അവിയല്‍
"ഡാ, ദെന്തൂട്ടാ നീയ്യ് കാട്ടണ്?."
അവിയലിന് കഷ്ണം അരിഞ്ഞുകൊണ്ടിരുന്ന എൻ്റെയടുത്ത് വന്ന് ദേഹണ്ഡപ്രമാണി മാധവേട്ടൻ കണ്ണുരുട്ടി. ഗോവിന്ദൻ നായരുടെ പതിനാറടിയന്തിരത്തലേന്ന് രാത്രി കരക്കാര് ചെറുപ്പക്കാർ സദ്യ പന്തലിൽ വട്ടമിട്ടിരുന്ന് കറികൾക്ക് കഷ്ണം നുറുക്കുക്കുന്നതതിനിടയിലേക്ക് റൌണ്ട്സിനിറങ്ങിയതാണ് മാധവേട്ടൻ.
പത്തറുപത് വർഷം മുമ്പത്തെ കഥയാണ്.
"ഡാ ബാലഷ്ണാ, കായേടെ നാരുരിഞ്ഞ് കളേഡാ!."
"വെണ്ടക്കായ കഷ്ണം നീളം പോരാട്ടാ ഉണ്ണ്യേ. ഒരു കായോണ്ട് രണ്ടാക്കി നുറുക്ക്. സദ്യ സാമ്പാറാ. വീട്ട് വെപ്പല്ല!."
"ആ മത്തങ്ങേടെ ചോറൊന്ന് നല്ലോണം ചെത്തിക്കളേൻ്റെ തങ്കപ്പാ, അയ് അയ്!."
അതു കഴിഞ്ഞാണ് എൻ്റെ അടുത്ത് എത്തിയത്.
"ഡാ, ദെന്തൂട്ടാ നിയ്യ് കാട്ടണ്?."
"അവീലിനര്യേണു?."
"അവീൽനര്യേൺതാ കാൺണ്!?."
"പിന്നല്ലാണ്ട്?."
"ഞാൻ വിചാരിച്ചു തോരനാന്ന്. മന്തൻ!. നീയ്യെന്തിനാണ്ടാ പഠിക്കണ്?."
" പ്രീഡിഗ്രിക്ക്. സെക്കൻഡ് ഗ്രൂപ്പാ. ഡി. ബാച്ച്. ശ്രീ കേരളവർമ്മ കോളേജ്, കാനാട്ടുകര, തൃശ്ശൂർ."
"ദേ നെൻ്റെ കൊത്തേമൊന്നാങ്ങട് തന്നാണ്ടലോ!. ആ കത്തീങ്ങട് താടാ; ഞാൻ കാണിച്ചരാം. ദേ ദിങ്ങനെ ദിങ്ങനെ നീളത്തില് നനുക്കനെ... കണ്ടാ, അയ്ൻ്റൊരു ഭംഗി കണ്ടാ?."
സ്ക്കെയില് വെച്ചരിഞ്ഞ പോലെ മാധേട്ടൻ രണ്ട് ക്യാരറ്റ് അരിഞ്ഞതു കണ്ടതിലുണ്ടായൊരാവേശത്തിൽ ശേഷിച്ചതെല്ലാം വടിവിൽ അരിഞ്ഞു കൂട്ടി.
"മാധേട്ടാ റെഡി!."
"എവടെ, നോട്ടെ?."
അരിഞ്ഞിട്ട കഷ്ണക്കൂമ്പാരത്തിനിടയിൽ കൈ തിരുകി ഒരു പിടി കോരിപ്പൊക്കി വിടർത്തിയിട്ടു നോക്കിക്കൊണ്ട് മാധേട്ടൻ പറഞ്ഞു.
"ഭേഷ്! അപ്പ നെനക്കറ്യാണ്ട്യല്ല; വേഷം കെട്ടെറക്കീതാല്ലേ?."
പിറ്റെ ദിവസം ഊണിനിലയിടാൻ നേരം ഞങ്ങൾ ഉത്സാഹികൾ കുശിനിയിലെത്തി. വിളമ്പാനായി ഒരോരുത്തരും ഓരോ വിഭവങ്ങളെടുത്ത കൂട്ടത്തിൽ അവിയൽ ഞാൻ തന്നെ എടുക്കാൻ തീരുമാനിച്ചു.
ഉരുളിയിൽ ചട്ടുകം പൊതുക്കിയിട്ട അവിയൽ കണ്ടപ്പോൾ ഞാൻ ചോദിച്ചു.
"മാധേട്ടാ അവീലെവട്യാ?."
"നെൻ്റെ മോത്ത് കണ്ണില്ലിടാ. മുമ്പിലിരിക്കണതെന്തൂട്ടാ?."
"അയ്! ഇത് എരിശ്ശേര്യല്ലെ?."
"അത് ലേശട്ത്ത് കണ്ണില് തേച്ച് നോക്ക്; അപ്പറ്യാം എരിശ്ശേര്യണോ പുളിശ്ശേര്യണോന്ന്. എടുത്തട്ട് പോയി വെളമ്പാൻ നോക്കട, ആളെ മൂപ്പിക്കാൻ നിക്കാണ്ട്!."
അതാണവിയൽ.
ചേനയും കായയും പടവലങ്ങയും പയറും കാരറ്റും മുരിങ്ങക്കായയുമെല്ലാം നാലിഞ്ച് നീളം കാലിഞ്ച് കനത്തിൽ ലാവണ്യ ശാസ്ത്രാനുസാരം അണുവിട തെറ്റാതെ അരിഞ്ഞെടുത്ത് അടുപ്പത്ത് വെക്കും. പക്ഷേ വെളിച്ചെണ്ണയൊഴിച്ച് പിരട്ടി കറിവേപ്പിലയും നാളികേരം ചിരകിയതുമിട്ട് വിരകി വാങ്ങി വെച്ചാലോ എല്ലാം വെന്തൊടിഞ്ഞ് കട്ടകൂടി മത്തങ്ങ എരിശ്ശേരി പരുവം. പ്ലം കേക്ക് പോലെ മുറിച്ചെടുക്കാം!.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ