ശ്രീദേവി
ഇന്നലെ ഒരു നല്ല ദിവസമായിരുന്നു....
ബിജോയ് നമ്പ്യാര്‍-ദുല്‍ക്കര്‍ സല്‍മാന്‍ തമിഴ്/മലയാളം സിനിമ 'സോളോ' യുടെ ഇടക്കൊച്ചി ലൊക്കേഷന്‍. തെളിഞ്ഞ പ്രഭാതം. വേമ്പനാട്ടു കായൽക്കരയിലെ മനോഹരമായ ബംഗ്ലാവിന്‍റെ പുല്‍ത്തകിടിയിലിരുന്ന് തിരുവണ്ണാമലക്കാരന്‍ അസിസ്റ്റന്‍റിന്‍റെ ശിക്ഷണത്തില്‍ സിനിമയിലെ സംഭാഷണത്തിന്‍റെ തമിഴ് ഉച്ചാരണം പരിശീലിക്കുന്നതിനിടയില്‍ റിപ്പ്ഡ് ജീന്‍സും ടോപ്പും ധരിച്ച് ബ്രസീലിയന്‍ കേശഭാരവുമായി ഒരു സുന്ദരിക്കുട്ടി മുന്നില്‍ വന്നു പുഞ്ചിരിച്ചു നിന്നു. പിന്നെ സൌമ്യമായി ചോദിച്ചു:
"സേര്‍, എന്നെ അറിയുമോ?."
നാലഞ്ചു നിമിഷം ആ യുവതിയെ നോക്കി ഞാന്‍ ഇരുന്നിട്ടുണ്ടാകും. ഒരു പിടിയും കിട്ടുന്നില്ല. അഭിനയിച്ച വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ ഏതെങ്കിലും ഒന്നിന്‍റെ സെറ്റില്‍ വെച്ചു കണ്ടു പരിചയിച്ച നിരവധി സംവിധാനസഹായികളുണ്ട്. അവരിലാരെങ്കിലും?. ഇല്ല ഓര്‍മ്മ വരുന്നില്ല.
" ക്ഷമിക്കണം മേഡം!. മെമ്മറി ഫാക്കള്‍ട്ടി വളരെ വീക്കാണ്. ഒന്നു പരിചയപ്പെടുത്താമോ?."
പെണ്‍കുട്ടിയുടെ അടുത്ത പ്രതികരണത്തില്‍ ഞാന്‍ അങ്കിളായി മാറി!.
"അങ്കിളിനോര്‍മ്മേണ്ടാവും. ഞാന്‍ ശ്രീദേവി. നമ്മള് പുറനാട്ടുകരയില്‍ നെയ്ബേഴ്സായിരുന്നു. ഞാനും എന്‍റെ ഏട്ടന്‍ വിഷ്ണുവും അങ്കിളിന്‍റെ മകന്‍ അശ്വിന്‍ ചേട്ടനുമൊക്കെ....."
".....കൂട്ടുകാരായിരുന്നു!." തിരിച്ചറിവ് മനസ്സില്‍ മിന്നല്‍ക്കൊടി വിരിയിച്ചപ്പോള്‍ ഞാന്‍ ചാടി വീണു പെണ്‍കുട്ടിയുടെ വാചകം പൂര്‍ത്തിയാക്കി !.
"ഓ ഗോഷ്!. ശ്രീദേവി!. വിഷ്ണൂന്‍റെ അനീത്തി. അറ്യോന്നാ അസ്സലായി!. ദാ ഇവടേരിക്കൂ പ്ളീസ്!."
ഉടനെ കൈപിടിച്ച് അരികിലിരുന്ന കസേര നീക്കിയിട്ടു കൊടുത്തു.
തന്‍റെ സഹപ്രവര്‍ത്തകനോടു ക്ഷമാപണം നടത്തി വാങ്ങിയ അഞ്ചു നിമിഷംകൊണ്ട് പന്ത്രണ്ടു വര്‍ഷത്തെ വിശേഷം പറയാന്‍ ശ്രീദേവി എന്‍റെ മുന്നിലിരുന്നു.....
ശ്രീദേവി.
കാല്‍ നൂറ്റാണ്ടു മുമ്പ് നാട്ടില്‍ തൊട്ടയലത്ത് വീടു വെച്ചു താമസം തുടങ്ങിയ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥന്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ രണ്ടു മക്കളില്‍ ഇളയവള്‍. മൂത്തയാള്‍ വിഷ്ണു. രണ്ടു പേരും എന്‍റെ മകന്‍ അശ്വിന്‍റെ അടുത്ത ബാല്യകാല സുഹൃത്തുക്കള്‍. മകനോടൊപ്പം പുറനാട്ടുകര കേന്ദ്രീയ വിദ്യാലയയിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. നമ്പൂതിരി സാറിന് ഒളരിയില്‍ ഏജീസ് ഓഫീസ് ക്വാര്‍ട്ടേഴ്സ് അനുവദിച്ചു കിട്ടിയപ്പോള്‍ നാട്ടിലെ വീട് പൂട്ടി സകുടുംബം അങ്ങോട്ട് താമസം മാറ്റി. അതിനു ശേഷം അവരെ ആരെയും കണ്ടിട്ടില്ല. എങ്കിലും വിഷ്ണു എഞ്ചിനീയറിങ് പഠനം കഴിഞ്ഞു ലണ്ടനില്‍ ജോലി, വിവാഹിതന്‍, ശ്രീദേവി തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ്, കോല്‍ക്കത്തയില്‍ സിനിമാപഠനം എന്നിവ കഴിഞ്ഞു മുംബൈയില്‍ ബോളിവുഡില്‍ സജീവം എന്നൊക്കെയുള്ള വിശേഷങ്ങള്‍ ഏജീസ് ഓഫീസില്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ സഹപ്രവര്‍ത്തകയായിരുന്ന എന്‍റെ ഭാര്യയില്‍ നിന്നും അറിയാറുണ്ടായിരുന്നു.
ഒരു വ്യാഴവട്ടത്തിനുശേഷം ശ്രീദേവി ഇതാ ഉടലോടെ മുന്നില്‍!.
"ശ്രീദേവി ഈ സിനിമയില്‍?."
"ഞാന്‍ സ്ക്രിപ്റ്റ് ആന്‍ഡ് ഡയലോഗ് ഡിപ്പാർട്ട്മെന്‍റാ."
സ്കൂള്‍ പഠനകാലത്ത് എഴുത്തും വായനയും നൃത്തനാടകാദി സർഗാസുഖങ്ങളും കലശലായുണ്ടായിരുന്ന ശ്രീദേവി വിനീതയായി പറഞ്ഞു.
"അങ്കിളേ ആന്‍റിക്കൊക്കെ സുഖം തന്നെയല്ലേ? “
"സുഖം തന്നെ. കഴിഞ്ഞ ആഗസ്റ്റില്‍ റിട്ടയറായി.”
"അതൊക്കെ ഞാനറിയുന്നുണ്ട് അങ്കിള്‍. അശ്വിനും ചിത്തിരയും ഹൈദരബാദിലാന്നൊക്കെ അറിയാം. നാട്ടിലെ പഴയ കൂട്ടുകാരികള്‍ പുതുക്കാട്ടെ ഇന്ദു, ചിത്ര, തുടങ്ങിയവരില്‍നിന്നും ഫേസ്ബുക്ക് വഴിയും മറ്റുമായി എല്ലാം അറിയുന്നുണ്ട്. പിന്നെ ഞാന്‍ അച്ഛന്‍റേം അമ്മേടേം അടുത്ത് ഇടക്കിടെ പോകാറുണ്ട്. പുറനാട്ടുകരക്കു വരാറില്ല എന്നേയുള്ളൂ. അവിടെ ഇപ്പോ ആരുമില്ലല്ലോ?.”
“അതൊന്നും നോക്കണ്ട ഏന്‍റെ വീട്ടിലേക്ക് വരാലോ. അപ്പോള്‍ പഴയ കൂട്ടുകാരേം കാണാം. "
“ശരി അങ്കിളേ. ഈ അസൈന്‍മെന്‍റ് കഴിഞ്ഞ് നാട്ടില്‍ വരുമ്പോള്‍ തീര്‍ച്ചയായും അങ്ങോട്ടും വരാന്‍ ശ്രമിക്കാം."
"ശ്രമിച്ചാല്‍ പോരാ. വരണം."
'ഷ്വര്‍!. എന്നാ ഞാന്‍ വരട്ടെ അങ്കിള്‍. കാരി ഓണ്‍ വിത്ത് ദി ഡയലോഗ്."
"ഫ്രീ ആവുമ്പോ കാണണം. ഒരുമിച്ചൊരു ഫോട്ടോ. ഞാന്‍ ഫേസ് ബുക്കിലിടും ട്ടോ!. പഴയ ആള്‍ക്കാര്‍ക്കൊക്കൊക്കെ വല്ല്യേ എക്സൈറ്റ്മെന്‍റാവും; അശ്വിന്‍, ചിത്തിര, ഇന്ദു, ചിത്ര, അമ്മു, ആതിര അങ്ങിനെ അങ്ങിനെ..."
"ഷ്വര്‍ ഷ്വര്‍ അങ്കിള്‍. വരാം. പോട്ടെ? അല്‍പ്പം തിരക്കുണ്ട്. .പിന്നെ കാണാം."
എഴുന്നേറ്റ് ഒന്നുകൂടി ഷെയ്ക്ക് ഹാന്‍ഡ് ചെയ്തുകൊണ്ട് സെറ്റിലെ തിരക്കുകളിലേക്ക് ഊളിയിട്ടുപോയ ആ യുവതിയെ നോക്കി നിന്നപ്പോള്‍ മനസ്സിലേക്ക് വെള്ളയും നീലയും യൂണിഫോമും ബാക്ക് പാക്കുമായി ഒരു കൊച്ചു പെണ്‍കുട്ടി ഓടിയെത്തി. രാവിലെ സ്കൂളില്‍ പോകാന്‍ നേരം കൂട്ടുകാരന്‍ അശ്വിന്‍ ഒരുങ്ങുന്നതും കാത്ത് ഏന്‍റെ വീട്ടുമുറ്റത്ത് വന്ന്‍ ചേട്ടന്‍റെ പിറകില്‍ നാണിച്ചു നിന്നിരുന്ന ഒരു പ്രൈമറി ക്ലാസുകാരി!.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ