2022 ഏപ്രിൽ 23, ശനിയാഴ്‌ച

പോംവഴി

 

പോംവഴി 

എന്താർന്നു ഇന്ന് വായനശാലേല്?. പാടത്തക്ക് പോമ്പൊ കൊറെ പേര് കാറില് വന്നെറങ്ങണത് കണ്ടു?. ഗ്രഡേഷനാ?.

അതെ.
ഗ്രഡേഷനൊക്കെ തൊടങ്ങീന്ന് പേപ്പർല് വായിച്ചു. എന്തായി?
അറിഞ്ഞിട്ടില്ല്യ. അവരൊക്കെ നോക്കിപ്പോയീണ്ട്.
ങ്ഹും. എല്ലാം കഴിയണലോ അറ്യാൻ. പ്രവർത്തനൊക്കെ എങ്ങനെ?.
ഒരു വിധത്തിലങ്ങട് പോണു.
പുസ്തകെട്ക്കാൻ ആൾക്കാര്ണ്ടോ?
കൊറവാ.
പ്രവർത്തനങ്ങൾക്കൊക്കെ?.
അതതിലും കൊറവ്.
അതെന്താ?
താല്പര്യള്ളോരില്ല്യ അതന്നെ. കമ്മിറ്റി തെരഞ്ഞെട്പ്പില് പൈനൊന്നു പേര് വേണ്ടോടത്ത് പത്തു പേരാ നോമിനേഷൻ കൊടത്തത്.
ന്നട്ടോ?
ആ പത്തു പേരേടുത്തു.
ഓഹൊ! എന്താദിങ്ങനെ?
അറീല്ല്യപ്പാ!.
വരുമാനൊക്കെ?.
കഷ്ട്യാ. അപൂർവ്വം മാസ വരിസംഖ്യ, നമ്മളന്നെ വീടോൾല് കേറി പിരിക്കണ കുടിശ്ശിക, പിന്നെ വാർഷിക ഗ്രാൻ്റ്.
കുടിശ്ശിക കിട്ടാറ്ണ്ടോ?
തൊണ്ണൂറു ശതമാനം.
അയ്! പുസ്തകെട്ക്കാൻ ആളോള് വരണത് കൊറവാന്നല്ലേ പറഞ്ഞേ?. സജീവല്ലാത്തോര് കുടിശ്ശിക തര്വോ?
തരും. ഒരു മടീം കൂടാണ്ട്.
അതതിശയണലോ!.
അങ്ങടൊക്കെ വരാനും വായിക്കാനും ഞങ്ങക്ക് സമയല്ല്യ. പക്ഷേ വായനശാല നെലനിക്കട്ടെ എന്നാ പറയാറ്.
അങ്ങനെ ചിന്തിക്കണോരൂണ്ടലോ ഭാഗ്യം.
തീർച്ച്യായ്ട്ടും.
ന്നാലും പണീട്ക്കാൻ ആളില്ല്യാത്തത് കഷ്ടന്നെ!.
എന്താ ചെയ്യാ.
വായനശാലക്ക് എത്ര സ്ഥലണ്ട്?.
അഞ്ച് സെൻ്റ്.
കെട്ടിടം കഴിഞ്ഞാ ബാക്കി സ്ഥലല്ല്യ ല്ലേ?
ല്ല്യ.
അദ്ദാണ്!. ഞങ്ങടെ വായനശാലേടേം സ്ഥിതി ഇതന്ന്യാർന്നു. പ്രവർത്തിക്കാൻ സന്നദ്ധതേള്ളോരടെ അഭാവം. മാറാല കെട്ടിക്കെടക്കണ അവസ്ഥ.
ഇപ്പളോ?
ഇപ്പുഷാറാ!. രണ്ടു പാനലൊക്ക്യായി എലക്ഷൻ പൊടി പാറി കഴിഞ്ഞൊല്ലം.
രാഷ്ട്രീയം?
ഏയ്!.
പിന്നെങ്ങനെ സായ്‌ച്ചു?
അഞ്ച് സെൻ്റ് സ്ഥലം വെർതെ കെടന്നേർന്നേല് ചോട്ട്ളും മോൾല്വായി നാല് മുറി പണിതു. നാലും വാടകക്ക് കൊടത്തു. മാസം പത്തിരുപതിനായിരം വാടക കിട്ടും.
അമ്പമ്പോ!.
കെട്ടിടം പണികഴിഞ്ഞ് പിറ്റേ കൊല്ലം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്ല് റിട്ടേണിങ്ങ് ഓഫീസറും ബാലറ്റ് പേപ്പറും ഒക്ക്യായി എലക്ഷൻ തകർത്തു.
എന്തായാലും നന്നായി. കൂടെ പ്രവർത്തിക്കാൻ ആളായീലോ!.
ആരടെ കൂടെ?
നിങ്ങൾടെ?. പത്തിരുവത് കൊല്ലായിട്ട് സെക്രട്ടറ്യല്ലേ?.
ആയിരുന്നു. പക്ഷേ ഇപ്പഴല്ല!.
അയ്!.
അതേഡോ!. സേവനോത്സുകരൊക്കെ രണ്ട് പാനലായി നെരന്നപ്പൊ നമ്മളൊക്കെ ഔട്ട്!. പോട്ടെ, വീട്ടീ ചെന്നട്ട് പണീണ്ട്.
..........................................................................
(നിലനിൽക്കുന്ന യാഥാർത്ഥ്യത്തിൻ്റെ സാങ്കല്പികാവതരണം)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ