ജോസഫ് മാഷ്
ട്രെൻഡനുസരിച്ച് കിളികൾക്കു ദാഹജലം നിറച്ച മൺചട്ടിയുമായി കുറെ കാലമായി കാലെടുത്തു കുത്തിയിട്ടില്ലാത്ത ഓപ്പൺ ടെറസ്സിൽ ചെന്നപ്പോഴാണ് കയ്യെത്തും ദൂരത്തെ തോരണം കണ്ടത്. അപ്പോൾ ഓർത്തു; സംയമനം വേണം. കഴിഞ്ഞ വർഷം ചോരപ്പഞ്ചാര നൂറ്റിപ്പതിനഞ്ചിൽ നിന്ന് ഇരുന്നൂറിലേക്ക് കൊഴുപ്പിച്ച പുളിശ്ശേരി തറവാട്ടുകാരാണ് ഇളിച്ചു തൂങ്ങി നിൽക്കുന്നത്. ഷുഗർ ഫാക്റ്ററിയാണ്. ജാഗ്രത വേണം. കയ്യകലം കാതമാക്കണം. വഴിയുണ്ട്, പണ്ട് ആലപ്പാട്ടെ ജോസഫ് മാഷ് കാണിച്ചു തന്ന വഴി.
ജോസഫ് മാഷ്....
ചക്കരയും, പഞ്ചാരയും തൈരാനും കർപ്പൂരാനും മൂവാണ്ടനും ചകിരിയാനും തേനൊലിപ്പനും എന്നു വേണ്ട അക്കാലത്ത് അപൂർവ്വാൽ അപൂർവ്വമായിരുന്ന പേരയ്ക്കമാങ്ങ എന്നു ഞങ്ങൾ വിളിച്ചിരുന്ന പ്രിയോറും അടക്കം വൈവിദ്ധ്യമാർന്ന പത്തമ്പത് മാവിനങ്ങൾ നിറഞ്ഞ ഏദൻ തോട്ടമായിരുന്നു ജോസഫ് മാഷുടെ വീട്ടുപറമ്പ്. ഇന്നാണെങ്കിൽ പതിനായിരങ്ങൾ എണ്ണി വാങ്ങി കരാർ കൊടുക്കാമായിരുന്നത്ര മാങ്ങകൾ. പക്ഷേ ജോസഫ് മാഷ് കച്ചവടക്കാരനായിരുന്നില്ല.
വായനശാലയുടെ വാർഷികത്തിന് സംഭാവന പിരിവുമായി ഒരു നാൾ കയറിച്ചെല്ലുമ്പോൾ പ്രിയോർ മാവിന്റെ സമൃദ്ധമായ തണലിൽ ചാരുക്കസേരയിൽ കിടന്ന് പുസ്തകം വായിക്കുകയായിരുന്നു മാഷ്.
"എന്താ, തിരുമേനി ആൻഡ് കമ്പനി? യങ്ങ് മെൻ വിത്ത് മസിൽസ് ഓഫ് അയേൺ ആൻഡ് നെർവ്സ് ഓഫ് സ്റ്റീൽ!"
വായിച്ചിരുന്നത് വിവേകാനന്ദനെയായിരിക്കണം സരസനായ മാഷ് പുസ്തകം അടച്ചു നിലത്തു വെച്ച് സെക്രട്ടറി തിരുമേനിയേയും മൊത്തത്തിൽ ഞങ്ങൾ ചെറുപ്പക്കാരേയും സമ്പ്രദായത്തിൽ ഒന്നുഴിഞ്ഞുകൊണ്ട് സ്വാഗതം ചെയ്തു.
"വായനശാലേടെ വാർഷികാണ് മാഷെ."
തിരുമേനി ഭവ്യനായി.
"ഓ വിഷ്വടുത്തൂലോ ല്ലേ? എന്നാണ്?"
" വിഷൂനന്നേ. പതിനാലാന്തി"
"ങ്ഹും നന്നായി. വരൂ നമ്മക്കങ്ങട് പൂവാം."
പുസ്തകമെടുത്ത് വീട്ടിലേക്ക് നടക്കുന്നതിനിടയിൽ നിലത്തു വീണു കിടക്കുന്ന പരശ്ശതം മാങ്ങകൾ കണ്ട് വിസ്മയിച്ച ഉണ്ണി ചോദിച്ചു
"അല്ല മാഷേ, മാങ്ങ്യൊക്കെ പഴ്ത്ത് വീണ് നാശായി പോവാണലോ? കരാറ് കൊടത്തൂടെ?"
കച്ചവടത്തിനൊക്കെ കരാറ് എന്നാണ് അന്ന് ഞങ്ങൾ പറഞ്ഞിരുന്നത്.
കൃത്രിമമായ ഗൌരവത്തോടെ ഉണ്ണിയെ ഒന്നു നോക്കിക്കൊണ്ട് മാഷ് പറഞ്ഞു.
"നാശായി പോണില്ലിലോ? അതവർക്കുള്ളതല്ലേ."
"ആർക്ക്?"
"പക്ഷികള്?. അല്ലാതാര്? പിന്നെ വേലീം മതിലും ചാടി വരണ കുട്ട്യോള്?."
ആശ്ചര്യമൊന്നടങ്ങിയപ്പോൾ പുഷ്കരൻ ചോദിച്ചു.
"ന്നാലും എത്ര മാങ്ങോള് നാശായിപ്പൂവും മാഷേ?."
"ഇല്ലിലോ? അതവടെ കെടന്ന് വളാവില്ല്യേ?"
അതായിരുന്നു പുറനാട്ടുകര ആലപ്പാട്ട് ജോസഫ് മാഷ്. ആദ്യകാല പഞ്ചായത്ത് പ്രസിഡണ്ടുമാരിൽ ഒരാൾ...
സംഭാവന വാങ്ങി രശീതിയും ചീന്തിക്കൊടുത്ത് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞങ്ങളുടെ ഉള്ളറിഞ്ഞിട്ടാവണം നേരത്തെ പറയാൻ വിട്ടു പോയത് മാഷ് തിടുക്കപ്പെട്ട് പറഞ്ഞു :
"മിടുക്കന്മാരാരാച്ചാ കേറി ആവശ്യത്തിന് പൊട്ടിച്ചോളൂ."
കേട്ട പാതി മാവിൽ ഓടിക്കയറിയ ശശിയുടെ കാതിൽ വീട്ടുകാരുടെ എണ്ണവും കൂട്ടിച്ചേർക്കാൻ ഞങ്ങൾ മറന്നില്ല!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ