നാമമാത്രം
പ്രഭാത സവാരിയുടെ വഴിയിൽ സർഗ്ഗാ...സോറി നർമ്മാത്മകത ഉണർത്തുന്ന ചിലതൊക്കെ വീണു കിട്ടാറുണ്ട്. ഏതാണ്ടെല്ലാ ദിവസവും.
മഞ്ഞിനെ പ്രതിരോധിക്കാനുള്ള ഗാഡ്ജെറ്റ്സെല്ലാം ധരിച്ച് നടന്ന് പാതിവഴിയിലെത്തിയപ്പോഴാണ് ഓർത്തത്. മാസ്ക്ക്...! ഉടൻ മങ്കി ക്യാപിൻ്റെ കഴുത്തു മൂടി വലിച്ചു കയറ്റി മൂക്കും വായും മറച്ചു. കൂൾ! പിന്നല്ല!.
പുത്തിശ്ശേരിയിയിലെ മീൻ കടയിൽ ഫാമിലി മത്സ്യമായ വെളൂരി ഇല്ലെന്ന് ഉറപ്പു വരുത്തി പഞ്ചായത്ത് ഓഫീസിനടുത്തെത്തിയപ്പോൾ മൂന്നു പേർ എതിരേനിന്നു വരുന്നതു കണ്ടു. പരിചയക്കാരായ ചെറുപ്പക്കാരാണ്.
അവർ എന്നെ നോക്കിയാണെന്നു തോന്നുന്നു എന്തോ പറയുന്നുണ്ട്. അടുത്തെത്തിയപ്പോൾ ഒരാൾ വിളിച്ചു:
"ബാൽന്ദ്രേട്ടൈൻ!"
"ങ്ഹ! ഗുഡ് മോണിങ്ങ്!"
"മാസ്ക്കെടുത്തില്ല്യാ ല്ലേ?"
"ഇല്ല്യ. മറന്നു. അപ്പൊന്ന് ഇംപ്രോവൈസ് ചെയ്തു."
"സംഗത്യൊക്കെ നന്നായി. പക്ഷേ പോലീസാര് പിടിച്ചാ ചാർജീയും ട്ടാ. മഫ്ലർൻ്റെ കടോണ്ട് മൂട്യാലൊന്നും കാര്യല്ല്യ!"
"അറ്യാം. ഒന്ന് പറേട്ടെ?"
"എന്താ ബാൽന്ദ്രേട്ടാ?"
"മാസ്ക്ക് താടീലിക്ക് വലിച്ചിട്ട് നടന്നാലും ചാർജീയും ട്ടാ!. മൂന്നാളോട്വായിട്ടാ പറേണ്! "
"അയ്... അല്ല... ബാൽന്ദ്രേട്ടാ... അത്!."
"ങ്ഹും ശരി ശരി, ചെല്ല്!"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ