പ്രാരബ്ധം
വിവാഹച്ചടങ്ങുകള്‍ പാലും പഴത്തിലേക്ക് സംക്രമിച്ചപ്പോള്‍ എഴുന്നേറ്റു. ഇനി താഴെപോകാം. സദ്യ തുടങ്ങിയിട്ടുണ്ടാകും. മണി പത്തര ആയിട്ടേയുള്ളൂ. എങ്കിലും ഇരുന്നുകളയാം. ആദ്യത്തെ പന്തിക്ക് തിരക്കുണ്ടാവില്ല. അത് കഴിഞ്ഞാല്‍ തള്ളാവും.
ഊണ് കഴിഞ്ഞ് ഒന്നു മുറുക്കി പുറത്ത് അമ്പലപ്പറമ്പില്‍ ചെന്നു സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കിയപ്പോള്‍ പിന്നില്‍നിന്നും വിളി കേട്ടു
"എയ് ബാലന്ദ്രാ നിക്ക് നിക്ക്!."
ഓടിക്കിതച്ചു വന്നത് നാട്ടില്‍നിന്നും താമസം മാറ്റിയ പഴയ സുഹൃത്ത്.
"എവടക്കാ ടൌണിലിക്കാ?."
"അതേ."
"ന്നാ ഞാനൂണ്ട്. കൌസ്തുഭത്തില് വേറൊരു കല്ല്യാണണ്ട്."
"ഊണ് കഴിച്ചില്ല്യേ?" ഞാന്‍ ചോദിച്ചു
"പിന്നെ പിന്നെ!. കൂടാണ്ട് കഴ്യോ!."
"അപ്പോ കൌസ്തുഭത്തില്?"
"അവടേം കഴിക്കും. സ്പേസ് ഇട്ട്ണ്ട്!."
"ബെസ്റ്റ്!. ശരി കേറ്."
വണ്ടി നീങ്ങിയപ്പോള്‍ പുറത്ത് രണ്ടു മൂന്നു തട്ട്.
"ഒന്നു നിര്‍ത്ത്യേ.ഒന്നു നിര്‍ത്ത്യേ!."
നിര്‍ത്തി.
സ്കൂട്ടറില്‍നിന്നിറങ്ങി പിന്നിലേക്കോടി പ്ലാവിന്‍ ചുവട്ടില്‍ കിടന്നിരുന്ന ട്രാവലറിന്‍റെ മുന്നിലെ ചിന്നിൽ ഒന്നു നോക്കിയശേഷം പോയ വേഗത്തില്‍ തന്നെ തിരിച്ചു വന്നു കയറി.
"വിട്ടോ, വിട്ടോ!."
"എന്തേ?."
"ഒന്നൂല്ല്യ. ചെക്കന്‍റേം പെണ്ണിന്‍റേം പടം ഒന്നു നോക്കീതാ. ഞാനിപ്പെത്ത്യേള്ളേയ്. മണ്ഡപത്തിലിക്ക് കോണി കേറാന്‍ നോക്കുമ്പോ സദ്യക്കാളെ കേറ്റണ കണ്ടു. പിന്നൊന്ന്വാലോചിച്ചില്ല്യ; സദ്യക്കാ കേറി. ഇനീപ്പോ രണ്ടാളേം കാണാന്‍ നിന്നാ മറ്റോടത്ത് വൈകും. എല്ലാടത്തും ഒന്നെത്തണ്ടേ!."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ