രണ്ട് അഭിവാദനങ്ങൾ
2013 സെപ്തംബർ
മരുമകളുടെ പ്രസവാനന്തരശുശ്രൂഷകൾക്കായി പരിചാരിക തന്ന കുറിപ്പടിപ്രകാരം കുറച്ചു പച്ചമഞ്ഞൾ വാങ്ങിക്കാനായി തൃശ്ശൂരങ്ങാടിയിലെ പച്ച മരുന്നുകടയിൽ കയറിച്ചെന്നു. കന്നിച്ചൂടിൽനിന്നും താല്‍ക്കാലികമായി ലഭിച്ച മുക്തിയില്‍ മരുന്നുഷാപ്പിലെ സസ്യ ഗന്ധം മുക്തകണ്ഠം നുകർന്നു നിൽക്കുമ്പോൾ പീടികക്കാരന്റെ പരുക്കൻ ചോദ്യം:
"എന്താ?"
"ഒരു കിലോ പച്ചമഞ്ഞള് ."
"പച്ചമഞ്ഞളില്ല്യ ."
"ഇല്ലേ ; വേറെ എവട്യാ കിട്ട്വാ?"
"അറീല്ല്യ."
ഞാൻ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ശിലാമുഖൻ! . തൊട്ടപ്പുറത്ത് നഗരസഭാ കാര്യാലയത്തിന്‍റെ മുന്നിലെ മഹാരാജാവിന്‍റെ പ്രതിമക്ക് കുറച്ചെങ്കിലും ജീവനുണ്ടാവും!
ഫ്ലാഷ് ബാക്ക് -1971 മേയ്
പോയ ഏപ്രിലിൽ ഏഴുതിയ പൊട്ടുമെന്നു നല്ല ഉറപ്പുള്ള പ്രീഡിഗ്രി പരീക്ഷയുടെ റിസൾട്ട് വന്നാൽ സെപ്തംബർ പരീക്ഷക്കുള്ള തുടർപഠനത്തിന് സ്റ്റാർ , കമ്പൈൻഡ്, മേനോൻ ആൻഡ് കൃഷ്ണൻ ട്യൂട്ടോറിയലുകളിൽ ഏതു വേണം എന്നു തീരുമാനമാകാതെ ആശയക്കുഴപ്പവുമായി നടക്കുന്ന കാലം. വിട്ടു മാറാത്ത തൊണ്ടവേദനക്ക് കിഴക്കേ കോട്ടയിലുള്ള ഇ എൻ ടി സ്പെഷലിസ്റ്റ് ഡോക്ട്ടർ ഇഗ്നേഷ്യസ്സിനെ കണ്ട് നാട്ടിലേക്കുള്ള ബസ്സ് പിടിക്കാൻ അച്ഛനോടൊപ്പം മുൻസിപ്പൽ സ്റ്റാന്‍ഡില്‍ എത്തിയ ഒരു സായാഹ്നം. എന്തോ വാങ്ങാനായി തൊട്ടുള്ള പാരമ്പര്യ പച്ചമരുന്നു പീടികയിൽ കയറിയ അച്ഛനെ മലർക്കെ ചിരിച്ചുകൊണ്ട് മുതലാളി സ്വാഗതം ചെയ്തു :
"അയ് ! എന്താ നായരേ ഇയ്യ് വഴ്യൊക്കെ മറന്നാ ? കാലം തോന്യായീലോ തന്നെ കണ്ട്ട്ട് ! പെൻഷനായാ ?"
സ്റ്റേറ്റ് ബാങ്കിൽ ജീവനക്കാരനായിരുന്ന അച്ഛൻ പറഞ്ഞു:
" ഇല്ല്യാന്‍റെ പൈലോതാപ്ലേ . ഇനീണ്ട് ഒരു കൊല്ലം "
"ഔ, ഒരു കൊല്ലല്ലേള്ളോനി. സമാധാനണ്ട് ".
ഇടക്ക് അച്ഛന്‍റെ പിന്നിൽ കയ്യും കെട്ടി നിന്ന എന്നെ ആകെ ഒന്നുഴിഞ്ഞുനോക്കികൊണ്ട് പൈലോതാപ്ല ചോദിച്ചു:
"ദേതാ യ്യ് ക്ടാവ് ?"
"ഒടുക്കത്തോനാ. "
"ന്താ ഇയാൾക്കേർപ്പാട് ?"
"ഏർപ്പാട്ന്ന് പറ്യാൻ തക്കണൊന്ന്വായിട്ടില്ല്യ . പഠിക്ക്യാ . "
"എന്തിന് പഠിക്കുണൂ ?"
"പ്രീ ഡിഗ്രി എഴുതീരിക്ക്യാ ." ഞാൻ പറഞ്ഞു .
" കർത്താവേ ! ഈ തോക്കൻ ചെക്കൻ പ്രീഡിഗ്ര്യാ ?"
ഒന്നുകൂടി എന്നെ ആപാദചൂഡം ഒന്നളന്നു തൂക്കി മുതലാളി വിസ്മയിച്ചു.
ഒന്നുകൂടി എന്നെ ആപാദചൂഡം ഒന്നളന്നു തൂക്കി മുതലാളി വിസ്മയിച്ചു.
" അതെ. ചിങ്ങത്തില് പതിനേഴു കഴിഞ്ഞേള്ളൂ! "
അച്ഛന്‍റെ അന്തരംഗം അഭിമാനപൂരിതമായി .
അച്ഛന്‍റെ അന്തരംഗം അഭിമാനപൂരിതമായി .
"ഉം . ചെക്കന് വയസ്സില് കവിഞ്ഞ മുതർച്ചേണ്ട് ട്ടാ!. "
പ്രീഡിഗ്രിക്കാരന്‍റെ ആകാരപരിശോധന മുഴുമിപ്പിച്ചുകൊണ്ട് മുതലാളി ചോദിച്ചു :
"അതൊക്കെ പോട്ടെ . എന്താ പ്പോ തനിക്ക് വേണ്ട് ?"
"പച്ച മഞ്ഞളില്ല്യേ ?"
"ഇണ്ടോന്നാ? എന്തൂട്ട് ചോദ്യാണ്ട്രോദ്! പച്ചമരുന്നു പീട്യേല് പിന്നെ പച്ചെറിച്ച്യാ കിട്ട്വാ ?"
"ഒരര കിലോ ."
"ഡാ , ലൂവീസേ, നെനക്കെന്താവടെ പണി ?. അതവടെ വെച്ചട്ട് യ്യ് നായര്ക്ക് അരക്കിലോ പച്ചമഞ്ഞള് പിടിച്ച് കൊട്ത്തേന്‍ ! . ഡോ തനിക്ക് അസുഖൊന്നൂല്ലിലോ "
"ഗുര്വാരപ്പൻ സഹായിച്ചിട്ട് ഇപ്പൊന്നൂല്ല്യ ."
"അല്ലാ പിന്നെ!."
"ഗുര്വാരപ്പൻ സഹായിച്ചിട്ട് ഇപ്പൊന്നൂല്ല്യ ."
"അല്ലാ പിന്നെ!."
അച്ഛന്‍റെ കയ്യിൽനിന്നും പണം വാങ്ങി മേശവലിപ്പിലിടുമ്പോൾ മുതലാളി ചോദിച്ചു :
" ടോ നായരേ ചോയ്ക്കട്ടെ; നാട്ടില് തനിക്കത്യാവശ്യം പറമ്പൊക്കേല്ല്യേ ? രണ്ട് കണ്ണി മഞ്ഞള് നടാൻ ന്താ വെഷമം?. "
തേക്കിലയിൽ പൊതിഞ്ഞു കെട്ടിയ മഞ്ഞൾ എന്‍റെ കയ്യിൽ ബലമായി പിടിപ്പിക്കുമ്പോള്‍ മാപ്ലാര് അർത്ഥഗർഭം ധരിച്ചു :
"ദേ കണ്ടില്ല്യേ; തെങ്ങടിച്ചാ പന വീഴണ സൈസ് ഒരണ്ണം ; കൈക്കോട്ട്ട്ത്ത് കളക്കട്രോ!."
xxxx
'രണ്ട് അഭിവാദനങ്ങൾ '
ശീർഷകം കടപ്പാട് : കുട്ടികൃഷ്ണമാരാര് (ഭാരത പര്യടനം )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ