2025 ഡിസംബർ 23, ചൊവ്വാഴ്ച

രുദിതാനുസാരo

 രുദിതാനുസാരo 


"യുധിഷ്ഠിരാ! പത്താമത്തേയും അവസാനത്തേയും ചോദ്യമാണ് അടുത്തത്. നിൻ്റെ വീണുപോയ അനുജന്മാരെ വീണ്ടെടുക്കാനുള്ള ലാസ്റ്റ് ചാൻസ്, സുവർണ്ണാവസരം!."


പണ്ട് രാമേട്ടൻ സീതേട്ത്തിക്ക് ഊഞ്ഞാല് കെട്ടിക്കൊടുത്ത അയിനി പ്ലാവിൻ്റെ കൊമ്പിൽ കാലാട്ടിയിരുന്ന യമനെ നോക്കി യുധിഷ്ഠിരൻ നിശ്ശബ്ദം പ്രാർത്ഥിച്ചു. ഈസി, ഈസി....

"ആർ യു റെഡി?"

കിഴവൻ അമിതാബ് ബച്ചന് പഠിക്കുകയാണ്. യുധിഷ്ഠിരന് പെട്ടെന്നൊരു ചിരി വന്നു.

"എന്തേ ചിരിച്ചു കളഞ്ഞത്?"

"ഒന്നൂല്ല്യ, കമോൺ ഷൂട്ട്!"

"ഠീക്കേ. ജീവിതത്തിൽ ഏറ്റവും അസഹനീയമായതെന്താണ്?"

ഇദണ്!? യുധിഷ്ഠിരൻ സന്തോഷം മറച്ചു പിടിച്ചു.

"പറയൂ, സമയം പറക്കുന്നു. "

കൊമ്പത്ത് യമൻ വിളിച്ചു പറഞ്ഞു:

"അറുപത്തൊമ്പത് നടപ്പുള്ളവൻ എഴുപതു കഴിഞ്ഞവനെ ഫേസ് ബുക്കിൽ അമ്മാവാ എന്ന് പരിഹസിക്കുന്നത്."

വീണുപോയ ക്രമത്തിൽ തന്നെയായിരുന്നു എണീപ്പും; ആദ്യം സഹദേവൻ അവസാനം ഭീമൻ അങ്ങിനെ.

പത്ത് മൂവിൽ തന്നെ അടിയറവു പറയിച്ച പ്രജ്ഞാനന്ദയ്ക്ക് മാഗ്നസ് കാൾസൺ എന്നപോലെ യമൻ യുധിഷ്ഠിരന് കൈ കൊടുത്തു:

"കുരുക്ഷേത്രബലവാൻ ഭവ: "
______________________________________
ഇന്ത്യ-പാക്ക് ഹസ്തദാന-കപ്പ് കൊടാ വിവാദത്തിൽ ഒരാൾ എന്നെ അപ്പൂപ്പാ എന്നു വിളിച്ചിരുന്നു. ഉടനെ ഓൻ്റെ വീട്ടീക്കേറി ഓൻ്റെ പോട്ടം നോക്കി. സിൻബാദിൻ്റെ പുറത്തിരിരിക്കുന്ന 'കുട്ടീടെ' പ്രായം!

സഹിച്ചില്ല്യ! ആ വേദന കാവ്യമായി പുറത്തു വന്നതാണ്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ