പ്രകാശം പരത്തുന്നവർ
"എന്താ ബാലേന്ദ്രാ വിശേഷം. ജോലി തൃശ്ശൂരന്ന്യല്ലേ?"
"അതേതെ. തൃശ്ശൂരന്നെ."
"പ്രായാവും തോറും അച്ഛന്റെ ഛായായി വര്വാണലോ. ചെർപ്പത്തില് അമ്മേടെ ഛായാ തോന്ന്യേർന്നെ. "
"ഹഹ.. നല്ല ഓർമ്മ്യാണലോ!"
"പിന്നേ! ന്റെ നാരണുട്ടീടൊപ്പല്ലേ ബാലേന്ദ്രൻ. ഓർമ്മേല്ല്യാണ്ടിരിക്ക്യോ!. പക്ഷേ ഇപ്പാളാകെ മാറീട്ടാ. മോത്ത് നോക്ക്യാ നാരേണൻ നായരന്നെ! മുറിച്ച് വെച്ച പോലെ!"
ബാലഷ്ണൻ എന്ത് പറേണു? ആലുവേലന്ന്യാ?"
"ഏയ്, ചേട്ടൻ ഇപ്പ തൃശ്ശൂരാ. മോന്റെ കൂടെ."
"അത്യാ! ഞാറിഞ്ഞില്ല്യ ട്ടാ. നന്നായി. അസുഖൊന്നുല്ലിലോ?"
" സുഖന്നെ"
"ഈശ്വരാ...! ബാലഷ്ണന്റെ മോന് എന്തിലാ ജോലി?"
"ഇൻകം ടാക്സില്"
"മോള്?"
"ആസ്ത്രേലിയേല് അവൾടെ മോൾടെ കൂടെ."
" ഓഹോ."
"രാജ്യനിപ്പൊ എവട്യാ?"
"ബാംഗളൂര് ."
"രാജ്യന് രണ്ട് കുട്ടോളല്ലേ?"
"അതെ"
"എല്ലാവരും സ്വസ്ഥല്ലേ?"
"എല്ലാവരും സ്വസ്ഥം."
" കൃഷ്ണാ....! ബാലേന്ദ്രന്റെ കുട്ട്യോളൊക്കെ? എല്ലാവരേം കുട്ടീലേ കണ്ടതാ."
"മകൻ ഹൈദരബാദിലാ. മോള് പഠിക്കുണു."
"എഞ്ചിനിയറിങ്ങന്ന്യാ? എവടെ?'
"ചിറ്റിലപ്പിള്ളി ഐ ഈ എസ്സില്."
"ജാനു എന്തു പറേണു? കൊറെ കാലായി എല്ലാരേം കണ്ടട്ട്. ജാനൂനോട് അന്വേഷിച്ചൂന്ന് പറേണട്ടാ!"
"ഓ..."
"തങ്കമ്മ, പത്മം, ശാന്ത.... ചേച്ചിമാരൊക്കെ പോയി. പാറൂട്ട്യേമ്മേടെ കാര്യം ഓർക്കുമ്പൊ സങ്കടണ്ട്. മൂന്ന് പെൺ മക്കള് കണ്ണടക്കണത് കാണണ്ടി വന്നില്ല്യേ പോണേന് മുമ്പ്. ഈശ്വരാ..!"
"ന്നാ ഞാൻ പോട്ടെ ബാലേന്ദ്രാ. തേവരെ തൊഴ്തട്ട് കൊർച്ചീസായി. ഇപ്പൊ ശാന്തേടെ കൂട്യാണേയ്. തങ്കപ്പൻ കാറ്ട്ത്ത് പോരുമ്പോ രണ്ടാൾടേം കൂടെ പോരണതേള്ളൊ. അപ്പൊ ശരി. എല്ലാർക്കും സുഖാന്നറ്യേമ്പോ സന്തോഷം. തേവരേ....നന്നായി വരട്ടെ!"
പഞ്ചായത്ത് മെമ്പറോ സാംസ്ക്കാരിക പ്രവർത്തകയോ മക്കളെപ്പോലെ അദ്ധ്യാപികയോ ആയിരുന്നില്ല അവർ. വിശേഷ ദിവസങ്ങളിൽ അമ്പലത്തിലേക്കോ നാട്ടിൽ തന്നെ അവിടവിടെയായി താമസിക്കുന്ന മക്കൾക്കരികിലേക്കോ മാത്രം പുറത്തിറങ്ങിയിരുന്ന ഒരു സാധാരണ വീട്ടമ്മ മാത്രം. പക്ഷേ പോകുന്ന വഴിയിലെല്ലാം ക്ഷേമാന്വേഷണങ്ങൾ നടത്തിയും അനുഗ്രഹിച്ചും
കാണുന്നവരുടെ മനസ്സുകളിൽ സന്തോഷത്തിന്റെ പുണ്യാഹം തളിച്ചു നടന്നു അവർ. ജീവിച്ചിരിക്കേ അപരനിൽ ആത്മസുഖം പകർന്ന് മാഞ്ഞു പോകുന്ന സുമനസ്സുകളെ അനുസ്മരിക്കാതിരിക്കുവതെങ്ങിനെ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ