ഭീഷണി
പണ്ട് കേരള വർമ്മയിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴുണ്ടായ സംഭവമാണ്. ഒരു കേരളപ്പിറവി ദിനത്തിൽ.
രാവിലെ പ്രിൻസിപ്പാൾ ശ്രീധരൻ നായരെ ഓഫീസിൽ ഇറക്കി അദ്ദേഹത്തിൻ്റെ കാർ തിരിച്ചുപോവുകയായിരുന്നു. പരമസാധുവായിരുന്നെങ്കിലും വിദ്യാർത്ഥികളുമായുള്ള സാറിൻ്റെ ബന്ധങ്ങളിൽ ലേശം ചവർപ്പു കലർന്നിരുന്നു. ശുദ്ധന്മാരായാൽ അങ്ങിനെ വേണമെന്നാണല്ലോ. സാറിനോടുള്ള അസ്കിതയോ അദ്ദേഹത്തിൻ്റെ ഫിയറ്റ് കാറിനോടുള്ള അസൂയയോ അതുമല്ല ലേശം വെകിളിത്തരമുള്ള ഡ്രൈവറോടുള്ള പരിഹാസമോ ഏതെന്നറിയില്ല; ഒന്നാം വർഷം ബി.കോം ക്ലാസ്സിനു മുന്നിലൂടെ കാറ് പോയപ്പോൾ അവിടെ കൂടിയിരുന്നവരെല്ലാം ചേർന്ന് സമ്പ്രദായത്തിലൊന്നു കൂവി.
പക്ഷേ എല്ലാവരെയും ഞെട്ടിപ്പിക്കുമാറ് ക്യാമ്പസിലെ ചെമ്മൺ പാതയിൽ പൊടി പറപ്പിച്ചു കൊണ്ട് കാർ സഡൻ ബ്രേക്കിട്ടു നിന്നു. പുറത്തിറങ്ങി ഡോർ ശക്തിയായി വലിച്ചടച്ചു മുണ്ട് മടക്കി കുത്തി കൃശഗാത്രനായ ഡ്രൈവർ കൂവന്മാർക്കു നേരെ ഭീഷണമായി നടന്നടുത്തു. അപ്രതീക്ഷിത പ്രതികരണം കണ്ട് പകച്ചു ശബ്ദം നഷ്ടപ്പെട്ടവരെ ഓരോരുത്തരെയും മാറി മാറി ഒന്നു നോക്കിയ ശേഷം അവർക്കു നേരെ വിരൽ ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു:
"അതേയ്, നിങ്ങളെന്നെ എത്ര വേണെങ്ങെ കള്യാക്ക്യോളോ വിരോധല്ല്യ; പക്ഷേ നിങ്ങളെന്നെ കള്യാക്കര്ത്!."
എഞ്ചിൻ ഇരപ്പിച്ചുകൊണ്ട് ഗേറ്റിലേക്ക് പറന്ന കാർ നോക്കി ബീക്കോമികൾ വാ പൊളിച്ചുനിന്നു.
ഇന്നേക്ക് കൃത്യം അരനൂറ്റാണ്ടു തികഞ്ഞു. ഡ്രൈവർ പറഞ്ഞതിൻ്റെ പൊരുളെന്തെന്ന് പക്ഷേ സംഭവം അന്ന് ആൽത്തറയിലിരുന്ന് ക്ലോസ് ഷോട്ടിൽ കൺകുളിർക്കെ കണ്ട പ്രീഡിഗ്രിക്കാരന് ഇന്നും മനസ്സിലായിട്ടില്ല. ഈ സത്യാനന്തര ചാനൽ സംവാദ സ്ലാപ്പ് സ്റ്റിക്ക് കോമഡിക്കാലത്തുപോലും!.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ