2022 ഏപ്രിൽ 23, ശനിയാഴ്‌ച

ശങ്കരൻകുട്ടി മേനോൻ മാഷ്

 

ശങ്കരൻകുട്ടി മേനോൻ മാഷ് 


"അറ്യാത്ത പണിക്ക് ആരും പോകര്ത്!. ഒരു കഥ പറ്യാം. കഥ്യൊന്ന്വല്ല കാര്യന്നെ."

മുറിക്കയ്യൻ ഷർട്ടിൻ്റെ പോക്കറ്റിൽ നിന്ന് ടവലെടുത്ത് മുഖം തുടച്ച് ശങ്കരൻ കുട്ടി മേനോൻ മാഷ് 'കഥ' പറയാൻ തുടങ്ങി. രണ്ടാഴ്ച്ച മുമ്പ് താൻ വാങ്ങിയ പുത്തൻ രാജ്ദൂത് മോട്ടോർ സൈക്കിളിൻ്റെ കഥ താൻ തന്നെ കഴിച്ച കഥ.

"കഴിഞ്ഞ ഞായറാഴ്ച പണ്യൊന്നൂല്ല്യാണ്ട് ഇരിക്കുമ്പോ എനിക്കൊരു പൂതി. പുത്യേ മോട്ടോർ സൈക്കിള് ഒന്നങ്ങടഴിച്ചു ഫിറ്റീതാലോ?. ചെർതായിട്ട് മെക്കാനിസം പഠിക്ക്യേം ചെയ്യാം. പിന്നെ താമസിച്ചില്ല്യ സ്പാനറും സ്ക്രൂഡൈവറൂട്ത്ത് മൊത്തങ്ങടഴിച്ച് നെരത്തി. പെട്രോൾല് മുക്ക്യേ തുണീട്ത്ത് പാർട്സൊക്കെ ഭംഗ്യായിട്ട് തൊടച്ച് മിന്ക്കി. ഒരു ചായപ്പൊറമെ എല്ലാട്‌ത്ത് തിരിച്ച് ഫിറ്റീതു. എല്ലാം കിറുകൃത്യം!. രാജദൂതൻ ഷേപ്പ് മാറ്റൊന്നൂല്ല്യാണ്ട് അറ്റൻഷനായി നിന്നു. പക്ഷേ..."

"എന്തേ മാഷേ?."

എട്ടാം ക്ലാസ്സുകാരായ ഞങ്ങൾക്ക് ആകാംക്ഷയായി. ചിരിയുടെ തരിപോലും നിഴലിക്കാത്ത മുഖഭാവത്തോടെ മാഷ് പറഞ്ഞു.

"എടങ്ങഴി നട്ടും ബോൾട്ടും ബാക്കി!."

ദീർഘകായനും ഗൌരവവദനനും അത്യാവശ്യം ചൂരലഭ്യാസിയുമായിരുന്ന
'നേച്ചറൽ സയൻസ് മാഷെ' ഞങ്ങൾക്ക് പ്രിയങ്കരനാക്കിയത് ആ നർമ്മബോധം തന്നെയായിരുന്നു.

മാഷും യാത്രയായി. ഞങ്ങളുടെ തലമുറയെ പഠിപ്പിച്ച സ്കൂൾ അദ്ധ്യാപകരിൽ അവസാനത്തെയാൾ....

പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം ഹൈസ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന
TK ശങ്കരൻകുട്ടി മേനോൻ (TKSK) ഇന്ന് വൈകീട്ട് അന്തരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ