിന്നുപോയി ഞാൻ!. ആളെ മാറിപ്പോയോ?. ഒരേ ക്ലാസ്സിൽ പഠിച്ചിരുന്ന, ഒരുമിച്ചു കളിച്ചിരുന്ന, കാലത്തും വൈകീട്ടും അമ്പലക്കുളത്തിൽ ഒരുമിച്ചു ചാടി മദിച്ചിരുന്ന പഴയ സഖാവ് തങ്കപ്പൻ തന്നെയല്ലേ ഇത്?. മരവിപ്പ് മാറി ബോധം തിരിച്ചു കിട്ടിയപ്പോൾ പറഞ്ഞു.

"ഓ.....ഞാൻ മറന്നു; ഗോപാലകൃഷ്ണ മേനോൻ അല്ലെ?. സോറി ട്ടാ!."

"ഇറ്റ്സ് ഓള്‍ റൈറ്റ്!."

അയാളുടെ മുഖത്തു പ്രകാശം തെളിഞ്ഞു എന്നുറപ്പു വരുത്തി തിരിഞ്ഞു നടക്കുമ്പോൾ ഓർത്തു വെച്ചു:

അപരനാത്മസുഖം നൽകുന്നതായിരിക്കണം നമ്മുടെ ഓരോ സംബോധനകളും!.
:
:
:
" ന്ന്ട്ട് കുട്ടൻ എന്താ പരിപാടി?. ഇന്ന് വീട്ടില് കൂടീട്ട് നാളെ പുവ്വാം."

"അയ്യോ പോണം!. നൂറൂട്ടം പണീണ്ട് ബാൽന്ദ്രാ!. വേറൊരീസാവാം. പേപ്പർല് മരണം വായിച്ചപ്പോ ഓടി വന്നതാ. കഴിഞ്ഞ വേലക്കും കൂടി അമ്പലത്തില് കണ്ടതാ ആളെ. വരാണ്ട് കഴീല്ലിലോ?. ചെർപ്പത്തില് മ്മട്യൊക്കെ നേതാവായിര്ന്നില്ല്യേ!."

"അതെ. അപ്പോന്നാ അടുത്തവണ പൂരത്തിന് വരുമ്പൊ വീട്ടില് കൂടാം."

"തീർച്ച്യായും!. ശരിക്കും പൂരം കണ്ടട്ടേ മടങ്ങുള്ളോ!."

"പിന്നേയ്, കുട്ടന് ക്വോട്ടേല്ല്യേ; പോരുമ്പോ ഒരെണ്ണം കയ്യില് വെക്കാൻ മറക്കണ്ട!."

" ഹ ഹ ഹ!. ശരീടോ, ഏറ്റു!."

"വേണ്ടാ ട്ടാ; തമാശ പറഞ്ഞതാ!.''

"ഹ ഹ!. ബെസ്റ്റ് പാർട്ട്യന്നെ!. തനിക്കൊരു മാറ്റോല്ല്യ ട്ടാ!."

2018 നവംബർ 25, ഞായറാഴ്‌ച

മെത്തേഡ് ആക്റ്റിങ്ങ്

മെത്തേഡ് ആക്റ്റിങ്ങ്

' 
അപരിചിതമേഖലകളിലൂടെ ഗൂഗിള്‍ മാപ്പില്ലാതെ സഞ്ചരിക്കരുതെന്ന് പഠിച്ചത് ലാല്‍ ജോസിന്‍റെ ‘വെളിപാടിന്‍റെ പുസ്തക’ത്തില്‍ നിന്നാണ്.
     സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷന്‍.
  പൂന്തുറ കടല്‍ത്തീരത്തെ കോളേജ് പടിക്കൽ ക്രെയിനില്‍ ക്യാമറ സെറ്റു ചെയ്തുകൊണ്ടിരിക്കുന്നു. കാറ്റുണ്ടാക്കുന്ന പ്രൊപ്പല്ലറിന്‍റെ നാലുചക്രവണ്ടി നിര്‍ദ്ദിഷ്ട സ്ഥാനത്തേക്ക് തള്ളി കൊണ്ടുപോകുന്ന ഓപ്പറേറ്റർമാർ. അറിയപ്പെടുന്ന നടീനടന്മാരെ തേടി സ്മാർട്ട് ഫോൺ ഓണാക്കി അലഞ്ഞു തിരിയുന്ന സെൽഫി ഹണ്ടർമാർ. ബാക്ഗ്രൌണ്ട് ആക്ഷന് തയ്യാറായി ഒറ്റക്കും കൂട്ടമായും ഫീൽഡിൽ അവിടവിടെ ടെൻഷനടിച്ചു നിൽക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും.
 "ബാലേട്ടാ റെഡി!." എന്നു സംവിധാന സഹായിയുടെ വിളിയും കാത്തിരിക്കുകയാണ് ഞാൻ. ഭക്ഷണ വിതരണക്കാരിൽ ഒരാൾ ഇടക്ക് സ്റ്റേഹത്തോടെ കൊണ്ടുവന്നു തന്ന ചെറുനാരങ്ങച്ചീളിട്ട കട്ടൻ ചായ മൊത്തിക്കൊണ്ടിരിക്കുമ്പോഴാണ് അവർ വന്നത്.
 അവർ അഞ്ചെട്ടു പേരുണ്ടായിരുന്നു. തദ്ദേശീയരാണ്. സിനിമയിൽ ആൾക്കൂട്ടത്തിനായി വിളിച്ചു വരുത്തിയവർ. പ്രിന്‍സിപ്പലച്ചന്‍റെ വേഷമിട്ടു നിന്ന എന്‍റെ മുന്നില്‍ അവര്‍ ഭക്തിബഹുമാനങ്ങളോടെ നിന്നു. കൂട്ടത്തിൽ മുതിർന്ന ഒരാൾ ഭവ്യതയോടെ ചൊല്ലി:
     "ഈശോമിശ്യായ്ക്ക് സ്തുത്യായിരിക്കട്ടെ അച്ചോ!."
     "ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ!.''
   ഞാനും വിട്ടു കൊടുത്തില്ല. കളിയില്‍ കുറഞ്ഞവനാകരുതല്ലോ!. വഴിയേ പോയൊരു നായരച്ചനെ ലാൽ ജോസ് പിടിച്ച് പള്ളീലച്ചനാക്കിയതാണെന്ന് ഇവരറിയരുത്!. നല്ല ഗമയിൽ അച്ചടി വടിവിൽതന്നെ പ്രതിസ്തുതിയിട്ടപ്പോൾ കൂട്ടത്തിൽ രണ്ടുപേർ പരസ്പരം നോക്കി. അതിലൊരാൾ മറ്റയാളുടെ കാതിൽ എന്തോ മന്ത്രിച്ചു. മുതിർന്ന പൌരൻ ചോദ്യം തുടർന്നു:
    "അച്ചൻ എവിടന്നാ വരുന്നത്?"
    "തൃശൂരീന്ന്."
    "ഓ......തൃശൂര് എവിടെ?."
    "അമല കാന്‍സര്‍ ഹോസ്പിറ്റല്‍ കേട്ടിട്ടുണ്ടോ?."
  “ഓ ഒരുപാട്കേട്ടിട്ടുണ്ട്.”
   അന്യ ജില്ലക്കാരായവര്‍ക്ക് തിരിച്ചറിയാൻ എളുപ്പത്തിന് വീടിനടുത്തുള്ള അറിയപ്പെടുന്ന സ്ഥാനം ശീലം വെച്ച് പറഞ്ഞതാണ്. അത് പക്ഷേ പണി തന്നു!.
     "ഓ അച്ഛൻ സിയെമ്മൈയാണല്ലേ?."
   ഈശോയേ!. കളി കാര്യമാവുകയാണ്!. ളോഹക്കുള്ളിൽ വിയർപ്പുചാലുകൾ മുഖ്യധാരയായും കൈവഴികളായും ഒഴുകി ഇക്കിളി കൂട്ടാൻ തുടങ്ങി.
     "അപ്പോ അച്ചനിവിടെ?."
 പ്രദേശവാസികളാണ്!. ഉള്ളംകയ്യില്‍ പങ്കായത്തഴമ്പും കാരിരുമ്പിന്‍റെ പേശികളുമുള്ള മത്സ്യതൊഴിലാളികള്‍!. കളിക്കൊരു പരിധി നിർണയിക്കണമെന്ന് ഉള്ളിൽ ആരോ ഒരാളിരുന്നു കണ്ണുരുട്ടിയപ്പോൾ ഞാന്‍ പറഞ്ഞു:
     "ഷൂട്ടിങ്ങിന് വന്നതാ. ഒരു വേഷമുണ്ട്."
  "വേഷമോ!. അയ്യയ്യോ അച്ചന്മാർക്ക് സിനിമയില്‍ അഭിനയിക്കാനൊക്കുമോ?."
  ആൾക്കൂട്ട മുഖങ്ങളിൽ സംശയാതിശയങ്ങൾ നിഴൽ വിരിക്കുന്നു!. ദൈവമേ ഈ പാനപാത്രം!.
   "അയ്യോ! ഞാനച്ചനല്ല ട്ടോ; ഇത് സിനിമയിൽ എന്‍റെ വേഷാണ്!."
 ക്ഷമാപണ സ്വരത്തിൽ എല്ലാവരോടുമായി പറഞ്ഞപ്പോൾ പരസ്പരം നോക്കികളിൽ അപരന്‍റെ കാതിൽ രഹസ്യമോതിയവൻ വിജയീഭാവത്തോടെ പറഞ്ഞു:
  "അദ്ദാണ്!. ഞാനിവനോട് മുന്നേ പറഞ്ഞതായിരുന്നു; ഒറിജിനൽ അച്ചനല്ല, വെറും വേഷമാന്ന്!."
    "അത് നിനക്കെങ്ങനെ മനസ്സിലായെടേ?."
    മുതിർന്ന പൌരനും ചമ്മലടങ്ങിയിരുന്നില്ല.
    "മറുസ്തുതി കേട്ടപ്പം. "
    "അതെങ്ങനെ?."
    "സാറ് പറഞ്ഞത് ശ്രദ്ധിച്ചായിരുന്നോ?."
    "എന്തായിരുന്നു?."
    "എപ്പോഴും എപ്പോഴും സ്തുത്യാരിക്കട്ടേന്ന്!."
    കർത്താവേ! അങ്ങന്യായിരുന്നോ..... അങ്ങന്യായിരുന്നോ ഞാൻ പറഞ്ഞത്!?.
    "ബാലേട്ടാ റെഡി!."
  ദുരന്തഭൂമിയിലേക്ക് രക്ഷകനായി സംവിധാന സഹായിയെ പറഞ്ഞയച്ച ഈശോമിശിഹായെ സ്തുതിക്കുമ്പോൾ പക്ഷേ പീഢിതന് തെറ്റിയില്ല!.
    "ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ!."


നിത്യഹരിതന്‍


നിത്യഹരിതന്‍

പതിവുപോലെ രാവിലെ കുട്ടികളുമൊത്ത് ആശ്രമം ഗ്രൗണ്ടില്‍ പന്ത് തട്ടിക്കൊണ്ടിരിക്കുകയായിരുന്നു ജോണ്‍.  ഇടക്ക് അപരിചിതരായ രണ്ടു മുതിര്‍ന്ന പൌരന്മാര്‍ ഗ്രൂണ്ടിനു ചുറ്റും സംസാരിച്ചുകൊണ്ടു നടക്കുന്നതോന് ശ്രദ്ധിച്ചു. ആശ്രമം അതിഥികളായെത്തുന്നവര്‍  വെളുപ്പിന് വ്യായാമത്തിനായി ഗ്രൗണ്ടില്‍ വരാറുണ്ട്. അങ്ങിനെ വല്ലവരുമായിരിക്കും എന്നു കരുതി ജോണ്‍ പന്തടിയില്‍ മുഴുകിയിരിക്കുമ്പോഴാണ് അവര്‍ രണ്ടു പേരും നടത്തം അവസാനിപ്പിച്ച് അടുത്തേക്കു വന്നത്.

ഏറെ നേരം കൌതുകത്തോടെ പന്തടിക്കുന്ന ജോണിനെ നിരീക്ഷിച്ചു നിന്ന രണ്ടു പേരും പെട്ടെന്ന് അടുത്തേക്ക് വന്നു ചോദിച്ചു:

"എന്താ പേര്?."

"ജോണ്‍."

"ഈ നാട്ടുകാരനാണോ?."

"അതേ?."

അപരിചിതര്‍ രണ്ടുപേരും ഒരുനിമിഷം പരസ്പരം മുഖത്തേക്ക് നോക്കി നിന്നു.

"ദിവസവും കളിക്കാറുണ്ടോ?."

"ഏതാണ്ടൊക്കെ."

"ഇവിടെ അടുത്താണോ വീട്?."

"അതെ. ആശ്രമത്തിന്‍റെ തൊട്ടു കെഴക്ക്."

 "പഠിച്ചതൊക്കെ?."

"ആശ്രമം സ്കൂളിലന്നെ."

"ഏതു കാലത്താണ്?."

"ഒരു പത്തമ്പത്തഞ്ചു കൊല്ലം മുമ്പ്."

"ഓ ഗോഷ്!. അപ്പോ വയസ്സെത്രയായി?."

"എഴുപത്."

"മൈ ഗുഡ്നസ്!  ന്നിട്ടിപ്പോഴും കളിക്കുന്നു?.   റിയലി ഗ്രേറ്റ്!."

"ഓടിക്കളിയൊന്നുമില്ല. ചുമ്മാ തട്ടിക്കളിക്കും അത്രന്നെ."

"എന്നാലും അതിനു കഴിയുന്നുണ്ടല്ലോ?. ഞങ്ങളും അതേ പ്രായക്കാരാണ്!."

"പ്രായൊക്കെ ആരാ നോക്കണേ!. പറ്റണോടത്തോളം  കളിക്ക്വാ. അതന്നെ!."

"ദാറ്റ്സിറ്റ്!.  അപ്പോള്‍ അറുപത്തിരണ്ട് അറുപത്തിമൂന്ന് കാലത്ത് ജോണ്‍ ആശ്രമം സ്കൂളില്‍ ഉണ്ടായിരിക്കണല്ലോ?."

"ണ്ടാര്‍ന്നു.".

"അക്കാലത്തല്ലേ തൃശ്ശൂര്‍ സെന്തോമാസ് സ്കൂളിനെ തോല്‍പ്പിച്ച് ആശ്രമം സ്കൂള്‍
ആദ്യമായി തൃശ്ശൂര്‍ ജില്ലാ ചാംപ്യന്മാരായത്?."

നിങ്ങളാരാ ചങ്ങായ് എന്ന വിസ്മയത്തോടെ  തങ്ങളെ നോക്കി നിന്ന ജോണിനോട്‌ അവര്‍  പറഞ്ഞു:

"അത്ഭുതപ്പെടണ്ട; ഞങ്ങളൊക്കെ അക്കാലത്ത് സ്കൂളില്‍ പഠിച്ചിരുന്നവരാണ്.
ആശ്രമം ഹോസ്റ്റല്‍ ഇന്മേറ്റ്സായിരുന്നു."

"അപ്പോ നിങ്ങളൊക്കെ?."

"അതൊക്കെ പറയാം. അക്കാലത്ത് കൂടെ പഠിച്ചിരുന്നവരോ  സ്കൂള്‍ ടീമില്‍ കൂടെ കളിച്ചിരുന്നവരോ ആയി ആരെയെങ്കിലും ജോണിന് ഓര്‍മ്മയുണ്ടോ?."

കാല്‍കീഴില്‍  കിടന്ന പന്ത് പാദാഗ്രംകൊണ്ട് തോണ്ടി മുകളിലേക്കെറിഞ്ഞു പിടിച്ചുകൊണ്ട് ജോണ്‍ രണ്ടു നിമിഷം ആലോചിച്ചു നിന്നു. പിന്നെ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു:

"അന്നു സ്കൂള്‍ ടീമില്‍ ഗോളിയായിരുന്ന ഒരു പതിയെ ഓര്‍മയുണ്ട്. പിന്നെ അയാളുടെ ചേട്ടന്‍ പരശു."

അത് വരെ അകലം വിട്ടു നിന്നിരുന്ന അവരില്‍ ഒരാള്‍ പതുക്കെ  മുന്നില്‍ വന്നു നിന്ന് ജോണിന്‍റെ തോളില്‍ കയ്യിട്ടുകൊണ്ട്   വിസ്മയം അടക്കിപ്പിടിച്ച സ്വരത്തില്‍ പറഞ്ഞു:

"ജോണേ...ഞാനാണ് ആ പതി!. ഇതെന്‍റെ ചേട്ടന്‍ പരശു!."

അറിയാതെ നിലത്തു വീണ പന്തെടുത്ത് അന്താളിച്ചു നില്‍ക്കുന്ന ജോണിന്റെ കയ്യില്‍ കൊടുത്തുകൊണ്ട് വേള്‍ഡ് ഗോള്‍ഡ്‌ കൌണ്‍സിലില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന വെങ്കിടാചലപതി പറഞ്ഞു:

"അമ്പത്തഞ്ചു വര്‍ഷം! പക്ഷേ ജോണിപ്പോഴും കളിച്ചുകൊണ്ടേയിരിക്കുന്നു!
അണ്‍ബിലീവബ്ള്‍!."
:
:
:
അതെ!. ഈ എഴുപതാം വയസ്സിലും ജോണ്‍ കളിച്ചുകൊണ്ടിരിക്കുന്നു......

അതാണ്‌ ജോണ്‍.

ജോണ്‍
ജോണേട്ടന്‍
ഏ.കെ. ജോണ്‍
ജോണച്ചന്‍

സഹസ്രനാമനാണ്. പലരും പല പേരിലും വിളിക്കുo.

പക്ഷേ അടാട്ട് പഞ്ചായത്ത് കണ്ട മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാള്‍ എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഏകസ്വരം.

പുറനാട്ടുകര ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബിന്‍റെ തായ്ത്തടിയായിരുന്നു ജോണ്‍.  ഒരേ സമയം കോച്ചും മാനേജരും കളിക്കാരനും. പക്ഷേ പോരാട്ടങ്ങളില്‍ ഒരിക്കലും സേനാധിപനായിരുന്നില്ല. അത് തന്‍റെ കോപ്പയിലെ കാപ്പിയല്ല എന്ന വിനയമായിരുന്നു എന്നും.

തൃശ്ശൂര്‍ ജിംഖാനയുടെ സ്റ്റോപ്പര്‍ ബാക്ക് ഒന്നോ രണ്ടോ  തവണ ചാക്കോള ട്രോഫി അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ചിട്ടുണ്ട്.  ജില്ലയിലെ പ്രതിരോധനിര കളിക്കാരില്‍  മികവില്‍ മികച്ചേരിയായിരുന്നുവെങ്കിലും ഒരിക്കലും ഒരു സെലക്ഷന്‍ ക്യാമ്പിലും പങ്കെടുത്തിട്ടില്ല ജോണ്‍.

"നെനക്ക് വല്ല പ്രാന്തൂണ്ട്ര!. അതൊന്നും ശര്യാവില്ല്യ."

"എന്തൂട്ട് ശര്യാവില്ല്യാന്ന്‍?."

"ശര്യാവില്ല്യ അതന്നെ!. മ്മക്ക്  മ്മടെ പോറാട്ര്യൊക്കെ കളിച്ചാ മതി!."

"അപ്പ പിന്നെ നീയെന്തിനാ ജില്ലാ ലീഗില്  കളിക്കണേ?."

"അതു പിന്നെ ചാക്കോളക്ക്  പാസ് കിട്ടണ്ട്ര തെണ്ടീ?. ഇല്ലിങ്ങെ നിന്റച്ഛന്‍ ടിക്കറ്റെടുത്ത്വരോ?."

ലീഗില്‍ കളിക്കുന്നവര്‍ക്ക് ചാക്കോള ട്രോഫി ടൂര്‍ണമെന്റിന് പടിഞ്ഞാറെ പ്ലെയേഴ്സ്  ഗ്യാലറിയിലേക്കു  കൊടുക്കുന്ന ഒരു ഫ്രീ പാസില്‍ തന്‍റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ ഒതുക്കിയ,  മനസ്സിരുത്തിയിരുന്നെങ്കില്‍ ഉയരങ്ങളില്‍ എത്തേണ്ടിയിരുന്ന ഒരു വലിയ കളിക്കാരന്‍!. ജോണ്‍!.
:
:
:
പതിവ് പ്രഭാതനടത്തം കഴിഞ്ഞ് ഒരു പൂതിക്ക്‌ നാലു ദിവസം മുമ്പ് ഞാന്‍ ആശ്രമം ഗ്രൗണ്ടില്‍ ചെന്നു.  ഒരു കൌമാരക്കാരന്‍  പന്ത് തട്ടുന്നത് അകലെനിന്നേ ശ്രദ്ധിച്ചുകൊണ്ടാണ് ഗ്രൌണ്ടിലെത്തിയത്.   ജഴ്സിയും ബൂട്ടുമണിഞ്ഞവന്‍ സപ്തതി കഴിഞ്ഞ കഥാനായകനാണെന്ന്‍ അടുത്തു ചെന്നപ്പോഴാണ് മനസ്സിലായത്‌!.

 പുറനാട്ടുകരയുടെ പഴയ ഗോളിയെ  കണ്ടപ്പോള്‍ ഗുരുവിന്‍റെ മുഖത്ത് പ്രകാശം പരന്നു.

"ങ്ങ്ഹാ....! വാടാ വാടാ ഗോളി നിക്ക്.  ഞാന്‍ നാലു ഗിമ്മു ഗിമ്മട്ടെ!.ഇത്ര കാലായി!."

"അയ്യയ്യോ പറ്റില്ല്യാ ട്ടാ!."

"വന്നു ഗോളി നിക്കറ ശവീ."

"നടന്ന്‍ വര്വാടാ. വയ്യ!."

"ഔ അവന്റൊരു  നടത്തം!. ടാ നോക്ക്യേ; നീയീ കയ്യും വീശി ലെഫ്റ്റ് റൈറ്റടിച്ച് നടന്നാലൊന്നും തടി കൊറേല്ല്യ ട്ടാ!. ആ സമയം ദെവസോം ഇവടെ വന്ന് നാലു ഗിമ്മു ഗിമ്മി നോക്ക്യേ!.  ഞാന്‍ ശര്യാക്കിത്തരാം നെന്‍റെ തട്യൊക്കെ."

ഗോളി നിന്നതേ ഓര്‍മ്മയുള്ളൂ!.

പുറനാട്ടുകരയുടെ പഴയ സെന്‍റര്‍ ബാക്കിന്‍റെ പന്തടിക്ക്  എഴുപതിലും കനം തീരെ കുറഞ്ഞിട്ടില്ലെന്ന്  ആദ്യത്തെ അടിയിലും തടയിലും തെളിഞ്ഞു!. പെനാല്‍റ്റി ബോക്സിന്‍റെ പുറത്തുനിന്ന്‍  ഒന്നു പൊട്ടിച്ചു വിട്ടത്  ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റാന്‍ സ്റ്റൈലില്‍ ഒന്നു  ശ്രമിച്ചതാണ് പഴയ ഗോളി!. സ്ഥാനഭ്രംശം സംഭവിച്ച വലത്തെ കയ്യിലെ തള്ളവിരലും ടൈഗര്‍ ബാമുമായി ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നു അറുപത്തിമൂന്നുകാരന്‍!.


നിര്‍ത്തട്ടെ...കീ ബോര്‍ഡിന്‍റെ സ്പേസ് ബാറില്‍ അറിയാതെ തള്ളവിരല്‍ തട്ടുമ്പോള്‍ ജീവന്‍ പോകുന്നു!.