2016 ഡിസംബർ 5, തിങ്കളാഴ്‌ച

എതിർവായ്

 എതിർവായ്   

ആവശ്യപ്പെട്ടതിൽ കൂടുതൽ തലമുടി മുറിച്ചു കളഞ്ഞതിന്  ബ്യൂട്ടി പാർലറിനെതിരെ പോലീസിൽ പരാതി നൽകിയ ഒരു വാർത്ത  കൊടുങ്ങല്ലൂരിലായിരുന്നെന്ന്   തോന്നുന്നു ഒന്നൊന്നര വർഷം  മുമ്പ് പത്രത്തിൽ   വായിച്ചിട്ടുണ്ട്.
  
ഇടപാടുകാരൻ രാജാവാണെന്ന മഹാവാക്യം  ഉപഭോക്തൃ സൗഹൃദ സംഹിതയിൽ  എഴുതി വെച്ചിട്ടുണ്ടെങ്കിലും   കച്ചവടക്കാരൻ്റെ   ഇഷ്ടാനിഷ്ടങ്ങള്‍ക്കു മുന്നില്‍ രാജാവിനു തല മുണ്ഡനം ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് പൊതുവെ നാട്ടുനടപ്പ് . പത്തു നാല്‍പ്പതു കൊല്ലം മുമ്പ് നാട്ടിലെ തയ്യല്‍ക്കടയിലുണ്ടായ രസകരമായ ഒരു സംഭവമാണ് അന്ന്  ആ   വാര്‍ത്ത വായിച്ചപ്പോൾ മനസ്സിൽ ഓടി വന്നത്.

ഗ്രാമത്തിലെ പേരെടുത്ത തുന്നൽക്കാരനാ യിരുന്നു  താരു.  നാടകനടനും ഗായകനുമായിരുന്നു ചെറുപ്പക്കാരനായ  കഥാപാത്രം. സ്വാഭാവികമായും നാട്ടിലെ യുവാക്കളുടെ  കലാകായിക സങ്കേതമായി 'താരൂസ് ടൈലറിങ്ങ്' മാറി. വിളക്കുംകാല്‍ സെന്‍ററില്‍ പ്രവര്‍ത്തിച്ചിരുന്ന തയ്യൽക്കട  രാവിലെ തുറന്നാല്‍ രാതി എട്ട് മണിക്ക് നിരപ്പലകയിടുന്നതു വരെ ചെറുപ്പക്കാരുടെ  തമ്പടികൊണ്ടു  സജീവമായിരിക്കും. നാട്ടിലെ കലാകായിക സംരംഭങ്ങളെല്ലാം ഉരുവപ്പെട്ടിരുന്നത്    താരൂസിനെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. കട പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ തന്നെയായിരുന്നു     വായനശാലയും പ്രവർത്തിച്ചിരുന്നത് . വായനശാലയുടെ   വാര്‍ഷികത്തിന് അവതരിപ്പിക്കേണ്ട നാടകത്തിന്‍റെ ഡിസൈനുകൾ  താരുവിന്‍റെ കട്ടിങ്ങ് ടേബിളിലാണ് കത്രിച്ചിരുന്നത്.

ശരിക്കും നാടിന്‍റെ ചമയക്കാരനായിരുന്നു താരു. അയാളുടെ വൃന്ദത്തിലുള്ള ചെറുപ്പക്കാരെന്നല്ല നാട്ടിലുള്ളവരെല്ലാം തന്നെ നരനാരീഭേദമില്ലാതെ താരു തയ്ച്ചുക്കൊടുക്കുന്ന വസ്ത്രങ്ങള്‍ അഭിമാനത്തോടെ ധരിച്ചു പോന്നു. താരുവിന്‍റെ ഇഷ്ടം തങ്ങളുടെ  ഇഷ്ടം. അങ്ങിനെയൊക്കെയായിരുന്നെങ്കിലും തന്‍റെ സങ്കല്‍പ്പങ്ങള്‍ക്കൊത്ത് തയ്പ്പിച്ചു കൊടുത്തിരുന്ന ഉടുതുണികള്‍ക്ക് മറുതുണിയില്ലാതെ വാഴുന്ന കാലത്തു തന്നെ ഫാഷന്‍ലോകത്തെ തന്‍റെ ഏകഛത്രാധിപത്യത്തെ പിടിച്ചുകുലുക്കിയ സാഹചര്യത്തെയും  ഒരിക്കല്‍ നേരിടേണ്ടി വന്നിട്ടുണ്ട്   അയാള്‍ക്ക്.

തലേ ദിവസം തൃശ്ശൂര്‍ പാലസ് സ്റ്റേഡിയത്തില്‍ കണ്ട ചാക്കോള ട്രോഫി ഫുട്ബോള്‍ മത്സരത്തെപ്പറ്റിയുള്ള ചര്‍ച്ചയിലായിരുന്നു അന്ന് താരുവും കൂട്ടുകാരും. വാസ്കോ ഗോവയും ജലന്തര്‍ ലീഡേഴ്സും തമ്മിലുള്ള കളി. ഗോവയുടെ ബര്‍ണാഡ് പെരേരയും ജലന്തറിന്‍റെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇന്ദര്‍ സിങ്ങും തൊടുത്തു വിട്ട അടികളുടെ അളവും തൂക്കവും പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു നാട്ടിലെ എക്കാലത്തെയും ഏറ്റവും വലിയ പന്തു കളിക്കാരനായ ജോൺ . അതിനിടയിലാണ് ഒരു പൊതിയുമായി പടിഞ്ഞാറ്റുമുറിക്കാരന്‍ റപ്പായി ധൃതിയില്‍ കടയിലേക്ക് വന്നത്. വന്നയുടന്‍ കയ്യിലുള്ള പൊതിയഴിച്ച് ഒരു ഹാഫ് സ്ലീവ്സ് ഷര്‍ട്ട് എടുത്തു കുടഞ്ഞു നിവര്‍ത്തിക്കൊണ്ട് എറപ്പായി ചോദിച്ചു.

“ഡാ താര്വോ, ദെന്തൂട്ടാണ്ടാദ്?.”

“എന്തേ എറപ്പായേട്ടാ?.”

“ഞാന്‍ നിന്നോടു മുഴംകയ്യല്ലേ പറഞ്ഞേര്‍ന്നത്?.”

“ ഹാഫാ ഇപ്ലത്തെ ഫാഷന്‍ .”

“ അത് ശരി!. അത് മാത്രല്ല പിന്നേണ്ട്!. ദാ ഇദ് നോക്ക്യേ;  ഞാന്‍ രണ്ടു പോക്കറ്റ് വെക്കണന്നാ പറഞ്ഞേര്‍ന്നേ.  നോക്ക്യേ രൊറ്റ പോക്കറ്റ്!. “

“രണ്ടു പോക്കറ്റൊക്കെ പണ്ടാര്‍‌ന്നു.”

“ അപ്പ കോളറോ?. സ്റ്റിപ്പ് കോളറ് വേണ്ടാന്നും വെര്‍തെ തുണിക്കോളറ് മതീന്നും നൂറവണ ഞാന്‍ പർഞ്ഞതല്ലേ നെന്നോട്?.”

“ശ്ശെന്താ നോക്ക്വോ!. തുണിക്കോളറൊക്കെ ഇപ്പാരാ എറപ്പായേട്ടാ വെക്ക്വാ? ഞാന്‍ സ്റ്റിഫ് കോളറേ വെക്കാര്‍ള്ളോ.”

താരുവിന്‍റെ നിഷേധാത്മകതക്കും പുച്ഛത്തിനും ബട്ടണിട്ടുകഴിയുന്നില്ലെന്ന്  കണ്ടപ്പോള്‍ റപ്പായിക്ക് കലിയിളകി :

“ന്നാ ഒരു കാര്യം ചെയ്യ്!. നെന്‍റെഷ്ടത്തിന് തുന്നാനാ നീയിബടേരിക്കണേച്ചാ ഇത് നിയ്യന്ന്യങ്ങട് ഇട്ടൂട്!.” .

എന്നും പറഞ്ഞ് കയ്യിലിരുന്ന ഷര്‍ട്ട് താരുവിന്‍റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് ചവിട്ടിക്കുതിച്ചുകൊണ്ടു എറപ്പായി തിരിച്ചു പോയി. പോകുന്ന പോക്കില്‍ വിക്ഷേപിച്ച ഒരു രണ്ടക്ഷരിയുടെ ചീഞ്ഞ മണം കടയിലും പരിസരത്തും പരന്നപ്പോള്‍ ചാക്കോള ട്രോഫിക്ക് ജോൺ  സ്റ്റേ നൽകി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ