ബാലൻ
എഴുപതുകളുടെ അവസാനത്തിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ബാലൻ തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരിക്കെ. നാട്ടിൽ തൊഴിലില്ലായ്മ മുടിയഴിച്ചാടുമ്പോൾ അച്ഛനമ്മമാരുടെ നെഞ്ചിൽ തീ കോരിയിട്ട് ഹൈദരബാദിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പിലെ ജോലി രാജി വെക്കുകയും നാട്ടിൽ നാടകം കളിച്ചു നടക്കുകയും ചെയ്ത (മൂത്ത ജ്യേഷ്ഠൻ രോഷത്തോടെ പറഞ്ഞ അപായകരമായ ആത്മവിശ്വാസം) എൻ്റെ അഹമ്മതി ജീവിതത്തിൻ്റെ നാളുകളിലൊന്നിൽ.
സർക്കാർ തലത്തിൽ കേരളോത്സവം ആരംഭിക്കുന്നതിനും മുന്നേ അടാട്ട് പഞ്ചായത്തിൽ നടന്നിരുന്ന പഞ്ചായത്ത് കലോത്സവത്തിൽ മത്സരിക്കാനൊരു നാടകവും തേടി അരണാട്ടുകര ക്യാമ്പസിൽ ചെല്ലുമ്പോഴാണ് ബാലചന്ദ്രനെ ആദ്യമായി കാണുന്നത്. അതിനു മുന്നേയും പരിചയമുണ്ട്; മാതൃഭൂമി വിഷുപ്പതിപ്പിൽ വിദ്യാർത്ഥികൾക്കായി നടത്തിയിരുന്ന രചനാമത്സരത്തിൽ നാടകത്തിന് ഒന്നാം സ്ഥാനം കിട്ടിയ എഴുത്തുകാരൻ എന്ന വായിച്ചറിവിൽ. അന്ന് ഞാൻ കേരള വർമ്മ വിദ്യാർത്ഥി. കോളേജ് സുഹൃത്ത് കവി ഹിരണ്യനും അന്ന് മാതൃഭൂമി മത്സരത്തിൽ സമ്മാനിതനായിരുന്നു.
'മകുടി' എന്ന നാടകത്തിൻ്റെ സ്ക്രിപ്റ്റും ഏതാനും നിർദ്ദേശങ്ങളും തന്നാണ് ബാലൻ അന്ന് ഞങ്ങളെ തിരിച്ചു യാത്രയാക്കിയത്. ബാലചന്ദ്രൻ്റെ സഹപാഠിയും എൻ്റെ സുഹൃത്തുമായ ജയസൂര്യ ചേർത്തല നിയോഗിച്ച അവരുടെ ജൂനിയറായ ശശിധരൻ എന്ന വിദ്യാർത്ഥിയാണ് നാടകം സംവിധാനം ചെയ്തത്. നാടകത്തിന് രണ്ടാം സ്ഥാനവും പാമ്പാട്ടിയുടെ വേഷമിട്ട എനിക്ക് മികച്ച നടൻ പുരസ്ക്കാരവും ലഭിച്ചു. അഭിനയത്തിനുള്ള ആദ്യത്തെ സമ്മാനം!. അടുത്ത വർഷം ബാലചന്ദ്രൻ്റെ തന്നെ 'തുടി' എന്ന നാടകമാണ് ഞങ്ങൾ അരങ്ങിലേറ്റിയത്. സംവിധാനവും ബാലൻ ഏറ്റെടുത്തു. അപ്പോഴേയ്ക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ലഭിച്ച് കൊച്ചി വില്ലിങ്ങ്‌ഡൺ ഐലൻ്റിൽ പ്രോബേഷനിൽ ആയിരുന്ന എനിക്ക് അക്കൊല്ലം നാടകത്തിൽ പങ്കെടുക്കാനായില്ല. പകരം ആത്മസുഹൃത്തും അയൽക്കാരനുമായ ജയന്തൻ നായകവേഷമിട്ടു. ആ വർഷവും നാടകത്തിന് ഞങ്ങൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്ക്കാരവും. മൂന്നാം വർഷം ഞങ്ങളൊന്നു മാറ്റിപ്പിടിച്ചു. ജയസൂര്യയുടെ സംവിധാനത്തിൽ അന്നവതരിപ്പിച്ചത് രണ്ടു പേരുടേയും ഗുരുവായ ജി.ശങ്കരപ്പിള്ള എഴുതിയ 'അമാലന്മാർ'. ആ നാടകം കാണാൻ സദസ്സിൽ ബാലനുമുണ്ടായിരുന്നു. നാടകം കഴിഞ്ഞപ്പോൾ പുള്ളി പിന്നരങ്ങിൽ വന്നു കൈ തന്നപ്പോൾ എന്തോ മണത്തത് ശരിയായിരുന്നു. ആ വർഷവും നാടകത്തിനു രണ്ടാം സ്ഥാനത്തോടൊപ്പം 'മധ്യവയസ്ക്കൻ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച നടനുള്ള സമ്മാനം എനിക്കു വീണ്ടും!. ആ മൂന്നു വർഷവും അവതരിപ്പിച്ച നാടകങ്ങൾ ഭൂരിഭാഗവും ബാലന്റെ രചനകളായിരുന്നു. രണ്ടാം വർഷം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ പാവം ഉസ്മാൻ, തുടി, കർണ്ണഭാരം എന്നിവയടക്കം!.
സ്കൂൾ ഓഫ് ഡ്രാമ വിദ്യാർത്ഥികളുടെ ലാബറട്ടറികളായിരുന്ന തൃശ്ശൂരിലെ പ്രധാന 'നാടക പ്രദേശ'ങ്ങളിൽ ഒന്നായിരുന്നു അടാട്ട് പഞ്ചായത്തും. രാജ് തോമസിൻ്റെ നാട്. ഇന്ന് ലോക പ്രശസ്തനായ നടൻ ഗോപാലൻ അടാട്ട് അന്ന് സ്കൂൾ വിദ്യാർത്ഥി. നിഖിൽദാസും നിജിൽ ദാസും അജയൻ അടാട്ടും സാഗർ സൂര്യയും അന്നു ജനിച്ചിട്ടു പോലുമില്ല. ജോസ് ചിറമ്മൽ, ശ്യാമപ്രസാദ്, ജയസൂര്യ, അഹമ്മദ് മുസ്ളിം, മുരളി മേനോൻ, അലക്സ് കടവിൽ, ശിവാനന്ദൻ, സന്ധ്യ തുടങ്ങി പിൽക്കാലത്ത് പ്രശസ്തരായവരുടെ സതീർത്ഥ്യനാണ് ബാലചന്ദ്രൻ എന്നറിയുന്നത് ഈ കാലത്തായിരുന്നു.
"പി.ബാലചന്ദ്രൻ. നമ്മുടെ പേരും ഇനീഷ്യലും ഒന്നാണല്ലോ ബാലാ?. നാളെ അത് ഐഡൻ്റിറ്റി പ്രശ്നമുണ്ടാക്കുമോ?."
നാടകസൌഹൃദത്തിൻ്റെ ആ നാളുകളിലൊരിക്കൽ ബാലൻ തമാശിച്ചു.
"ബെസ്റ്റ്! ഈ കാട്ടുകോഴിക്കെന്ത് ശങ്ക്രാന്തീടോ!."
ബാലൻ്റെ തമാശ പക്ഷേ പിന്നീട് യാഥാർത്ഥ്യമായി. സിനിമയുമായി ബന്ധപ്പെട്ട് ബാലനുള്ള ചില ഫോൺ വിളികൾ തെറ്റി എനിക്കാണ് വന്നിരുന്നത്!.
നാടക പഠനം കഴിഞ്ഞ് വിദ്യാഭ്യാസ കലാ സാംസ്ക്കാരിക രംഗങ്ങളിൽ ബാലൻ സജീവമാവുകയും പ്രശസ്തിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുകയും ചെയ്തിരുന്ന സമയത്താണ് ഞങ്ങൾ വീണ്ടും കണ്ടുമുട്ടുന്നത്. ജയസൂര്യയാണ് ഒരു വൃശ്ചികമാസ സന്ധ്യയിൽ ബാലചന്ദ്രനെയും കൂട്ടിക്കൊണ്ട് വീട്ടിൽ വന്നത്. ( ചേർത്തലക്കാരനായ ജയസൂര്യ 37 വർഷമായി എൻ്റെ നാട്ടുകാരനാണ്) സംസാരവും സൽക്കാരവുമായി രാവേറെ ചെന്നപ്പോള് ഞാൻ പറഞ്ഞു:
"ശരി. വല്ലാതെ വൈകി. നാളെ ഏഴു മണിക്ക് മകൾക്ക് ഡോക്ടറുടെ അപ്പോയിൻമെൻ്റുണ്ട്. നേരത്തെ എണീക്കണം."
"ഓക്കെ ബാലാ. ഞാൻ നാളെ രാവിലെ പോകും. ഇനിയും കാണാം. പിന്നെ മോൾക്കെന്താ അസുഖം?."
"വിട്ടു മാറാത്ത ജലദോഷം. ഇടക്കിടെ ശ്വാസം മുട്ട്. മൂന്നു വർഷമായി രോഗവും ചികിത്സയും തുടങ്ങിയിട്ട്. പരീക്ഷക്കാലത്തൊക്കെ വല്ലാത്ത ബുദ്ധിമുട്ടാണ്. അടുത്ത വർഷം പത്താം ക്ലാസാ!. പേടിയുണ്ട്!."
"നാളെ ആരെയാണ് കാണിക്കുന്നത്?."
"ENT സ്പെഷലിസ്റ്റ്. അല്ലാതാരാ?."
"ഞാനൊരാളെ നിർദ്ദേശിക്കട്ടെ?. ഏതായാലും ഇത്രയും കാലം കൊണ്ടു നടന്നില്ലേ. കുറച്ചു നാൾ അങ്ങേർക്കു വിട്ടുകൊടുത്തൂടെ?."
"ആർക്ക്?."
"ആളൊരു സ്വാമിയാണ്. പേടിക്കണ്ട, ആസാമിയല്ല!."
"ആരാദ്?."
"നിർമ്മലാനന്ദഗിരി. ഒറ്റപ്പാലത്താണ്. ചെന്നു കാണ്. വ്യത്യാസമറിയാം."
മുക്കുറ്റി സമൂലം പറിച്ച് കഴുകിയത് അഞ്ചെണ്ണം അമ്മിയിലരച്ച് ദിവസം മൂന്നു നേരം. കഷായം അരിഷ്ടം ചൂർണ്ണം ആദികളായി രണ്ടു മൂന്ന് അനുസാരികളും. മൂന്നു മാസത്തെ ചികിത്സ; മകളുടെ മൂന്നാണ്ട് മൂപ്പുള്ള 'അലർജിക് റൈനൈറ്റിസ് ' പമ്പ കടന്നു!. അന്നത്തെ പതിനാലുകാരി ഇന്ന് മുപ്പത്തിരണ്ട് കഴിഞ്ഞ അമ്മ.
"വാസാംസി ജീർണ്ണാനി യഥാ വിഹായ..."
മകുടിയുടെ റിഹേഴ്സലുകളിലൂടെ ഹൃദിസ്ഥമായ ഗീതാശ്ലോകം.
ജീർണ്ണവസ്ത്രമുപേക്ഷിച്ചു പോയിട്ട് ഇന്നേക്ക് നാലു വർഷം.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ