2020 ജൂലൈ 1, ബുധനാഴ്‌ച

വിയര്‍ക്കാതെ

വിയര്‍ക്കാതെ 


തൃശ്ശൂരിൽ താണിക്കുടം എന്ന ഗ്രാമത്തിൽ പ്രശസ്തമായൊരു ഭഗവതി ക്ഷേത്രമുണ്ട്. താണിക്കുടം ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിനു കിലോമീറ്ററുകൾക്കപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഈ ദേവിയുടെ തട്ടകങ്ങൾ വേറെയുമുണ്ട്. അതിലൊന്നാണ് ഇരുപത് കിലോമീറ്റർ അകലെ കിടക്കുന്ന താണിക്കുടം ഭഗവതിയുടെ ഏറ്റവും വലിയ തട്ടകമെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ള പുറനാട്ടുകര എന്ന ഞങ്ങളുടെ പൊറാട്ര.
മകരമാസമായാൽ ദേവി തന്റെ തട്ടകങ്ങൾ സന്ദർശിക്കാനിറങ്ങും. വലിയൊരു സംഘത്തിന്റെ അകമ്പടിയോടെ. ഇന്ന് പ്രശസ്തനായ വാദ്യ പ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ എന്ന അന്നത്തെ ചെറുപ്പക്കാരനടക്കമുള്ള വാദ്യക്കാരും, കോമരവും, കൊളങ്ങര എന്നു വിളിക്കുന്ന കോമരത്തിന്റെ സഹായിയും, മുണ്ടു തെറുത്തു ചുറ്റി തെങ്ങിൻ പൂക്കുല വെച്ച പാലമരക്കുറ്റികൾ കയ്യിലേന്തിയ രണ്ടു 'പൂക്കുലക്കുറ്റി തുള്ളൽക്കാരും', തടിച്ച ബാഗ് കക്ഷത്ത് വെച്ച കാഷിയറും, തലച്ചുമടുകാരും അടങ്ങുന്ന ഈ പുറപ്പാടിനെ 'പറ ' എന്നാണ് പറയുക. താണിക്കുടത്തിനു പുറമെ പതിയാർകുളങ്ങര, പാറമേക്കാവ്, തെച്ചിക്കോട്ട്കാവ്, ആമ്പലങ്കാവ്, ശങ്കരങ്കുളങ്ങര, കരുവന്തല എന്നിങ്ങനെ നിരവധി പറകൾ വേറെയുമുണ്ടായിരുന്നു നാട്ടിൽ കൊട്ടി എഴുന്നള്ളുന്നവയായി. അവയിൽ ചിലത് ഇപ്പോൾ വന്നു കാണുന്നില്ല. പൊറാട്ര തട്ടകത്തിലെ ഒന്നു വിടാതെ എല്ലാ ഹിന്ദു ഗൃഹങ്ങളിലുമെന്നു പറയാം കയറിയിറങ്ങുന്ന പറ താണിക്കുടത്തിന്റേതാണ്. മൂന്നു ദിവസം സംഘം നാട്ടിലുണ്ടാവും. അമ്പതു വർഷം മുമ്പത്തെ ഓർമ്മയാണെഴുതുന്നതെങ്കിലും ഇന്നും താണിക്കുടം പറയ്ക്ക് വലിയ മാറ്റമില്ല.
അരിപ്പൊടി കലക്കി കളമണിഞ്ഞ് പൂവും നിറപറയും നിലവിളക്കും വെച്ച വീട്ടിലേക്ക് എഴുന്നള്ളി വാദ്യവും തുള്ളലും പൂവേറും വെളിപാടും കഴിഞ്ഞ് കോമരത്തിന് കലിയിറങ്ങിയാൽ വിളക്കത്ത് വെച്ചിരിക്കുന്ന പൊതിച്ച നാളികേരമെടുത്ത് വാദ്യക്കാരിലൊരാൾ വീട്ടുമുറ്റത്ത് എറിഞ്ഞുടയ്ക്കും. തകർന്ന നാളികേരത്തിന്റെ ശകലങ്ങൾ പെറുക്കുവാൻ ജാതിമതഭേദമന്യേ എത്തിച്ചേരുന്ന നാട്ടിലെ കുട്ടികൾ മത്സരിക്കും. ചാക്കും സഞ്ചിയുമായി സുസജ്ജരായാണ് കഷ്ണാർത്ഥികളായ ഞങ്ങൾ എത്തുക.
തകരുന്ന തേങ്ങയുടെ പീസുകൾക്കു വേണ്ടി ഏറുകാരന് ചുറ്റും മല്ലയുദ്ധോത്സുകരായി അർദ്ധമണ്ഡലത്തിലാണ്‌ കൂട്ടത്തിൽ മുതിർന്നവരും കരുത്തരുമായ പെറുക്കികൾ നിൽക്കുക. അവർക്കൊപ്പം നിൽക്കാൻ ധൈര്യവും തടിമിടുക്കുമില്ലാത്ത സമാധാനപ്രിയരായ ഞങ്ങൾ കുറച്ചു പേർ തെല്ലകലെ വീട്ടുമുറ്റത്തെ തെങ്ങോ തൂണോ മതിലോ ചാരി നിൽക്കും. തേങ്ങാമുറിക്കു വേണ്ടി മല്ലടിക്കുന്നവരുടെ കാലുകൾക്കിടയിലൂടെ പുറത്തേക്ക് തെറിച്ചുരുണ്ട് വരുന്ന തേങ്ങാ മുറികളിലും തുണ്ടുകളിലുമാണ് ഞങ്ങളുടെ പ്രതീക്ഷ. പ്രതീക്ഷ ഒരിക്കലും വിഫലമാവാറില്ല. മൂക്കു പോലും വിയർക്കാതെ പൂ പറിക്കുന്ന ലാഘവത്തോടെയാണ് കാൽക്കീഴിൽ വന്നു കിടക്കുന്ന പീസുകൾ ഞങ്ങൾ പെറുക്കിയെടുക്കുക. ഒരു ദിവസത്തെ പറയെടുപ്പ് പൂർത്തിയാക്കി കോമരം ചെമ്പട്ടഴിച്ച് എണ്ണ മിനുങ്ങുന്ന നീണ്ട മുടി കൊണ്ട കെട്ടിയാൽ ഞങ്ങളും പിരിയും.
പിന്നെയാണ് കണക്കെടുപ്പ്. വിളക്കും കാൽ കവലയിൽ അപ്പു എഴുത്തച്ഛന്റെ സൈക്കിൾ ഷാപ്പിനു മുന്നിലെ ഇറയത്തിരുന്ന് കിട്ടിയ കഷ്ണങ്ങളെണ്ണിയും ചാക്കും സഞ്ചിയും തൊട്ടു നോക്കിയും അന്നത്തെ വരുമാനം തിട്ടപ്പെടുത്തുമ്പോൾ ഒരു കാര്യം വ്യക്തമാവും. തിക്കും മൽപ്പിടുത്തവും ഒഴിവാക്കി തൂണും മതിലും ചാരി നിന്ന ഞങ്ങളാണ് സമ്പന്നർ!.
കടിച്ചും മാന്തിയും ചോരയൊലിപ്പിച്ചു സമ്പാദിച്ചവരുടേതിനേക്കാൾ തടിച്ച ചാക്കും സഞ്ചിയും സ്വന്തമായുള്ള ഞങ്ങൾ!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ