2021 ജൂലൈ 12, തിങ്കളാഴ്‌ച

വ്യോമകേശം സദ്ഭവം

 

വ്യോമകേശം സദ്ഭവം

"വാസുദേവാ എന്താ തൻ്റെ പറമ്പിൻ്റെ തെക്കേ മൂല ഇങ്ങനെ കാടും പടലും പിടിച്ച് കെടക്കണത്?. അവടെ ആരേങ്കിലും സംസ്ക്കരിച്ചിട്ടുണ്ടോ?."
"ഇല്ല്യ സാമീ!."
"പിന്നെന്താങ്ങനെ?. വെട്ടി വെളുപ്പിച്ച് നാല് തെങ്ങിൻ തയ്യ് വെച്ചൂടേ?."
"അത്...."
"എന്താ ഒരു സന്ദേഹം?. വാസുദേവനെത്ര മക്കളാ?."
"അഞ്ച്."
"എങ്ങന്യൊക്ക്യാ?."
"നാലാണും ഒരു പെണ്ണും."
"എല്ലാരും എന്തു ചെയ്യുണൂ?."
"പഠിക്ക്യാ. മൂന്നാള് കോളേജില് . രണ്ടാള് സ്കൂളില്."
"ആശ്രമം സ്കൂളില് തന്ന്യല്ലെ?."
"അതെ."
"അവരെവിടെ; ഇങ്ങട് വിളിക്ക്യാ കാണട്ടെ."
"മീനാക്ഷ്യേ രാമൂനേം നന്ദൂനേം വിളിച്ചേ!."
"ഓ. ഇയാളെത്രേലാ?."
"ഒമ്പതില്."
"ഇയാളോ."
"എട്ട്."
"പഠിപ്പ് മാത്രം പോര വേറൊന്നൂടി ദിവസോം ചെയ്യണന്ന് സ്കൂളില് പ്രാർത്ഥനയ്ക്ക് ഞാൻ പറയാറുള്ളത് ശ്രദ്ധിക്കാറുണ്ടോ നിങ്ങള്?."
"ഉവ്വ്."
"എന്താദ് കേക്കട്ടെ."
"പറമ്പില് നന്നായി പണി എട്ക്കണന്ന്."
"അല്ലേ?. ന്ന്ട്ടാണോ ഈ പറമ്പിങ്ങനെ കാട് പിടിച്ച് കെടക്കണത്?."
".........."
" എന്താ മിണ്ടാത്ത്?. ഇവരടെ മുത്തോരെവടെ വാസുദേവാ?."
"അവടേണ്ട്; ഡാ വേണ്വോ.... "
"അമ്പമ്പോ!. നല്ല തെങ്ങടിച്ചാ പന വീഴണ പോലത്തെ ആൾക്കാരണലോ!. ഇയാളെവട്യാ പഠിക്കണത്?."
"കേരളവർമ്മേല്."
"എന്തിനാ?."
"ബി.എ. എക്കണോമിക്സ്."
"ഇയാളോ?."
"കേരളവർമ്മലന്നെ. പ്രീഡിഗ്രി. "
"ഇവളോ?."
"വിമലേല്. ബീയെസ്സി സുവോളജി."
"ഗുഡ്!. എല്ലാരും നന്നായി പഠിക്കണ കൂട്ടത്തിലല്ലേ വാസുദേവാ?."
"ഈശ്വരാനുഗ്രഹം കൊണ്ട് സ്വാമി!."
"ങ്ഹാ അതൊക്കേണ്ടാവും. പക്ഷേ പുസ്തകം പഠിപ്പ് മാത്രം പോര. നല്ലണം ദേഹം അദ്ധ്വാനിക്കണം. തണ്ടും തടീല്ല്യേ; ഒഴിവ് സമയം കൈക്കോട്ട്ട്ത്ത് കളക്കട്ടെ എല്ലാരും. നല്ല വളക്കൂറുള്ള മണ്ണാ. അത് തരിശിടരുത്. പാപാണ്. കേട്ടില്ല്യേ എല്ലാരും?."
"ഉവ്വ് സ്വാമി."
"ങ്ഹാ ന്നാ ശരി. നന്നാവട്ടെ!"
അതായിരുന്നു വ്യോമ കേശാനന്ദ സ്വാമി.
പുറനാട്ടുകര രാമകൃഷ്ണ ആശ്രമത്തിൽ സംന്യാസിയും ആശ്രമം സ്കൂളിൻ്റെ ഹെഡ്മാസ്റ്ററുമായിരുന്നു സ്വാമി. മികച്ച അദ്ധ്യാപകനുള്ള ദേശിയ അവാർഡു് നേടിയിട്ടുണ്ട്. പൂർവ്വാശ്രമത്തിൽ പുറനാട്ടുകര വടക്കേപ്പാട്ട് വാരിയത്തെ കൃഷ്ണവാരിയരായിരുന്നതിനാൽ വാരിയർ സ്വാമി എന്നാണ് നാട്ടുകാർ അദ്ദേഹത്തെ വിളിച്ചിരുന്നത്.
സ്കൂളിനു പുറമേ ഏക്ര കണക്കിന് സ്ഥലം നാട്ടിൽ ആശ്രമത്തിന് സ്വന്തമായുണ്ട്. എല്ലാം ഫലഭൂയിഷ്ഠം. തെങ്ങും, വാഴയും മാവും പ്ലാവും കുരുമുളകുമായി കണ്ടാൽ കൊതി തോന്നിപ്പിക്കുന്ന പറമ്പുകൾ. എല്ലാം സ്വാമിയുടെ ആസൂത്രണത്തിലും നേതൃത്വത്തിലും നട്ടുവളർത്തി പരിപാലിച്ചു പോന്നവ. ആശ്രമം പറമ്പു കൂടാതെ നാട്ടിലിറങ്ങി നടന്ന് പറമ്പ് വെറുതെയിടുന്ന വീട്ടുകാരെ ഗുണദോഷിക്കാനും കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുവാനും സമയം കണ്ടെത്തിയിരുന്നു സ്വാമി. സദാ കർമ്മനിരതൻ. ജനപ്രിയൻ.
പുറനാട്ടുകര ക്ഷേത്രത്തിനടുത്തും
ആശ്രമത്തിന് പറമ്പുണ്ട്. ഏതാണ്ട് മൂന്നേക്രയോളം വരും. ഒരഞ്ഞുറ് പേർക്ക് സദ്യ വിളമ്പാനുള്ള ഇല മുറിച്ചെടുത്തിരുന്ന വാഴത്തോപ്പും നൂറുകണക്കിനു തെങ്ങും കൂടാതെ മാവും പ്ലാവും കടപ്ലാവും ജാതി മരങ്ങളും നിറഞ്ഞ് സമ്പന്നമായിരുന്ന പറമ്പ്.
പക്ഷേ വ്യോമകേശാനന്ദ സ്വാമിയുടേയും അദ്ദേഹത്തിൻ്റെ മാതൃക പിന്തുടർന്ന ശക്രാനന്ദ സ്വാമിയുടേയും കാലശേഷം ആശ്രമം പറമ്പിന് ഐശ്വര്യം നഷ്ടപ്പെട്ടു. വാഴക്കൂട്ടവും തെങ്ങിൻ നിരകളും മറ്റു ഫലവൃക്ഷങ്ങളും നാമാവശേഷമായി ആന നിന്നാൽ കാണാത്ത വിധം ഭൂമി കാടുപിടിച്ചു കിടന്നു. പാമ്പുകളും കുറുക്കന്മാരും സ്വൈരവിഹാരം നടത്തി.
ആ പറമ്പിന് ഇപ്പോൾ ശാപമോക്ഷം ലഭിച്ചിരിക്കുന്നു!.
ഒരു മാസത്തെ ലോക് ഡൌണിനു ശേഷം പുനരാരംഭിച്ച പ്രഭാത സവാരിക്കിടയിൽ ഇന്നു കണ്ട മനം കുളിർപ്പിക്കുന്ന കാഴ്ച്ച. തങ്ങൾക്ക് നഷ്ടപ്പെട്ട വസന്തഭൂമി തെങ്ങുകൾക്ക് തിരിച്ചു കൊടുക്കുവാനുള്ള ഉത്സാഹത്തിലാണ് ആശയസമ്പന്നനായ ഇപ്പോഴത്തെ ആശ്രമാദ്ധ്യക്ഷൻ. സ്വാമി വ്യോമകേശാനന്ദയുടെ യഥാർത്ഥ പിൻഗാമി തന്നെ ശ്രീമദ് സദ്ഭവാനന്ദ സ്വാമികൾ.
സ്വാമിജിക്ക്
അഭിനന്ദനങ്ങൾ
...
ആശംസകൾ
!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ