2026 ഓഗസ്റ്റ് 15, ശനിയാഴ്‌ച

നിർവ്വഹണം

 


ഭാഗം രണ്ട് നിർവ്വഹണം 


ഒരു മാസത്തെ അദ്ധ്വാനം മുഴുവൻ വെള്ളത്തിലായതിൻ്റെ നിരാശ മുത്തിട്ടാകാം നാടകം കളിക്കുന്നില്ലെന്ന് തീരുമാനിച്ച ആ നിമിഷം എവിടെനിന്നോ എൻ്റെ മനസ്സിൽ വല്ലാത്തൊരു ധൈര്യവും ആത്മവിശ്വാസവും ഇരച്ചു വന്നു. ഞാൻ ഉറച്ച സ്വരത്തിൽ പറഞ്ഞു:


"നാടകം കാൻസൽ ചെയ്യുന്നത് മോശമാണ്! "


"പിന്നാല്ലാതെ? ഈ പതിനൊന്നാമത്തെ മണിക്കൂറില് നമ്മള് മറ്റെന്ത് ചെയ്യാനാ രാജ്യാ?"


ഉണ്ണിയേട്ടൻ ചോദിച്ചു.


"നാരായണൻ കുട്ടിയേട്ടൻ്റെ റോള് ഞാൻ ചെയ്യാം."


എല്ലാവരും അവിശ്വസനീയമായ എന്തോ കേട്ട ഭാവത്തിൽ എന്നെ നോക്കി.


"കൊഴപ്പല്ല്യ, ഒരു മാസം റിഹേഴ്‌സല് കണ്ടും പ്രോംപ്റ്റ് ചെയ്തും പരിചയണ്ടല്ലോ? ഞാൻ ചെയ്യാം."


"ഏയ് അതൊന്നും ശര്യാവില്ല്യ ട്ടാ രാജ്യാ, വെർതെ!"


"എനിക്ക് ധൈര്യണ്ട് പോരെ?"


"രാജ്യാ ഇത് സൈക്കിൾ യജ്ഞത്തില് കളിക്കണ തമാശ്യല്ല ട്ടാ!"


എല്ലാവരും നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നപ്പോഴാണ്  അതുവരെ മിണ്ടാതെ  എല്ലാം നിരീക്ഷിച്ചു കൊണ്ടിരുന്ന ഭാസ്കരപ്പണിക്കർ എഴുന്നേറ്റത്.


"ഭയപ്പെടാതെ, നമുക്ക് രാജനെ വെച്ചോണ്ട് തന്നെ ചെയ്യാം."


"പണിക്കര് സാറേ...!"


"ധൈര്യമായിരിക്കെന്ന്! ഒന്നുല്ലേല് രാജൻ്റെ ആ കോൺഫിഡൻസ് ഒന്നു നോക്ക്, അതു പോരേ?. രാജൻ ചെയ്യും.  എല്ലാരും  ധൈര്യായിരിക്ക്!"


"അപ്പൊ റിഹേഴ്‌സലൊന്നും വേണ്ടേ?"


"ഈ ക്ഷീണത്തില് ഇന്നിനി റിഹേഴ്‌സലൊന്നും വേണ്ട."


ഞാൻ പറഞ്ഞു


"അപ്പൊ?"


എൻ്റെ ആത്മവിശ്വാസത്തിനടിയിൽ ഒപ്പിട്ടു തീർപ്പ് പറഞ്ഞുകൊണ്ട് പണിക്കർ അത്

മറ്റുള്ളവരിലേക്കും 

കുത്തി വെച്ചു. 


"നാളെ കേറിയങ്ങു കളിക്കുക, അത്ര തന്നെ!"


പിന്നീട് കലാമണ്ഡലം സീതാലക്ഷ്മി എന്നും  മൃണാളിനി സാരാഭായി എന്ന ലോകപ്രശസ്ത നർത്തകിയുടെ ദർപ്പണ ഗ്രൂപ്പിലെ നർത്തകിയെന്നും പ്രശസ്തി നേടിയ പുറനാട്ടുകര ചീരക്കുഴി വീട്ടിലെ ഓമനയും ശിഷ്യ ഗണങ്ങളും ചേർന്നവതരിപ്പിച്ച നൃത്തനൃത്യങ്ങളും പറമ്പുവീട്ടിൽ  ശ്രീധരനും മുതുവറക്കാരായ വിദ്യാധരൻ്റെയും  ആൻ്റോയുടെയും ഹാർമ്മോണിയവും തബലയും ചേർന്നുള്ള ഗാനമേളയും കഴിഞ്ഞ്  വായനശാല സെക്രട്ടറി പി എസ് എൻ തിരുമേനി ചെമ്പു പിഞ്ഞാണത്തിൽ മൂന്നു തവണ ചുറ്റിക തട്ടി മുഴക്കി നാടകത്തിനു കർട്ടനുയർത്തി. ഒരു ഗ്യാരണ്ടി എന്ന നിലയ്ക്ക്  സ്റ്റേജ് കർട്ടനു പിന്നിലും വശങ്ങളിലും എനിക്കു വേണ്ടി നിർത്തിയിരുന്ന രണ്ടു മൂന്നു സ്പെഷൽ പ്രോംപ്റ്റർമാർക്ക് ഒരിക്കലും എനിക്കു ചെവി കൊടുക്കേണ്ടി വന്നില്ല. ഒരു തട്ടും മുട്ടുമില്ലാതെ  ഭംഗിയായി തന്നെ നാടകം അവസാനിക്കുന്നതു കണ്ട്  പുഞ്ചിരിച്ചു കൊണ്ടാണ്  അവസാന രംഗത്തിന്  തിരുമേനി കർട്ടൻ്റെ ചരട് അയച്ചത്. 


നാടകം കഴിഞ്ഞ് ജനഗണമന പാടുമ്പോൾ

കൂട്ടുകാരും അവധിക്കു നാട്ടിൽ വന്നിരുന്ന  പഴയ നടന്മാരുമടക്കം നിരവധി പേരായിരുന്നു   സ്റ്റേജിൽ. എല്ലാവരും ഞങ്ങൾ എല്ലാവരേയും അഭിനന്ദിച്ചു. തിരക്കിനിടയിൽ അടാട്ടുകാരനായിരുന്നു എന്നു തോന്നുന്നു ഒരാൾ അക്കാലത്തു പതിവുണ്ടായിരുന്ന പോലെ എൻ്റെ ഷർട്ടിൽ ഒരു മെഡൽ കുത്തി വെച്ച് ഷേയ്ക്ക് ഹാൻഡ്

ചെയ്തു പോയി. ആ മെഡൽ അന്ന് രാത്രി തന്നെ അമ്പാട്ട് വീട്ടിൽ ചെന്ന്  നാരായണൻ കുട്ടിയേട്ടന്  സമ്മാനിച്ചാണ്  ഞാൻ വീട്ടിലേക്ക് മടങ്ങിയത്.


അടുത്ത ഓണത്തിനും  വാർഷികത്തിനും കാത്തു നിൽക്കാതെ തേവരുടെ പൂരം കഴിഞ്ഞ് ജനുവരി മാസത്തിൽ  ഞാൻ  ഡൽഹിക്കു ജയന്തി ജനത കയറി.


അവസാനിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ