ഫൈനല്‍ ഡോസ്
കോളിംഗ് ബെല്ലടിച്ചപ്പോള്‍ ഡോക്ടര്‍ വാതില്‍ തുറന്നു.
"ങ്ങ്ഹാ ബാലന്ദ്രൻ വര്വോ."
കസേരയിലിരുന്ന് രോഗീപീഠം ചൂണ്ടി അദ്ദേഹം പറഞ്ഞു
"ഇരിക്ക്വോ. എന്താസുഖം?."
"എനിക്കല്ല സര്‍."
"ഓ അച്ഛനാവും ല്ലേ?."
"അതെ."
"തോന്നി. അച്ഛന് പെന്‍ഷന്‍ കിട്ടീണ്ടാവും ല്ലേ?."
"അതെ."
"പെന്‍ഷന്‍ കിട്ട്യാ അച്ഛന് അസുഖം പതിവണലോ. പെൻഷൻ കിട്ട്യാ നാരേണന്‍ നായര്‍ക്കും മക്കളുടെ മണ്യോര്‍ഡറ് വന്നാ രാമക്കുറുപ്പിനും കൃത്യായിട്ടസുഖം വരും പൊറനാട്രേല്. ഇത്തവണെന്താ വിശേഷം?."
"നെഞ്ചുവേദന."
"എന്താ അച്ഛന്‍റെ ഡയഗ്നോസിസ്?."
"അറ്റാക്ക്."
"അപ്പോ അള്‍സറ് വിട്ടു ല്ലേ?."
"അതെ."
"ഇനീപ്പെന്താ ഞാന്‍ വേണ്ട്?."
"ഗുളിക."
"ഗുളിക മാറ്റി എഴുതണം ല്ലേ?. കഴിഞ്ഞ തവണ എഴുതീത് കഴിഞ്ഞ്വോ?."
"മുക്കാലും ബാക്ക്യാണ് സര്‍."
"അതെന്തേ?."
"ഡോക്ടറെന്നെ പറ്റിച്ചു. ഗുളിക വിറ്റാമിനാ. മൂത്രത്തിന് മഞ്ഞനെറണ്ട്, ചൂരൂണ്ട് ന്നൊക്ക്യാ ഇപ്പ പറേണത്."
"ഈശ്വരാ!. കണ്ട്വോ!. അപ്പ അതും കണ്ടു പിടിച്ചു!. അച്ഛനെ തൃപ്തിപ്പെട്ത്താൻ ബീ കോംപ്ലക്‌സ് മനപ്പൂര്‍വ്വം എഴുതീതാ ഞാന്‍. ബാലന്ദ്രാ അച്ഛന് ദൈവം സഹായിച്ചിട്ട് ഒരസുഖോല്ല്യ. വയസ്സായാ എല്ലാരടേം സിസ്റ്റംസൊക്കെ ഒന്നു വീക്കാവും. അതൊക്ക്യന്നെ അച്ഛനൂള്ളു. ബാക്ക്യൊക്കെ അച്ഛന്‍റെ തോന്നലാ."
"ഞാനെന്താ ചെയ്യ്വാ സാറെ!. അച്ഛനൊരു രോഗോല്ല്യാന്ന് ഇക്ക്വറ്യാം. പറഞ്ഞിട്ട് ഒരു കാര്യോല്ല്യ. സാമോം ദാനോം ഭേദോം ഒക്കെ നോക്കി. ങ്ങനെ പോയാ ഇക്ക് പ്രാന്താവും."
"നാലാമതൊരെണ്ണം ബാക്കീല്ല്യേ?."
"എന്ത്?."
"ദണ്ഡം?."
"അയ്യോ!."
"പേടിക്കണ്ട; ദേഹോപദ്രവല്ല; മൈല്‍ഡായിട്ട് ഒന്ന് ശാസിക്ക്വ. അത്രേ വേണ്ടൂ. "
"ഔ ശാസിക്ക്യേ!."
"എന്താ ശാസിച്ചാല്?."
"അച്ഛനല്ലേ!."
"അച്ഛനാച്ചിട്ട്?."
"ഡോക്ട്ടറേ!."
"അതേയ് ബാലന്ദ്രാ, അച്ഛനിത് രണ്ടാം ബാല്യാ. അതിന്‍റെ കുറുമ്പാ. കുറുമ്പ് കാട്ടുമ്പോ കുട്ട്യോളെ മ്മള് ചീത്ത പറ്യാറില്ല്യെ?. "
"ന്നാലും."
"സഹിക്കാൻ പറ്റാണ്ടാവുമ്പോ സമസ്താപരാധം പൊറുക്കണേന്ന് ഈശ്വരന്യങ്ങട് മനസ്സില് ധ്യാനിച്ചിട്ട് സ്നേഹത്തോടെ നാല് ചീത്ത പറയാ. ചെലപ്പോ സമാധാനം കിട്ടീന്ന് വരും. തമാശ്യായിട്ട് കൂട്ടണ്ട; പരീക്ഷിച്ചു നോക്ക്വോ."
:
:
:
ചികിത്സ കൃത്യമായിരുന്നു. രണ്ടു മൂന്ന് ഡോസ് പൂര്‍ത്തിയായപ്പോള്‍ അച്ഛന് നല്ല സമാധാനം കിട്ടി.
“മോനും മോള്‍ക്കും അച്ഛന്‍ നല്ല വെഷമണ്ടാക്കി ല്ലേ. ഈശ്വരാ..!.”
മരിക്കുന്നതിനു കുറച്ചു നാള്‍ മുമ്പ് അച്ഛൻ പറഞ്ഞിരുന്നു.
ഒരു രോഗവുമില്ലാതെ അച്ഛന്‍ അനായാസമരണം കൈവരിച്ചിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞു. പക്ഷേ ഡോക്റ്റര്‍ അവസാനം കുറിച്ചുതന്ന മരുന്നോര്‍മ്മയുടെ വിങ്ങല്‍ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.
നല്ല പാഠമല്ല പറഞ്ഞതെന്നറിയാം.
പക്ഷേ ചിലതൊക്കെ അങ്ങിനെയാണ്. വിറ്റാമിന്‍ ഗുളികകളും ചതുരുപായങ്ങളും നമ്മളേയും കാത്തിരിക്കുന്നുണ്ടാവാം.
ഒന്നും നമ്മുടെ വരുതിയിലല്ലല്ലോ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ