കൊച്ചുലാസറും വറീതും
അൽഷീമേഴ്സിനെക്കുറിച്ചുള്ള ടീവി പ്രഭാഷണം ശ്രദ്ധിച്ചുകൊണ്ടായിരുന്നു
അന്ന് മുതിർന്ന പൌരന്മാരുടെ സായാഹ്ന സേവാ സമിതി..
നല്ല ചിട്ടയിൽ നടന്നു പോകുന്ന കമ്പനിയാണ്. ഇത്തവണ ലാസറിൻ്റെ വീട്ടിലാണെങ്കിൽ അടുത്ത തവണ വറീതിൻ്റെ വീട്ടിൽ. അങ്ങിനെ ഒന്നരാടം വെച്ച് വീട് വിട്ട് വീട് മാറി എന്നാണ് ഉഭയസമ്മതം. എം ഓ യു. പ്രകാരം മൂന്ന് സ്മോളാണ് നിത്യനിദാനം. അതിൽ രണ്ട് കഴിഞ്ഞു.
"അൽഷിമേഴ്സ് രോഗത്തെക്കുറിച്ചുള്ള ഡോ. വിനീത സജിൻ്റെ പ്രഭാഷണം അവസാനിക്കുന്നു. പാർക്കിൻസൺസ് അസുഖത്തെക്കുറിച്ചാണ് ഈ പരമ്പരയിലെ അടുത്ത പ്രഭാഷണം. അപ്പോൾ കാണാം അടുത്ത ആഴ്ച ഇതേ ദിവസം ഇതേ സമയം. നമസ്ക്കാരം!."
"അപ്പതാ കഴിഞ്ഞു. നീയതാ മോന്തി ക്ലാസിങ്ങട് തന്നേ വറീതേ."
മൂത്ത മോൻ ആസ്ത്രേലിയയിൽ നിന്നു കൊണ്ടുവന്ന സിംഗിൾ മാൾട്ടിൻ്റെ കുപ്പി കോർക്ക് തുറന്ന് അന്നത്തെ അവസാന പെഗ് ഗ്ലാസിൽ ഒഴിക്കവേ കൊച്ചുലാസറിൻ്റെ കൈ ചെറുതായൊന്നു വിറച്ച് ഒരല്പം പുറത്തു പോയതു കണ്ടപ്പോൾ വറീത് തലയിൽ കൈവെച്ചു..
"ൻ്റീശോയേ!. ഡാ ലാസറേ സാനാ പോണേ!. ദെന്താണ്ടാ നെനക്ക് കൈവെറേണ്ടാ?."
"ശെകരണ്ട്. ന്നാലും കാര്യാക്കാല്ല്യ. മറ്റേനേക്കാളും ഭേദണലോ!."
"ഏനേക്കാളും?."
"അയ്, ഇപ്പന്നെ ആ പെണ്ണ് ഡോട്ടറ് ഒരു കേടിനെപ്പറ്റി പർഞ്ഞേർന്നില്ലിറാ?. എന്തൂട്ടാണ്ടി പർഞ്ഞേ അൽസേഷ്യനാ?."
ടീവി ഓഫ് ചെയ്യാൻ അവർക്കിടയിലേക്ക് കടന്നു വന്ന രണ്ടാമത്തെ മകൻ്റെ ഭാര്യ ജിൻസിയോട് ലാസറ് ചോദ്യം ഘടിപ്പിച്ചു.
"അപ്പാ, അൽസേഷ്യനല്ല, അൽഷിമേഴ്സ്."
ടീവി അണച്ചു മടങ്ങുമ്പോൾ സൌത്തിന്ത്യൻ ബാങ്കുകാരി വായ പൊത്തിച്ചിരിച്ചു.
"ങ്ഹാ അദ്ദന്നെ ഏത്?. ഓർമ്മക്കേട്. എന്ത് കൈവെറ വന്നാലും ഓർമ്മക്കേട് വരരിക്ക്യോൻ്റെ കർത്താവേ!."
"അതെന്താണ്ടാദ്!. കൈവെറ നിസ്സാരാന്നാ നിയ്യ് വിചാരിച്ചടക്കണ്!?. "
"ന്നാലും സമാനണ്ടലോ?."
"ന്തൂട്ട് സമാനം?."
"ഒഴിക്കുമ്പോ കയ്യ് വെർച്ചട്ട് അരൌൺസ് പൊറത്ത് പോയാലും എട്ത്ത് വെച്ച കുപ്പി ഓർമ്മേല്ല്യാണ്ട് പൂവില്ലിലോ?."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ