2013 ഒക്‌ടോബർ 29, ചൊവ്വാഴ്ച

ക്ഷണപ്രഭാചഞ്ചലം



ക്ഷണപ്രഭാചഞ്ചലം 


ഒരു വിഷുവിന്‍റെ കഥയാണ്. 

കഥനത്തിനു മുൻപായി രണ്ടു വാക്ക്.
ഈ കഥ ഒരു തരത്തിലും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല . വേഷങ്ങളും മുഹൂർത്തങ്ങളും ആസകലം ഭാവനാത്മകമാണ്. മറിച്ചു തോന്നുന്നുവെങ്കിൽ അതു ഞാനങ്ങു സഹിച്ചു!.
ഇനി കഥാകാലക്ഷേപം.
അച്ഛൻ ലേശം കള്ളുകുടിച്ചു മിനുങ്ങി വന്നിരുന്നെങ്കിൽ എന്ന് മോഹിച്ചിരുന്ന ഒരു ബാല്യക്കാരൻ്റെ കഥയാണ്.
അഞ്ചു പേരുള്ള കുടുംബം. ഗൃഹനാഥന് പട്ടണത്തിൽ ജോലി. ഭാര്യ , ആറു മക്കൾ. മക്കളിൽ മുതിർന്നവർ മൂന്നു പേര്‍ പറക്കമുറ്റി പുറത്ത്. ചിറകുവിരിയാത്തവർ ഞങ്ങൾ മൂന്നു പേര്‍ അകത്ത്. ഗാർഹിക കളിവേഷങ്ങളിൽ ഏറിയ കൂറും രൗദ്രം ആയിരുന്നു ഗൃഹനാഥന്‍റെ 

മുഖത്തെഴുത്ത്. ശാന്തവും കരുണവും നന്നേ കഷ്ടി. ആരോഗ്യപരമായ പരിഗണനകളാലാവാം സാമൂഹിക വ്യവഹാരങ്ങളിൽ ശാന്തമാണ് സ്ഥായി. വീടിനകത്ത് കരുണശാന്താദികളിൽ ഏതെങ്കിലും ഒന്ന് മുഖത്തു വിരിയണമെങ്കിൽ 'ലേശം' അകത്തു ചെല്ലണമായിരുന്നു. അവർണനും പരാക്രമിയുമായ വീരഭദ്രനെ തൊട്ടുകൂട. കിക്ക് കുറഞ്ഞവൻ ക്ഷീരവർണൻ തന്നെയായിരുന്നു അച്ഛന്‍റെ ഫേവറിറ്റ്. അതുതന്നെ കുപ്പിയിലെ ജലനിരപ്പ്‌ പകുതിയായാൽ ഷട്ടറിടും.
പച്ച വേഷം ഏതു നിമിഷവും കത്തിയായി പകർന്നാടിയേക്കാമെന്ന് അറിയാമായിരുന്നെങ്കിലും അരക്കുപ്പി തെങ്ങിൻകള്ള് പൂശി ലാസ്യമാടുന്ന അച്ഛനുവേണ്ടി മക്കളെന്നും മുട്ടിപ്പായി പ്രാർഥിച്ചുപോന്നു. അന്യത്ര ചിന്തിക്കാൻ താനാര് എന്ന മട്ടിൽ അപ്പോഴൊക്കെ പാവം മാവിലായിക്കാരിയായി അകലം പാലിച്ചു നിന്നു അമ്മ. വിഷയത്തെ മുൻനിർത്തി പിറന്നാളുകൾ, ഓണം തിരുവാതിര, നാട്ടിലെ പൂരം ഇത്യാദി വിശേഷങ്ങൾക്ക് ഒരാഴ്ച മുൻപുതന്നെ വിളക്കു തെളിയുന്ന പ്രാർഥനാശിബിരങ്ങളിൽ അഹമഹമികയാ മൂവരും പങ്കെടുത്തിരുന്നുവെങ്കിലും വിഷുവടുക്കുമ്പോൾ സ്ഫോടനാത്മകമായ ഒരു വിഷയത്തെച്ചൊല്ലി സോളിഡാരിറ്റിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടാറുണ്ട്. മത്താപ്പ്, മേശപ്പൂവ് , തലച്ചക്രം , ലാത്തിരി, പൂത്തിരി കമ്പിപ്പൂത്തിരി എന്നിവയുമായി ലോഗ്യത്തിലായിരുന്നെങ്കിലും പടക്കം എന്ന ഭീകരതയുമായി ചേച്ചിക്കു തീരെ പൊരുത്തപ്പെടാനാകുമായിരുന്നില്ല. . പടക്കവൈരിയായ സഹോദരിയുടെ ഫെമിനിസ്റ്റ് സംഘടനാ തത്വങ്ങളോടു യോജിക്കുവാനോ പടക്കരഹിത വിഷുവിനെപ്പറ്റി ചിന്തിക്കുവാനോ ഇളമുറക്കാർ ഞങ്ങൾക്കും വയ്യ. സ്വാഭാവികമായും " ഈശ്വരാ , ഇന്ന് അച്ഛൻ ഇത്തിരി കള്ളൂടിക്കണേ, കൊറേ പടക്കം മേടിച്ചു കൊണ്ടരണേ.!" എന്ന സഹോദരന്മാരുടെ ഉള്ളുരുകിയ പ്രാർഥനകളിൽനിന്ന് പ്രതിഷേധ സൂചകമായി ഇരുചെവികളിലും ചൂണ്ടുവിരൽ കുത്തിയിറക്കി വിട്ടുനിന്നു മൂവരിൽ മൂത്തവളായ സഹോദരി.
പ്രാർഥനകൾ മിക്കവാറും ഫലിക്കുക തന്നെ ചെയ്യാറുണ്ട്. അയല്പക്കത്തെല്ലാം പടക്കവും കമ്പിത്തിരിയും കത്തി കരിപ്പേറെ ചെന്നിട്ടും തങ്ങളുടെ കുടിയിൽ ഒരു തരി വെടിമരുന്നു പുകയുന്നില്ലല്ലോ എന്നു വിഷണ്ണിച്ച് താടിക്കു കയ്യും വെച്ച് രാമലക്ഷ്മണന്മാർ ഇറയത്തെ തിണ്ണയിൽ കുന്തിച്ചിരിക്കുമ്പോഴായിരിക്കും അച്ഛൻ പടി കയറി വരുന്നത്. രാവിലെ തോളത്തിട്ടുപോയ രണ്ടാംമുണ്ട് ഭാണ്ഡമായി പരിണമിച്ചു കണ്ടാൽ സഹോദരങ്ങൾ ഞങ്ങൾ ആർപ്പു വിളിക്കുകയും സമാന്തരമായി ചേച്ചി അടുക്കളയിലേക്കൊടി മാതൃസമക്ഷം പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുമായിരുന്നു.
"അപ്പ്വോ , കുട്ടാ " തുടങ്ങിയ ചക്കരവിളികളോടെ അച്ഛൻ മുന്നിൽ ഇട്ടു തരുന്ന പടക്കക്കിഴി കെട്ടഴിയുന്നതും മേശപ്പൂ വിരിയുന്നതും തലച്ചക്രം തിരിയുന്നതും പിന്നെ നൊടിയിടക്കുള്ളിലായിരിക്കും.
"സൂക്ഷിച്ചു കത്തിക്ക്വാ. കയ്യും കാലും പൊള്ളിക്കണ്ട കുട്ട്യോള്! "
എന്നും പറഞ്ഞ് അടുക്കളയിലേക്ക് പ്രവേശിക്കുന്ന അച്ഛന്‍റെ കയ്യിലെ എണ്ണ പുരണ്ട കടലാസുപൊതിയിൽ അമ്മയെ ഒട്ടിനിന്നു ചിണുങ്ങുന്ന ചേച്ചിക്കുള്ള രണ്ടു സമാശ്വാസ ജിലേബികളാണെന്ന കൊതിപ്പിക്കുന്ന യാഥാർത്ഥ്യത്തെ വെടിക്കെട്ടിന്‍റെ തത്സമയലഹരിയിൽ ഞങ്ങൾ ചേട്ടനും അനിയനും പാതി മനസ്സോടെ അവഗണിക്കാറാണ് പതിവ്.
നിയമാനുസൃത കരിമരുന്നുപ്രയോഗം ഒരു റൌണ്ട് പൂർത്തിയാക്കി അത്താഴപ്പുറമെയുള്ള രണ്ടാമൂഴത്തിലേക്ക് സംക്രമിക്കുമ്പോഴാണ്‌ അച്ഛന്‍റെ പകർന്നാട്ടം തുടങ്ങുക. ചിമ്മിനിവിളക്കിന്‍റെ നാളത്തിൽ കൊളുത്തി വെപ്രാളത്തിൽ വലിച്ചെറിഞ്ഞ ആനപ്പടക്കം മുതുകത്തു വീണു പൊട്ടിയതാണെന്നാണ് ആദ്യം തോന്നുക. പിന്നീട് സ്വബോധം തിരിച്ചു കിട്ടുമ്പോൾ കാണാം.....
വിചിത്രവീര്യം പടിയിറങ്ങി ലാസ്യം മാറ്റി താണ്ഡവമണിഞ്ഞ് തൊട്ടുപിന്നിൽ അച്ഛന്‍റെ ദീർഘകായം!.
"പോയി കെടന്നൊറങ്ങട!. കണ്ണും ചെവിടും കേക്കാൻ നൂർത്തീല്ല്യാണ്ട്!. ന്യൊരു ശബ്ദം ഇബടെ കേട്ടാ രണ്ടും പടിക്ക് പൊറത്ത്!."
വീണ്ടും പൊട്ടാവുന്ന അടിയുടെ സമീപസാദ്ധ്യതക്കെതിരെ ജാഗ്രത പാലിച്ച് കിടപ്പുമുറിയിലേക്ക് നടക്കുമ്പോൾ നിരാശയോടെ ഓർക്കും:
"ബാക്കി വന്ന പടക്കം കത്തിക്കാൻ ഇനിയെത്ര ദിവസം ഭജനമിരിക്കണം?."
വിയർത്തൊലിച്ചു ഗന്ധകം മണക്കുന്ന ശരീരവുമായി വടക്കേ അകത്തു വിരിച്ച കോസറിയിലേക്കു ചരിയുമ്പോഴാണ് കൂനിന്മേൽ കുരുവെന്നപോലെ സഹോദരന്മാർ നടുക്കുന്ന ആ കാഴ്ച കാണുക!.
ഓടിച്ചിട്ടു പിടിച്ച ഇരയെ കടിച്ചു പറിക്കുന്ന വ്യാഘ്രത്തെപ്പോലെ തങ്ങൾ കാണാനും കേൾക്കാനും പാകത്തിൽ കശകശാന്ന് ജിലേബി ചവച്ചു തേനൊലിക്കുന്ന ദംഷ്ട്രകളുമായി ചേച്ചിയുടെ ഭീഷണമായ രൂപം മുറിയുടെ മൂലയിലെ അരണ്ട വെളിച്ചത്തിൽ!.

7 അഭിപ്രായങ്ങൾ:

  1. oru aathmarosham undoooooooooooooooooooooooooooooooooooooooooonnoru samsyam..

    മറുപടിഇല്ലാതാക്കൂ
  2. എന്റെ അമ്മവീട് മാവിലായീ ...................ലാ !

    മറുപടിഇല്ലാതാക്കൂ
  3. കഥ കൊള്ളാം, പക്ഷെ തെങ്ങിന്‍ നീര്‍ അരകുപ്പി അകത്താക്കിയാല്‍ കുട്ടികളോട് ഇത്ര സ്നേഹം തോന്നുമെങ്കില്‍ അത് അനുവദിക്കാം എന്ന് തോന്നുന്നു. ഇപ്പോള്‍ എല്ലാം ബെവ്കോ യുടെ കുത്തകയല്ലേ , നാടന്‍ കിട്ടാന്‍ വിഷമം. നീര കടലാസില്‍ മാത്രം. പണ്ടൊരു കുടിയന്‍ എന്നും ഭാര്യയെ തല്ലുമായിരുന്നു , ഒരിക്കല്‍ തല്ലു കിട്ടാതെ വന്നപ്പോള്‍ ഭാര്യ " അല്ലാ ഇന്നെനിക്കു കിട്ടാനുള്ളത് കിട്ടിയില്ലല്ലോ, അത് കഴിഞ്ഞെങ്കില്‍ ഉറങ്ങാമായിരുന്നു" പാവം,പതിവുകള്‍ മുടങ്ങിയാല്‍ വിഷമം തെന്നെ.

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ .റെയിൽവേ ട്രക്കിനടുത്തു വീടുവെച്ചു താമസിക്കുന്നവർക്ക് നാട്ടിൻപുറത്തെ പ്രശാന്തിയിൽ രാത്രിയുറക്കം കിട്ടാത്തതുപോലെ .

      ഇല്ലാതാക്കൂ
  5. സത്യമാണ് ! മുറുക്കാൻ, അരക്കുപ്പി കള്ള് ഇതിലേതെങ്കിലും ഒന്നിൽ വീണാൽ സൌമ്യത്തിൽ കുളിച്ചു കയറിയിരുന്ന ചിലരുണ്ടായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  6. ലേശം മറ്റവന്‍ അകത്തു ചെന്നാല്‍ സ്നേഹം നുരഞ്ഞു പൊന്തുന്നത്‌ കണ്ടിട്ടുണ്ട് അന്തപ്പന്‍; പ്രത്യേകിച്ചും നാട്ടിന്‍ പുറത്തേയ്ക്കുള്ള അവസാന വണ്ടിയിലെ ലോങ്ങ്‌ സീറ്റിലെ യാത്രക്കാര്‍ക്ക്!!

    മറുപടിഇല്ലാതാക്കൂ