2022 സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

കണ്ടീഷനിങ്ങ്

 

കണ്ടീഷനിങ്ങ്

എല്ലാ ജൂലയ് 31 നും ഈ സീഡി സെറ്റെടുത്ത് പൊടി തട്ടി ലാപ്പിലിട്ട് 'സുഹാനി രാത് ദൽ ചുകി' രണ്ടു വട്ടം കേൾക്കും. അനശ്വരനായ ഗായകന്റെ ഓർമ്മദിനാചരണം. കഴിഞ്ഞ ഞായറാഴ്ചയും സംഭവം പൂർവ്വാധികം ഭംഗിയാക്കി.
ടീനേജറായിരുന്ന മകന് പത്തിരുപതു കൊല്ലം മുമ്പ് കിട്ടിയ സമ്മാനമാണ്. പിന്നിൽ രസികനൊരു കഥയുമുണ്ട്.
പറയാം...
മകൻ എഞ്ചിനിയറിങ്ങിന് ചേർന്ന് ക്ലാസ് തുടങ്ങാൻ കാത്തിരിക്കുന്ന കാലം. തൃശ്ശൂരിലുള്ള സംഗീത പ്രേമികളായ സുഹൃത്തുക്കൾ ഗോപിയും ഹരിയും വെങ്കിടിയും ചേർന്ന് ഭംഗിയായി നടത്തുന്ന സോപാനം എന്ന സംഘടന ആ മാസം നടത്തുന്ന പരിപാടി മൊഹമ്മദ് രഫി സംഗീത നിശ. ഗായകൻ തെക്കൻ കർണ്ണാടകക്കാരനും രഫി സാഹിബ് സ്‌പെഷ്യലിസ്റ്റുമായ പ്രശസ്തൻ ടാഗോർ ദാസ്. സെറ്റിൽ വേറെ പാട്ടുകാരില്ലാത്ത വൺ മാൻ ഷോ. അടിപൊളിയാണ് ദാസ്. തുടർച്ചയായി എത്രയോ മണിക്കൂർ രഫി പാട്ടുകൾ മാത്രം പാടി ഗിന്നച്ചനായ വിസ്മയം!.
മകനും ഞാനുമൊത്താണ് ഗാനമേളയ്ക്ക് പോയത്. തൃശ്ശൂർ റീജിയണൽ തിയ്യറ്റർ. ഹാളിൽ കടക്കുന്നവർക്കൊക്കെ അച്ചടിച്ച ഒരു ചോദ്യാവലി കൊടുക്കുന്നുണ്ട്. ഹിന്ദി സിനിമാ സംഗീത ക്വിസാണ്. വിജയികൾക്ക് സമ്മാനങ്ങൾ.
ഫോമുകൾ വാങ്ങി ഞങ്ങൾ രണ്ടു പേരും സീറ്റിലിരുന്നു. സംയുക്ത സംരംഭത്തിലൂടെ ഉത്തരങ്ങൾ എഴുതി പൂർത്തിയാക്കിയ ഫോറം ഹാൾ എൻട്രൻസിൽ സ്ഥാപിച്ചിട്ടുള്ള കടലാസുപെട്ടിയിലിട്ടു.
ഗാനമേള ശ്രുതിയിട്ടു. ഹേ ഭഗ്‌വാനിൽ തുടങ്ങി തേരി ആംഖോം കെ സിവായും യകീന് കര് ലോ മുജേ മുഹാബതും അടക്കം നാലഞ്ചു പാട്ടുകൾ കഴിഞ്ഞ് ഗായകൻ വേഷം മാറാൻ അണിയറയിലേക്ക് പോയി. അത് ദാസിന്റെ സ്വന്തം നമ്പറാണ്. പരിപാടിക്കിടയിൽ അഞ്ചു പത്തു വട്ടം വേഷം മാറും. ഹിന്ദി സിനിമാ പാട്ടു സീനുകളിലെന്ന പോലെ.
ആ ഗ്യാപിലാണ് ഹരിയുടെ വിളി വന്നത്.
"എന്താടാ?"
"ക്വിസില് നിങ്ങക്ക് ഫസ്റ്റ്! "
" നിങ്ങക്ക്ന്ന് വെച്ചാ?"
"അയ്, നെനക്കും ചെക്കനും. രണ്ടാൾക്കും ഒപ്പം മാർക്ക്."
"ആഹാ! അത് കലക്കി."
"അപ്പെന്താ വേണ്ട്? "
"എന്താ വേണ്ട്? "
ചോദ്യം ഞാൻ തിരിച്ചു വിട്ടു.
"ഒരു കാര്യം ചെയ്യ്. അവൻ വാങ്ങട്ടെ. ബ്രാക്കറ്റ് വേണ്ട. സോൾ വിന്നർ അശ്വിൻ."
"പൂശ്!."
"ബ്രേക്കിന് സമ്മാനം കൊടുക്കും. ബി റെഡി."
" ഓക്കേടാ."
ബ്രേക്കിൽ ഹരിയെയും കൂട്ടി സ്റ്റേജിൽ വന്ന് ഗോപി ലളിത കോമള സുന്ദര പദാവലികളാൽ റിസൾട്ട് പ്രഖ്യാപിച്ചു.
"ഒന്നാം സമ്മാനം അശ്വിൻ ബാലചന്ദ്രൻ. ആ കൊച്ചു മിടുക്കനെ നല്ലൊരു കയ്യടി നൽകി നമുക്ക് സ്വാഗതം ചെയ്യാം."
ഹാളിൽ കരഘോഷം. പക്ഷേ പുരസ്കൃതനായ പുത്രന് അനക്കമില്ല. തല കാക്കൂട്ടിലിട്ട് ഇരിക്കുകയാണ്.
"ഡാ ചെല്ല്!."
ഞാൻ മകന്റെ പുറത്ത് തട്ടി
"ഞാനില്ല്യ, അച്ഛൻ പോയി വാങ്ങ്യോളോ! "
"എന്താദ്? "
"കൊച്ചു മിട്ക്കനാത്രെ! കൊച്ചിനെ കണ്ടാ ആൾക്കാര് കൂവിക്കൊല്ലും!"
"അത് ഗോപിക്ക് തെറ്റീതാവും. നീ കുട്ട്യാന്നാ വിചാരിച്ച്ണ്ടാവാ. അവൻ നിന്നെ കണ്ടിട്ടില്ലിലോ? ചെല്ല്! "
"എവടേ അശ്വിനെവിടേ... അശ്വിൻ പ്ലീസ് കം ടു ദ ..."
"കളിക്കാൻ നിക്കാണ്ട് ചെല്ലട!"
കയറിച്ചെല്ലുമ്പോൾ പക്ഷേ മകൻ പ്രതീക്ഷിച്ചപോലെ ആപത്തൊന്നും സംഭവിച്ചില്ല. സമ്മാനം സ്വീകരിക്കാൻ സ്റ്റേജിൽ എത്തിയിരിക്കുന്നത് കൊച്ചു മിടുക്കന്റെ പ്രോക്സിയായി ചേട്ടനോ അച്ഛനോ അമ്മാവനോ ആവാം എന്നു ജനം കരുതിയിരിക്കണം! (മകന്റെ അനുമാനവും സമാധാനവുമാണ് )
"ഹലോ അശ്വിൻ! വെൽക്കം റ്റു ദി സ്റ്റേജ്."
ഗോപി മകനെ കൈകൾ നീട്ടി സ്വീകരിച്ചു.
"ഹലോ!"
"പ്രിയ സംഗീതസ്നേഹികളെ!. ഹിന്ദി സിനിമാ സംഗീത ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അശ്വിന് സമ്മാനമായി രഫി സാഹിബിന്റെ അഞ്ച് സീഡികളടങ്ങിയ ഒരു സെറ്റ് സമ്മാനിക്കുന്നത് നമ്മുടെ പ്രിയ ഗായകൻ ടാഗോർ ദാസ് തന്നെയാണ്. സമ്മാനദാനത്തിനായി ഞങ്ങൾ അദ്ദേഹത്തെ സാദരം ക്ഷണിക്കുന്നു. ശ്രീ ടാഗോർ ദാസ്!!"
ഗോപിയുടെ അനൗൺസ്മെന്റ് കേട്ട് ഗായകൻ പിന്നണിയിൽ നിന്നും പുതിയതായി ധരിച്ച ഗോഗോ ഷർട്ടിൽ ഓടിക്കൊണ്ടു പ്രവേശിച്ചു. മകന് നൽകാനായി ഹരി ഏല്പിച്ച സമ്മാനപ്പെട്ടി ഭവ്യതയോടെ ഏറ്റു വാങ്ങി മുന്നരങ്ങിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടന്ന് സദസ്സിന്റെ അഭിവാദ്യങ്ങൾ സ്വീകരിച്ചു. അതും ഗായകന്റെ നമ്പറുകളിലൊന്ന്. പിന്നെ ഹരിയ്ക്കും ഗോപിയ്ക്കും ഹസ്തദാനം ചെയ്ത് മകന് നേരെ തിരിഞ്ഞു.
കൈക്കുലുക്കം കഴിഞ്ഞ് സമ്മാനം സ്വീകരിക്കാൻ നീട്ടിയ കൈകളുമായി നിന്ന മകനെയും മറ്റു രണ്ടുപേരെയും അസ്തപ്രജ്ഞരാക്കിയ സംഭവമാണ് പിന്നീടുണ്ടായത്. എല്ലാവർക്കും നന്ദി പറഞ്ഞ് സമ്മാനപ്പായ്ക്കറ്റു പൊക്കി പിടിച്ച് സദസ്സിനെ അഭിവാദ്യം ചെയ്തു കൊണ്ട് പുറം തിരിയാതെ ഗായകൻ ബാക്ക് സ്റ്റേജിലേയ്ക്ക് താളത്തിൽ നടന്നു നടന്നു മറഞ്ഞപ്പോൾ ഹാളിൽ ചിരിയുടെ പെരുമഴ!
തൊട്ടു മുമ്പുണ്ടായ പാമ്പു കടിയുടെ വേദന മാറുന്നതിനു മുമ്പേ തലയിൽ വെട്ടിയ ഇടിയുടെ ആഘാതവുമായി മകൻ സ്റ്റേജിൽ ടാബ്ളോ പരുവം.
ഹരിയും ഗോപിയും ചേർന്ന് പിന്നിൽ പോയി കാര്യം പറഞ്ഞ് മനസ്സിലാക്കിയപ്പോൾ ടാഗോർ ദാസ് മൈക്കിലേക്ക് ഓടി വന്ന് എണ്ണി നൂറ്റിയൊന്ന് സോറി പറഞ്ഞു. ശേഷം മകന് സമ്മാനം നൽകി ആലിംഗനം ചെയ്ത് സ്റ്റേജിന്റെ സ്റ്റെപ്പിറങ്ങി അവനെ സീറ്റു വരെ എത്തിച്ച് തിരിച്ചു പോയി ബഹാരോം കീ ബാരാത് .... പാടി അന്തരീക്ഷമർദ്ദം ലഘുതമ സാധാരണമാക്കി.
പെട്ടി എന്റെ കയ്യിലേൽപ്പിച്ച് വിയർപ്പൊപ്പുമ്പോൾ മകൻ പറഞ്ഞു:
"കോളേജിലെ റാഗിങ്ങിന്റെ ടെൻഷൻ തീർന്നു."


ജോസേട്ടനും രാധേച്ചിയും ഞാനും - ഒരു പരിരംഭണത്തിന്റെ കഥ

 

ജോസേട്ടനും രാധേച്ചിയും ഞാനും
- ഒരു പരിരംഭണത്തിന്റെ കഥ

കോമഡിയായാലും സീരിയസ്സായാലും പ്രൊഫഷണൽ നാടകത്തിലെ രസനീയതയുടെ മർമ്മം തൊട്ടറിഞ്ഞവനാണ് പായമ്മൽ ജോസേട്ടൻ. സരസഭാഷി, പരമരസികൻ, ഓർമ്മകളുടെ തമ്പുരാൻ. പരിശീലനവേളയിൽ നാടകീയമായ സാഹചര്യങ്ങൾ സൃഷ്ടിച്ച് അഭിനേതാക്കളെ ടെൻഷനും നാണവും വെടിഞ്ഞ് നാട്യോന്മുഖരാക്കുന്ന കുശലൻ. കളിയേത് കാര്യമേത് എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള മാന്ത്രികവിദ്യകളാണ് ജോസേട്ടന്റെ റിഹേഴ്സൽ ടെക്നിക്കുകൾ.

വെപ്പുമുടിയും കണ്ണൻ ചിരട്ടകളും വെച്ചു കെട്ടി സുന്ദര പുരുഷന്മാരെ കോമളാംഗികളാക്കി നാട്ടിൽ വായനശാല വാർഷികത്തിന് നാടകം കളിച്ചിരുന്ന കാലം. നടികളെ വെച്ച് ആദ്യമായി പൊറാട്രയിൽ ഒരു നാടകം അരങ്ങേറുന്നത് എഴുപതുകളിലാണ്. സൂക്ഷ്മം പറഞ്ഞാൽ 1976 ൽ. ശ്രീരംഗം വിക്രമൻ നായരുടെ വിളക്കുകൾ നിഴലുകൾ എന്ന നാടകമാണ് അവതരിപ്പിച്ചത്.വാട്സൺ എന്ന ആംഗ്ലോ ഇന്ത്യൻ വംശജനായ എസ്റ്റേറ്റ് മുതലാളിയായി ഞാനും ഭാര്യ നീനയായി ജോസേട്ടന്റെ സഹധർമ്മിണി കലാലയം രാധേച്ചിയും. പരസ്പ്പരം വെറുക്കുകയും പൊരുതുകയും ചെയ്യുന്നവരാണ് വാട്സൺ ദമ്പതിമാർ. നാടകാന്ത്യത്തിൽ ഭാര്യ ഭർത്താവിനെ കഠാരിക്ക് കുത്തിക്കൊല്ലുന്നിടത്തല്ലാതെ നടീനടന്മാർ തമ്മിൽ തൊടലും തീണ്ടലും ഇല്ലാതിരുന്നതിനാൽ അരങ്ങിൽ എന്റെ ഭാഗം തട്ടും തടയുമില്ലാതെ കയിച്ചലാക്കി. ജോസേട്ടന്റെ സംവിധാനത്തിൽ നാടകം എരമ്പി.

പക്ഷേ പണി കിട്ടിയത് അടുത്ത വർഷമാണ്. നാടകം ഗോൾഡ് മെഡൽ. കടവൂർ ജി ചന്ദ്രൻ പിള്ളയുടെ പുത്രകാമേഷ്ടി എന്ന രചന അദ്ദേഹത്തിന്റെ അനുവാദത്തോടെ പേര് മാറ്റിയതാണ് ഗോൾഡ് മെഡൽ. എന്റെ വേഷം പോലീസ് സൂപ്രണ്ട് ജോണിന്റേത്. ജോണിന്റെ ജ്യേഷ്ഠ സഹോദരിയായി വീണ്ടും രാധേച്ചി. സംവിധാനവും ജോസേട്ടൻ തന്നെ.

സമൂഹത്തിലെ കൊമ്പന്മാരും ഉന്നതന്മാരുമായി അടുത്ത ബന്ധങ്ങളുള്ള സുന്ദരിയായ സാമൂഹ്യ പ്രവർത്തകയാണ് നീന. സ്വാഭാവികമായും ആ വകയിൽ മതിയായ ചീത്തപ്പേരുമുണ്ട് അവർക്ക്. സഹോദരൻ ജോൺ സത്യസന്ധനും നീതിമാനുമാണ്. നേരിൽ നിന്ന് കടുകിട വ്യതിചലിക്കാത്ത ഔദ്യോഗിക കൃത്യനിർവ്വഹണം. സമൂഹം ദുർവൃത്തയായി കണ്ടവളെങ്കിലും ചേച്ചിയുടെ മനസ്സിലെ സ്നേഹവും ആർദ്രതയും അറിയുന്നവനാണ് അനുജൻ. സഹോദരനെ ചേച്ചിയിലൂടെ ചതുരുപായങ്ങളും പ്രയോഗിച്ച് വശത്താക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവരും മാധ്യമങ്ങളും ചേർന്നുണ്ടാക്കിയ അപവാദങ്ങൾ അവർക്കിടയിലുണ്ടാക്കിയ അകൽച്ചയത്രയും പരസ്പരം തിരിച്ചറിഞ്ഞ് ആലിംഗനം ചെയ്തില്ലാതാക്കുന്ന ഹൃദയസ്പർശിയായ ഒരു രംഗമുണ്ട് നാടകാന്ത്യത്തിൽ.

ഈയുള്ളവന് ഒടുക്കത്തെ പണി കിട്ടിയതവിടെയാണ്. ജോസേട്ടന്റെ കർശനമായ നിർദ്ദേശമനുസരിച്ച് ഡയലോഗ് കാണാപാഠമാക്കിയ ശേഷം മാത്രം രാധേച്ചിയുമൊത്തുള്ള റിഹേഴ്സൽ തുടങ്ങി. നാടകം മർമ്മത്തോടടുത്തപ്പോൾ എന്റെ ആത്മവിശ്വാസമൊക്കെ പുഴയ്ക്കൽ ചാൽ കടന്നു. പെൻസിലിൻ കുത്തിവെച്ച നേഴ്സ്മാരും ഹോം വർക്ക് ചെയ്യാത്തതിന് ചെവി തിരുമ്പിയ സ്കൂൾ ടീച്ചർമാരും അമ്മ പെങ്ങന്മാരിൽനിന്നുമല്ലാതെ നാരീസ്പർശമേറ്റിട്ടില്ലാത്ത അനാഘ്രാതകുസുമൻ ഒരന്യസ്ത്രീയെ കെട്ടിപ്പിടിക്കണമെന്നൊക്കെ പറഞ്ഞാൽ!. അതും അവരുടെ കെട്ടിയവന്റെ സവിധത്തിൽ വെച്ച്. മാത്രമോ, അച്ഛനമ്മമാരും ചേച്ചിയും നാട്ടുകാരുമടങ്ങുന്ന അമ്പലപ്പറമ്പിലെ സദാചാരസദസ്സിനു മുന്നിലും! ആൺകുട്ടി പെൺകുട്ടിയോട് ഒന്നു മിണ്ടിയാൽ വാർത്തയും വിവാദവുമാവുന്ന കാല ദേശങ്ങൾ. ഡിഗ്രി രണ്ടാം വർഷം ഇംഗ്ലീഷ് നോട്ട്ബുക്ക് പകർത്തിയെഴുതാനായി നാട്ടുകാരിയായ പെൺകുട്ടിക്ക് പെരുവഴിയിൽ വെച്ചു കൈമാറിയത് കേസായി ഫുൾ ബെഞ്ചിൽ വിചാരണ നടക്കുന്ന സമയവും! എന്ത് ചെയ്യും?

എന്തായാലും റിഹേഴ്സൽ തുടങ്ങി. മുഹൂർത്തമെത്തി. രാധേച്ചി കെട്ടിപ്പിടിക്കാൻ ആയുമ്പോൾ ഞാൻ വെച്ചൊരടി പിന്നിൽ. രാധേച്ചിയുടെ വെച്ചടി മുന്നും എന്റെ വെച്ചടി പിന്നുമല്ലാതെ കെട്ടിപ്പിടുത്തത്തിൽ കാര്യമായ മുന്നേറ്റമൊന്നുമില്ലാതെ റിഹേഴ്സൽ രണ്ടു ദിവസം കഴിഞ്ഞു. ജോസേട്ടൻ വെറും നിരീക്ഷകനായി ഇരുന്നതേയുള്ളു.

"നീയെന്താ കളിക്കാൻ നിക്ക്വാ? നാണം കളഞ്ഞ് അഭിനയിക്കാൻ നോക്ക് ട്ടാ ബാലന്ദ്രാ! നാടകം നടന്നാലും നടന്നില്ല്യെങ്കിലും രൂവ എണ്ണിക്കൊട്ക്കണം ജോസേട്ടന്."

കൺവീനർ പുഷ്ക്കരന്റെയും സഹനടന്മാരുടേയും സമ്മർദ്ദം മൂത്തപ്പോൾ മൂന്നാം ദിവസം ഞാൻ മുന്നടി തന്നെ വെച്ചു. പക്ഷേ രാധേച്ചിക്കടുത്തെത്തിയപ്പോൾ അവരുടെ രണ്ടു തോളിലും കൈ വെച്ച് ബുഫെ പാർട്ടികളിൽ കാണാറുള്ള ഐസ് വിഗ്രഹം പോലെ ഉരുകി നിൽക്കാനേ എനിക്കായുള്ളു. കൈകൾക്ക് തുടർചലനത്തിന് ശേഷിയില്ലാത്ത പോലെ! പെട്ടെന്നാണ് ജോസേട്ടന്റെ ശബ്ദമുയർന്നത്.

"നിർത്ത്! എന്താദ് മിസ്റ്റർ!"

പെട്ടെന്നു തന്നെ ഞാൻ രാധേച്ചിയുടെ തോളിൽ നിന്നും കയ്യെടുത്ത് പതിവിനോടൊന്നു കൂട്ടി രണ്ടടി പിന്നടിച്ചു.

തന്റെ തന്നെ വിശ്വരൂപം നാടകത്തിൽ ബാലഗോപാലന്റെ വേഷമിട്ട സുരാസുവിനെപ്പോലെ ജോസേട്ടൻ അടുത്തു വന്ന് എന്നെ ഭീഷണമായി നോക്കി നിന്നു. പിന്നെ കനത്തതും ചിലമ്പിച്ചതുമായ സ്വരത്തിൽ മുരണ്ടു.

"രണ്ടു ദിവസമായി കാണുന്നു! ഹേ മിസ്റ്റർ, രാധ എന്റെ ഭാര്യയാണ്....!"

എന്റെ വയറ്റിൽ വെടിമരുന്നു കത്തി. ദൈവമേ, അരുതാത്തതെന്തെങ്കിലും!? വായനശാലഹാളിൽ നിശ്ശബ്ദത തളം കെട്ടി. എവിടെയോ ഒരു മൊട്ടുസൂചി നിലത്തു വീണ ശബ്ദം കേട്ടു!

"ജോസേട്ടാ സോറി...."

എന്റെ സ്വരത്തിൽ ക്ഷണിക്കാതെകയറി വന്ന വിറയൽ.

"....ഇത് നാടകമാണ്. അതിൽ രാധ നിങ്ങളുടെ ചേച്ചിയാണ്..."

" സോറി... ഞാനൊന്നും;"

" .....ചെയ്തില്ല അല്ലേ?. അതന്ന്യാ നിങ്ങൾടെ പ്രശ്നം! നിങ്ങളൊന്നും ചെയ്യുന്നില്ല. അതേയ് മാഷേ, നാടകത്തിലെ ഏറ്റവും വികാരനിർഭരമായ രംഗമാണിത്. വൃത്തിയായി ചെയ്തില്ലെങ്കിൽ ആത്മാവ് നഷ്ടപ്പെട്ടുപോവുന്ന സീൻ. നിങ്ങളിങ്ങനെ കാൽനഖം കൊണ്ട് കളം വരച്ച് നിക്കാണ്ട് ചെന്ന് കെട്ടിപ്പിടിച്ചഭിനയിച്ച് കാണിക്ക് മിസ്റ്റർ! ന്നട്ട്ണ്ടാവണ കേസല്ലേ? അത് ഞാൻ തീർത്തോളാം! യ്യയ്യയ്യേ ഇതാര് ഋശ്യശൃംഗനോ!"

റിഹേഴ്സൽ ക്യാമ്പിലുള്ളവരെല്ലാം ചിരിച്ച് ചിരിച്ച് വായനശാലയിലെ പരുക്കനിട്ട നിലം കപ്പി. ജോസേട്ടനൊഴികെ.

"ടേക്കിറ്റീസി. കമോൺ മാൻ, ഉഷാറാവട്ടെ! രാധേ റെഡി!"
:
:
:
ആ നീന്തൽ പഠിച്ചതങ്ങിനെയാണ്. ജോസേട്ടന്റെ കൈത്തണ്ടയിൽ കിടന്ന്....അല്ല; ജോസേട്ടൻ വെള്ളത്തിലേക്ക് വലിച്ചിട്ടതാണ്! അങ്ങിനെയുമുണ്ടല്ലോ ചില പഠിപ്പുകൾ!

മധുരോദാരം

 


മധുരോദാരം


ബാലേന്ദ്രന് ഷുഗറ്ണ്ടാ?

ലേശം.

മര്ന്ന് തൊടങ്ങ്യാ?

ഇല്ല്യ.

നിയന്ത്രണാവും ല്ലേ?

പിന്നെ!.

എങ്ങന്യൊക്ക്യാ?

ചായേല് തീരെ മധുരൊഴിവാക്കി. നോ കോമ്പ്രമൈസ്!.

ഗുഡ്. പിന്നെ?

ചോറ് കൊറച്ച് ചപ്പാത്തി കൂട്ടി. ബ്രേക്ക്ഫാസ്റ്റിന് ഇട്ളി ഒന്നു കുറെ ഏഴാക്കി.
ഭേഷ്!

കൂടേള്ള പുഴുങ്ങ്യേ നേന്ത്രപ്പഴം ഒന്ന് മാത്രാക്കി. അത്താഴപ്പൊറമേ നേന്ത്രൻ ഒഴിവാക്കി പാളേങ്കോടനാക്കി.

ഹേയ്! പിന്നെ? കേക്കട്ടെ കേക്കട്ടെ.

ലഡു ജിലേബി കേക്ക് പായസം തൊടങ്ങ്യേല് നിയന്ത്രണം ഏർപ്പെട്ത്തണ കാര്യം പരിഗണനേല്ണ്ട്.

നല്ല കാര്യം. ചോയ്ക്കട്ടെ; ഏറ്റവും അട്ത്ത് ടെസ്റ്റീതതെന്നാ?

അധികായിട്ടില്ല്യ, എഴ് മാസം മുമ്പ്.

എത്ര്യാർന്നു?

ഇരുനൂറ്റാറ്.

നല്ല നമ്പറാ! ട്ടോ ബാലേന്ദ്രാ,

മഹാദേശക്കാരടെ കഥ പോല്യായീണ്ട് തന്റെ നിയന്ത്രണം!

എന്താദ്?

കന്നു പൂട്ടി ചില്ല് പോലെ നെരപ്പാക്ക്യേ കണ്ടത്തില് വിത്തെറ്യേണോന്റെ കാലടി പതിഞ്ഞ് ഭംഗികേടാവണത് ഒഴിവാക്കാൻ പണ്ടവര് ഒരുപായം കണ്ടെത്തി. എന്താന്നോ? വെതക്കാരനെ ഒര് കട്ടിൽലിരിത്തീട്ട് നാലാളത് കണ്ടത്തില് ചൊമന്നു നടന്നു. കേട്ട്ണ്ടോ താനീ കഥ?

ഇല്ല്യ.

ങ്‌ഹാ, ന്നാ കേക്കണം!.

 

പൊറാട്ര എന്ന രസികൻ പുസ്തകവും
ബാലചന്ദ്രൻ പറങ്ങോടത്തിന്റെ തൃശൂര് ഭാഷയും

ഇ .ഡി. ഡേവിസ്

ബാലചന്ദ്രൻ പറങ്ങോടത്ത് എന്ന നടനെ ഞാൻ മനസ്സിൽ കുടിയിരുത്തീത് എന്നാ? ഓർമ്മീണ്ട്.... ഓർമ്മീണ്ടേ.... അതായത് എം.ടി.വാസുദേവൻനായരുടെ നാലുകെട്ട് എന്ന നോവലിന്റെ അമ്പതാം വാർഷികാഘോഷത്തിന്. അതായത് 2008 ൽ തൃശൂര് സാഹിത്യ അക്കാദമീല് നാല് നാളത്തെ സാഹിത്യ പൂരം തന്നെ നടന്നു. അന്ന് നാലുകെട്ട് നോവൽ നാടകമാക്കി തൃശൂർ നാടകസൗഹൃദം ടീം അക്കാദമിയിലെ ബഷീർ വേദിയിൽ അവതരിപ്പിച്ചു. അന്നതിൽ വല്യമ്മാവനായി വേഷമിട്ടത് ഈ സാക്ഷാൽ പറങ്ങോടൻ ആയിരുന്നു.
പിന്നേ , പിന്നെ, ഞാൻ കണ്ട വേഷം വൈശാഖൻ മാഷുടെ സൈലൻസറിലെ ഈ നാശു ട്ടി എന്ന കഥാപാത്രമായതാണ്. രംഗചേതനയ്ക്കു വേണ്ടി കെ.വി.ഗണേശ് സംവിധാനിച്ചത്. അങ്ങനെ അങ്ങനെ ഉള്ള ബാലേന്ദ്രേട്ടൻ FB യിൽ ചിലതെല്ലാം എഴുതിയ കാലത്തേ അതിലെ ഭാഷയും രചനാകൗശലവും കേമാണെന്ന് നന്നേ ബോധ്യായിരുന്നു. കോവിഡ് കാലത്ത് എഴുതിയ ആ അനുഭവക്കുറിപ്പുകൾക്ക് വായനക്കാര് കൂടി. ഇപ്പോൾ അതെല്ലാം പുസ്തകമായിരിക്കുന്നു. പൊറാട്ര എന്ന പേരിൽ.
പൊറാട്ര എന്നു വെച്ചാൽ ജന്മനാടായ പുറനാട്ടുകര തന്നെ. തൃശൂർ ശ്രീ കേരളവർമ്മയിൽ പഠിച്ച കാലത്തേ കഥയെഴുതിയ പയ്യനാണ് ഇതിയാൻ. അന്ന് നാടകോം ക്രിക്കറ്റും ഉക്കെ കളിച്ച് തിളങ്ങീതാ. പിന്നെന്തുപറ്റി? തുടർച്ച ഉണ്ടായില്ല. ജോലീം കുടുമ്പോം. ഓരോരോ അവസ്ഥാന്തരങ്ങള് തന്നെ. അല്ലാതെന്താ പറയാ...
പൊറാട്ര എന്ന പുസ്തകത്തിലെ ഓർമ്മക്കുറികൾ വായിക്കുമ്പോൾ ഈ ചെങ്ങാതീ എഴുതാതിരുന്നത് കഷ്ടായീ ലോ എന്നു തോന്നാതിരി ക്കീലാ. അത്രയ്ക്കുണ്ട് അനുഭവസാന്ദ്രമായ തൃശൂര് മലയാളം. നല്ല നോവൽ തന്നെ എഴുതാനുള്ള ആരോഗ്യവും ഈ നല്ല നടനുണ്ട്. അനുഭവങ്ങളുടെ വലിയ ശേഖരവുമുണ്ട്. ആഖ്യാനഘടനയുമറിയാം. പ്രശ്നോത്തരി എന്ന ഓർമ്മക്കുറിപ്പ് ചില ചില കാര്യങ്ങളിലോ /നേരമ്പോക്കുകളിലോ ഇടപെടുമ്പോൾ അതിനുണ്ടാകുന്ന വിചിത്രമായ പരിണതികളുടെ പ്രതിഫലനമാണ്. മകനോട് കളിയായി പറഞ്ഞ വാക്ക് അപ്രതീക്ഷിതമായി ബോംബായി മാറുന്ന അവസ്ഥ വളരെ ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.
അമ്മയും മകനും മാസങ്ങൾക്കു ശേഷം കണ്ടുമുട്ടുന്നതിന്റെ കിരുകിരുപ്പും സ്നേഹവായ്പും അത് തരാതരം പോലെ കൈകാര്യം ചെയ്യുന്നതിലെ മരുമകളുടെ വൈദഗ്ദ്ധ്യവും ചെറുമകനിൽ ഉണ്ടാക്കുന്ന പ്രതിഫലനങ്ങൾ വിളഞ്ഞുണ്ടായതാണ് അമ്മയും മകനും എന്ന ഹാ സാക്ഷരങ്ങൾ.
നാട്ടിലെ വാസു വേഴ്ശന്റെ വിടൽസ് ഉണ്ടാക്കുന്ന പൊട്ടിച്ചിരിമരുന്നാണ് അബ്ഡ ക് ക്ഷൻ എന്ന കുറിപ്പ്. അഹമ്മതി എന്ന കുറിപ്പ് രമണകാവ്യത്തെ ഓർമ്മപ്പെടുത്തും. ചരിത്രപരമായ മണ്ടത്തരം എന്ന പ്രയോഗത്തിന്റെ പെരുക്കങ്ങൾ പലതലമൂർച്ചയുള്ളതാണല്ലോ.
അഭിമാനം, ഡെമോക്രാറ്റ്, പ്രതിച്ഛായയുടെ തടവുകാർ എന്നീ കുറിപ്പുകളിലെല്ലാം മനുഷ്യരുടെ പൊങ്ങച്ചങ്ങളും , ഇരട്ട വ്യക്തിത്വവുമെല്ലാം സംവാദ വിഷയമാകുന്നു. സാമൂഹിക വിമർശനത്തിന്റെ കലാത്മകമായ ദൃശ്യങ്ങൾ നിരവധി ഈ രചനകളിലുണ്ട്. കലാകാരനായ ഒരാളുടെ ദൃശ്യബോധം എഴുത്തിൽ ഉടനീളമുണ്ട്. വിഷുഫലം, ഡയലോഗ് ഇൻ ദ ഡാർക്ക്, ബീർ ബഹാദൂർ ഇങ്ങനെയിങ്ങനെ എന്തെല്ലാം തലത്തിൽ സഞ്ചരിക്കുന്നു പൊറാടക്കാരന്റെ ശൈലി വിശേഷങ്ങൾ.
പ്രസിദ്ധ കഥാകൃത്ത് അഷ്ടമൂർത്തിയുടെ താണ് അവതാരിക. അദ്ദേഹം അതിൽ നിരീക്ഷിച്ചത് ഇങ്ങനെ ... ബാലചന്ദ്രൻ എന്ന എഴുത്തുകാരന്റെ കയ്യൊപ്പ് ഓരോ കഥയിലും പതിഞ്ഞു കിടപ്പുണ്ട്. കഥ എന്നു പറഞ്ഞത് ഇതിനെ മറ്റെന്തു വിളിക്കണം എന്നു അറിയാഞ്ഞിട്ടാണ്. ലേഖനം എന്നു വിളിച്ചൂ കൂടാ. കഥയ്ക്കും ലേഖനത്തിനും ഇടയ്ക്ക് എവിടെയോ ആണ് ഇതിന്റെ സ്ഥാനം. പക്ഷേ, കൂടുതൽ അടുപ്പം കഥയോടായതു കൊണ്ട് കഥ എന്നു തന്നെ തൽക്കാലം വിളിയ്ക്കാം. കറ കളഞ്ഞ തൃശൂർ ഭാഷ നമുക്ക് ഈ പുസ്തകത്തിൽ ആസ്വദിക്കാം."തൃശൂർ കറന്റ് /കോസ് മോ ബുക്സ് ആണ് പ്രസാധകർ

ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ്

 

ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ്


പ്രഭാത സവാരി പകുതിക്കു നിർത്തി മടങ്ങേണ്ടി വന്നു ഇന്ന്. രാസ്താ രോഖോ! നായ്ക്കൾ സ്വകാര്യ പൊതുമേഖലാ ഭേദമില്ലാതെ നടുത്താറയിൽ സംഘടിച്ചു നില്പുണ്ടത്രെ!
പിന്നെ ഒരു സാദ്ധ്യത സകൂൾ ഗ്രൌണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ നായ്ക്കളുടെ കോച്ചിംഗ് ക്യാമ്പ്. നാലഞ്ചു പേർ ഗ്രൌണ്ടിനു ചുറ്റും ഓടുന്നു. വാമപ്പ്. കുറച്ചുപേർ ഹിസ് മാസ്റ്റേഴ്സ് മോഡിലിരുന്ന് ഒരാളെ ശ്രദ്ധിച്ചു കേൾക്കുന്നുണ്ട്. കോച്ചായിരിക്കണം കാൽപ്പെരുമാറ്റം കേട്ട് അയാൾ തിരിഞ്ഞു നോക്കി.
"എന്താ മാഷേ? "
"ഒന്നൂല്ല്യ ഒന്ന് നടക്കാന്ന്ച്ചട്ട് വന്നതാ."
"വെരി സോറി. ഇവിടെ പരിശീലന സമയാ. എട്ട് മണി കഴിഞ്ഞ് വന്നോളു."
"ശരി."
തിരിഞ്ഞു നടക്കുമ്പോൾ കോച്ചർ ക്ലാസ് തുടർന്നു:
"അപ്പോ ഞാനെന്താ പറഞ്ഞ് നിർത്തിയത്?"
"പിരടി."
ശിഷ്യന്മാരുടെ കോറസ്.
"യെസ്, പിരടി. വളരെയേറെ ശ്രദ്ധയും സൂക്ഷ്മതയും ആവശ്യപ്പെടുന്ന അഭ്യാസമാണ് ചാടി പിരടിയിൽ കടിക്കുക എന്നത്. കൃത്യമായ ടൈമിങ്ങും... "
ഞാൻ കഴുത്തിനു പിന്നിൽ വെറുതെ ഒന്നു തലോടി. ഇല്ല; തൽക്കാലം സേഫ്!


2022 ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ട്രിക്ക്

 

ട്രിക്ക്


ഹനുമാൻ പറമ്പിന്റെ വേലിയിതയ്ക്കു താഴെയാണ് പാമ്പിനെ കണ്ടത്. ഒന്നാന്തരം ചേനത്തണ്ടൻ. ഉണങ്ങിയ തേക്കിലകൾക്കിടയിലൂടെ മണ്ടിമണ്ടി ഇഴയുന്നവനെ ആൽത്തറയുടെ അകലത്തു നിന്നു പോലും കണ്ടുപിടിക്കാൻ രാമഷ്ണന് പ്രയാസമുണ്ടായില്ല.

"ഡാ വിജ്യാ വടീട്ക്ക്. ദേ ഒരുത്തൻ പോണു."

" എവടെ? "

" നോക്കടാ ആ സർവ്വേക്കല്ലിന്റെ ചോട്ടില്."

"ഹെന്റെമ്മേ? തേക്കെലപ്പുള്ളി. നീയിതെങ്ങനെ കണ്ടുപിടിച്ചുടപ്പ! കഴുകൻ!"

വാരിയത്തെ പറമ്പിതയിലെ ശീമക്കൊന്നയൊടിക്കാൻ വിജയൻ തുനിഞ്ഞപ്പോൾ രാമകൃഷ്ണൻ കളിയാക്കി.

"പസ്റ്റ്! ഡാ ദ് നീർക്കോല്യൊന്ന്വല്ല ട്ടാ. നീയതിനെ പൂവാണ്ട് നോക്ക്. ഞാൻ ദേ വര്ണു. "

എവിടെ നിന്നോ ഒടിച്ചു കൊണ്ടുവന്ന കൈത്തണ്ട വണ്ണമുള്ള ആവണക്കിൻ തറിയുടെ അറ്റം രണ്ട് കൈക്കൊണ്ടും കൂട്ടിപ്പിടിച്ച് ഉലച്ചുകൊണ്ട് രാമഷ്ണൻ വിശദീകരിച്ചു:

' ദേ,കണ്ടാ നല്ലൊലച്ചല് വേണം. ന്നാലേ അടി ഈണാവ്ള്ളോ. ചേനത്തണ്ടനാ സാനം. അത്രെളുപ്പൊന്നും ചാവില്ല്യ പണ്ടാറം. "

ആൾപ്പെരുമാറ്റം അടുത്തെത്തിയപ്പോൾ ചേനൻ നീക്കം നിർത്തി തന്റെ വിധി കാത്തു കിടന്നു.

" അലക്ക്!"

വിജയൻ ആജ്ഞാപിച്ചു.

വായ വശത്തേക്ക് വലിച്ചു കോട്ടി കണ്ണ് തുറുപ്പിച്ച് മുഖം ഭീകരരൂപമാക്കി വടിയുയർത്തി നിൽക്കുന്ന രാമനെ കണ്ടപ്പോൾ വിജയൻ സുല്ല് പറഞ്ഞു.

"നിക്ക്, നിക്ക് ഒരു കാര്യം ചോയ്ക്കട്ടെ."

" ഡാ ചെക്കൻ അയിന്റെ വഴിക്ക് പൂവും ട്ടാ. കാര്യാന്വേഷണത്തിന് പറ്റ്യേ സമയം!"

"ഇല്ല്യ ചേനത്തണ്ടനല്ലേ. സ്ലോ മോഷനാ. അവടെ കെടന്നോളും. ഈസ്യായിട്ട് തല്ലാം."

" നീ കാര്യം ചോയ്ക്ക്!"

" പാമ്പിനെ തല്ലാൻ നീയെന്തിനാ മോന്ത കോക്കാൻ ഷേപ്പാക്കണേ? "

"അതാ, അത് എണക്കാളെ പിടി കിട്ടാണ്ടിരിക്കാനാ."

" എണ്യാ? "

" ങ്ഹാ ഇതിന്റെ എണ! ഇവറ്റക്ക് പകേണ്ട്. പാമ്പുംപക. കൊന്നാ എണ മ്മളെ തെരഞ്ഞ് വരും."

" അയ്ന് എണക്കെങ്ങന്യാ കൊന്നാളെ മൻസിലാവാ? "

" അപ്പത് നെക്കറീല്ല്യാല്ലേ? പസ്റ്റ്! ഡാ, കൊല്ലണാളടെ പടം ചത്ത പാമ്പിന്റെ കണ്ണില് പതിഞ്ഞ്ണ്ടാവും. അത് നോക്കീട്ടാളെ തെരഞ്ഞ് എണ വരും!."

" അയ്ന് മോന്ത കോക്രി കാട്ടീട്ടെന്താ കാര്യം? "

" അതൊരു ട്രിക്കണ്. "

"എന്തൂട്ട് ട്രിക്ക്? "

" പറ്റിക്കൽസ്. "

" കാര്യം പർറ! "

" ചത്തേന്റെ കണ്ണില് ന്റെ കോക്രി മോന്ത്യല്ലടാ പതിയാ?. അത് നോക്കി തെരഞ്ഞ് വരണ എണക്ക് എന്റെ ഒറിജിനൽ മോന്ത കണ്ടാ എങ്ങന്യാ തിരിച്ചറ്യാ, അതന്നെ ട്രിക്ക്! നിയ്യ് മാറ്യേൻ! "

May be a cartoon

2022 ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

കാവൽ

 കാവൽ

രാജദൂത് മോട്ടോർ സൈക്കിൾ സ്റ്റാന്റിലിട്ട് പോർച്ചിൽനിന്നു വേച്ചു വേച്ച് പോർട്ടിക്കോയിൽ കയറിയപ്പോഴേ വറീത് ബഹളം കേട്ടിരുന്നു. അയലത്തെ മനയിൽ നിന്നാണ്. തറവാട് ഭാഗംവെപ്പിൽ അന്യായമായ അവകാശം ചോദിച്ചുകൊണ്ട് അനിയൻ നമ്പൂരി ചേട്ടൻ നമ്പൂരിയെ ചാട്ടിന്മേൽ കയറ്റുകയാണ്. ചേട്ടൻ പാവം ഒന്നും മിണ്ടാതെ ഇരുന്നതു കണ്ടപ്പോൾ അനിയന് അരിശം മൂത്തു. ഇറയത്തു കിടന്ന ചാരുകസേരയെടുത്ത് മുറ്റത്തേക്കെറിഞ്ഞ് അയാൾ അലറി.

"ഒക്കക്കൂട്ടീട്ട് കത്തിക്കും ഞാൻ!"

പതിവുപോലെ ഊരിയ ഷർട്ട് സ്റ്റാന്റിൽ ഇടുവാൻ ശ്രമിച്ച് നിരന്തരം പരാജയപ്പെടുന്ന പരുവത്തിലായിരുന്നു വറീത്. വീഴലും എടുക്കലുമായി മൂന്നു താളവട്ടം കഴിഞ്ഞപ്പോൾ ഭാര്യ ലൂസി ഇടപെട്ടു. ഷർട്ട് പിടിച്ചു വാങ്ങിക്കൊണ്ട് ഡൈനിങ്ങ് ഹാളിലേക്ക് വിരൽ ചൂണ്ടി:

"അങ്ങട് പോയേദ്, ഞാട്ടോളാം. കുടിച്ചിട്ട്...!"

ഡൈനിങ്ങ് ഹാളിലേക്ക് കടക്കുമ്പോൾ മനയിൽ അനിയൻ നമ്പൂരിയുടെ ബഹളം അഞ്ചാംകാലമെത്തി.

"ഇക്കിന്നറ്യേണം. ഇല്ലിങ്ങില്ലത്തിന് തീയിടും ഞാൻ."

കൈ കഴുകി കസേരയിൽ വന്നിരിക്കുമ്പോൾ വറീത് ചോദിച്ചു.

"എന്താണ്ട്യവടെ?"

"അന്യേൻ നമ്പൂര്യാ. സന്ധ്യക്ക് തൊടങ്ങീതാ. പാവം കൃഷ്ണമ്പൂരി."

"തന്നില്ല്യാച്ചാ സർവ്വം പൊളിക്കും ഞാൻ ദേ... ദിങ്ങനെ!"

എന്തോ വലിച്ചെറിഞ്ഞ് പൊളിഞ്ഞടരുന്ന ശബ്ദം കാതിൽ വന്നലച്ചപ്പോൾ വറീത് കസേര പിന്നിലേക്ക് തള്ളി എണീറ്റു.

"കൊറെക്കാലായവൻ! പ്പ ശര്യാക്ക്യരാം."

"അതേയ് ദെങ്ങടാങ്ങള്?. അവടേര്ന്ന് കഴിച്ചേദ്!"

"അതവടേരിക്കട്ടെ. ഞാപ്പരാം."

" ദേ നോക്ക്യേ!."

"നിയ്യ് മിണ്ടരിക്കോ, അവനേന്ന് ഞാൻ!"

"ന്റെ കർത്താവേ..."

മനയുടെ ഗേറ്റിൽ പിടിച്ചു രംഗം നിരീക്ഷിച്ചുകൊണ്ട് വറീത് തെല്ലിട നിന്നു. അനിയൻ നമ്പൂരി നിന്നു തുള്ളുകയാണ്. ചേട്ടൻ ഇറയത്ത് ചുമരും ചാരി നിസ്സംഗനായി ഇരിക്കുന്നു.

വറീതിന് കൃഷ്ണൻ നമ്പൂരിയെ വലിയ കാര്യമാണ്. അനിയനെ കണ്ണിന്റെ ദൃഷ്ടിക്കു കണ്ടുകൂടതാനും. കശ്മലൻ ഇറയത്ത് കിടന്ന ബെഞ്ചെടുത്ത് മുറ്റത്തേക്ക് എറിഞ്ഞത് കണ്ടപ്പോൾ വറീതിന് പിടിച്ചു നിൽക്കാനായില്ല.

" ഏയ് കൃഷ്ണമ്പൂരി!."

ഉറക്കെയുള്ള വിളി കേട്ടപ്പോൾ മനലഹള നിലച്ചു. ചേട്ടനും അനിയനും പടിക്കലെ വെട്ടിയാൽ മുറിയാത്ത ഇരുട്ടിലേക്ക് തുറിച്ചു നോക്കി. ദൃഷ്ടിഗോചരമല്ലെങ്കിലും ശബ്ദം കേട്ട് ആളെ തിരിഞ്ഞപ്പോൾ കൃഷ്ണൻ നമ്പൂരിക്ക് വയറു കത്തി!. വറീതാണ്. ന്റെ പൊറാട്ര തേവരേ!

"തിരുമേനി ഞാൻ വരണാങ്ങട്?"

"അയ്യോ വേണ്ട വർത്വോ വേണ്ട!."

കൃഷ്ണൻ നമ്പൂരി ഞെട്ടിപ്പിടഞ്ഞു മുറ്റത്തിറങ്ങി.

"ന്നാ കടന്ന് പൂവാൻ പറേന്നവനോട്!"

ലഹളക്കാരനും ആളെ തിരിഞ്ഞു.

മുറ്റത്ത് കിടന്ന മോപ്പഡ് പതിവിന് വിപരീതമായി ഒറ്റയടിക്ക് സ്റ്റാർട്ടായപ്പോൾ അനിയൻ നമ്പൂരി നെഞ്ചിൽ തൊട്ടു നെറ്റിയിൽ വെച്ചു. കരുതൽ കലർത്തിയ വെപ്രാളത്തിൽ വറീതിനെ കടന്നു പോകുമ്പോൾ സൈലൻസർ ഊരിപ്പോയ ബജാജ് എം. ഫിഫ്റ്റിയുടെ ഫടഫടാരവത്തിലും അനിയൻ നമ്പൂരി വ്യക്തമായി വറീതിനെ കേട്ടു.

"ങ്‌ഹും! അധികെളക്കര്ത് ട്ടാ!."
May be a cartoon