2016 ഡിസംബർ 5, തിങ്കളാഴ്‌ച

ഉത്തേജകം

 ഉത്തേജകം 

പരിപാടികള്‍ നന്നായാലും ഇല്ലെങ്കിലും പ്രേക്ഷകരോട് കയ്യടിക്കുവാന്‍ അവതാരകര്‍ ആഹ്വാനം ചെയ്യുന്ന അല്ലെങ്കില്‍ ആയത് അവരവര്‍ ഇരന്നു വാങ്ങുന്ന പുത്തന്‍ സാംസ്കാരികപ്രവണതയെ വിമര്‍ശിച്ചുകൊണ്ട് ഒരു സുഹൃത്ത് ഫേസ് ബുക്കിൽ  എഴുതിയത് വായിച്ചപ്പോള്‍ പണ്ടു നാട്ടിൽ നടന്ന രസകരമായ ഒരു സംഭവം മനസ്സിൽ തിരശ്ശീല ഉയർത്തി.
പത്തു നാല്‍പ്പതു കൊല്ലം മുമ്പാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ യുവജനസംഘടനയായ KSYFന്‍റെ (കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷന്‍ - DYFI യുടെ ആദിരൂപം ) പഞ്ചായത്ത് സമ്മേളനമാണ് സന്ദർഭം. തൊട്ടടുത്തുള്ള വിളക്കുംകാല്‍ കവലയില്‍ പൊതുസമ്മേളനം നടക്കുന്നു. സന്ധ്യക്ക് തുടങ്ങിയ സമ്മേളനത്തില്‍ പാര്‍ട്ടിയുടെ അന്നത്തെ സ്റ്റഡി ക്ലാസ് ആചാര്യനും ഉജ്ജ്വല പ്രാസംഗികനുമായ പാറളം ജോസഫ് രണ്ടു മണിക്കൂര്‍ മുഖ്യപ്രഭാഷണം നടത്തിയതോടെ സമയം രാത്രി പത്തു മണിയായി. മറ്റ് പ്രസംഗങ്ങളും നന്ദിയും പ്രശസ്ത നാടകകൃത്തും നടനും സംവിധായകനുമായ രാജ് തോമസിന്‍റെ കഥാപ്രസംഗവും കൂടിയായപ്പോള്‍ മണി പതിനൊന്ന്. പിന്നെ ലോക്കല്‍ ഗായകരുടെ ഗാനമേള, സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ എന്നിവയെല്ലാം പൊടിപൊടിച്ച് കാര്യപരിപാടിയിലെ അവസാന ഇനമായ നാടകത്തിലേക്കെത്തിയപ്പോള്‍ സമയം രണ്ടര!. ശ്രദ്ധേയമായ കാര്യം പ്രേക്ഷകരുടെ എണ്ണത്തില്‍ കുറവൊന്നും ഉണ്ടായില്ല എന്നതാണ്!. അന്നൊക്കെ അങ്ങിനെയാണ്. രാവേറെ ചെന്നാലും ജനം ഒന്നൊഴിയാതെ എല്ലാം കണ്ടേ പോകൂ. അത് വായനശാല വര്‍ഷികമായാലും പൂരമായാലും രാഷ്ട്രീയ സമ്മേളനമായാലും.
പ്രശസ്ത നടനും രചയിതാവും സംവിധായകനുമായ ജോസ് പായമ്മലിന്‍റേതാണ് നാടകം. സംഭാഷണപ്രിയനും ഉടനീളം നര്‍മ്മം ചാലിച്ചു സംഭാഷിക്കുന്ന സരസനുമാണ് ജോസേട്ടന്‍. ലോവര്‍ - മിഡില്‍ - അപ്പര്‍ എന്നു വേണ്ട സമയത്തിനും സന്ദർഭത്തിനും ചേരുന്ന ഏത് ക്ലാസിലുള്ള നമ്പറുകളും ജോസേട്ടന്‍ എടുക്കും.
രണ്ടേമുക്കാലിന് ജോസേട്ടന്‍ തിരശ്ശീലക്കു പിന്നില്‍ വന്നു മൈക്കെടുത്ത് തന്‍റെ മുരത്ത സ്വരത്തില്‍ തുടങ്ങി.
"സഖാക്കളേ, സഹൃദയരേ,
കേയെസ് വൈയെഫിന്‍റെ അടാട്ട് പഞ്ചായത്ത് സമ്മേളനത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് ഒരു നാടകം കളിക്കാമെന്ന് സംഘാടകരോട് കഴിഞ്ഞ മാസം ഞാനേറ്റിരുന്നു. ക്രിസ്തുവര്‍ഷം ആയിരത്തി തൊള്ളായിരത്തി എഴുപത്താറ് നവംബര്‍ പതിനഞ്ചാം തിയതി രാത്രി നാടകം അവതരിപ്പിക്കണമെന്നാണ് അവരാവശ്യപ്പെട്ടിരുന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇതിപ്പോള്‍ നവംബര്‍ പതിനാറായി. ദാ കോഴി കൂവണ കേട്ടൂലോ?. മണി മൂന്ന്!. അത് പോട്ടെ; അതറിഞ്ഞുകൊണ്ടാണല്ലോ നിങ്ങളൊക്കെ ഇവടേരിക്കണത്!. അതന്നെ വല്ല്യേ സന്തോഷം. അതിനു നിങ്ങളോട് പെരുത്ത് നന്ദീണ്ടേനും!.
കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന ഒരു കോമഡി നാടകം കളിക്കണമെന്നാണ് സംഘാടകര്‍ എന്നോട് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നത്. ആവശ്യപ്പെട്ട ചരക്ക് തന്നെയാണ് കൊണ്ടു വന്നട്ട്ളളത്. പക്ഷെ പ്രശ്നതല്ല. ഈ കൊച്ചു വെളുപ്പാങ്കാലത്ത് വിളക്കുംകാല്‍ സെന്‍ററില്‍ ഉറക്കം തൂങ്ങി തേത്തായി ഒലിപ്പിച്ചിരിക്കുന്ന നിങ്ങളെയൊക്കെ കുലുക്കി ചിരിപ്പിക്കണെങ്കില്‍ എനിക്ക് കോമഡി ഒന്നു മാറ്റിപ്പിടിക്കേണ്ടി വരും. ഒന്നുകില്‍ ഞാനും എന്‍റെ കൂടെ വന്നവരും കൂട്ടത്തോടെ ഇറങ്ങിവന്ന് നിങ്ങളുടെയൊക്കെ കക്ഷത്ത് കിക്കിളി കൂട്ടണം. അല്ലെങ്കില്‍ സൈക്കിള്‍ യജ്ഞക്കാര് ചെയ്യണപോലെ ഡാല്‍ഡേടെ ടിന്ന് കയ്യിലെടുത്ത് എടക്കെടക്ക് നിങ്ങള്‍ടടുത്ത് വന്ന് ചിരി എരക്കണം. രണ്ടായാലും കൂട്ടായ ഒരു കോട്ടുവായ്ക്ക് ശേഷം ഞങ്ങള്‍ നാടകം ആരംഭിക്കുകയാണ്. "
ജോസേട്ടന്‍ എന്ന ദീര്‍ഘദര്‍ശിക്ക് നമോവാകം!.
-----------------------------------------------------------------------------------
കഥയില്‍ പറയുന്ന വര്‍ഷ മാസ ദിനാദികള്‍ സാങ്കല്‍പ്പികം
-----------------------------------------------------------------------------------
കഥയില്‍ പറയുന്ന വര്‍ഷ മാസ ദിനാദികള്‍ സാങ്ക.ല്‍പ്പികം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ