നിത്യഹരിതന്‍
പതിവുപോലെ രാവിലെ കുട്ടികളുമൊത്ത് ആശ്രമം ഗ്രൗണ്ടില്‍ പന്ത് തട്ടിക്കൊണ്ടിരിക്കുകയായിരുന്നു ജോണ്‍. ഇടക്ക് അപരിചിതരായ രണ്ടു മുതിര്‍ന്ന പൌരന്മാര്‍ ഗ്രൂണ്ടിനു ചുറ്റും സംസാരിച്ചുകൊണ്ടു നടക്കുന്നതോന് ശ്രദ്ധിച്ചു. ആശ്രമം അതിഥികളായെത്തുന്നവര്‍ വെളുപ്പിന് വ്യായാമത്തിനായി ഗ്രൗണ്ടില്‍ വരാറുണ്ട്. അങ്ങിനെ വല്ലവരുമായിരിക്കും എന്നു കരുതി ജോണ്‍ പന്തടിയില്‍ മുഴുകിയിരിക്കുമ്പോഴാണ് അവര്‍ രണ്ടു പേരും നടത്തം അവസാനിപ്പിച്ച് അടുത്തേക്കു വന്നത്.
ഏറെ നേരം കൌതുകത്തോടെ പന്തടിക്കുന്ന ജോണിനെ നിരീക്ഷിച്ചു നിന്ന രണ്ടു പേരും പെട്ടെന്ന് അടുത്തേക്ക് വന്നു ചോദിച്ചു:
"എന്താ പേര്?."
"ജോണ്‍."
"ഈ നാട്ടുകാരനാണോ?."
"അതേ?."
അപരിചിതര്‍ രണ്ടുപേരും ഒരുനിമിഷം പരസ്പരം മുഖത്തേക്ക് നോക്കി നിന്നു.
"ദിവസവും കളിക്കാറുണ്ടോ?."
"ഏതാണ്ടൊക്കെ."
"ഇവിടെ അടുത്താണോ വീട്?."
"അതെ. ആശ്രമത്തിന്‍റെ തൊട്ടു കെഴക്ക്."
"പഠിച്ചതൊക്കെ?."
"ആശ്രമം സ്കൂളിലന്നെ."
"ഏതു കാലത്താണ്?."
"ഒരു പത്തമ്പത്തഞ്ചു കൊല്ലം മുമ്പ്."
"ഓ ഗോഷ്!. അപ്പോ വയസ്സെത്രയായി?."
"എഴുപത്."
"മൈ ഗുഡ്നസ്! ന്നിട്ടിപ്പോഴും കളിക്കുന്നു?. റിയലി ഗ്രേറ്റ്!."
"ഓടിക്കളിയൊന്നുമില്ല. ചുമ്മാ തട്ടിക്കളിക്കും അത്രന്നെ."
"എന്നാലും അതിനു കഴിയുന്നുണ്ടല്ലോ?. ഞങ്ങളും അതേ പ്രായക്കാരാണ്!."
"പ്രായൊക്കെ ആരാ നോക്കണേ!. പറ്റണോടത്തോളം കളിക്ക്വാ. അതന്നെ!."
"ദാറ്റ്സിറ്റ്!. അപ്പോള്‍ അറുപത്തിരണ്ട് അറുപത്തിമൂന്ന് കാലത്ത് ജോണ്‍ ആശ്രമം സ്കൂളില്‍ ഉണ്ടായിരിക്കണല്ലോ?."
"ണ്ടാര്‍ന്നു.".
"അക്കാലത്തല്ലേ തൃശ്ശൂര്‍ സെന്തോമാസ് സ്കൂളിനെ തോല്‍പ്പിച്ച് ആശ്രമം സ്കൂള്‍
ആദ്യമായി തൃശ്ശൂര്‍ ജില്ലാ ചാംപ്യന്മാരായത്?."
നിങ്ങളാരാ ചങ്ങായ് എന്ന വിസ്മയത്തോടെ തങ്ങളെ നോക്കി നിന്ന ജോണിനോട് അവര്‍ പറഞ്ഞു:
"അത്ഭുതപ്പെടണ്ട; ഞങ്ങളൊക്കെ അക്കാലത്ത് സ്കൂളില്‍ പഠിച്ചിരുന്നവരാണ്.
ആശ്രമം ഹോസ്റ്റല്‍ ഇന്മേറ്റ്സായിരുന്നു."
"അപ്പോ നിങ്ങളൊക്കെ?."
"അതൊക്കെ പറയാം. അക്കാലത്ത് കൂടെ പഠിച്ചിരുന്നവരോ സ്കൂള്‍ ടീമില്‍ കൂടെ കളിച്ചിരുന്നവരോ ആയി ആരെയെങ്കിലും ജോണിന് ഓര്‍മ്മയുണ്ടോ?."
കാല്‍കീഴില്‍ കിടന്ന പന്ത് പാദാഗ്രംകൊണ്ട് തോണ്ടി മുകളിലേക്കെറിഞ്ഞു പിടിച്ചുകൊണ്ട് ജോണ്‍ രണ്ടു നിമിഷം ആലോചിച്ചു നിന്നു. പിന്നെ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു:
"അന്നു സ്കൂള്‍ ടീമില്‍ ഗോളിയായിരുന്ന ഒരു പതിയെ ഓര്‍മയുണ്ട്. പിന്നെ അയാളുടെ ചേട്ടന്‍ പരശു."
അത് വരെ അകലം വിട്ടു നിന്നിരുന്ന അവരില്‍ ഒരാള്‍ പതുക്കെ മുന്നില്‍ വന്നു നിന്ന് ജോണിന്‍റെ തോളില്‍ കയ്യിട്ടുകൊണ്ട് വിസ്മയം അടക്കിപ്പിടിച്ച സ്വരത്തില്‍ പറഞ്ഞു:
"ജോണേ...ഞാനാണ് ആ പതി!. ഇതെന്‍റെ ചേട്ടന്‍ പരശു!."
അറിയാതെ നിലത്തു വീണ പന്തെടുത്ത് അന്താളിച്ചു നില്‍ക്കുന്ന ജോണിന്റെ കയ്യില്‍ കൊടുത്തുകൊണ്ട് വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന വെങ്കിടാചലപതി പറഞ്ഞു:
"അമ്പത്തഞ്ചു വര്‍ഷം! പക്ഷേ ജോണിപ്പോഴും കളിച്ചുകൊണ്ടേയിരിക്കുന്നു!
അണ്‍ബിലീവബ്ള്‍!."
:
:
:
അതെ!. ഈ എഴുപതാം വയസ്സിലും ജോണ്‍ കളിച്ചുകൊണ്ടിരിക്കുന്നു......
അതാണ് ജോണ്‍.
ജോണ്‍
ജോണേട്ടന്‍
ഏ.കെ. ജോണ്‍
ജോണച്ചന്‍
സഹസ്രനാമനാണ്. പലരും പല പേരിലും വിളിക്കുo.
പക്ഷേ അടാട്ട് പഞ്ചായത്ത് കണ്ട മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാള്‍ എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഏകസ്വരം.
പുറനാട്ടുകര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്‍റെ തായ്ത്തടിയായിരുന്നു ജോണ്‍. ഒരേ സമയം കോച്ചും മാനേജരും കളിക്കാരനും. പക്ഷേ പോരാട്ടങ്ങളില്‍ ഒരിക്കലും സേനാധിപനായിരുന്നില്ല. അത് തന്‍റെ കോപ്പയിലെ കാപ്പിയല്ല എന്ന വിനയമായിരുന്നു എന്നും.
തൃശ്ശൂര്‍ ജിംഖാനയുടെ സ്റ്റോപ്പര്‍ ബാക്ക് ഒന്നോ രണ്ടോ തവണ ചാക്കോള ട്രോഫി അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ചിട്ടുണ്ട്. ജില്ലയിലെ പ്രതിരോധനിര കളിക്കാരില്‍ മികവില്‍ മികച്ചേരിയായിരുന്നുവെങ്കിലും ഒരിക്കലും ഒരു സെലക്ഷന്‍ ക്യാമ്പിലും പങ്കെടുത്തിട്ടില്ല ജോണ്‍.
"നെനക്ക് വല്ല പ്രാന്തൂണ്ട്ര!. അതൊന്നും ശര്യാവില്ല്യ."
"എന്തൂട്ട് ശര്യാവില്ല്യാന്ന്‍?."
"ശര്യാവില്ല്യ അതന്നെ!. മ്മക്ക് മ്മടെ പോറാട്ര്യൊക്കെ കളിച്ചാ മതി!."
"അപ്പ പിന്നെ നീയെന്തിനാ ജില്ലാ ലീഗില് കളിക്കണേ?."
"അതു പിന്നെ ചാക്കോളക്ക് പാസ് കിട്ടണ്ട്ര തെണ്ടീ?. ഇല്ലിങ്ങെ നിന്റച്ഛന്‍ ടിക്കറ്റെടുത്ത്വരോ?."
ലീഗില്‍ കളിക്കുന്നവര്‍ക്ക് ചാക്കോള ട്രോഫി ടൂര്‍ണമെന്റിന് പടിഞ്ഞാറെ പ്ലെയേഴ്സ് ഗ്യാലറിയിലേക്കു കൊടുക്കുന്ന ഒരു ഫ്രീ പാസില്‍ തന്‍റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ ഒതുക്കിയ, മനസ്സിരുത്തിയിരുന്നെങ്കില്‍ ഉയരങ്ങളില്‍ എത്തേണ്ടിയിരുന്ന ഒരു വലിയ കളിക്കാരന്‍!. ജോണ്‍!.
:
:
:
പതിവ് പ്രഭാതനടത്തം കഴിഞ്ഞ് ഒരു പൂതിക്ക് നാലു ദിവസം മുമ്പ് ഞാന്‍ ആശ്രമം ഗ്രൗണ്ടില്‍ ചെന്നു. ഒരു കൌമാരക്കാരന്‍ പന്ത് തട്ടുന്നത് അകലെനിന്നേ ശ്രദ്ധിച്ചുകൊണ്ടാണ് ഗ്രൌണ്ടിലെത്തിയത്. ജഴ്സിയും ബൂട്ടുമണിഞ്ഞവന്‍ സപ്തതി കഴിഞ്ഞ കഥാനായകനാണെന്ന്‍ അടുത്തു ചെന്നപ്പോഴാണ് മനസ്സിലായത്!.
പുറനാട്ടുകരയുടെ പഴയ ഗോളിയെ കണ്ടപ്പോള്‍ ഗുരുവിന്‍റെ മുഖത്ത് പ്രകാശം പരന്നു.
"ങ്ങ്ഹാ....! വാടാ വാടാ ഗോളി നിക്ക്. ഞാന്‍ നാലു ഗിമ്മു ഗിമ്മട്ടെ!.ഇത്ര കാലായി!."
"അയ്യയ്യോ പറ്റില്ല്യാ ട്ടാ!."
"വന്നു ഗോളി നിക്കറ ശവീ."
"നടന്ന്‍ വര്വാടാ. വയ്യ!."
"ഔ അവന്റൊരു നടത്തം!. ടാ നോക്ക്യേ; നീയീ കയ്യും വീശി ലെഫ്റ്റ് റൈറ്റടിച്ച് നടന്നാലൊന്നും തടി കൊറേല്ല്യ ട്ടാ!. ആ സമയം ദെവസോം ഇവടെ വന്ന് നാലു ഗിമ്മു ഗിമ്മി നോക്ക്യേ!. ഞാന്‍ ശര്യാക്കിത്തരാം നെന്‍റെ തട്യൊക്കെ."
ഗോളി നിന്നതേ ഓര്‍മ്മയുള്ളൂ!.
പുറനാട്ടുകരയുടെ പഴയ സെന്‍റര്‍ ബാക്കിന്‍റെ പന്തടിക്ക് എഴുപതിലും കനം തീരെ കുറഞ്ഞിട്ടില്ലെന്ന് ആദ്യത്തെ അടിയിലും തടയിലും തെളിഞ്ഞു!. പെനാല്‍റ്റി ബോക്സിന്‍റെ പുറത്തുനിന്ന്‍ ഒന്നു പൊട്ടിച്ചു വിട്ടത് ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റാന്‍ സ്റ്റൈലില്‍ ഒന്നു ശ്രമിച്ചതാണ് പഴയ ഗോളി!. സ്ഥാനഭ്രംശം സംഭവിച്ച വലത്തെ കയ്യിലെ തള്ളവിരലും ടൈഗര്‍ ബാമുമായി ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നു അറുപത്തിമൂന്നുകാരന്‍!.
നിര്‍ത്തട്ടെ...കീ ബോര്‍ഡിന്‍റെ സ്പേസ് ബാറില്‍ അറിയാതെ തള്ളവിരല്‍ തട്ടുമ്പോള്‍ ജീവന്‍ പോകുന്നു!.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ