മയൂരസന്ദേശം
പതിവുപോലെ പടിഞ്ഞാറെ മുറ്റത്തെ കോവപ്പടർപ്പിൽ കായ തിരയാൻ ഇറങ്ങിയപ്പോഴാണ് വാഴക്കൂട്ടത്തിനിടയിലെ മുളകിൻ തയ്യ് ശ്രദ്ധിച്ചത്. മുഴുത്തു പച്ചച്ചു നിന്നിരുന്ന മത്തങ്ങ മുളകുകളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു!. മൂന്നു മാസം ആറ്റു നോറ്റു വളർത്തിയെടുത്ത തയ്യാണ്. നിത്യേന എണ്ണി നിർത്തിയ പത്തെണ്ണത്തിൽ കഞ്ഞിക്കു തിരുമ്പാൻ ഒരെണ്ണം ബാക്കിയില്ല!.
"ഈ തയ്യിമ്മേണ്ടാർന്ന മെളക് പൊട്ടിച്ച്വോ?."
അടുക്കളയിലേക്ക് വിളിച്ചു ചോദിച്ചു.
"ഇല്ലിലോ?."
അപ്പോ അയാള് തന്നെ; സംശയമില്ല. എളിയിൽ കൈ കുത്തി സങ്കടവും രോഷവും അടക്കാൻ പാടുപെട്ടു നിൽക്കുമ്പോഴാണ് തെക്കേ ഭാഗത്തുനിന്ന് വുവുസേല മുഴങ്ങിയത്. നോക്കി. മതിലിൽ നിൽക്കുന്നു!. ഇങ്ങോട്ടു തന്നെയാണ് നോട്ടം.
''ശെന്താങ്ങന്യായാ ചെയ്യാ!. "
"എന്തേ?."
"ആ മത്തങ്ങമെളക് ഒരെണ്ണം കാണാല്ല്യ!."
"അയ്യോ പത്ത് മിനിറ്റ് മുമ്പ് ഞാൻ നോക്കുമ്പൊണ്ടാർന്നൂലോ. എന്ത് പറ്റീ?."
"ഒക്കയാളകത്താക്കി!."
"ആര്?.
"ആ മ....മയില്!."
പറയുമ്പോൾ പല്ലിറുമ്മി!.
"ഡോ!!!."
അപരിചിതമായ ശബ്ദം കേട്ടപ്പോൾ ഞാൻ ചുറ്റിലും നോക്കി.
"ഡോ... എബടക്കാ താൻ നോക്കണ്?. ബടെ, ങ്ങട് നോക്ക്വാ!."
നോക്കി. മതിലിൽ ആലവട്ടം വിരിച്ചു നിൽക്കുന്നു. അയാൾ തന്നെ!.
"മെളക് ആര് തിന്നൂന്നാ താൻ പറഞ്ഞേ?."
"മൈല്?."
"തെളിച്ച് പറഞ്ഞേ!."
"മയില്?."
"തെറ്റീട്ടില്ലിലോ?."
"ഇല്ല്യ."
"ങ്ഹാ, സൂക്ഷിച്ച് സംസാരിക്കണം ട്ടാ!. പറഞ്ഞില്ല്യാന്ന് വേണ്ട!."
എല്ലാ സമാധാനവും പോയി. ഇന്നിനി കോവയ്ക്കയൊന്നും തിരയണ്ട!. തിരിച്ച് ഇറയത്തേക്ക് കയറുമ്പോൾ അടുക്കളയിൽ നിന്നും കേട്ടു:
"മയില് പറേണേലും കാര്യണ്ട്; ഓട്ടീട്ടീല് മലയാളം സിനിമ കാണല് കൊറച്ച് കൂടീണ്ട്പ്പൊ!."

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ