2025 ഡിസംബർ 23, ചൊവ്വാഴ്ച

 

റിവേഴ്‌സ്  സ്വീപ് 


സെപ്തംബർ ഒക്ടോബറിൽ വായനശാല ഗ്രഡേഷനുണ്ടാവും. അതിനു മുമ്പ് പുസ്തകങ്ങളുടെ ക്രമീകരണവും സ്റ്റോക്ക് രജിസ്റ്റർ അപ്ഡേഷനും മറ്റുമായി കുറച്ചു ജോലികൾക്കായി രാവിലെ മുതൽ ലൈബ്രറിയിലായിരുന്നു. ഇടയ്ക്ക് ഉച്ചഭക്ഷണത്തിന് ബ്രേക്കിട്ട് വീട്ടിൽ വന്നപ്പോൾ ഒരാൾ ഊണാസനത്തിൽ ഇരിപ്പാണ്. ഞാൻ കൈകഴുകി കസേരയിലിരുന്നു. തീൻമേശയിൽ വന്ന ദുരന്തത്തെ ഒരു നിമിഷം നോക്കിയിരുന്ന ശേഷം കക്ഷി ചോദിച്ചു:

"മുത്തച്ഛനെവട്യാർന്നു?"

"വായനശാലേല്?"

"മമ്മം കയിക്കാൻ വന്നതാ?"

"അതേ?"

"വാശനാലേല് മമ്മല്ല്യേ? "

പിന്നിൽ അടുക്കളയിൽ നിന്ന് അമ്മയമ്മൂമ്മമാർ പൊട്ടിച്ചിരി ബീജീയെമ്മിട്ടു. അത് ശരി! അപ്പോൾ തിരക്കഥാ പ്രോക്തമാണ് കുട്ടിയുടെ ഡയലോഗ്! ആത്മകഥ പറഞ്ഞു കേട്ടറിവുള്ളവരായിരിക്കണം രചന!.

ദുരന്തമായും പ്രഹസനമായും ചരിത്രം രണ്ടു തവണ സംഭവിക്കുമെന്ന് പറയുന്നത് ഇതാണ് !.

ചരിത്രാഖ്യായിക രണ്ടിലും ദുരന്തനായകനാവാൻ വിധി എനിക്കു തന്നെ. അര നൂറ്റാണ്ട് പുറകിലോട്ട് മനസ്സ് പെട്രോളെരിച്ചു. പ്രീഡിഗ്രി എഴുതിയിരിക്കുന്ന കാലം. കഥയിൽ വില്ലനായി വരുന്നത് അന്ന് അച്ഛനെങ്കിൽ ഇന്ന് പേരക്കുട്ടി എന്ന വ്യത്യാസം മാത്രം. പ്രമേയ പരിസരവും മുഹൂർത്തവും സെയിം; അതേ വായനശാലയും ഉച്ചയൂണും.

അമ്പലപ്പറമ്പും വായനശാലയും എന്നു കേട്ടാൽ ചോര തിളക്കുന്ന ബോഡി കോൺസ്റ്റിറ്റ്യുഷനാണ് അച്ഛൻ്റേത്. വാർഷിക ഗ്രാൻ്റ് തുകക്ക് വാങ്ങിയ പുസ്തകങ്ങൾ രജിസ്റ്ററിൽ കയറ്റുന്ന പണിയിൽ സെക്രട്ടറി തിരുമേനിയെ സഹായിക്കുന്നതിനിടയിൽ ഹാഫ് ടൈമെടുത്ത് ഉച്ചയൂണിന് പടി കയറുമ്പോൾ കാണുന്നത് ലഞ്ചടിച്ച് ഇറയത്ത് തിണ്ണയിൽ മുറുക്കാൻ ചവച്ചിരുന്ന അച്ഛനെ! കണ്ടയുടൻ പിതാശ്രീ അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു:

"പാറൂട്ട്യേ, ദാ യജമാനൻ എത്തി. "

യജമാനൻ എന്ന ഉച്ചാരണത്തിൻ്റെ വടിവിനുള്ളിൽ ചുര കുത്തുന്നത് വായനശാല വിരോധമാണെന്ന സത്യം മനസ്സിൽ കൊള്ളിയാൻ മിന്നിച്ചു!

നേർവഴി വിട്ട് വലം വെട്ടി വീടിൻ്റെ തെക്കു ഭാഗത്തെ കിണറ്റിൻ കര വഴി അടുക്കളയിലേക്ക് വെച്ചടി മാറ്റിയപ്പോൾ പിൻവിളി കേട്ടു:

"ഇയാളവടെ നിക്ക്വാ, ചോദിക്കട്ടെ."

എന്തേ എന്ന ഭാവത്തിൽ തിരിഞ്ഞ് തല കുമ്പിട്ടു മിണ്ടാതെ നിന്നു.

"എവട്യാർന്നു ഇതു വരെ?"

"വായനശാലേല്."

ഞാൻ നിരുദ്ധകണ്ഠനായി.

"എന്താവടെ വിശേഷം? "

"പുസ്തകം ശര്യാക്കാൻ പോയീതാ."

"അപ്പൊ ഈ വരവിൻ്റെ ഉദ്ദേശം?"

"ഉണ്ണാൻ വന്നതാ."

സമയമെടുത്ത് കഷ്ടിച്ച് പറഞ്ഞൊപ്പിച്ചു.

വായിൽ നിറഞ്ഞ മുറുക്കാൻ്റെ കൊരണ്ടൻ ഭ്റ് ഭ്റ് ശബ്ദത്തിൽ മുറ്റത്തേക്ക് വിക്ഷേപിച്ച് മുഖത്ത് ആശ്ചര്യഭാവം വിടർത്തി അച്ഛൻ
ചോദിച്ചു:

"അപ്പൊ വായനശാലേല് ഭക്ഷണം കിട്ടില്ല്യാ?"

അച്ഛൻ പുനർജ്ജനിയിലൂടെ ചോദ്യം ആവർത്തിക്കുന്നു:



ആത്മരക്ഷാർത്ഥം

 

ആത്മരക്ഷാർത്ഥം 

ഇടുങ്ങിയ വഴിയായിരുന്നു. മുന്നിൽ ഒരാൾ കൈ വീശി നടക്കുന്നുണ്ട്. ഒന്നുരണ്ടു വീടുകൾക്കപ്പുറം പോക്കു വരത്തുകാരെ സാകൂതം നോക്കി ഒരു പോംറേനിയൻ പട്ടി വഴിയിൽ നിൽക്കുന്നുണ്ട്.

പെട്ടെന്നാണതുണ്ടായത്. മുന്നിൽ നടന്നയാൾക്കു നേരെ പട്ടി കുരച്ചു വന്നു. ആദ്യം ഒന്നന്തിച്ചുവെങ്കിലും പതിയെ മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് കാൽക്കലേക്ക് കടിത്താപ്പു നോക്കി കുമ്പിട്ടു വരുന്ന പട്ടിയെ കയ്യും കാലും വീശി അയാൾ പ്രതിരോധിച്ചു. പട്ടി പക്ഷേ വിടാൻ ഭാവമില്ല. പടം വിരിച്ചു നിൽക്കുന്ന മൂർക്കൻ പാമ്പിനു ചുറ്റും കറങ്ങുന്ന കീരിയെപ്പോലെ കുരച്ചു പ്രദക്ഷിണം വെക്കുകയും ഇടയ്ക്കിടെ ബോക്സർമാരെപ്പോലെ മുന്നിലേക്ക് ചുവടുവെച്ചു കുതിച്ചുമിരുന്നു. അടുത്തുള്ള വീടിൻ്റെ സിറ്റൗട്ടിൽ ഒരു മദ്ധ്യവയസ്ക്ക "ടാ ടാ ടാ!" എന്ന് വഴിപാട് പറഞ്ഞ് അലസയായി ഇരിക്കുന്നു.

പെട്ടെന്ന് അഭ്യാസിയെപ്പോലെ അയാൾ ഒന്നു വട്ടം തിരിഞ്ഞു. പരമാവധി ഊക്കെടുത്ത് കാൽ വീശുന്നതും അതിദാരുണമായ ഒരു നിലവിളിയോടെ പട്ടി വീടിൻ്റെ സിറ്റൗട്ടിലിരുന്ന സ്ത്രീക്കരികിൽ ഓടിച്ചെന്നിരിക്കുന്നതുമാണ് പിന്നെ കണ്ടത്.

"നിങ്ങളെന്ത് പണ്യാ കാട്ട്യേ?"

സ്ത്രീ കസേര വിട്ടിറങ്ങി ഗേറ്റിൽ വന്നു ചുവന്നു നിന്നു.

"കാല് മടക്കി ഒന്ന് കൊടുത്തു! കണ്ടില്ലെങ്കിൽ അതിനെ ഇങ്ങട് എറക്കി വിട്ടാ ഒന്നൂടി കാണിച്ച് തരാം! തിന്നാൻ കൊടത്ത് വളർത്ത്യാ മാത്രം പോര മാഡം. മാനേജീയാനും പഠിക്കണം. വഴീപ്പോണോരടെ വെപ്രാളം കണ്ട് കസേരേല് കുത്തിരിക്കാൻ നല്ല രസണ്ടല്ലേ!"

"അത് കടിക്ക്യൊന്നൂല്ല്യ, വെർതെ കൊരക്ക്യേള്ളോ."

"അത്യോ! അതറിഞ്ഞില്ല്യ ട്ടാ, പട്ടി ഒരു വാക്ക് പറഞ്ഞൂല്ല്യ! സോറി!"

"പട്ട്യേ ഊദ്രവിച്ചത് കൂടാണ്ട് നിങ്ങളാളെ കള്യാക്ക്വാ!?"

"അല്ല രണ്ടാൾക്കും ഒരോ ബൊക്കെ തരാം! പോയി പട്ട്യേ ചങ്ങലക്കിട് മാഡം, വെളിച്ചാമ്പൊ വിഡ്ഡിത്തം പറ്യാൻ നിക്കാണ്ട്!"

അയാൾ കൈവീശി നടന്നു നീങ്ങി. എന്നെ കണ്ടതിലുണ്ടായ ചമ്മലുമായി എന്തോ പിറുപിറുത്ത് ആ സ്ത്രീ വീട്ടിലേക്ക് കയറിപ്പോയി.

ഞാനും നടന്നു. നടക്കുന്നതിനു മുമ്പ് തലേന്ന് ഇലക്ട്രിസിറ്റി പണിക്കാർ വഴിയിൽ ചെത്തിയിട്ടു പോയ മുരിങ്ങക്കൊമ്പിൻ്റെ ലക്ഷണമൊത്ത ഒരു കമ്പെടുക്കാൻ മറന്നില്ല. രണ്ടുണ്ട് ഗുണം; പേടിപ്പിക്കാം, പറമ്പിൽ വെച്ചു പിടിപ്പിക്കാം. മീറ്റർ മുരിങ്ങയാണ്.



നീലത്താമര


നീലത്താമര


നീലത്താമരയുടെ ഫാനായിരുന്നു. അതിനാൽ മകളും മരുമകനുമൊത്ത് ഫർണീച്ചർ ഷോപ്പിൽ കയറിയപ്പോൾ സംശയലേശമേതുമുണ്ടായില്ല.


"ഏതാണ് വേണ്ടത് സർ?"

"നീൽകമൽ!"

"ഇതു നോക്കൂ ലേറ്റസ്റ്റ് ഡിസൈനാണ്."

"ഇതു വേണ്ട. എനിക്ക് ഈസി ചെയർ മോഡൽ വേണം."

വായിക്കാനും ടീവി കാണാനും അടിയന്തിരമായി മയങ്ങുന്നതിനും അതു തന്നെ വേണം.

"അയ്യോ തീർന്നു പോയല്ലോ സാർ. നിർബന്ധമാണെങ്കിൽ രണ്ട് ദിവസം കഴിഞ്ഞാൽ എത്തും."

"നിർബന്ധമാണ്. രണ്ടു ദിവസം കഴിഞ്ഞ് പോര!"

"സോറി സർ. ......വിൻ്റെ ഉണ്ട്."

"ഏയ് വേറൊന്നും വേണ്ട!"

"അത് നല്ല ബ്രാൻഡാണച്ഛാ!, നീൽ കമലിൻ്റെ പോല്യന്നെ."

മരുമകൻ പറഞ്ഞു.

"കേട്ടിട്ടുണ്ട്, എന്നാലും നീൽ കമൽ തന്നെ മതി."

"ഓക്കെ, എന്നാലും സാറൊന്ന് നോക്ക്യാട്ടെ, ഇഷ്ടപ്പെട്ടെങ്കിൽ മതി."

"അതെ ഒന്നു നോക്ക്യോക്കാം അച്ഛാ. മേഡം, എവടെ കാണട്ടെ."

മകൾ എൻഡോഴ്സ് ചെയ്തു.

"വരൂ സർ!"

മകൾക്കും മരുമകനും പിന്നാലെ ഷോപ്പാന്തർഭാഗം ചെന്നു. കണ്ടു, ഇരുന്നുനോക്കി, കീഴടങ്ങി.

"ഇതു കൊള്ളാം. നല്ലതാണല്ലോ അല്ലെ?"






"ശ്ശോ, യെന്താണ് സർ! സൂപ്പർ പ്രൊഡക്റ്റല്ലേ?"

"ശരി."

കൊല്ലമൊന്ന് തികഞ്ഞില്ല. ഇന്നലെ എം.ടി.യുടെ ജീവചരിത്രം വായിച്ചു കൊണ്ടിരിക്കുമ്പോൾ ഭാര്യ അടുത്തു വന്നു.

"ഈ ബെഡ് ഷീറ്റൊന്നു മാറ്റീട്ട് പുതീ.... അല്ലാ, ദെന്താ കസേര ഇങ്ങനെ ഇരിക്കണേ?"

"എന്താദ്?"

"ഉയരൊന്ന് കൊറഞ്ഞ പോലെ?"

"നിങ്ങൾക്ക് വെർതെ തോന്നണതാ. അതാണതിൻ്റെ സ്റ്റൈ...."

"ട്ഠേ....!!!"


പൊതിച്ച തേങ്ങ ആസ്ബസ്റ്റോസ് റൂഫിൽ വീണ ശബ്ദം ഓർമ്മയുണ്ട്. ബോധം തിരിച്ചു കിട്ടുമ്പോൾ ഭാര്യയും മകളും മരുമകനും ചേർന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കാൻ വിയർക്കുന്നതാണ് കണ്ടത്. ഗോഡ്ഫാദർ ഒന്നിൽ പൂന്തോപ്പിലെ കോക്കാപ്പാച്ചി കളിക്കിടയിൽ മരിച്ചു വീണ ഡോൺ വിറ്റോ കോളിയോണെ നോക്കി കൈകൊട്ടി ചിരിക്കുന്ന പേരക്കുട്ടിയെ അനുകരിച്ചുകൊണ്ട് നമ്മുടെ സ്വന്തം കക്ഷിയും അവർക്കു പിന്നിൽ നില്പുണ്ട്!.

സെൽഫ് ഒബ്സർവേഷനിലാണ്.
നാളെ വെളുപ്പിന് ഹൈദരബാദിൽ പോകേണ്ടതുണ്ട്.

നാചികേതം

നാചികേതം 


"മാഷേ, ഒരു സംശയം."

"എന്താദ്, പറയു കേൾക്കട്ടെ. "

"ചിലർക്ക് കൊടുത്തതു വഴി അവാർഡ് തന്നെ ബഹുമാനിതമായി എന്നൊക്കെ പറയാറുണ്ടല്ലോ. എന്താണ് മാഷേ ആ പറയുന്നതിനർത്ഥം?"

"പറയാം. അതായത്, നേടിയവന് നേട്ടത്തേക്കാൾ വലിപ്പമുണ്ടെന്നർത്ഥം. അയാൾക്ക് കൊടുക്കുക വഴി ആ അവാർഡ് അറിയപ്പെടുകയാണ്. ഒന്നുകൂടി വിശദമാക്കാം. നമ്മുടെ മഹാനടനായ മോഹൻലാലിന് ഇന്നലെ ഫാൽക്കേ അവാർഡ് കിട്ടിയല്ലോ? മോഹൻലാലിന് കൊടുത്തപ്പോഴല്ലേ ഫാൽക്കേ അവാർഡിനെക്കുറിച്ച് നമ്മൾ അറിയുന്നത്?"

"ആരു പറഞ്ഞു? ഇരുപത്തൊന്ന് കൊല്ലം മുമ്പ് നമ്മുടെ അടുർ ഗോപാലകൃഷ്ണൻ സാറിന് കിട്ടിയ അവാർഡാണത്. മാഷ്ക്കത് അറിയാതെ പോയത് ദാദാ സാഹെബ് ഫാൽക്കേ അവാർഡിൻ്റെ വലിപ്പക്കുറവാകുന്നതെങ്ങിനെ മാഷേ?"

"ഇയാൾടെ പേരെന്താന്നാ പറഞ്ഞത്?"

"നചികേതസ്സ്. "

"ങ്ഹാ, നചികേതസ്സ് ഒരു കാര്യം ചെയ്യൂ, നാളെ രാവിലെ ക്ലാസിൽ വരുമ്പോൾ രക്ഷിതാവിനേയും കൂടെ കൂട്ടിക്കോളൂ കേട്ടോ!" 

രുദിതാനുസാരo

 രുദിതാനുസാരo 


"യുധിഷ്ഠിരാ! പത്താമത്തേയും അവസാനത്തേയും ചോദ്യമാണ് അടുത്തത്. നിൻ്റെ വീണുപോയ അനുജന്മാരെ വീണ്ടെടുക്കാനുള്ള ലാസ്റ്റ് ചാൻസ്, സുവർണ്ണാവസരം!."


പണ്ട് രാമേട്ടൻ സീതേട്ത്തിക്ക് ഊഞ്ഞാല് കെട്ടിക്കൊടുത്ത അയിനി പ്ലാവിൻ്റെ കൊമ്പിൽ കാലാട്ടിയിരുന്ന യമനെ നോക്കി യുധിഷ്ഠിരൻ നിശ്ശബ്ദം പ്രാർത്ഥിച്ചു. ഈസി, ഈസി....

"ആർ യു റെഡി?"

കിഴവൻ അമിതാബ് ബച്ചന് പഠിക്കുകയാണ്. യുധിഷ്ഠിരന് പെട്ടെന്നൊരു ചിരി വന്നു.

"എന്തേ ചിരിച്ചു കളഞ്ഞത്?"

"ഒന്നൂല്ല്യ, കമോൺ ഷൂട്ട്!"

"ഠീക്കേ. ജീവിതത്തിൽ ഏറ്റവും അസഹനീയമായതെന്താണ്?"

ഇദണ്!? യുധിഷ്ഠിരൻ സന്തോഷം മറച്ചു പിടിച്ചു.

"പറയൂ, സമയം പറക്കുന്നു. "

കൊമ്പത്ത് യമൻ വിളിച്ചു പറഞ്ഞു:

"അറുപത്തൊമ്പത് നടപ്പുള്ളവൻ എഴുപതു കഴിഞ്ഞവനെ ഫേസ് ബുക്കിൽ അമ്മാവാ എന്ന് പരിഹസിക്കുന്നത്."

വീണുപോയ ക്രമത്തിൽ തന്നെയായിരുന്നു എണീപ്പും; ആദ്യം സഹദേവൻ അവസാനം ഭീമൻ അങ്ങിനെ.

പത്ത് മൂവിൽ തന്നെ അടിയറവു പറയിച്ച പ്രജ്ഞാനന്ദയ്ക്ക് മാഗ്നസ് കാൾസൺ എന്നപോലെ യമൻ യുധിഷ്ഠിരന് കൈ കൊടുത്തു:

"കുരുക്ഷേത്രബലവാൻ ഭവ: "
______________________________________
ഇന്ത്യ-പാക്ക് ഹസ്തദാന-കപ്പ് കൊടാ വിവാദത്തിൽ ഒരാൾ എന്നെ അപ്പൂപ്പാ എന്നു വിളിച്ചിരുന്നു. ഉടനെ ഓൻ്റെ വീട്ടീക്കേറി ഓൻ്റെ പോട്ടം നോക്കി. സിൻബാദിൻ്റെ പുറത്തിരിരിക്കുന്ന 'കുട്ടീടെ' പ്രായം!

സഹിച്ചില്ല്യ! ആ വേദന കാവ്യമായി പുറത്തു വന്നതാണ്...

2025 ഏപ്രിൽ 18, വെള്ളിയാഴ്‌ച

ആതിരയാട്ടം

 

ആതിരയാട്ടം 

കാൽ നൂറ്റാണ്ട് മുമ്പാണ്. അടാട്ട് പഞ്ചായത്ത് കേരളോത്സവം തകൃതിയായി നടക്കുന്നു. ഞാനന്ന് കലാമേളയുടെ ജനറൽ കൺവീനർ. നൃത്ത മത്സരങ്ങൾ ജഡ്ജ് ചെയ്യാനായി വന്നവരിൽ ഒരാൾ ഞാൻ പറഞ്ഞ് ഏർപ്പാടാക്കി എത്തിയ ലത. സ്റ്റേറ്റ് ബാങ്കിൽ എൻ്റെ സഹപ്രവർത്തക.

ഏറെ വീറും വാശിയുമുണ്ടായിരുന്ന തിരുവാതിരകളി മത്സരം കഴിഞ്ഞ് അനൗൺസ്മെൻ്റിനായി റിസൾട്ട് സ്ലിപ്പ് എൻ്റെ കയ്യിൽ തരുമ്പോൾ ലത പറഞ്ഞു:
"മത്സരം നല്ല സ്റ്റാൻ്റേഡ്ണ്ടാർന്നു ട്ടാ. എന്ത് രസായിട്ടാ എല്ലാ ടീമോളും കളിച്ചേ!. പക്ഷേ ഒരു കാര്യണ്ട് ട്ടാ ബാലചന്ദ്രാ, ഫസ്റ്റ് കിട്ട്യേ ടീമിലെ ആ ഇത്തിരി തടിച്ച കുട്ട്യോട് ഒന്ന് ശ്രദ്ധിക്കാൻ പറേണം. ജില്ലേലിക്ക് പോണ്ടതല്ലേ?"
"എന്താദ്?"
"ആ കുട്ടി ഡാൻസ് പഠിച്ച കുട്ട്യാന്ന് കണ്ടാറ്യാം, കളീല് മോഹിന്യാട്ടം കേറി വര്ണ്ട് നല്ലോണം. ജില്ലേലും സ്റ്റേറ്റിലും
ഒക്കെ പോയാ ജഡ്ജിമാര് പിടിക്കും. മാർക്ക് കൊറച്ചിടാൻ സാദ്ധ്യതേണ്ട്. കളിച്ച ടീമുകളിലൊക്കെ അങ്ങനെ ചെലരെ കാണാണ്ട്. മോഹിനിയാട്ടം പഠിച്ചത് തിരുവാതിരകളീല് റിഫ്ളക്റ്റ് ചെയ്യര്ത്, രണ്ടും രണ്ടാന്ന് ആ കുട്ട്യോട് ഒന്ന് പറഞ്ഞോളോ ട്ടാ."
നൃത്തത്തെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത കൺവിനറേക്കാൾ ഇക്കാര്യം സൂചിപ്പിക്കുന്നതിനായി ജഡ്ജ് തന്നെ സ്റ്റേജിൽ കയറി റിസൾട്ട് പ്രഖ്യാപിക്കുന്നതാണ് നല്ലതെന്ന് ഞാൻ അഭിപ്രായപ്പെട്ടതിൻ പ്രകാരം ലത തന്നെ വിഷയം ഭംഗിയായി കൈകാര്യം ചെയ്തു.
തിരുവാതിരകളി അടാട്ട് പഞ്ചായത്ത് തൃശ്ശൂർ ജില്ല പ്രാതിനിധ്യങ്ങളായി സ്റ്റേറ്റിൽ മത്സരിക്കാനെത്തി. കുട്ടി മോഹിനിയാടിയതുകൊണ്ടോ എന്തോ രണ്ടാംസ്ഥാനത്തിൽ തൃപ്തിപ്പെടേണ്ടി വന്നു അന്ന്.
ഇന്നലെ ആതിരോത്സവമായിരുന്നു നാട്ടിൽ. വൃത്തിയിലും അല്ലാതെയും കളിച്ച പതിനഞ്ചോളം ടീമുകൾ. പത്താം ക്ലാസ് ഫൈനൽ പരീക്ഷ എഴുതാൻ പരീക്ഷാഹാളിൽ കടന്ന കുട്ടികളെപ്പോലെ വലിച്ചു മുറുക്കി ടെൻഷനാക്കിയ മുഖവും വഴങ്ങാത്ത ശരീരവുമായി കളിക്കുന്നവർക്കിടയിൽ ഉലഞ്ഞും പുഞ്ചിരിച്ചും കളിക്കുന്ന അപൂർവ്വം ചിലരെ കണ്ടപ്പോൾ ലത പറഞ്ഞത് ഓർത്തു പോയി.
No photo description available.

ers

ഡബിൾ ബാരൽ

ഡബിൾ ബാരൽ 

1973 ഡിസംബർ മാസം 27 കേരളം മറക്കില്ല. അന്നാണ് ആദ്യമായി നാം സന്തോഷ് ട്രോഫി നേടിയത്. അന്ന് എറണാകുളത്ത് നടന്ന ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ ഹാട്രിക്കിൻ്റെ പിൻബലത്തിൽ റെയിൽവേയ്സിനെ 3-2 ന് പരാജയപ്പെടുത്തിയാണ് നമ്മൾ കപ്പുയർത്തിയത്.
പൊറാട്ര ദേശത്ത് അന്ന് ജീവിച്ചിരുന്ന യുവതലമുറയും ആ ദിവസം ഒരിക്കലും മറക്കില്ല. നാട്ടിലെ ക്ഷേത്രത്തിൽ പൂരവുമായിരുന്നു അന്ന്. കപ്പടിച്ചതിൻ്റെ സന്തോഷവും പൂരവും ഹെർക്കുലീസ് ത്രീ എക്സ് അഥവാ പെരുക്കണം പെരുക്കണം പെരുക്കണം ലായനിയിൽ സമാസമം ചേർത്ത മുക്കൂട്ട് പാനകത്തിലാണ് ഞങ്ങൾ ദിവസം ആഘോഷിച്ചത്. ആദ്യത്തെ കപ്പ് വിജയവും ആദ്യത്തെ സ്മോളും അനുഭവിക്കുന്നവരടക്കം പൊറാട്ര ദേശത്തെ യുവജനങ്ങൾ ഉടുമുണ്ട് പൂരപ്പറമ്പിലൊഴുക്കി ജലസമാധിയടഞ്ഞു. കഥയറിഞ്ഞ് പുലർച്ചെ വെടിക്കെട്ടിനു കെട്ടേണ്ട മാലപ്പടക്കം നിറച്ചു മൂട്ടിവെച്ചിരുന്ന ചാക്കുകൾക്കിടയിൽ ഇനി ഞാനെന്തു ചെയ്യേണ്ടൂ തേവരേ മട്ടിൽ തലയ്ക്കു കൈവെച്ചിരുന്ന വെടിക്കെട്ടാശാൻ ഉണ്ണ്യേട്ടൻ്റെ ദയനീയചിത്രം പിറ്റേന്ന് ത്രിസന്ധ്യക്ക് സമാധിയുണർന്ന ഞങ്ങൾക്ക് വരച്ചുകാട്ടിയത് ക്ഷേത്രം കാര്യസ്ഥൻ തങ്കപ്പേട്ടനായിരുന്നു. മാലപ്പടക്കം കെട്ടാനും നൂറു കണക്കിന് ഗുണ്ടുകൾ കുറ്റിയടിച്ചുറപ്പിക്കുവാനും മറ്റുമായി തിരുവമ്പാടി വെടിക്കെട്ട് പ്രമാണിയുടെ സ്ഥിരം പണിക്കാരെ രാത്രിക്ക് രാത്രി തൻ്റെ ടാക്സി കാറിൽ പോയി വിളിച്ചു വരുത്തിയാണത്രെ പടക്കത്തിന് തീ കൊടുത്തത്. രണ്ടു മാസത്തെ വെടിക്കെട്ട് പണിയുടെ ക്ഷീണം തീർക്കുന്ന സബോതി ആചാരത്തിൻ്റെ സാമ്പത്തിക ഉത്തരവാദിത്തം പൂർണ്ണമായും ഞങ്ങളിൽ നിക്ഷിപ്തമാക്കിയാണ് കൃത്യവിലോപത്തിനുള്ള ശിക്ഷ ഉണ്ണ്യേട്ടൻ നടപ്പാക്കിയത്.
കഥാശേഷം: പൂരപ്പിറ്റേന്ന് സന്ധ്യക്ക് തിരുനടയിലെ ഗോപുരത്തറയിലിരുന്ന് തീവെട്ടികളുടെ പന്തക്കുറ്റികളിലെ കരിഞ്ഞ തുണികൾ ചുരണ്ടി വൃത്തിയാക്കുന്ന പണിക്കിടയിൽ പ്രായം ചെന്ന ഒരു പൂരം ഉത്സാഹി പറഞ്ഞു:
"ഔ ഇന്നലെന്താർന്നു പറമ്പിലെ പ്രമഞ്ചം!. രൊറ്റാൾക്ക് ബോധം എന്നൊന്ന്ണ്ടാർന്നില്ല്യ!"
എണ്ണയും കരിയും പുരണ്ട കൈകൾ ആനപ്പള്ള മതിൽക്കെട്ടിൻ്റെ ചെങ്കൽ പ്രതലത്തിൽ തേച്ചുരച്ചുകൊണ്ട് മറ്റൊരു സ്ഥിരോത്സാഹി പറഞ്ഞു:
"ഒന്നും പറേണ്ടെൻ്റെ കൊച്ചപ്പേട്ടാ, ദേശത്താകെ രണ്ടാൾക്കേ ബോധണ്ടാർന്നുള്ളു; പൊറാട്ര തേവർക്കും കീഴ്പ്പാട്ടിരി ശാസ്താവിനും!."

വീണിടം വെടിപ്പ്‌

 

വീണിടം വെടിപ്പ്‌


"അഹമ്മത്യല്ലേ ഈ കാട്ടണത്! വയസ്സെഴുവത്തൊന്നാ, ഓർമ്മവേണം ട്ടാ!"

കുരുമുളക് പടർന്നു കയറിയ കണിക്കൊന്ന മരച്ചുവട്ടിൽ നിന്നുകൊണ്ട് ആശങ്ക മുറ്റിയ സ്വരത്തിൽ കോണിക്കാരൻ്റെ വയസ്സറിയിക്കുന്നു വീട്ടുകാരി.
ഇതേ വയസ്സില് അച്ഛൻ വലിയ അഹമ്മതിക്കാരനായിരുന്നു എന്ന് അമ്മയും പറഞ്ഞിരുന്നത്
തത്സമയം ഞാനോർത്തു...
അമ്പതു വർഷം മുമ്പാണ്. അന്ന് കേരള വർമ്മയിൽ പഠിക്കുന്നു. മദ്ധ്യവേനൽ അവധിക്കാലത്തെ ഒരു ഞായറാഴ്ച രാവിലെ പത്രം വായിച്ചു കൊണ്ടിരുന്നപ്പോൾ പടിഞ്ഞാപ്പുറത്തു നിന്ന് അച്ഛൻ ഉറക്കെ വിളിക്കുന്നതു കേട്ടു:
"ചന്നരാ!"
"ങ്ഹാ ദാ വരണു."
പത്രം മടക്കി വെച്ച് ഇറയത്തു ചെന്നപ്പോൾ വളപ്പിൽ തൈരാൻ മാവിനു താഴെ ഒരു മുളയേണി ചുമലിൽ വെച്ചുകൊണ്ട് അച്ഛൻ ചന്നരനെ കാത്തു നിൽക്കുന്നു. പച്ചമഷിയിൽ എംജിയാറിൻ്റെ മുഖം പ്രിൻ്റ് ചെയ്ത കുട്ടിച്ചാക്ക് അരയിൽ കെട്ടിത്തൂക്കി മാങ്ങ വിളവെടുപ്പിനുള്ള പുറപ്പാടാണ് അച്ഛൻ.
"ങ്ങട് വാ!"
അരികിൽ ചെന്നപ്പോൾ സ്ട്രിക്റ്റ് നിർദ്ദേശം കിട്ടി:
"ഏണി നല്ലണം പിടിക്കണം!"
മാങ്ങ നിറഞ്ഞ വലിയ മാവിൻ കൊമ്പിൻ്റെ അറ്റത്തെ ചെറിയ ചുള്ളൽക്കവരത്തിൽ ഏണി കൊളുത്തി വെച്ചുകൊണ്ട് അച്ഛൻ അതിലൂടെ കയറാൻ തുടങ്ങുകയാണ്. നടപടി തീരെ സുരക്ഷിതമല്ലെന്ന് കണ്ട് ഞാൻ അച്ഛനോട് പറഞ്ഞു:
"അച്ഛാ ചെറ്യേ കൊമ്പാണ്, ഭാരം താങ്ങില്ല്യ. വേണ്ട!. "
"മിണ്ടാണ്ട് നിക്ക്വാ! താൻ ഏണി നല്ലണം ബലത്തില് പിടിച്ചാ മതി."
കൂടുതലായാൽ പിതാശ്രീ വിശ്വരൂപം കാണിക്കുമെന്ന് അറിയാവുന്നതിനാൽ ഞാൻ തുടർന്നില്ല.
പ്രായത്തിൻ്റെ അവധാനമൊന്നും കാണിക്കാതെ അണ്ണാൻ വേഗത്തിൽ അച്ഛൻ ഏണി കയറിപ്പോകുമ്പോൾ ഉലഞ്ഞ മാവിൻകൊമ്പിൻ്റെ താളത്തിന് എൻ്റെ ഹൃദയം നകാരമടിച്ചു.
കൊമ്പെത്തിയപ്പോൾ അച്ഛൻ കൂസലൊന്നും കൂടാതെ മാങ്ങകൾ പറിച്ച് അണ്ണാച്ചിച്ചാക്കിൽ ഓരോന്നായി നിക്ഷേപിക്കാൻ തുടങ്ങി. എത്ര നേരം ഏണിയും പിടിച്ച് നില്ക്കേണ്ടി വരുമെന്ന ആധിയുമായി അച്ഛൻ്റെ വിക്രമം കണ്ടുകണ്ടങ്ങിരിക്കെ പെട്ടെന്നാണ് അതുണ്ടായത്. കയ്യെത്താത്ത അകലത്തിൽ നിന്നിരുന്ന ഒരു കുല മാങ്ങ വശത്തോട്ട് ഏന്തി വലിഞ്ഞ് പൊട്ടിക്കാൻ നോക്കിയതാണ് അച്ഛൻ. ഭാരം താങ്ങാതെ വന്നപ്പോൾ കവരത്തിലെ കൊളുത്ത് വിട്ട് എണി വലതു വശം ചെരിഞ്ഞ് ഇലച്ചാർത്തുകളെ അമർത്തി തലോടി താഴോട്ട്....
" അയ്യോ!!!"
ഏണി പിടിവിടീച്ചു പോയ രണ്ടു കൈകളുമുപയോഗിച്ച് ഞാൻ കണ്ണുപൊത്തി. ഈ ജന്മത്തിൽ അത്തരമൊരു നിലവിളി എന്നിൽ നിന്നുണ്ടായിട്ടില്ല എന്ന് ഈ എഴുപത്തൊന്നിലും എനിക്കു നിസ്സംശയം പറയാൻ കഴിയും.
ഭയംകൊണ്ട് കണ്ണുകൾക്കൊപ്പം അടഞ്ഞു പോയ ബോധം തുറന്നു കിട്ടിയത് അച്ഛൻ്റെ കോപം മുറ്റിയ സ്വരം കേട്ടപ്പോഴാണ്:
"എന്താണ്ടാ ചെക്കാ നെനക്ക്?"
കൈകളകത്തി കണ്ണുകൾ കുറേശ്ശ കുറേശ്ശ വിടർത്തി അച്ഛൻ്റെ ശബ്ദം കേട്ടിടത്തേക്ക് നോക്കിയപ്പോൾ കണ്ടത് തൊട്ടടുത്ത തെങ്ങിൻ്റെ കുരലിലിരിക്കുന്ന അച്ഛനെയാണ്. ഏണിത്തലപ്പ് തെങ്ങിൻ്റെ കുരലിൽ കൃത്യമായി ചെന്നിരുന്നിരിക്കുന്നു. വീണിടം വൃത്തിയാക്കി അച്ഛനും!.
"അച്ഛാ ഭാഗ്യം കൊണ്ടാ അച്ഛനിപ്പൊ രക്ഷപ്പെട്ടത്. മതി ഇന്യെറങ്ങ്വോ!"
നിലയ്ക്കാത്ത ഹൃദയമിടിപ്പോടെ ഞാൻ വിളിച്ചു പറഞ്ഞു.
"കൂക്കി വിളിച്ച് തള്ളേ കേപ്പിക്കാണ്ട് മിണ്ടാണ്ട്ക്കട! ഞാൻദൊന്ന് നന്നാക്കട്ടെ. രണ്ടാഴ്ച്ച്യായി ആ വേലായ്ധനോട് പറഞ്ഞട്ട്, ദ് വരെ തിരിഞ്ഞോക്കീല്ല്യാവൻ!"
തെങ്ങിൻ മണ്ടയിലെ കൊതുമ്പും കോഞ്ഞാട്ടയും വലിച്ച് പറിച്ച് താഴേക്ക് എറിഞ്ഞുകൊണ്ട് അച്ഛൻ പറഞ്ഞു.
തെങ്ങിൻ കുരലിൽ തങ്ങി ഒഴിഞ്ഞു പോയ ദുരന്തത്തിൻ്റെ വാർത്ത അന്നു വൈകിട്ട് ഞാൻ വിവരിച്ചു കേട്ടപ്പോൾ അമ്മ തലയിൽ കൈ വെച്ചു:
"ൻ്റെ ദൈവേ, ഇങ്ങനേണ്ടോ മൻഷ്യര്! അഹമ്മതിക്ക് കയ്യും കാലും വെച്ചാ പേരന്വേഷിക്കണ്ട! തേവര് കാത്തു!"
May be an image of 1 person and longan

rs

അധോലോകം

അധോലോകം

രാവിലെയുള്ള നടത്തത്തിൽ സഹനടന്മാരെ കൂട്ടുന്നതിഷ്ടമല്ല. പലതുണ്ട് കാര്യം. അതിലൊന്ന് സ്പീഡ് തന്നെ. അപരൻ്റെ വേഗതയോടോ വേഗതക്കുറവിനോടോ സമവേഗപ്പെട്ട് നടക്കാൻ പറ്റില്ല എന്നതൊരു കാരണം. രണ്ട് സമയപാലനം. എനിക്കു വേണ്ടി സഹനോ സഹനു വേണ്ടി ഞാനോ കാത്തു നിൽക്കുന്നത് അസഹനീയം. ഒരിക്കൽ 'ബാലേട്ടാ ഞാനും വരട്ടെ കൂടെ, മിണ്ടിം പറഞ്ഞും നടക്കാലോ' എന്നഭ്യർത്ഥിച്ച് ഒരാൾ കൂടെ കൂടി. മിണ്ടലും പറയലും കേൾക്കലും അഹിതമെങ്കിലും മര്യാദയുടെ പേരിൽ സമ്മതിച്ചു. രണ്ടു ദിവസം കൃത്യമായി വന്നു. മൂന്നാം ദിവസം മൊബൈലിലും നാലാം ദിവസം വാതിലിലും മുട്ടി വിളിക്കേണ്ടി വന്നപ്പോൾ അയാളെ അഞ്ചാം ദിവസം മുഖദാവിൽ റദ്ദാക്കി ഞാനെൻ്റെ പാട്ടിനു നടന്നു.
പറഞ്ഞു വന്നത് പ്രഭാത നടത്തം ഒരേകാന്തധ്യാനമാണെന്നാണ്.
നാട്ടിലാവുമ്പോൾ പൊതു വഴികളിൽ നടന്നിരുന്നത് എറണാകുളത്തു വന്ന് മകളുടെ അപ്പാർട്ട്മെൻ്റിൻ്റെ ചുറ്റു വഴിയിലാക്കിയപ്പോൾ ആറ് കിലോമീറ്റർ എന്നത് അപാർട്ട്മെൻ്റിന് ഇരുപത് ചുറ്റ് അല്ലെങ്കിൽ എണ്ണായിരം ചുവട് വിച്ചെവറീസ് ഹയർ എന്ന കണക്കിനു വഴിമാറി. സന്തോഷം തോന്നിയത് എന്നെപ്പോലെതന്നെ ഞാനായി എൻ്റെ നടത്തമായി എന്ന മട്ടിൽ ബ്രിസ്ക് വാക്കടിക്കുന്നവരെ നടവഴിയിൽ കണ്ടപ്പോഴാണ്. മുറിച്ചോ മറിച്ചോ കടന്നു പോകുമ്പോൾ മറ്റൊരു സാന്നിദ്ധ്യത്തെ ഗൌനിക്കപോലും ചെയ്യാത്തവർ. യഥാമോഹിതം!
അങ്ങിനെയിരിക്കെയാണ് ഒരു മഞ്ഞു വെളുപ്പിന് തലയിൽ തൊപ്പിയും കാലിൽ ലേശം മുടന്തുമായി ഒരാൾ നടരാജപാതയിൽ പ്രത്യക്ഷപ്പെടുന്നത്. ഹിന്ദിക്കാരനാണ്. മെല്ലെ മെല്ലെയാണ് നടപ്പ്. എതിരെ വരുന്നവരോടും വെട്ടിച്ചു പോകുന്നവരോടുമെല്ലാം സലാമും സുപ്രഭാതവും പറയുന്നുണ്ട്. കക്ഷി സംസാര പ്രിയനാണെന്ന് ശരീരഭാഷയിൽ നിന്ന് എനിക്കു വായിച്ചെടുക്കാനായി. മറികടന്നു പോകുന്ന സമയം എന്നെ നോക്കി പുഞ്ചിരിച്ചു. തിരിച്ചു പുഞ്ചിരിച്ചെങ്കിലും മുഖം കൂടുതൽ കൊടുക്കാതിരിക്കാൻ ഞാൻ മനസ്സിരുത്തി. മിണ്ടാനും പറയാനും മുട്ടിയ നോട്ടമാണ്. ചാഞ്ചാടിപ്പോയാൽ നടത്തമാകെ അവതാളത്തിലാവും!.
രണ്ടു റൗണ്ട് കഴിഞ്ഞ് വീണ്ടും കണ്ടു മുട്ടുമ്പോൾ കക്ഷിക്ക് നല്ല ഒരിരയെ കിട്ടിയിരിക്കുന്നു. സ്വന്തം കാര്യം നോക്കി നടന്നിരുന്ന പാവമാണ് വലയിൽ വീണിരിക്കുന്നത്. എങ്കിലും കുറെ കാലം കൂടി മൂന്നാമതൊരാൾ കേൾക്കാതെ ഉള്ളഴിഞ്ഞ് ഹിന്ദി പറയാൻ കിട്ടിയ അസുലഭാവസരം കക്ഷി ആഘോഷിക്കുന്നതായി തോന്നി. മറി കടന്നു പോകുന്ന ഘട്ടങ്ങളിലെല്ലാം തന്നെ പിന്നെ എടുത്തോളാം എന്ന മട്ടിൽ ലഖ്‌നൌവാല ആർത്തിയോടെ എന്നെ നോക്കിക്കൊണ്ടിരുന്നു.
നാലു ദിവസം ഇങ്ങിനെ പോയി. മൂന്നാം ദിവസം മുതൽ ഇരയുടെ മുഖം മ്ലാനമായിത്തുടങ്ങിയിരുന്നു. രക്ഷാ മാർഗ്ഗം തേടുകയാണ് ചങ്ങാതി എന്നു മനസ്സിലായി. സഹായിക്കണേ എന്ന മട്ടിൽ അയാൾ ദയനീയമായി എന്നെ നോക്കുന്നുണ്ടോ എന്നെനിക്കു തോന്നി. എന്തു പറ്റിയെന്നറിയില്ല രണ്ടു ദിവസം കക്ഷിയെ കാണാതായി. ഒരാഴ്ച ഞാൻ നാട്ടിലുമായി.
നാട്ടിൽ നിന്നു തിരിച്ചു വന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അതുണ്ടായത്. എത്ര ശ്രമിച്ചിട്ടും ഒഴിഞ്ഞുമാറാനായില്ല എന്നതാണ് സത്യം. മിണ്ടാതെ സ്പീഡ് കൂട്ടി ഏതാണ്ട് ഒരോട്ടമാക്കി കടന്നു പോകാൻ നോക്കിയ എൻ്റെ മുന്നിലേക്ക് കക്ഷി കടന്നു നിന്നു.
"ഗുഡ് മോണിങ്ങ് സാർ!"
കുരുത്തിയിൽ കുടുങ്ങിയ വരാൽ മത്സ്യത്തെ കണ്ട കോൾ പാടത്തെ
മീൻപിടുത്തക്കാരൻ്റെ ചിരി അയാളുടെ മുഖത്ത്.
"ഗുഡ് മോണിങ്ങ്!"
അല്ലാതെന്തു ചെയ്യാനാണ് ഞാൻ!
കക്ഷി ലഖ്നൗക്കാരനാണ്. ഇവിടെ ഏതോ കേന്ദ്ര ഗവർമ്മെണ്ട് സ്ഥാപനത്തിൽ ഉദ്യോഗസ്ഥനായ മകനൊപ്പം താമസിക്കാൻ മൂന്നു മാസം മുമ്പ് എത്തിയതാണ്. രണ്ടു മാസം മുമ്പ് കുളിമുറിയിൽ തെന്നി വീണ് പരിക്കു പറ്റിയതാണ് കാലിലെ മുടന്തിനു കാരണം. പരിക്ക് പൂർണ്ണമായും സുഖപ്പെടുവാൻ സമയമെടുക്കുമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടത്രെ. അതു കഴിഞ്ഞേ നാട്ടിലേക്കു മടങ്ങാനാവൂ. അവിടെ ചെന്ന് ഏറെ ജോലിയുണ്ട്. എല്ലാം ഗഡ്ബടായി. എന്തു ചെയ്യാം ബായ് സാബ്! ചോദിക്കാതെ തന്നെ സ്വന്തം ചരിത്രവും ഭൂമിശാസ്ത്രവും കെട്ടഴിച്ചിട്ടതിനു ശേഷം എൻ്റെ പുസ്തകവും തുറപ്പിച്ചു.
നാലു ദിവസം സഹിച്ചു. നാലാം ദിവസം:
"ഠീക്കേ സാബ് കൽ മിലൂംഗാ!"
എന്ന് സലാം വെച്ച് കക്ഷി ഫ്ലാറ്റിലേക്ക് കയറിപ്പോയപ്പോൾ ഞാൻ ഉറപ്പിച്ചു, ഇതൊരു നടയ്ക്ക് തീരില്ല. ഖബർദാർ!
ഇന്നു രാവിലെ നടത്തത്തിനു മുമ്പ് കോറിഡോറിൽ നിന്നുകൊണ്ട് പതിവുള്ള പത്തുമിനിറ്റ് സ്ട്രെച്ച് ചെയ്യുമ്പോൾ കക്ഷി കാലു വലിച്ചു വെച്ചു പോകുന്നതു കണ്ടു.
എന്തു ചെയ്യും? വലയിൽ പെടാതിരിക്കണമെങ്കിൽ ദൃഷ്ടിപഥത്തിൽ പെടാത്ത അകലത്തിൽ വളരെ പിന്നിലായി സ്പീഡ് കുറച്ചു നടക്കണം. എന്നു വെച്ചാൽ ഗുരുവായൂരമ്പലത്തിൽ സ്ത്രീകൾ നടത്തുന്ന ഒറ്റയടി പ്രദക്ഷിണം പോലെ. അതിലും ഭേദം മുറിയിൽ പോയിരുന്ന് പാതാൾ ലോക് മലയാളം വെച്ച് ചുരുളിപ്പെടുന്നതാണ്. വേണ്ട. പോംവഴിയുണ്ട്. താഴെ ബേസ്മെൻ്റിലെ കാർ പാർക്കിലുമുണ്ട് നടവഴി. ഈ വഴിക്കു താഴെ ഇതേ വീതി ഇതേ ദൂരം. മഴക്കാലത്ത് മാത്രമേ ആരും അവിടെ നടക്കാറുള്ളു. ഇതൊരു മഴ തന്നെ.
സ്റ്റെപ്പിറങ്ങി ഒന്നാം റൗണ്ട് മുഴുമിക്കാറായപ്പോൾ ഒരാൾ എതിരേ നിന്നു വരുന്നതു കണ്ടു. നല്ല പരിചയം പോലെ. നടത്തം നിരീക്ഷിച്ചപ്പോൾ മനസ്സിലായി രണ്ടാഴ്ച മുമ്പ് ലഖ്നൌവിൽ നിന്ന് മുങ്ങി രക്ഷപ്പെട്ട കക്ഷിയാണ്. ഇവിടെ ഒളിച്ചു കവാത്ത് നടത്തുകയാണ്!
അടുത്തെത്തി ഞങ്ങൾ പരസ്പരം ഒന്നു നോക്കിയതേയുള്ളു. ബേസ്മെൻ്റിൽ അലയടിക്കും വിധം മുഴങ്ങിയ പൊട്ടിച്ചിരി തടുക്കുവാൻ ഇരുവർക്കുമായില്ല!