ഗണപതി
"ആ പറങ്ങോടത്തെ പാറൂട്ടീടെ വയറ് കണ്ട്വോ?."
"അതന്നേ!. വല്ലാണ്ടേണ്ട്. എഴായിട്ടേള്ളോ!. രണ്ട് കുട്ട്യാവുന്നാ തോന്നണെ."
"എനിക്ക്വങ്ങനെ തോന്നായേല്ല്യ."
"ഏറെ പേറെട്ത്ത്ട്ട്ണ്ട് ഞാൻ. ഇങ്ങനൊന്ന് ആദ്യായിട്ടാ കാൺണ്; ബുദ്ധിമുട്ടിക്ക്യാവൊ!."
പക്ഷേ നാടിൻ്റേയും വയറ്റാട്ടിയുടേയും കണക്കുകൂട്ടലുകളും ഉത്കണ്ഠകളും അസ്ഥാനത്താക്കിക്കൊണ്ടാണ് പാറൂട്ടി പെറ്റത്; സുഖപ്രസവം. സിംഗിൾ.
"ഒന്നാച്ചാലും രണ്ടിൻ്റെ തൊടണ്ട് ട്ടാ!."
ഇരട്ടക്കുട്ടികൾക്ക് കണ്ണു നട്ടിരുന്നവർ സമാധാനിച്ചത് അങ്ങിനെയാണ്.
ആകാരത്തിൽ മാത്രമല്ല ആഹാരത്തിലും രണ്ടിൻ്റെ പ്രഭാവമുണ്ട് എട്ടാമത്തെ പുത്രനെന്ന് അച്ഛന് മനസ്സിലായത് പിന്നീടാണ്.
തൃപ്രയാറമ്പലത്തില് ചോറൂണിനു തന്നെ ആദ്യ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു. പരികർമ്മി നമ്പൂതിരി നേദ്യച്ചോറും പരിപ്പും പപ്പടവും തൈരും വിളമ്പിത്തോറ്റു എന്നാണ് ചരിത്രം. അന്നപ്രാശത്തിന് രണ്ടാമത് വിളമ്പി ആചാരലംഘനം നടത്തിയ ഓർമ്മ തനിക്കില്ലെന്ന് വൃദ്ധൻ നമ്പൂതിരി അച്ഛനും അമ്മയും അറിയാതെ അമ്മാവനോട് കുശുകുശുത്തത് തനിക്കറിയാമെന്ന് പിൽക്കാലത്ത് ചേച്ചി പറഞ്ഞു കേട്ടിട്ടുണ്ട്.
ബകൻ എന്നു വിളിച്ചു കരയിപ്പിച്ചതിൻ്റെ വകയിൽ അമ്മയിൽ നിന്നും വേണ്ടത്ര വാങ്ങിക്കൂട്ടിയിട്ടുണ്ട് ചേച്ചി.
"അസത്ത്! കരിനാക്കോണ്ടോരോന്ന് പറഞ്ഞട്ട് കുട്ടിക്ക് വല്ലതും പറ്റ്വാവോ ൻ്റെ തേവരേ...!."
കൂട്ടിക്കുഴച്ച് ബ്ലാസിയ ചോറും തൈരും, വേവിച്ചുടച്ച് അരി കളഞ്ഞ നേന്ത്രപ്പഴവും രാവിലെ, ഉച്ച, രാത്രി പരിധികളില്ലാതെ കിണ്ണമൊഴിയുന്നതു കണ്ടപ്പോൾ അച്ഛന് ആധിയായി.
"ദെന്താദീ കുട്ടി ഇങ്ങനെ?. വല്ല സൂക്കേടെങ്ങാനും?."
"അതെ! കണ്ണിക്കണ്ടത് പറഞ്ഞിട്ട് കുട്ടിക്ക് വല്ല രോഗോം വര്ത്താഞ്ഞാ മതി!."
അമ്മ പ്രതിഷേധിക്കും.
പ്രതിഭാസത്തിന് വെച്ചടി വെച്ചടി ഏറ്റമല്ലാതെ ഇറക്കത്തിൻ്റെ ലക്ഷണം കാണുന്നില്ലെന്നു വന്നപ്പോൾ ഒരു നാൾ അമ്മയുടെ പ്രതിരോധങ്ങളെ വകവെയ്ക്കാതെ കുട്ടിയേയുമെടുത്ത് അച്ഛൻ ആശുപത്രിയിലെത്തി.
"ങ്ഹ നാരായണൻ നായരോ?. എന്താവോ ഈ മിട്ക്കനേം കൊണ്ട്?."
കുട്ടിയെ നോക്കി ഹൃദ്യമായി ചിരിച്ചുകൊണ്ട് ഡോക്ടർ ചോദിച്ചു.
"ഒടുക്കത്തോനാ."
"എത്ര്യായീ?."
"എട്ട് മാസം."
"ഭേഷ്! ഒരു വയസ്സിൻ്റെ വളർച്ചേണ്ട് കുട്ടപ്പന്. ഭക്ഷണൊക്കെ നല്ലണം കഴിക്ക്വല്ലേ? "
" കഴിക്ക്വോന്നാ!. അസ്സലായി!. അത് പറ്യാനാ ഡോട്ടറേ ഞാൻ ഇയാളേം കൊണ്ട് വന്നത്!."
പ്ളും പ്ളും പരുവത്തിലുള്ളവനെ ഡോക്ടറുടെ മുന്നിലുള്ള മേശയിൽ കുത്തി പ്രതിഷ്ഠിച്ചുക്കൊണ്ട് അച്ഛൻ പറഞ്ഞു.
"എന്താദ്?.".
"ദിവസം മുഴൻ കഴിച്ചോണ്ടിരിക്കണം കുട്ടിക്ക്. മുതിർന്നൊരാള് കഴിക്കണത്ര ചോറ് മൂന്നേരോം കഴിക്കും. കുടിക്കണേനും കണക്കില്ല്യ. എട്ടാമത്തോനാ. മൂത്ത ഏഴാൾക്കും ഇതുപോലെ കണ്ടട്ടില്ല്യ. പരിഭ്രമായീപ്പോ ഡോട്ടറെ കാണിക്കാന്ന് വെച്ചതാ. ന്തെങ്കിലും അസുഖം...."
" ഹ ഹ ഹ ഹ ഹ ഹ ഹ...."
നൂറു മീറ്റർ നീളമുള്ള ഒരു ചിരി ചിരിച്ചുകൊണ്ട് ഡോക്ടർ മേശയിലിരുന്നു പ്രഷർ അപ്പാരറ്റസ്സിൽ ഗവേഷണം നടത്തുന്ന കുട്ടിയെ എടുത്ത് മടിയിലിരുത്തി. തുടുതുടുത്ത കവിളിലും വയറിലും അരുമയോടെ തഴുകി.
"എന്ത് കൂട്ട്യാ ഇയാൾക്ക് ചോറ് കൊടുക്ക്വാ?."
"തൈര്."
"പോര!. ട്ടോ മോനേ... മോൻ അസ്സലായിട്ട് കഴിച്ചോളോ. അച്ഛനങ്ങട് പരിഭ്രമിക്കട്ടെ. തൈര് കൂടാണ്ട് നെയ്യും കൂട്ടിക്കൊഴച്ച് വയറ് നറച്ച് തരണന്ന് ഞാനച്ചനോട് പറേണ്ട് ട്ടാ. ഹമ്പട അച്ഛാ!."
കുട്ടിയെ തിരിച്ചേൽപ്പിക്കുമ്പോൾ ഡോക്ടർ അച്ഛനെ ഉപദേശിച്ചു.
"കഷ്ടം നാരേണൻനായരേ!. ഇക്കാര്യോം പറഞ്ഞ് എന്നെ കാണാൻ വന്ന വിവരം ആരോടും പറേണ്ട!. കുട്ട്യോള് ഭക്ഷണം കൂടുതല് കഴിക്കണത് ഒരു സൂക്കേടാ!?. കഴിക്കട്ടെ. ഇനീം കഴിക്കട്ടെ. ഒട്ടും പരിഭമിക്കണ്ട ട്ടോ."
കൺസൾട്ടേഷൻ റൂമിൽ നിന്നു പുറത്തു കടന്ന് കുട്ടിയെ മാറോട് ചേർത്തമർത്തുമ്പോൾ അച്ഛൻ്റെ കണ്ണു നിറഞ്ഞു.
"ഗുര്വാരപ്പാ...!."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ