2018 ജനുവരി 1, തിങ്കളാഴ്‌ച

മുന്നൊരുക്കം



മുന്നൊരുക്കം

മുഖത്തു തേപ്പും ചമയവും കഴിഞ്ഞു. കണ്ണാടിയെടുത്തു മുഖം നോക്കി. പെര്‍ഫെക്റ്റ്!. ഒരുറപ്പിന് സഹനടനെ വിളിച്ചു ഡയലോഗിന്‍റെ ഒരു ഫാസ്റ്റ് ത്രൂ പെട്ടെന്ന് തരമാക്കി.

"പോരെ ബാലേട്ടാ?."

"മതി. "

നാടകം തുടങ്ങാന്‍ ഇനി പത്തു മിനിറ്റ്. ഡയലോഗ് മനസ്സിലുരുവിട്ടു കൊണ്ട് നടീ നടന്മാര്‍ പിന്നരങ്ങില്‍ അച്ചാലും മുച്ചാലും നടക്കുന്നത് കണ്ടപ്പോള്‍  മനസ്സില്‍ ടെന്‍ഷന്‍ ഇരച്ചു കയറി. ഇതൊരു പതിവാണ്. കാലമിത്രയായിട്ടും കര്‍ട്ടന്‍ ഉയരുന്നതുവരെ സംഭ്രമിക്കുന്ന അസ്കിതക്ക് ഇന്നും ഒരു കുറവില്ല. അരങ്ങിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് പ്രവേശിക്കുന്നത് വരെ അവന്‍ പിരിമുറുക്കി അകം ഭരിക്കും. നാലു നാള്‍ മുമ്പ് നാടകം കളിക്കാന്‍ തുടങ്ങിയ ചെറുബാല്യക്കാര്‍ വരെ  കര്‍ട്ടന്‍ ഉയരുന്നത് അക്ഷമയോടെ കാത്തു നില്‍ക്കുന്നത് കാണുമ്പോൾ സ്വയം പരിഹസിക്കാറുണ്ട്.

മന്തന്‍!. നാടകമെത്രയോ ആടിയിട്ടും നാടക പൂർവ നെഞ്ചിടിപ്പ് ഇന്നും അരങ്ങ് വിട്ടിട്ടില്ല!. സ്വയം പരിഹസിക്കുകയല്ലാതെ അനുഭവസമ്പന്നന്മാർക്ക് പുറത്തു പറയാന്‍ കൊള്ളുന്ന കാര്യമല്ലല്ലോ ഇതൊന്നും!.

ബാക്ക് കര്‍ട്ടനു പിന്നിലെ വെളിച്ചം കടന്നു വരാത്ത മൂലയില്‍ ചെന്ന് തടി വിയര്‍ക്കാത്ത തരം ചെറുകിട ശ്വസനവ്യയാമങ്ങളിലേക്ക് കടന്നപ്പോഴാണ് ലൈറ്റ് അസിസ്റ്റണ്ട് അടുത്തേക്ക് വന്നു സൂക്ഷിച്ചു നോക്കിയത്‌.

"അയ്‌, എന്താ ബാലേട്ടാ ഒറ്റക്കിരുട്ടത്ത്?. "

"ഒന്നൂല്ല്യ ലേശം ശ്വസനക്രിയ. ടെന്‍ഷന്‍ണ്ട്."

അറിയാതെ പറഞ്ഞു പോയത് പിഴച്ചു.

"എന്തൂട്ട്!. ടെന്‍ഷനാ?. ബെസ്റ്റ്!. ഇത്രെക്സ്പീരിയന്‍സ്ള്ള ബാലേട്ടനാ ടെന്‍ഷന്‍?. തമാശ കളയ് ബാലേട്ടാ."

"തമാശ്യല്ല, സത്യം. ടെൻഷൻ എപ്പഴും  എന്‍റെ കൂടേണ്ട്. പക്ഷെ കര്‍ട്ടന്‍ പൊന്ത്യാ അതൊക്കെ മാറും  ട്ടാ."

"ഒരു തരത്തിലത് നല്ലതാ ബാലേട്ടാ. അല്‍പ്പം ടെന്‍ഷനൊക്കെ."

ഘനഗംഭീരമായ സ്വരം കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ പ്രധാന നടന്‍!.

ഒഴിഞ്ഞ സ്ഥലം നോക്കി ഒന്ന് വലിക്കാനായി ഞങ്ങള്‍ നില്‍ക്കുന്ന അന്ധകാരമുക്കിലേക്ക് വന്നതാണ് പ്രശസ്തന്‍ .

"അതൊക്കേണ്ടാവും. ണ്ടാവണം. നാടകത്തിനുള്ളില്‍ നമ്മള്‍ നില്‍ക്കുന്നു എന്നതിന്‍റെ ലക്ഷണാ അത്."

"അല്ല; അപ്പൊ ഇതൊക്കെ സ്വാഭാവികാണോ?."

"കൊയറ്റ് നേച്ചുറല്‍. ഇതൊക്കെ ഏതാണ്ടെല്ലാര്‍ക്കൂണ്ട് ബാലേട്ടാ. ഇല്ലെന്നു പലരും ജാട കാട്ടി നടക്കുന്നെന്നേള്ളു."

"അപ്പൊ നമുക്കൂണ്ടോ?."

"ആര്‍ക്ക് എനിക്കാ?."

"അതെ."

"വൈ നോട്ട്?. ബാലേട്ടന്‍ ശ്വസനക്രിയ ചെയ്യുന്നു ഞാന്‍ ബീടി വലിക്കുന്നു അത്രേള്ളൂ വെത്യാസം."

നായകനടന്‍ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു.

"എല്ലാവരും വന്നേന്‍ സമയായി. വേഗം വേഗം !."

സംവിധായകനാണ്. കളി തുടങ്ങാന്‍ പോകുന്നു. അതിനു മുമ്പ് കര്‍ട്ടനു പിന്നില്‍ വട്ടം കൂടലുണ്ട്.

അപ്പോള്‍ സംഗതി  കൊള്ളാവുന്ന രോഗമാണ്. മഹാനടന്മാര്‍ക്കുപോലുമുള്ളത്!.

ഉയരാന്‍ പോകുന്ന തിരശ്ശീലക്ക് പിന്നില്‍ മൊത്തം സംഘാംഗങ്ങളോടൊപ്പം കൈകോര്‍ത്തു ധ്യാനിച്ചു നില്‍ക്കുമ്പോള്‍ മനസ്സില്‍ ക്രമസമാധാനം പുന:സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. 
;
;

;

;
;
ഇനി, ദാ..ഇന്ന് ഇതെഴുതിയതിനു പിന്നാലെ ഫേസ് ബുക്കില്‍ വായിച്ചത്...

പണ്ടൊരു ഫിലിം ഫെസ്റ്റിവലില്‍ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ തൊട്ടടുത്ത് മിനുങ്ങി ഇരുന്നിരുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള തന്നോടു ചോദിച്ചതായി IFFK 2017 പുരസ്കാരം നേടിയ 'ഏദന്‍' എന്ന സിനിമയുടെ കഥാകാരന്‍ ശ്രീ. എസ്. ഹരീഷ് എഴുതിയതാണ്.
വിദേശസിനിമയാണ്. സബ് ടൈറ്റിലില്ലാത്ത കടുകട്ടി ഇംഗ്ലീഷ് സംഭാഷണങ്ങള്‍. പരസ്പര ബന്ധമില്ലാത്ത രംഗങ്ങള്‍. ചുറ്റുമുള്ളവര്‍ നല്ല ഗൌരവത്തിലിരിപ്പാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ കുഞ്ഞബ്ദുള്ള അപരിചിതനായ ഹരീഷിനെ ദയനീയമായി നോക്കി ചോദിച്ചു:
"വല്ലതും പിടി കിട്ടുന്നുണ്ടോ?"
"ഇല്ല."
അപ്പോള്‍ തന്നെ ഇരുട്ടില്‍ തപ്പിത്തടഞ്ഞു പുറത്തിറങ്ങിയത്രേ കുഞ്ഞബ്ദുള്ള!. പിന്നാലെ ഹരീഷും. 

:

:

:
അപ്പോള്‍ അക്കാര്യത്തിലും ഒരു തീര്‍പ്പായി. സമാധാനത്തിലേക്ക് വലിയവര്‍ കാട്ടിത്തരുന്ന എത്രയെത്ര വഴികള്‍!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ