ഒരു പിന്നാമ്പുറക്കഥ
"കാശ് കൊടുത്ത് കൂട്ടാൻ കഷ്ണം വാങ്ങാത്തോർക്ക് കൊള്ളാം!."
അപമാനവും അരികുവൽക്കരണവും അതിജീവിച്ച കായ്ക്കറിയാണ് കൊപ്പ. ആ കൊപ്പക്കും ചക്കക്കുമൊക്കെ ഇന്ന് അദാനി അംബാനി അടുക്കളകളിലും കസേരയുണ്ട്. താങ്ക്സ് റ്റു ദി പാൻഡെമിക്ക്!.
കൊപ്പക്കായ കണ്ണിൻ്റെ ദൃഷ്ടിക്കു കണ്ടുകുടാതിരുന്നിട്ടും വീടിന് മുന്നിൽ രണ്ട് തയ്യ് വളർന്നതിൻ്റെ പേരിൽ പണ്ട് ഈയുള്ളവൻ കേട്ട പരിഹാസങ്ങൾക്കും അപഖ്യാതികൾക്കും കണക്കില്ല.
"ആ വളരണത് കൊക്കോത്തയ്യൊന്ന്വല്ല ട്ടാ. കൊപ്പ്യാ കൊപ്പ. ബാലന്ദ്രൻ രാസവളട്ട് വളർത്തണതാ!. കണ്ട്വോ കായേടെ എണ്ണോം തൊടോം!."
കിണറ്റിൻ കരയിലെ കൊപ്പമരങ്ങൾ ചൂണ്ടി സുഹൃത്ത് പറഞ്ഞു.
"മോൻ്റെ ചോറൂണിന് കൊപ്പക്കായോണ്ട് പുളിങ്കറി വെച്ചോനാ ഖള്ളൻ!."
തരം കിട്ടുമ്പോഴൊക്കെ കൊപ്പയിൽ ചാരി കളിയാക്കിയിരുന്ന സുഹൃത്തിൻ്റെ വീട്ടിൽ ഒരു ദിവസം ഞങ്ങൾ മൂന്നു പേർ ചെന്നു. വായനശാല വാർഷികത്തിന് നാടകം അവതരിപ്പിക്കുന്നതിനെ പറ്റി ചർച്ചിക്കാൻ. ചർച്ചയ്ക്കൊടുവിൽ ഞാൻ ചോദിച്ചു:
"ഡാ നിൻ്റെ ചാമ്പ കാച്ചില്ല്യേ?."
നല്ല വലിപ്പവും മധുരവുമുള്ള ചൊകചൊകാ ചാമ്പക്ക കുലകുലയായി കായ്ക്കുന്ന വലിയ മരമുണ്ട് അവൻ്റെ വീടിനു പിന്നിലെ തെങ്ങിൻ തോപ്പിൽ.
"ആവോ. നോക്കീട്ടില്ലിട."
സുഹൃത്ത് ചോദ്യം അവഗണിച്ചതായി എനിക്കു തോന്നി.
"വാ നോക്കാം."
ഞങ്ങളെണീറ്റു.
"വേണ്ട്ര ഇണ്ടാവില്ല്യ."
"എന്താണ്ടാവില്ല്യാന്ന്. ഇപ്പതിൻ്റെ ടൈമാ."
ഞങ്ങൾ പടിഞ്ഞാറേ വളപ്പ് ലക്ഷ്യമാക്കി മറ്റത്തേക്കിറങ്ങിയപ്പോൾ സുഹൃത്ത് വഴി തടഞ്ഞു.
"എവടക്കാണ്ടാ നിങ്ങള്. ചാമ്പ കാച്ചിട്ടില്ല്യാന്ന് പറഞ്ഞില്ല്യേ!."
എല്ലാ തവണയും വന്ന് ഇഷ്ടം പോലെ പൊട്ടിച്ചു തിന്നാറുള്ളതാണ്. ഇതെന്താണ് ഇത്തവണ ഇവനൊരു വെപ്രാളം?. എന്നാ അതൊന്നറിഞ്ഞിട്ടു തന്നെ കാര്യം. എനിക്കു തോന്നി.
"അങ്ങനെ വരാൻ വഴീല്ല്യ. നോക്കട്ടെ, നീ മാറി നിക്ക്!."
"ഡാ ബാലന്ദ്രാ!."
''മിണ്ടാണ്ട് നിക്കട നിയ്യ്!."
ഞങ്ങളവനെ തള്ളി മാറ്റി തെക്കേപ്പുറത്തു കൂടി പടിഞ്ഞാറെ വളപ്പിൽ കടന്നു.
തെങ്ങും ഇടയിൽ കവുങ്ങുകളും നിറഞ്ഞ് ഇരുണ്ടു നിൽക്കുന്ന തൊടി. വടക്കു പടിഞ്ഞാറെ മൂലയിലേക്ക് ഞങ്ങൾ നോക്കി. കായ നിറഞ്ഞ് ചുവന്ന പൂക്കാവടി പോലെ അതാ ചാമ്പ!. കാളത്തേക്ക് നടത്തി വെള്ളമൊഴുക്കുന്ന ആണികളിലൂടെ ചാമ്പയ്ക്കരികിലേക്ക് ആർത്തി പൂണ്ട് നടക്കുമ്പോഴാണ് ഞങ്ങളത് ശ്രദ്ധിച്ചത്. കവുങ്ങെന്ന് കരുതിയത് മുഴുവനും കവുങ്ങല്ല. മുഴുത്ത കായകൾ നിറഞ്ഞു ചാഞ്ചാടുന്ന മുട്ടൻ കൊപ്പമരങ്ങൾ!.
"ഡാ...."
ഒരു മുഴുക്കാപ്പ് ചാർത്താനായി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് സുഹൃത്തിനെയല്ല പറമ്പിലേക്ക് നടന്നു വരുന്ന അവൻ്റെ അച്ഛനെ.
"എന്താല്ലാവരും നോക്കി നിന്നേ, ചാമ്പക്കായ പൊട്ടിക്കണില്ല്യേ?."
"ഇല്ല്യ, പൊട്ടിക്കാൻ പോവാ. എടക്ക് കൊപ്പകള് കണ്ടപ്പൊ ഒന്ന് നോക്കി നിന്നതാ!. ശെന്താ, എത്ര കൊപ്പോളാ!. ഒരഞ്ചുപത്തെണ്ണണ്ടാവും ല്ല്യേ?."
"ഇരുവത്തഞ്ച്."
"ഇരുവത്തഞ്ചാ!. "
"അതെ. ഒക്കവൻ നട്ടതാ."
ഞങ്ങൾ പരസ്പരം നോക്കി വാ പൊളിച്ചു നിന്നു.
"അഞ്ചെണ്ണം നമ്മക്ക് നിർത്തീട്ട് ബാക്ക്യൊക്കെ ദേവസ്സിക്ക് കരാറാക്കി."
മതിവരുവോളം പൊട്ടിച്ചു തിന്നും മടിയിൽ കിഴി കെട്ടിയും ചാമ്പക്കയുമായി വീട്ടുമുറ്റത്തു വന്നപ്പോൾ തിണ്ണയിലിരുന്നു ചിരിക്കുകയാണ് സുഹൃത്ത്!. ബേപ്പൂർ സുൽത്താൻ ഇടക്കിടെ പറയാറുള്ള ആ അളുമ്പൂസൻ ചിരി!.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ