2021 ജൂലൈ 12, തിങ്കളാഴ്‌ച

അമ്മിണിച്ചേച്ചി


അമ്മിണിച്ചേച്ചി

ആദ്യപാഠങ്ങൾ പഠിപ്പിച്ച ഗുരുവാണ്.
വല്ല്യമ്മാവൻ്റെ മകളാണ്.
അളിയൻ്റെ സഹോദരിയാണ്.
മരണം വരെയും എൻ്റെ അഭ്യുദയ കാംക്ഷിയുമായിരുന്നു.

1959ൽ ഒന്നാം ക്ലാസ്സിൽ ചേർന്ന കാലം. കരച്ചിലും പിഴിച്ചലും പിടിവലിയും ഒന്നുമില്ലാതെ കൃത്രിമമായി ഉണ്ടാക്കിയ ഒരു തരം മനശ്ശാന്തിയോടെയാണ് ആദ്യ ദിവസം സ്കൂളിൽ ചെന്നത്. ധൈര്യത്തിന് അയൽവാസിയും ബാല്യകാല സഖാവുമായ മനയ്ക്കലെ ജയന്തനുണ്ടായിരുന്നു കൂട്ട്.

"മ്മക്ക് രണ്ടാൾക്കും ഒരു ക്ലാസ്സിലിരിക്കാം ട്ടാ ചന്ദ്രാ!. "

"ശരി!."

ജയന്തൻ്റെ പദ്ധതി ഉഷാറോടെ സ്വീകരിച്ചു.
ഒന്നാം ക്ലാസ്സ് എ.....
പത്തു നാല്പത് കുട്ടികളുള്ള ഇരുട്ടു നിറഞ്ഞ ക്ലാസ് മുറിയിൽ നിലവിളികൾക്കും കളിചിരി ബഹളങ്ങൾക്കും നടുവിൽ ഇരുന്നപ്പോൾ തൊട്ടരികിൽ ആത്മസുഹൃത്തിൻ്റെ ചൂടുള്ള സാമീപ്യം ഉണ്ടായിട്ടും ഭയം മനസ്സിൽ ഇരച്ചുകയറാൻ തുടങ്ങി.
മുട്ടിനു താഴെ ഇറക്കമുള്ള നീലം മുക്കിയ വെള്ള ഖദർ ജുബ്ബയും വീതിയുള്ള പച്ചക്കര മുണ്ടും വസൂരിക്കല നിറഞ്ഞ മുഖവും ചോരക്കണ്ണുകളുമായി പിഷാരടി മാസ്റ്റർ ഒരു കൊടുങ്കാറ്റു പോലെ ക്ലാസ്സിൽ കടന്നു വന്നു.

"സൈലൻസ്!."

മേശയിൽ കനത്ത കൈപ്പത്തി കൊണ്ട് രണ്ടു തട്ടു തട്ടി മാഷ് പരുക്കൻ സ്വരമുയർത്തിയപ്പോൾ ക്ലാസ്സ് നിശ്ശബ്ദമായി. എൻ്റെ ഉള്ളിലെ കിളിയും പറന്നുപോയി.
ഹാജർ പുസ്തകമെടുത്ത് മാഷ് പറഞ്ഞു.

"ഞാൻ പേര് വിളിക്കുന്ന കുട്ട്യോളൊക്കെ എണീറ്റ് നിക്കണം!. മനസ്സിലായോ?."

ആനന്ദവല്ലി എം.
അന്തോണി എ കെ
അരവിന്ദാക്ഷൻ പി.
അയ്യപ്പൻ പി.സി.
ബാലകൃഷ്ണൻ സി
ചാന്ദ്നി പി എൻ
:
:
ഗോപിനാഥൻ പി.കെ
ജയന്തൻ പി.എൻ.
:
:
നന്ദിനി എം
ഔസേഫ് ടി പി
:
:
സാവിത്രി പി
വിത്സൻ സി.ഡി.
മാഷ് പുസ്തകമടച്ചപ്പോൾ ഇരിക്കുന്നവനായി ഞാൻ മാത്രം!.
ചോരക്കണ്ണുകളുമായി മാഷ് അടുത്തുവന്നു ചോദിച്ചു:

"നിൻ്റെ പേരെന്താ?."
"ബാലചന്ദ്രൻ!."

മാഷ് വീണ്ടും പുസ്തകമെടുത്ത് പരിശോധിച്ചു.

അരവിന്ദാക്ഷൻ
അയ്യപ്പൻ
ബാലകൃഷ്ണൻ
ചാന്ദ്........!?

" നിൻ്റെ പേരില്ലല്ലോ ഇതിൽ?."
ഞാൻ ഒന്നും മിണ്ടാനാവാതെ നിന്നു.

"നിന്നോടാരാ ഇവിടെ ഇരിക്കാൻ പറഞ്ഞത്?."

മാഷ് ചോദിച്ചപ്പോൾ ഉള്ള് കിടുങ്ങി!..

"ഇക്ക് ജയന്തൻ്റെ കൂടെ ഇരിക്കണം!."

"ആരാ ജയന്തൻ?."

"ഇവൻ."

ഞാൻ ജയന്തനെ ചൂണ്ടിക്കാട്ടി.

"ഇവനാരാ നെൻ്റെ?."

"ൻ്റെ കൂട്ടുകാരനാ!. "

"അത് ശരി!. ങ്ഹാ കൂട്ടും കള്യൊക്കെ നാട്ടിലും വീട്ടിലും മതി. ക്ലാസ്സില് വേണ്ട."

ഇതോടെ ഞാൻ വാവിട്ടു കരയാൻ തുടങ്ങി.

"കുട്ട്യോള് ക്ലാസില് കരയരുത്!. "

മാഷ് ഉറക്കെ പറഞ്ഞു. എൻ്റെ കരച്ചിൽ വർദ്ധിതവീര്യത്തോടെയായി.

"നീ ഇങ്ങട്ട് വാ!. "

മാഷ് പരുപരുത്ത കൈക്കൊണ്ട് എൻ്റെ കൈ പിടിച്ച് തട്ടിക കൊണ്ടു മറച്ച അടുത്ത ക്ലാസ്സിലേക്ക് ചെന്നു.

"അമ്മിണി ടീച്ചറേ!. രെയ്സ്റ്ററില് ബാലചന്ദ്രൻ എന്ന കുട്ടീടെ പേര്ണ്ടോ?."

സുവർണ്ണപ്രഭ പരത്തുന്ന മുഖവും പുഞ്ചിരിയുമായി ടീച്ചർ അടുത്തു വന്നു.

"ഉവ്വ് മാഷേ. ചന്ദ്രാ നീയ്യെവിട്യായിരുന്നു?. പേര് വിളിച്ചപ്പൊ കണ്ടില്ലിലോ?."

"എൻ്റെ ക്ലാസ്സില് കൂട്ടുകാരൻ്റെ ഒപ്പം വന്നിരിക്ക്യായിരുന്നു കൊച്ചു കള്ളൻ!."

രണ്ടു പേരും പൊട്ടിച്ചിരിച്ചപ്പോൾ എന്നിക്കത്ഭുതം തോന്നിയത് ഈ ഭയങ്കരൻ മാഷക്ക് ചിരിക്കാനും അറിയാമോ എന്നായിരുന്നു.

"എൻ്റെ അച്ഛൻ്റെ മരുമോൾടെ മോനാണ് മാഷേ. ചന്ദ്രൻ വാ. ഇബടേരിക്ക്. ഇതാണ് മോൻ്റെ ക്ലാസ്സ്. ചേച്ചീടെ ക്ലാസ്സാണ്, പേടിക്കണ്ട ട്ടാ."

ഒന്നാം ക്ലാസ്സ് ബി.....

പത്താം ക്ലാസ്സ് വരെയും ഡിവിഷൻ ബി പിന്നാലെ കൂടി. ബാലേന്ദ്രൻ്റെ ബി!.

ദുസ്വപ്നസദൃശമാകുമായിരുന്ന ഒന്നാം ക്ലാസ്സിനെ ധൈര്യവും ആത്മവിശ്വാസവും പകർന്നു ഗൃഹസമാനമാക്കിയ സ്നേഹത്തിൻ്റെ ഗുരുമുഖമായിരുന്നു അമ്മിണിട്ടീച്ചർ എന്ന അമ്മിണിച്ചേച്ചി.

"ചന്ദ്രാ മോനേ... നെനക്ക് സുഖല്ലേടാ?. ങ്ഹാ മിടുക്കനാവണം ട്ടാ!. "

ബാങ്കിൽ നിന്ന് റിട്ടയർ ചെയ്തിട്ട് ആറു വർഷം കഴിഞ്ഞ സമയത്ത് എന്നോട് പറഞ്ഞ വാക്കുകൾ!.

അറുപത്തിയാറിലും ആറു വയസ്സുകാരനെ കണ്ട ആ നിഷ്ളങ്കതയും വാത്സല്യവും എനിക്ക് നഷ്ടമായിരിക്കുന്നു...
അമ്മിണിച്ചേച്ചി ഇനി ഓർമ്മകളിൽ മാത്രം..
:
.

 Parangodath 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ