കണ്ടീഷനിങ്ങ്
എല്ലാ ജൂലയ് 31 നും ഈ സീഡി സെറ്റെടുത്ത് പൊടി തട്ടി ലാപ്പിലിട്ട് 'സുഹാനി രാത് ദൽ ചുകി' രണ്ടു വട്ടം കേൾക്കും. അനശ്വരനായ ഗായകന്റെ ഓർമ്മദിനാചരണം. കഴിഞ്ഞ ഞായറാഴ്ചയും സംഭവം പൂർവ്വാധികം ഭംഗിയാക്കി.
ടീനേജറായിരുന്ന മകന് പത്തിരുപതു കൊല്ലം മുമ്പ് കിട്ടിയ സമ്മാനമാണ്. പിന്നിൽ രസികനൊരു കഥയുമുണ്ട്.
മകൻ എഞ്ചിനിയറിങ്ങിന് ചേർന്ന് ക്ലാസ് തുടങ്ങാൻ കാത്തിരിക്കുന്ന കാലം. തൃശ്ശൂരിലുള്ള സംഗീത പ്രേമികളായ സുഹൃത്തുക്കൾ ഗോപിയും ഹരിയും വെങ്കിടിയും ചേർന്ന് ഭംഗിയായി നടത്തുന്ന സോപാനം എന്ന സംഘടന ആ മാസം നടത്തുന്ന പരിപാടി മൊഹമ്മദ് രഫി സംഗീത നിശ. ഗായകൻ തെക്കൻ കർണ്ണാടകക്കാരനും രഫി സാഹിബ് സ്‌പെഷ്യലിസ്റ്റുമായ പ്രശസ്തൻ ടാഗോർ ദാസ്. സെറ്റിൽ വേറെ പാട്ടുകാരില്ലാത്ത വൺ മാൻ ഷോ. അടിപൊളിയാണ് ദാസ്. തുടർച്ചയായി എത്രയോ മണിക്കൂർ രഫി പാട്ടുകൾ മാത്രം പാടി ഗിന്നച്ചനായ വിസ്മയം!.
മകനും ഞാനുമൊത്താണ് ഗാനമേളയ്ക്ക് പോയത്. തൃശ്ശൂർ റീജിയണൽ തിയ്യറ്റർ. ഹാളിൽ കടക്കുന്നവർക്കൊക്കെ അച്ചടിച്ച ഒരു ചോദ്യാവലി കൊടുക്കുന്നുണ്ട്. ഹിന്ദി സിനിമാ സംഗീത ക്വിസാണ്. വിജയികൾക്ക് സമ്മാനങ്ങൾ.
ഫോമുകൾ വാങ്ങി ഞങ്ങൾ രണ്ടു പേരും സീറ്റിലിരുന്നു. സംയുക്ത സംരംഭത്തിലൂടെ ഉത്തരങ്ങൾ എഴുതി പൂർത്തിയാക്കിയ ഫോറം ഹാൾ എൻട്രൻസിൽ സ്ഥാപിച്ചിട്ടുള്ള കടലാസുപെട്ടിയിലിട്ടു.
ഗാനമേള ശ്രുതിയിട്ടു. ഹേ ഭഗ്‌വാനിൽ തുടങ്ങി തേരി ആംഖോം കെ സിവായും യകീന് കര് ലോ മുജേ മുഹാബതും അടക്കം നാലഞ്ചു പാട്ടുകൾ കഴിഞ്ഞ് ഗായകൻ വേഷം മാറാൻ അണിയറയിലേക്ക് പോയി. അത് ദാസിന്റെ സ്വന്തം നമ്പറാണ്. പരിപാടിക്കിടയിൽ അഞ്ചു പത്തു വട്ടം വേഷം മാറും. ഹിന്ദി സിനിമാ പാട്ടു സീനുകളിലെന്ന പോലെ.
ആ ഗ്യാപിലാണ് ഹരിയുടെ വിളി വന്നത്.
"എന്താടാ?"
"ക്വിസില് നിങ്ങക്ക് ഫസ്റ്റ്! "
" നിങ്ങക്ക്ന്ന് വെച്ചാ?"
"അയ്, നെനക്കും ചെക്കനും. രണ്ടാൾക്കും ഒപ്പം മാർക്ക്."
"ആഹാ! അത് കലക്കി."
"അപ്പെന്താ വേണ്ട്? "
"എന്താ വേണ്ട്? "
ചോദ്യം ഞാൻ തിരിച്ചു വിട്ടു.
"ഒരു കാര്യം ചെയ്യ്. അവൻ വാങ്ങട്ടെ. ബ്രാക്കറ്റ് വേണ്ട. സോൾ വിന്നർ അശ്വിൻ."
"പൂശ്!."
"ബ്രേക്കിന് സമ്മാനം കൊടുക്കും. ബി റെഡി."
" ഓക്കേടാ."
ബ്രേക്കിൽ ഹരിയെയും കൂട്ടി സ്റ്റേജിൽ വന്ന് ഗോപി ലളിത കോമള സുന്ദര പദാവലികളാൽ റിസൾട്ട് പ്രഖ്യാപിച്ചു.
"ഒന്നാം സമ്മാനം അശ്വിൻ ബാലചന്ദ്രൻ. ആ കൊച്ചു മിടുക്കനെ നല്ലൊരു കയ്യടി നൽകി നമുക്ക് സ്വാഗതം ചെയ്യാം."
ഹാളിൽ കരഘോഷം. പക്ഷേ പുരസ്കൃതനായ പുത്രന് അനക്കമില്ല. തല കാക്കൂട്ടിലിട്ട് ഇരിക്കുകയാണ്.
"ഡാ ചെല്ല്!."
ഞാൻ മകന്റെ പുറത്ത് തട്ടി
"ഞാനില്ല്യ, അച്ഛൻ പോയി വാങ്ങ്യോളോ! "
"എന്താദ്? "
"കൊച്ചു മിട്ക്കനാത്രെ! കൊച്ചിനെ കണ്ടാ ആൾക്കാര് കൂവിക്കൊല്ലും!"
"അത് ഗോപിക്ക് തെറ്റീതാവും. നീ കുട്ട്യാന്നാ വിചാരിച്ച്ണ്ടാവാ. അവൻ നിന്നെ കണ്ടിട്ടില്ലിലോ? ചെല്ല്! "
"എവടേ അശ്വിനെവിടേ... അശ്വിൻ പ്ലീസ് കം ടു ദ ..."
"കളിക്കാൻ നിക്കാണ്ട് ചെല്ലട!"
കയറിച്ചെല്ലുമ്പോൾ പക്ഷേ മകൻ പ്രതീക്ഷിച്ചപോലെ ആപത്തൊന്നും സംഭവിച്ചില്ല. സമ്മാനം സ്വീകരിക്കാൻ സ്റ്റേജിൽ എത്തിയിരിക്കുന്നത് കൊച്ചു മിടുക്കന്റെ പ്രോക്സിയായി ചേട്ടനോ അച്ഛനോ അമ്മാവനോ ആവാം എന്നു ജനം കരുതിയിരിക്കണം! (മകന്റെ അനുമാനവും സമാധാനവുമാണ് )
"ഹലോ അശ്വിൻ! വെൽക്കം റ്റു ദി സ്റ്റേജ്."
ഗോപി മകനെ കൈകൾ നീട്ടി സ്വീകരിച്ചു.
"ഹലോ!"
"പ്രിയ സംഗീതസ്നേഹികളെ!. ഹിന്ദി സിനിമാ സംഗീത ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അശ്വിന് സമ്മാനമായി രഫി സാഹിബിന്റെ അഞ്ച് സീഡികളടങ്ങിയ ഒരു സെറ്റ് സമ്മാനിക്കുന്നത് നമ്മുടെ പ്രിയ ഗായകൻ ടാഗോർ ദാസ് തന്നെയാണ്. സമ്മാനദാനത്തിനായി ഞങ്ങൾ അദ്ദേഹത്തെ സാദരം ക്ഷണിക്കുന്നു. ശ്രീ ടാഗോർ ദാസ്!!"
ഗോപിയുടെ അനൗൺസ്മെന്റ് കേട്ട് ഗായകൻ പിന്നണിയിൽ നിന്നും പുതിയതായി ധരിച്ച ഗോഗോ ഷർട്ടിൽ ഓടിക്കൊണ്ടു പ്രവേശിച്ചു. മകന് നൽകാനായി ഹരി ഏല്പിച്ച സമ്മാനപ്പെട്ടി ഭവ്യതയോടെ ഏറ്റു വാങ്ങി മുന്നരങ്ങിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടന്ന് സദസ്സിന്റെ അഭിവാദ്യങ്ങൾ സ്വീകരിച്ചു. അതും ഗായകന്റെ നമ്പറുകളിലൊന്ന്. പിന്നെ ഹരിയ്ക്കും ഗോപിയ്ക്കും ഹസ്തദാനം ചെയ്ത് മകന് നേരെ തിരിഞ്ഞു.
കൈക്കുലുക്കം കഴിഞ്ഞ് സമ്മാനം സ്വീകരിക്കാൻ നീട്ടിയ കൈകളുമായി നിന്ന മകനെയും മറ്റു രണ്ടുപേരെയും അസ്തപ്രജ്ഞരാക്കിയ സംഭവമാണ് പിന്നീടുണ്ടായത്. എല്ലാവർക്കും നന്ദി പറഞ്ഞ് സമ്മാനപ്പായ്ക്കറ്റു പൊക്കി പിടിച്ച് സദസ്സിനെ അഭിവാദ്യം ചെയ്തു കൊണ്ട് പുറം തിരിയാതെ ഗായകൻ ബാക്ക് സ്റ്റേജിലേയ്ക്ക് താളത്തിൽ നടന്നു നടന്നു മറഞ്ഞപ്പോൾ ഹാളിൽ ചിരിയുടെ പെരുമഴ!
തൊട്ടു മുമ്പുണ്ടായ പാമ്പു കടിയുടെ വേദന മാറുന്നതിനു മുമ്പേ തലയിൽ വെട്ടിയ ഇടിയുടെ ആഘാതവുമായി മകൻ സ്റ്റേജിൽ ടാബ്ളോ പരുവം.
ഹരിയും ഗോപിയും ചേർന്ന് പിന്നിൽ പോയി കാര്യം പറഞ്ഞ് മനസ്സിലാക്കിയപ്പോൾ ടാഗോർ ദാസ് മൈക്കിലേക്ക് ഓടി വന്ന് എണ്ണി നൂറ്റിയൊന്ന് സോറി പറഞ്ഞു. ശേഷം മകന് സമ്മാനം നൽകി ആലിംഗനം ചെയ്ത് സ്റ്റേജിന്റെ സ്റ്റെപ്പിറങ്ങി അവനെ സീറ്റു വരെ എത്തിച്ച് തിരിച്ചു പോയി ബഹാരോം കീ ബാരാത് .... പാടി അന്തരീക്ഷമർദ്ദം ലഘുതമ സാധാരണമാക്കി.
പെട്ടി എന്റെ കയ്യിലേൽപ്പിച്ച് വിയർപ്പൊപ്പുമ്പോൾ മകൻ പറഞ്ഞു:
"കോളേജിലെ റാഗിങ്ങിന്റെ ടെൻഷൻ തീർന്നു."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ