2025 ഏപ്രിൽ 18, വെള്ളിയാഴ്‌ച

അനശ്വരം

 

അനശ്വരം 

മുപ്പത്തഞ്ച് വർഷം മുമ്പ് തൃശ്ശൂർ രാഗത്തിൽ 'ഒരു വടക്കൻ വീരഗാഥ' കാണാൻ പോയപ്പോൾ കൂടെ അമ്മയുണ്ടായിരുന്നു. അമ്മ ജീവിതത്തിൽ തിയ്യറ്ററിൽ കാണുന്ന രണ്ടാമത്തെ സിനിമ. ആദ്യത്തേത് 1961 ൽ ജോസ് തിയ്യറ്ററിൽ കണ്ട ഉണ്ണിയാർച്ച. അമ്മ കണ്ട രണ്ടു സിനിമകളുടേയും കഥ ഒന്നായത് യാദൃശ്ചികമല്ല. കാരണം വെറും നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന അമ്മയുടെ ഏക സാഹിത്യ പരിചയം വടക്കൻപാട്ടായിരുന്നു. നാട്ടിലെ പൂരപ്പറമ്പിൽ എതോ വർഷത്തെ പൂരത്തിന് വാങ്ങിച്ച വടക്കൻപാട്ടു ബുക്ക് കുറെ കാലം അമ്മ ഭദ്രമായി മുണ്ടു പെട്ടിയിൽ സൂക്ഷിച്ചു വെച്ചിരുന്നു. ഏതാണ്ടൊക്കെ കാണാപാഠമായി അമ്മ പാടുകയും ചെയ്തിരുന്നു. കാഴ്ച ശക്തി കുറഞ്ഞും പുസ്തകം പഴകി നുലഞ്ഞും വായന ബുദ്ധിമുട്ടായി വന്നപ്പോൾ അത് ഈണത്തിൽ പാടുക എന്ന ദൌത്യം കോളേജിൽ പഠിച്ചിരുന്ന ചേച്ചിയിൽ വന്നുചേർന്നു. എല്ലാവർക്കും എന്ന പോലെ അമ്മയ്ക്കും ആരോമലും ആർച്ചയും തന്നെ ആരോമലുണ്ണികൾ. ചന്തുവിനെ പറ്റി മിണ്ടരുത് അത്രക്ക് വെറുപ്പ്!.

വീട്ടിൽ ടീവിയിൽ സിനിമ കാണുന്ന സ്വഭാവമില്ലാതിരുന്ന അമ്മക്ക് വടക്കൻ വീരഗാഥയെ പറ്റി കേട്ടറിഞ്ഞതു മുതൽ ഒരേ ആവശ്യം; അതൊന്നു തനിക്കും കാണണം. അമ്മയ്ക്കന്ന് വയസ്സ് എഴുപത്താറ്. തിയ്യറ്ററിലൊക്കെ ഇരിക്കാനും കാണാനും പറ്റുമോ അമ്മക്ക് തണുപ്പ് പിടിക്കുമോ എന്നൊക്കെ ഇടവിടാതെ ചോദിച്ച് നിരുത്സാഹപ്പെടുത്താൻ ഞങ്ങൾ നോക്കിയെങ്കിലും ആവശ്യത്തിൽ നിന്ന് അമ്മ കടുകിട പിന്മാറിയില്ല. ആരോമലിനേയും ഉണ്ണിയാർച്ചയേയും കണ്ടേ തീരൂ. കാറു വിളിച്ച് സകുടുംബം രാഗം തിയ്യറ്ററിലെ വിസ്മയത്തിലേക്ക് പ്രവേശിക്കുമ്പോൾ അമ്മ വളരെ സന്തോഷവതിയായിരുന്നു.
അന്ന് സിനിമ കഴിഞ്ഞു തിയ്യറ്റർ വിട്ട് പുറത്തിറങ്ങുമ്പോൾ ഞങ്ങൾ ചോദിച്ച ചോദ്യത്തിന് കണ്ണീർ തുടച്ചുകൊണ്ട് അമ്മ പറഞ്ഞ മറുപടി ഇന്ന് വൈകീട്ട് ഐനോക്സ് വിട്ടിറങ്ങുമ്പോഴും എൻ്റെയുള്ളിൽ കിടന്നു വിങ്ങി.
"അമ്മക്ക് സിൽമിഷ്ടായാ?"
"ഇഷ്ടായി. ഔ ആ കുട്ടീടെ വെസനം കണ്ടൂടാ, ഈശ്വരാ എത്രാലം ഉള്ളില് കൊണ്ടടന്നു!"
"ആരടെ? ആരോമലിൻ്റ്യാ?"
സ്വാഭാവിക സംശയത്തിന് അമ്മ ഇടറിയ സ്വരത്തിൽ പറഞ്ഞ മറുപടി കേട്ടപ്പോൾ ഞങ്ങൾ വിസ്മയത്തോടെ പരസ്പരം നോക്കി.
"അല്ല, ചന്തു! ഇങ്ങന്യൊന്ന്വല്ലലോ കഥ കേട്ടേക്കണ്!"
എംടി അനശ്വരൻ തന്നെ!

May be an image of 1 person and beard
hers

അന്തോണീസ്



 മാർച്ച് ....

കൃത്യം അമ്പതു കൊല്ലം മുമ്പ് കേരളവർമ്മ കോളേജിനോട് വിട ചൊല്ലിയത് മാർച്ച് മാസത്തിലാണ്.
പഴയ വർമ്മന്മാരായ ചങ്കുകൾ ചേർന്ന് അവസരം കത്തിക്കാൻ തീരുമാനിച്ചു. രാവിലെ തൃശ്ശൂരിൽ നിന്ന് എല്ലാവരും ഒരുമിച്ച് പുറപ്പെട്ട് കോളേജ് പറമ്പിൽ (ഞങ്ങൾക്കന്നും ഇന്നും പറമ്പാണ് ക്യാമ്പസല്ല ) ഒരു മണിക്കൂർ കറങ്ങിയ ശേഷം തൃശ്ശൂർ കാഞ്ഞാണി റോഡിൽ പരയ്ക്കാട് പാടത്തും കരയിലുള്ള റിസോർട്ടിൽ 'ആർഭാടം കതിനാവെടി കത്തിക്കുത്ത് പാനോപചാര പ്രസംഗം' (പ്രയോഗത്തിന് കൂട്ടാലെ നാണ്വാരോട് കടപ്പാട്)അങ്ങനെയാണ് കാര്യപരിപാടി ആസൂത്രണം.
കുറുപ്പം റോഡിൽ ജനാർദ്ദനൻ്റെ മൊണാലിസ സ്റ്റുഡിയോക്കു പിന്നിൽ നിർത്തിയിട്ട ടെമ്പോയിൽ ഗുഡ് നൈറ്റ് രാജുവിൻ്റെ പിന്നിലായി കയറി വലതു വശത്തു മലർക്കെ സ്വാഗതം ചെയ്ത ആദ്യസീറ്റിലിരുന്ന് ഇടം തിരിഞ്ഞൊന്നു നോക്കിയപ്പോൾ ആൻ്റണി! പുറത്തു നിൽക്കുമ്പോൾ ചില്ലിനിടയിലൂടെ എന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്ന മുഖമാരുടേതെന്ന് മനസ്സിലായിരുന്നില്ല.
"അ: ആൻ്റെണി! പൊറത്ത്ന്ന് കണ്ടപ്പോ മൻസിലായില്ല്യാട്രാ!"
"അതങ്ങന്യാടാ, മനസ്സിലാവണച്ചാ ഉള്ളീക്കേറണം. എല്ലാങ്ങന്യാ."
പഴയ കേരളവർമ്മ ഫുട്ബോൾ ടീം നായകൻ്റെ എഴുപത്തിരണ്ടിലും ബലിഷ്ഠമായ കൈ പിടിച്ചു കുലുക്കുമ്പോൾ ചോദിച്ചു:
"ആൻ്റെണി പറേട, നീയിപ്പോ അമ്മാടത്തന്ന്യാ?"
"ഞാൻ കുരിയച്ചിറേലാടാ. അമ്മാടത്ത്ന്നൊക്കെ പോന്ന്ട്ട് കാലെത്ര്യായി!."
"ഓ, മ്മടെ ജാതവേദന്യൊക്കെ നീയ്യ് കാണാറ്ണ്ടാ? ഇപ്പളും തായമ്പകേം ദേഹണ്ഡോം ഒക്കേണ്ടോ ഗഡിക്ക്?"
"ഹിരണ്യൻ മരിച്ചന്ന് കണ്ടേർന്നു. ഹിരണ്യൻ്റെ ദഹനൊക്കെ അമ്മാടത്ത് വീട്ടിലാർന്നൂലോ? അവൻ ഹിരണ്യൻ്റെ റിലേറ്റീവല്ലേ. പിന്നെ മറ്റേ കൊട്ടിൻ്റേം പാചകത്തിൻ്റേം കാര്യറീല്ല്യ. അവൻ മെഡിക്കൽ റെപ്പാർന്നൂലോ."
"അമ്മാടത്ത് നീയ് ആൻ്റെണി മാഷെ അറില്ല്യേ? സെൻ്റ് ആൻ്റണീസ് സ്കൂൾലെ? മാഷടെ മോൻ ഷെല്ലി, സ്റ്റേറ്റ് ബാങ്കില് ഏജിയെമ്മാർന്നു. ബാങ്കില് നമ്മള് ബാച്ച് മേറ്റ്സാ."
"പിന്നേ! ആൻ്റണി മാഷൊക്കെ മരിച്ചില്ല്യേ, മാഷേം അറീം മാഷടെ മോൻ ഷെല്ല്യേം അറീം. അതൊക്കെ പോട്ടെ, നെനക്ക് അമ്മാടത്തെ ഒരു വർഗ്ഗീസിനെ അറ്യോ?"
ആൻ്റെണി ചുണ്ടിൽ ലേശം പുച്ഛം കോക്രിച്ചുക്കൊണ്ട് ചോദിച്ചു:
"അതേതാടാ ഒരു വർഗ്ഗീസ് ?"
"അയ്, വർഗ്ഗീസിനെ അറീല്ല്യാന്നാ? എക്കണോമിക്സിലെ? ഫുട്ബോളറ്? കോളേജ് ടീം ക്യാപ്റ്റനൊക്ക്യാർന്നു? നിയവൻ്റെ കമ്പന്യാർന്നില്ല്യേ? "
തരിപ്പിൻ്റെ ഒരു ചീള് നട്ടെല്ലിലൂടെ പാഞ്ഞ് സഹസ്രാരത്തിൽ കയറി!
"ഡാ വർക്ക്യേ!"
"ഹഹഹ മൻസിലായാ?"
"സോറീട്രാ! ഞാൻ... ഇക്കെന്തോ!"
"അതാടാ പർഞ്ഞേ പൊറത്ത് നിന്നാ ഒന്നും മൻസ്സിലാവില്ല്യ. ഉള്ളീ കേറണം. അയ്നല്ലട ബനേ ഇതൊക്കറേഞ്ചീതേ. അല്ലറാ ജനാർദ്ദനാ?
"എന്തടാ വർഗ്ഗീസേ?"
"ഒന്നൂല്ലിട, ഇവനേയ് വണ്ടീക്കേറീട്ട് ഈ സമയം വരെ എന്നെ വിളിച്ചത് ആൻ്റെണീന്നാ."
"അയ് ബാലന്ദ്രാ എന്താണ്ടാദ്? ന്ന്ട്ട് വർഗ്ഗീസിനെങ്ങനെ കിട്ടീ?"
"കേരള വർമ്മേലെ എൻ്റെ ആധാർ ഡീറ്റെയിൽസ് മുഴൻ കൊടത്ത് അമ്മാടം വർഗ്ഗീസിനെ അറ്യോന്ന് ചോയ്ക്കണ്ടി വന്നു."
"ൻ്റെമ്മേ! ബാലന്ദ്രാ, നെനക്ക് ഇത്രോർമ്മക്കേടാ?"
"വയസ്സെഴുവത്ത്രണ്ടായില്ലിടാ ക്ഷമി!"
"ഓ പിന്നേ! മ്മക്കൊക്കെ വയസ്സ് ഇരുവത്തേഴല്ലേ? "
"ഹഹഹ! അതൊക്കെ പോട്ടെ ആരടാ ബാൽന്ദ്രാ ഈ ആൻ്റെണി?"
"നീയമ്മാടത്ത്കാരനല്ലേ, നെൻ്റെ അന്തോണീസ് പുണ്യാളനാവും!"

വർഷങ്ങൾക്ക് മുമ്പ് ലാൽ ജോസിൻ്റെ വെളിപാടിൻ്റെ പുസ്തകത്തിലെ പ്രിൻസിപ്പലച്ചന് സ്ക്രിപ്റ്റ് അസിസ്റ്റൻ്റ് പഠിപ്പിച്ചു തന്ന കുരിശുവര ഇനിയും മറന്നിരുന്നില്ല, ഞാനൊരെണ്ണം വരച്ചു.

സർവ്വസജ്ജം

സർവ്വസജ്ജം

അലൂമിനിയം കോണിയുമായി വീട്ടുപടിക്കൽ പെട്ടി ഓട്ടോറിക്ഷ വന്നു നിന്നു. അകത്ത് അടുക്കള പെയിൻ്റ് ചെയ്തുകൊണ്ടിരുന്നയാൾ - അദ്ദേഹം കോൺട്രാക്ട്ടറുമാണ് - ഉടൻ പടിക്കലേക്ക് ഓടിച്ചെന്നു. മടക്കു കതിരയും താങ്ങി അയാൾ വരുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു:
"അല്ലാ ഗോവാൽഷ്ണാ, ഒരു വാക്ക് ചോയ്ക്കാർന്നില്ല്യേ സാനം ഇവട്യന്നെ ണ്ടാർന്നൂലോ?"
"ഉവ്വാ, അയ്യോ, സാരല്ല്യ ബാലേട്ടാ. കാര്യം പടപടാന്ന് നടക്കട്ടേന്ന് വിചാരിച്ചതാ. വീട്ടില് സാനണ്ടേയ്."
അത് പ്രൊഫഷണലിസം. ഇനി ഇത് നോക്കൂ

:
:
:
വീട്ടില് ഇലക്ട്രീഷ്യന് വന്നു. പിയാനോ സ്വിച്ചിൽ കിടികിടീന്ന് നാല് സിംഫണി വായിച്ച ശേഷം കക്ഷി ചോദിച്ചു:
"ഇവടെ മീറ്ററ്ണ്ടാ?"
"ഇല്ല്യ."
"മീറ്ററ് വേണം. ഞാന് പോയി പിന്നെ വരാം".
പോയി. പോയ പോക്ക് തന്നെ!
:
:
വീട്ടിലെ വാട്ടർ പൈപ്പുകളെല്ലാം പരിശോധിച്ചു കഴിഞ്ഞപ്പോള് പ്ലമ്പറുടെ ചോദ്യം:
"മെയിൻ വാല്വ് മാറ്റണം. പൈപ് റെഞ്ച് കൊണ്ടന്നില്ല്യ, ഇവടേണ്ടാ?"
"ഇല്ല്യ. ചവണേണ്ട്."
"ചവണോണ്ടൊന്നും പറ്റില്ല്യപ്പ! പൈപ്രെഞ്ചന്നെ വേണം!.
ഞാനതും കൊണ്ട് ഉച്ചക്ക് വരാം."
:
:
കര്ട്ടന് റോഡ് പിടിപ്പിക്കാന് വന്നവന് സ്ക്രൂവിന് മാർക്കിട്ട് കുറ്റി പെന്സില് ചെവിക്കിടയിൽ തിരുകി ആലോചിച്ചു നിന്നു:
"ഡ്രില്ലറ് എടുത്തില്ല."
"ഇവടെല്ല്യാട്ടാ സാനം!."
"അടുത്ത വീട്ടിലെങ്ങാനും?"
"അതൊക്കെ സുഹൃത്തേ നിങ്ങള് കൊണ്ട് വരണ്ടതല്ലേ!."
"ശരി, അതും കൊണ്ട് വൈകീട്ട് വരാം ഞാൻ."
കര്ട്ടന് സെറ്റ് ഒരാഴ്ച ചുളിവ് നിവരാതെ സേയ്ഫില് സേഫ്!.
അത് അൺപ്രൊഫഷണലിസം!
:
:
:
മുറ്റത്ത് ഭീഷണിയുയര്ത്തി നിന്ന മാവു മുറിക്കാന് ഏല്ലിച്ചയാള് വന്നു ഗേറ്റ് തുറക്കുന്നതു കണ്ടപ്പോള് ഞാൻ പടിക്കലേക്ക് ഓടിച്ചെന്നു ചോദിച്ചു.
"മാവു മുറിക്കാനല്ലേ?"
"അതേ!."
"മോട്ടറോണ്ടാണോ മുറിക്കണ്?"
"അതേ. മോട്ടറൂണ്ട് മഴൂണ്ട്?"
"മോട്ടറ് കൊണ്ടോന്ന്ണ്ട്, ല്ല്യേ?"
"ഉവ്വ്, എന്തേ?."
"ഡീസല് കരുതീണ്ടാവൂലോ?."
"ഡീസലൂണ്ട്. അല്ല, എന്തേ മാഷേ?".
"എയ് ഒന്നൂല്ല്യ സൂര്ത്തേ, മടങ്ങണുണ്ടോന്നറ്യാന് ചോച്ചതാ!."

s

ബാലൻ

 

ബാലൻ

എഴുപതുകളുടെ അവസാനത്തിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ബാലൻ തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരിക്കെ. നാട്ടിൽ തൊഴിലില്ലായ്മ മുടിയഴിച്ചാടുമ്പോൾ അച്ഛനമ്മമാരുടെ നെഞ്ചിൽ തീ കോരിയിട്ട് ഹൈദരബാദിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പിലെ ജോലി രാജി വെക്കുകയും നാട്ടിൽ നാടകം കളിച്ചു നടക്കുകയും ചെയ്ത (മൂത്ത ജ്യേഷ്ഠൻ രോഷത്തോടെ പറഞ്ഞ അപായകരമായ ആത്മവിശ്വാസം) എൻ്റെ അഹമ്മതി ജീവിതത്തിൻ്റെ നാളുകളിലൊന്നിൽ.

സർക്കാർ തലത്തിൽ കേരളോത്സവം ആരംഭിക്കുന്നതിനും മുന്നേ അടാട്ട് പഞ്ചായത്തിൽ നടന്നിരുന്ന പഞ്ചായത്ത് കലോത്സവത്തിൽ മത്സരിക്കാനൊരു നാടകവും തേടി അരണാട്ടുകര ക്യാമ്പസിൽ ചെല്ലുമ്പോഴാണ് ബാലചന്ദ്രനെ ആദ്യമായി കാണുന്നത്. അതിനു മുന്നേയും പരിചയമുണ്ട്; മാതൃഭൂമി വിഷുപ്പതിപ്പിൽ വിദ്യാർത്ഥികൾക്കായി നടത്തിയിരുന്ന രചനാമത്സരത്തിൽ നാടകത്തിന് ഒന്നാം സ്ഥാനം കിട്ടിയ എഴുത്തുകാരൻ എന്ന വായിച്ചറിവിൽ. അന്ന് ഞാൻ കേരള വർമ്മ വിദ്യാർത്ഥി. കോളേജ് സുഹൃത്ത് കവി ഹിരണ്യനും അന്ന് മാതൃഭൂമി മത്സരത്തിൽ സമ്മാനിതനായിരുന്നു.
'മകുടി' എന്ന നാടകത്തിൻ്റെ സ്ക്രിപ്റ്റും ഏതാനും നിർദ്ദേശങ്ങളും തന്നാണ് ബാലൻ അന്ന് ഞങ്ങളെ തിരിച്ചു യാത്രയാക്കിയത്‌. ബാലചന്ദ്രൻ്റെ സഹപാഠിയും എൻ്റെ സുഹൃത്തുമായ ജയസൂര്യ ചേർത്തല നിയോഗിച്ച അവരുടെ ജൂനിയറായ ശശിധരൻ എന്ന വിദ്യാർത്ഥിയാണ് നാടകം സംവിധാനം ചെയ്തത്. നാടകത്തിന് രണ്ടാം സ്ഥാനവും പാമ്പാട്ടിയുടെ വേഷമിട്ട എനിക്ക് മികച്ച നടൻ പുരസ്ക്കാരവും ലഭിച്ചു. അഭിനയത്തിനുള്ള ആദ്യത്തെ സമ്മാനം!. അടുത്ത വർഷം ബാലചന്ദ്രൻ്റെ തന്നെ 'തുടി' എന്ന നാടകമാണ് ഞങ്ങൾ അരങ്ങിലേറ്റിയത്. സംവിധാനവും ബാലൻ ഏറ്റെടുത്തു. അപ്പോഴേയ്ക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ലഭിച്ച് കൊച്ചി വില്ലിങ്ങ്‌ഡൺ ഐലൻ്റിൽ പ്രോബേഷനിൽ ആയിരുന്ന എനിക്ക് അക്കൊല്ലം നാടകത്തിൽ പങ്കെടുക്കാനായില്ല. പകരം ആത്മസുഹൃത്തും അയൽക്കാരനുമായ ജയന്തൻ നായകവേഷമിട്ടു. ആ വർഷവും നാടകത്തിന് ഞങ്ങൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്ക്കാരവും. മൂന്നാം വർഷം ഞങ്ങളൊന്നു മാറ്റിപ്പിടിച്ചു. ജയസൂര്യയുടെ സംവിധാനത്തിൽ അന്നവതരിപ്പിച്ചത് രണ്ടു പേരുടേയും ഗുരുവായ ജി.ശങ്കരപ്പിള്ള എഴുതിയ 'അമാലന്മാർ'. ആ നാടകം കാണാൻ സദസ്സിൽ ബാലനുമുണ്ടായിരുന്നു. നാടകം കഴിഞ്ഞപ്പോൾ പുള്ളി പിന്നരങ്ങിൽ വന്നു കൈ തന്നപ്പോൾ എന്തോ മണത്തത് ശരിയായിരുന്നു. ആ വർഷവും നാടകത്തിനു രണ്ടാം സ്ഥാനത്തോടൊപ്പം 'മധ്യവയസ്ക്കൻ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച നടനുള്ള സമ്മാനം എനിക്കു വീണ്ടും!. ആ മൂന്നു വർഷവും അവതരിപ്പിച്ച നാടകങ്ങൾ ഭൂരിഭാഗവും ബാലന്റെ രചനകളായിരുന്നു. രണ്ടാം വർഷം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ പാവം ഉസ്മാൻ, തുടി, കർണ്ണഭാരം എന്നിവയടക്കം!.
സ്കൂൾ ഓഫ് ഡ്രാമ വിദ്യാർത്ഥികളുടെ ലാബറട്ടറികളായിരുന്ന തൃശ്ശൂരിലെ പ്രധാന 'നാടക പ്രദേശ'ങ്ങളിൽ ഒന്നായിരുന്നു അടാട്ട് പഞ്ചായത്തും. രാജ് തോമസിൻ്റെ നാട്. ഇന്ന് ലോക പ്രശസ്തനായ നടൻ ഗോപാലൻ അടാട്ട് അന്ന് സ്കൂൾ വിദ്യാർത്ഥി. നിഖിൽദാസും നിജിൽ ദാസും അജയൻ അടാട്ടും സാഗർ സൂര്യയും അന്നു ജനിച്ചിട്ടു പോലുമില്ല. ജോസ് ചിറമ്മൽ, ശ്യാമപ്രസാദ്, ജയസൂര്യ, അഹമ്മദ് മുസ്ളിം, മുരളി മേനോൻ, അലക്സ് കടവിൽ, ശിവാനന്ദൻ, സന്ധ്യ തുടങ്ങി പിൽക്കാലത്ത് പ്രശസ്തരായവരുടെ സതീർത്ഥ്യനാണ് ബാലചന്ദ്രൻ എന്നറിയുന്നത് ഈ കാലത്തായിരുന്നു.
"പി.ബാലചന്ദ്രൻ. നമ്മുടെ പേരും ഇനീഷ്യലും ഒന്നാണല്ലോ ബാലാ?. നാളെ അത് ഐഡൻ്റിറ്റി പ്രശ്നമുണ്ടാക്കുമോ?."
നാടകസൌഹൃദത്തിൻ്റെ ആ നാളുകളിലൊരിക്കൽ ബാലൻ തമാശിച്ചു.
"ബെസ്റ്റ്! ഈ കാട്ടുകോഴിക്കെന്ത് ശങ്ക്രാന്തീടോ!."
ബാലൻ്റെ തമാശ പക്ഷേ പിന്നീട് യാഥാർത്ഥ്യമായി. സിനിമയുമായി ബന്ധപ്പെട്ട് ബാലനുള്ള ചില ഫോൺ വിളികൾ തെറ്റി എനിക്കാണ് വന്നിരുന്നത്!.
നാടക പഠനം കഴിഞ്ഞ് വിദ്യാഭ്യാസ കലാ സാംസ്ക്കാരിക രംഗങ്ങളിൽ ബാലൻ സജീവമാവുകയും പ്രശസ്തിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുകയും ചെയ്തിരുന്ന സമയത്താണ് ഞങ്ങൾ വീണ്ടും കണ്ടുമുട്ടുന്നത്. ജയസൂര്യയാണ് ഒരു വൃശ്ചികമാസ സന്ധ്യയിൽ ബാലചന്ദ്രനെയും കൂട്ടിക്കൊണ്ട് വീട്ടിൽ വന്നത്. ( ചേർത്തലക്കാരനായ ജയസൂര്യ 37 വർഷമായി എൻ്റെ നാട്ടുകാരനാണ്) സംസാരവും സൽക്കാരവുമായി രാവേറെ ചെന്നപ്പോള് ഞാൻ പറഞ്ഞു:
"ശരി. വല്ലാതെ വൈകി. നാളെ ഏഴു മണിക്ക് മകൾക്ക് ഡോക്ടറുടെ അപ്പോയിൻമെൻ്റുണ്ട്. നേരത്തെ എണീക്കണം."
"ഓക്കെ ബാലാ. ഞാൻ നാളെ രാവിലെ പോകും. ഇനിയും കാണാം. പിന്നെ മോൾക്കെന്താ അസുഖം?."
"വിട്ടു മാറാത്ത ജലദോഷം. ഇടക്കിടെ ശ്വാസം മുട്ട്. മൂന്നു വർഷമായി രോഗവും ചികിത്സയും തുടങ്ങിയിട്ട്. പരീക്ഷക്കാലത്തൊക്കെ വല്ലാത്ത ബുദ്ധിമുട്ടാണ്. അടുത്ത വർഷം പത്താം ക്ലാസാ!. പേടിയുണ്ട്!."
"നാളെ ആരെയാണ് കാണിക്കുന്നത്?."
"ENT സ്പെഷലിസ്റ്റ്. അല്ലാതാരാ?."
"ഞാനൊരാളെ നിർദ്ദേശിക്കട്ടെ?. ഏതായാലും ഇത്രയും കാലം കൊണ്ടു നടന്നില്ലേ. കുറച്ചു നാൾ അങ്ങേർക്കു വിട്ടുകൊടുത്തൂടെ?."
"ആർക്ക്?."
"ആളൊരു സ്വാമിയാണ്. പേടിക്കണ്ട, ആസാമിയല്ല!."
"ആരാദ്?."
"നിർമ്മലാനന്ദഗിരി. ഒറ്റപ്പാലത്താണ്‌. ചെന്നു കാണ്. വ്യത്യാസമറിയാം."
മുക്കുറ്റി സമൂലം പറിച്ച് കഴുകിയത് അഞ്ചെണ്ണം അമ്മിയിലരച്ച് ദിവസം മൂന്നു നേരം. കഷായം അരിഷ്ടം ചൂർണ്ണം ആദികളായി രണ്ടു മൂന്ന് അനുസാരികളും. മൂന്നു മാസത്തെ ചികിത്സ; മകളുടെ മൂന്നാണ്ട് മൂപ്പുള്ള 'അലർജിക് റൈനൈറ്റിസ് ' പമ്പ കടന്നു!. അന്നത്തെ പതിനാലുകാരി ഇന്ന് മുപ്പത്തിരണ്ട് കഴിഞ്ഞ അമ്മ.

"വാസാംസി ജീർണ്ണാനി യഥാ വിഹായ..."
മകുടിയുടെ റിഹേഴ്സലുകളിലൂടെ ഹൃദിസ്ഥമായ ഗീതാശ്ലോകം.
ജീർണ്ണവസ്ത്രമുപേക്ഷിച്ചു പോയിട്ട് ഇന്നേക്ക് നാലു വർഷം.....

May be an image of 1 person

s

പോറാട്ര ആസ്വാദനക്കുറിപ്പ്

പോറാട്ര ആസ്വാദനക്കുറിപ്പ് 

വി.സി. നാരായണൻ.


പൊറാട്ര   വായിച്ചു, ഇഷ്ടപ്പെട്ടു.

അന്ന് കണ്ടപ്പോൾ പറഞ്ഞതു  പോലെ ഗഹനമായ വിഷയങ്ങളോ സങ്കീർണമായ  ഭാഷയോ ഒന്നും ഈ പുസ്തകത്തിലില്ല. ഗ്രാമവും ഗ്രാമവാസികളും അവരുടെ ജീവിതഗാഥയും ഇളംകാറ്റ്  പോലെ വായനക്കാരെ തഴുകി കടന്നു പോകുന്നു. നല്ല ഒബ്‌സർവേഷൻ ഉള്ള ഒരു എഴുത്തുകാരനെ ഓരോ പേജിലും കാണാം. 

കൂട്ടുകൃഷി എന്ന കഥയിലെ മെഡിക്കൽ സർട്ടിഫിക്കറ്റ് പോലെയുള്ളതു ഞങ്ങളും ധാരാളം വിൽക്കുകയും വാങ്ങുകയും ചെയ്തിട്ടുണ്ട് .പന്തിപ്പാടയിലൂടെ ഉരുൾപൊട്ടലിൽ ഒളിച്ചു പോയ ബോസിന്റെ നിസ്സഹായത നമ്മളിൽ മിക്കവാറും അനുഭവിച്ചിട്ടുള്ളതായതുകൊണ്ട് അതിലെ നർമ്മം കൂടുതൽ മൂർച്ചയുള്ളതായി തോന്നി. വാങ്ങി വെച്ച വെള്ളം തൃശ്ശൂർ ഭാഷയുടെ തനിമയാൽ ഊഷ്മളമായി. 

പഴക്കമുള്ള ഒരു ഓർമ്മ ഓടിയെത്തി. മുഖത്തൊരു പുഞ്ചിരി തേച്ചു പോവുക എന്ന പ്രയോഗം നന്നായി(മീറ്റിങ്). ബീഡിക്കെട്ടും തീപ്പെട്ടിയും അച്ഛന്റെ കാൽക്കൽ വീണു വണങ്ങി എന്നതിലുമുണ്ട് പുതുമ (സന്നത്)

ഇനിയും എഴുതുക. എഴുത്തിന്റെ തച്ചും കണക്കും താങ്കൾക്ക് നന്നായി വഴങ്ങും. 


2025 ജനുവരി 27, തിങ്കളാഴ്‌ച

സീനിയോറിറ്റി

 സീനിയോറിറ്റി 


രണ്ട് മണിക്കൂർ!

ജീവിതത്തിൽ ആദ്യമായാണ് ഇത്രയും അധികം സമയം വരിയിൽ നിന്നു വോട്ടു ചെയ്യുന്നത്. ഏഴരയ്ക്ക് വന്നിട്ട് ഒമ്പതരയ്ക്കാണ് ബൂത്തിൽ കടന്നത്.

"കാലത്ത് നേർത്തെ ചെന്നാൽ തെരക്ക്ണ്ടാവില്ല്യ വേഗം വോട്ടീത് പോരാം."

ഭാര്യ സമ്പ്രദായിക സൂത്രം നിർദ്ദേശിച്ചത് ശരി വെച്ചു.

"വന്ന്ട്ട് ദോശേണ്ടാക്കാം."

ആ ധാരണയിലും ഒപ്പിട്ട് ഭാര്യാസമേതം പോളിങ്ങ് സ്റ്റേഷനിൽ എത്തിയപ്പോൾ വാർഡ് മെംബർ അടുത്തു വന്നു പറഞ്ഞു:

"ബാലേട്ടാ, മുതിർന്ന പൌരന്മാർക്ക് പ്രത്യേക സൌകര്യണ്ട് ട്ടാ. ദാ അവടെ മുമ്പിൽ ചെന്ന് പറഞ്ഞാ അവര് കടത്തി വിടും."

അവശതയൊന്നും തൽക്കാലം ഇല്ലാത്തതുകൊണ്ട് മുതിർന്ന പൌരന്മാർക്കുള്ള പ്രത്യേക സംവിധാനം ആസ്വദിക്കണ്ട എന്നു തീരുമാനിച്ച് വരിയിൽ ചെന്നു നിന്നു. ആവശ്യമുള്ളവർ ആ സൌകര്യം ഉപയോഗിക്കട്ടെ. അറുപതിനു മേൽ പ്രായമുള്ള വോട്ടർമാരാണ് നീണ്ട വരികളിൽ ഭൂരിഭാഗവും. അതു കൊണ്ടായിരിക്കണം മുതിർന്ന പൌരന്മാർ എന്നതു തരം മാറ്റി വയ്യാത്തവർ ഇവിടെ വന്നിരുന്നാൽ വോട്ട് ചെയ്ത് പോകാം എന്നു പറഞ്ഞുകൊണ്ട് ഡ്യൂട്ടി പോലീസ് ഒഫീഷ്യൽ ബൂത്തിനു മുന്നിൽ വന്നു പൊടി തട്ടിയ തിണ്ണകളെല്ലാം നിമിഷമാത്രയിൽ നിരങ്ങികളാൽ നിബിഡമായി.

കണ്ടാലറിയുന്ന നാട്ടുകാരല്ലേ വന്ദേ ഭാരത് സ്പീഡിൽ പോളിങ്ങ് സ്റ്റേഷൻ്റെ പടിവരെ വന്ന് ജേസീബി സ്പീഡിൽ ബൂത്തിലെത്തി വയ്യാത്തവരായി പകർന്നാടി മിനിറ്റുകൾക്കകം വിവിപാറ്റ് കണ്ടു തൊഴുത് വീണ്ടും ജേസീബിയും വന്ദേ ഭാരതുമായി മടങ്ങുന്ന പത്തും പതിനഞ്ചും വയസ്സിന് താഴെയുള്ള അനിയനനിയത്തിമാരെ കണ്ടപ്പോൾ എഴുപത്തിയൊന്നുകാരൻ്റെ രണ്ടു മണിക്കൂർ വണ്ണമുള്ള ക്ഷമച്ചങ്ങല പൊട്ടി.

തൊട്ടടുത്തു നിന്ന പോലീസ് കോൺസ്റ്റബിളിനോട് ചോദിച്ചു:

"സർ, ഈ കടത്തിവിടലിൻ്റെ മാനദണ്ഡമെന്താ?"

"സീനിയർ സിറ്റീസൺസാണ്."

"എനിക്ക് വയസ്സ് എഴുപത്തൊന്നായി."

പോലീസുകാരൻ്റെ മുഖത്ത് ഒന്നു പരുങ്ങിയതിൻ്റെ നിഴൽ.

"ഞാൻ രണ്ടു മണിക്കൂറായി ഇവിടെ വരി നിൽക്ക്വാണ്. എത്തിയപാടെ കൈപ്പിടിച്ച് കടത്തി വിടുന്നോരൊക്കെ എന്നെക്കാൾ ഒമ്പതും പത്തും വയസ്സു താഴേള്ളോരാണ്."

"അല്ല...അത്...വയ്യാത്തോരാണ്."

"ഓടി വന്ന് വയ്യെന്ന് പറഞ്ഞാ നേര്യങ്ങ് കടത്തി വിടുന്നത് ശരിയാണോ സർ?"

"അങ്ങനെ പറഞ്ഞാ പിന്നെ നമ്മളെന്തു ചെയ്യും."

"പറഞ്ഞാ മത്യോ സർ? ശരിയ്ക്കും അവശതേള്ളോരെ കണ്ടാലറ്യാലോ? അതിനു കഴിയാതെ വന്നാ മെഡിക്കൽ സർട്ടിഫിക്കറ്റ് തരാൻ പറേണം. അത് ഫേക്കായാ പോലും ഈ പണ്യേക്കാളും ഭേദമാണ്!"

"അവർക്ക് വയ്യായ്കയില്ലെന്ന് എങ്ങനറിയാം?"

"ദിവസവും അഞ്ചും ആറും കിലോമീറ്റർ ബ്രിസ്ക്ക് മോണിങ്ങ് വാക്ക് നടത്തുന്നോരാണ് അവരിൽ ചിലർ. അത്തരക്കാരിൽ ഒരാളാ ഞാനും. അതുകൊണ്ടറിയാം."

പോലീസ് തെല്ലിട നീണ്ട വരി നോക്കി മിണ്ടാതെ നിന്നു. പിന്നെ എൻ്റെ നേരെ തിരിഞ്ഞു.

"സാറ് പറയുന്നത് ശര്യാണ്."

"പക്ഷേ ഈ നടക്കുന്നത് ശര്യല്ല."

"വന്നവശം പറഞ്ഞിരുന്നെങ്കിൽ"

"വയ്യെന്നു പറഞ്ഞ് കാര്യം നടത്തി പോകാർന്നൂല്ലേ? അതറിയാതെയല്ല സർ, ദിവസോം ആറ് കിലോമീറ്റർ സ്പീഡ് വാക്ക് നടത്തുന്ന എന്നെ കണ്ടു പരിചയമുള്ളവർ ഈ വരിയിൽ മുമ്പിലും പിന്നിലുമുണ്ട്. ഇന്നു പോലും കണ്ടവരുണ്ട്. അവര് കളിയാക്കില്ലേ സർ?"

പോലീസ് കോൺസ്റ്റബിൾ തല കുലുക്കി നിശ്ശബ്ദനായി നിന്നു. ശരിയാണ്, കിട്ടുന്ന സൌകര്യം ദുരുപയോഗിക്കുന്നതിനെതിരെ അവരെന്തു ചെയ്യാൻ?.

"സർ വിളിക്കുന്നു."

കൈത്തണ്ടയിൽ സ്പെഷൽ ഉത്സാഹി ബാൻഡ് കെട്ടിയ ചെറുപ്പക്കാരൻ അടുത്തു വന്ന് പറഞ്ഞപ്പോൾ ബൂത്തിനുള്ളിൽ കടന്നു.

വോട്ടു ചെയ്തു പുറത്തു കടക്കുമ്പോൾ പുറത്തു പുഞ്ചിരിച്ചു നിന്ന പോലീസ് കോൺസ്റ്റബിളിൻ്റെ കയ്യിൽ മുദുവായി ഒന്നു സ്വർശിച്ചു. ക്ഷമാപണമായി കരുതട്ടെ.