2018 ജനുവരി 20, ശനിയാഴ്‌ച

പുറംനാട്ടുകാരന്‍



പുറംനാട്ടുകാരന്‍

സംഭവ കഥനത്തിനു മുമ്പ് ലേശം സ്ഥലപുരാണമാവട്ടെ!

നഗര ഗ്രാമ ലക്ഷണങ്ങളുടെ അനുപാതമനുസരിച്ച് സ്ഥലനാമം സിദ്ധിച്ചിട്ടുള്ള പല പ്രദേശങ്ങളുമുണ്ട് മ്മടെ തൃശ്ശൂര്. അതിലൊന്നാണ് എന്‍റെ നാട് പുറനാട്ടുകര.

കാല്‍ ഭാഗം നാട്ടിന്‍പുറവും മുക്കാല്‍ നഗരവുമായതിനാല്‍ കാനാട്ടുകര. പകുതി റൂറലും പകുതി അര്‍ബനുമായി അരണാട്ടുകര. നാലില്‍ മൂന്ന് ഗ്രാമവും അവശേഷിക്കുന്നതു പട്ടണവുമായപ്പോള്‍ മുക്കാട്ടുകരയുണ്ടായി. ഒരു പൊട്ട് പട്ടണമില്ലാതെ നന്മയും നന്മയില്‍ ഗോപാലന്മാരും വസിക്കുന്ന പൂര്‍ണമായും നാട്ടിന്‍പുറമായ പൂര്‍ണനാട്ടുകര ലോപിച്ച് പുറനാട്ടുകരയായതായി ഞാനല്ല, വീവീക്കെ വാലത്തുമല്ല സാക്ഷാല്‍ പുത്തേഴത്ത് രാമമേനോനാണ്; പണ്ട് എഴുതിയിട്ടുണ്ട്.

വെച്ചുണ്ടു താമസിക്കുന്നവരില്‍ ഏറിയപങ്കും പുറംനാട്ടുകാര്‍ ആയതിനാല്‍ പ്രദേശം പുറനാട്ടുകര എന്നറിയപ്പെട്ടു എന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടിലെ പള്ളിയിലെ വികാരിയച്ചന്‍ ഇടവക പെരുന്നാളിനിറക്കിയ സപ്ലിമെന്റില്‍ വെച്ചു കാച്ചിയതു വായിച്ചപ്പോള്‍ അതിനും അര നൂറ്റാണ്ടു മുമ്പ് പുത്തേഴന്‍ എഴുതിയ പുസ്തകം അന്വേഷിച്ചു കണ്ടുപിടിച്ച് അദ്ദേഹത്തിനു കൊണ്ടു കൊടുക്കുവാന്‍ തോന്നിയിരുന്നു. താനുള്‍പ്പെടെയുള്ള 'വരവൂരു'കാരെ കേന്ദ്രീകരിച്ചു നാടിന്‍റെ സ്ഥലനാമചരിത്രം പൊളിച്ചെഴുതുവാനാണോ അതോ വെറുതെ ഒരു വെറൈറ്റിക്കുവേണ്ടിയാണോ അദ്ദേഹം അങ്ങിനെ എഴുതി കളറാക്കിയത് എന്നറിയില്ല; സംഗതി ഇപ്പോള്‍ മാറി മറിഞ്ഞെത്തിയിരിക്കുന്നത് അച്ചന്‍ പറഞ്ഞിടത്തേക്കു തന്നെയാണ്!.

അതിവേഗം പുതുനഗരം എന്ന നിലയിലേക്ക് വികസിച്ചുകൊണ്ടിരിക്കുന്ന നാട്ടില്‍ കപ്പലിറങ്ങുന്ന 'അധിനിവേശ'ക്കാരോട് എണ്ണത്തിൽ  രണ്ട്-രണ്ട് സമനില വഴങ്ങേണ്ടി വന്നപ്പോള്‍ പെട്ടെന്ന് ഐഡന്‍റിറ്റി നഷ്ടമായതുപോലെയാണ് ഇപ്പോള്‍ നമ്മള്‍ പുറനാട്ടുകരയിലെ 'ആദിവാസി'കളുടെ അവസ്ഥ!. അമ്പലമുറ്റത്തും വായനശാലയിലും വിളക്കുംകാല്‍ കവലയിലും പീടിക വരാന്തയിലും ചായക്കടയിലും സൊസൈറ്റി സൂപ്പര്‍ മാര്‍ക്കറ്റിലും റേഷന്‍ കടയിലും ആശ്രമം ബസ് സ്റ്റോപ്പിലുമെല്ലാം അന്യതാഭീതി നേരിടേണ്ടി വരുന്നു. പുതുവാസക്കാരുടെ സംശയദൃഷ്ടികളേയും നിശിതമായ ചോദ്യം ചെയ്യലുകളേയും അഭിമുഖീകരിക്കാതെ ഒരു ദിവസമെങ്കിലും കുടുമ്മം മുളയാനാവില്ലെന്നായിട്ടുണ്ട് പെറ്റ നാട്ടില്‍!.

"ടോണ്യേ, ഒരു സീര്‍ട്ട്."

"ഏതാ ബാല്‍ന്ദ്രേട്ടാ?."

"ഗോള്‍ഡ്‌."

ഒരു പുകയും പീടികയും വിട്ട് റോഡിലേക്ക് കാലെടുത്ത് വെച്ചതേയുള്ളു ജീരകസോഡകുടിയും ചുഴിഞ്ഞു പരിശോധനയും നടത്തിക്കൊണ്ടിരുന്നയാളുടെ പിന്‍വിളി:

"എസ്ക്യൂസ് മി."

"യെസ്?."

" കൊറെ നാളായി ഇവട്യൊക്കെ കാണുന്നു; പേരെന്താ?"

"ബാലചന്ദ്രന്‍."

"എന്ത് ചെയ്യുന്നു?"

" പെന്‍ഷണറാ."

"എന്തിലായിരുന്നു?."

"ബാങ്കില്."

"ഏത് ബാങ്ക്?."

"സ്റ്റേറ്റ് ബാങ്ക്."

"ഇവടെവട്യാ വീട് ?"

"അമ്പലത്തിനടുത്ത്."

"അമ്പലത്തിനടുത്തെവിടെ?"

"അനിലക്കരേടെ വീടറ്യോ?."

"ഉവ്വ്. അനില്‍ അക്കരേടെ?."

"തൊട്ട് വടക്കേ വീട്."

"ഓഹോ അവട്യാ വീട് വെച്ചേക്കണേല്ലേ?"

തുടര്‍ന്നാണ്‌ മൊഹമ്മദാലിയുടെ അപ്പര്‍ കട്ട്‌ :

" അപ്പോ നമ്മടെ സ്വദേശം?"

"...........!!!?."

പിറന്ന നാട്ടില്‍ അഭയാര്‍ത്ഥി, രോഹിംഗ്യന്‍, എലിയനേഷന്‍, അസ്തിത്വദുഖം, സാര്‍ത്ര്, കാമു എന്നൊക്കെ അവിടെയും ഇവിടെയും വായിച്ചിട്ടുണ്ടെങ്കിലും അതൊന്നും തലയില്‍ കയറിയിരുന്നില്ല.

ഇപ്പോ ഒരു വെളിവായി!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ