2025 ഏപ്രിൽ 18, വെള്ളിയാഴ്‌ച

അനശ്വരം

 

അനശ്വരം 

മുപ്പത്തഞ്ച് വർഷം മുമ്പ് തൃശ്ശൂർ രാഗത്തിൽ 'ഒരു വടക്കൻ വീരഗാഥ' കാണാൻ പോയപ്പോൾ കൂടെ അമ്മയുണ്ടായിരുന്നു. അമ്മ ജീവിതത്തിൽ തിയ്യറ്ററിൽ കാണുന്ന രണ്ടാമത്തെ സിനിമ. ആദ്യത്തേത് 1961 ൽ ജോസ് തിയ്യറ്ററിൽ കണ്ട ഉണ്ണിയാർച്ച. അമ്മ കണ്ട രണ്ടു സിനിമകളുടേയും കഥ ഒന്നായത് യാദൃശ്ചികമല്ല. കാരണം വെറും നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന അമ്മയുടെ ഏക സാഹിത്യ പരിചയം വടക്കൻപാട്ടായിരുന്നു. നാട്ടിലെ പൂരപ്പറമ്പിൽ എതോ വർഷത്തെ പൂരത്തിന് വാങ്ങിച്ച വടക്കൻപാട്ടു ബുക്ക് കുറെ കാലം അമ്മ ഭദ്രമായി മുണ്ടു പെട്ടിയിൽ സൂക്ഷിച്ചു വെച്ചിരുന്നു. ഏതാണ്ടൊക്കെ കാണാപാഠമായി അമ്മ പാടുകയും ചെയ്തിരുന്നു. കാഴ്ച ശക്തി കുറഞ്ഞും പുസ്തകം പഴകി നുലഞ്ഞും വായന ബുദ്ധിമുട്ടായി വന്നപ്പോൾ അത് ഈണത്തിൽ പാടുക എന്ന ദൌത്യം കോളേജിൽ പഠിച്ചിരുന്ന ചേച്ചിയിൽ വന്നുചേർന്നു. എല്ലാവർക്കും എന്ന പോലെ അമ്മയ്ക്കും ആരോമലും ആർച്ചയും തന്നെ ആരോമലുണ്ണികൾ. ചന്തുവിനെ പറ്റി മിണ്ടരുത് അത്രക്ക് വെറുപ്പ്!.

വീട്ടിൽ ടീവിയിൽ സിനിമ കാണുന്ന സ്വഭാവമില്ലാതിരുന്ന അമ്മക്ക് വടക്കൻ വീരഗാഥയെ പറ്റി കേട്ടറിഞ്ഞതു മുതൽ ഒരേ ആവശ്യം; അതൊന്നു തനിക്കും കാണണം. അമ്മയ്ക്കന്ന് വയസ്സ് എഴുപത്താറ്. തിയ്യറ്ററിലൊക്കെ ഇരിക്കാനും കാണാനും പറ്റുമോ അമ്മക്ക് തണുപ്പ് പിടിക്കുമോ എന്നൊക്കെ ഇടവിടാതെ ചോദിച്ച് നിരുത്സാഹപ്പെടുത്താൻ ഞങ്ങൾ നോക്കിയെങ്കിലും ആവശ്യത്തിൽ നിന്ന് അമ്മ കടുകിട പിന്മാറിയില്ല. ആരോമലിനേയും ഉണ്ണിയാർച്ചയേയും കണ്ടേ തീരൂ. കാറു വിളിച്ച് സകുടുംബം രാഗം തിയ്യറ്ററിലെ വിസ്മയത്തിലേക്ക് പ്രവേശിക്കുമ്പോൾ അമ്മ വളരെ സന്തോഷവതിയായിരുന്നു.
അന്ന് സിനിമ കഴിഞ്ഞു തിയ്യറ്റർ വിട്ട് പുറത്തിറങ്ങുമ്പോൾ ഞങ്ങൾ ചോദിച്ച ചോദ്യത്തിന് കണ്ണീർ തുടച്ചുകൊണ്ട് അമ്മ പറഞ്ഞ മറുപടി ഇന്ന് വൈകീട്ട് ഐനോക്സ് വിട്ടിറങ്ങുമ്പോഴും എൻ്റെയുള്ളിൽ കിടന്നു വിങ്ങി.
"അമ്മക്ക് സിൽമിഷ്ടായാ?"
"ഇഷ്ടായി. ഔ ആ കുട്ടീടെ വെസനം കണ്ടൂടാ, ഈശ്വരാ എത്രാലം ഉള്ളില് കൊണ്ടടന്നു!"
"ആരടെ? ആരോമലിൻ്റ്യാ?"
സ്വാഭാവിക സംശയത്തിന് അമ്മ ഇടറിയ സ്വരത്തിൽ പറഞ്ഞ മറുപടി കേട്ടപ്പോൾ ഞങ്ങൾ വിസ്മയത്തോടെ പരസ്പരം നോക്കി.
"അല്ല, ചന്തു! ഇങ്ങന്യൊന്ന്വല്ലലോ കഥ കേട്ടേക്കണ്!"
എംടി അനശ്വരൻ തന്നെ!

May be an image of 1 person and beard
hers

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ