2014 ഏപ്രിൽ 27, ഞായറാഴ്‌ച

ദി ഗ്രേറ്റ് എസ്കേപ്

ദി ഗ്രേറ്റ് എസ്കേപ്



മുണ്ടകൻപാടത്തെ പുത്തന്‍വെട്ടുവഴിയിലൂടെ പതിവുള്ള പ്രഭാതസവാരിയില്‍ വെച്ചടി വെച്ചടി മുന്നേറുകയായിരുന്നു ഞാൻ . ഭൂമിക്കച്ചവടക്കാർ മൊത്തം വാങ്ങിക്കൂട്ടി തരിശിട്ട പാടത്ത് ഇരകള്‍ക്കു വേണ്ടി സ്കാനിങ്ങ് നടത്തുന്ന ഒരു കൂട്ടം കൊക്കുകളെ കണ്ടപ്പോൾ  ഞാൻ ചോദിച്ചു  :

"ആകാശത്തിലെ പറവകളേ! വിതയും കൊയ്ത്തുമില്ലാത്ത  ഈ വേനൽമണ്ണിൽ തലയുയർത്താത്ത  കൃമികീടങ്ങളെ പരതി നിങ്ങളെന്തിനു വൃഥാവ്യായാമം നടത്തുന്നു? ദാ നോക്കൂ, കുറച്ചപ്പുറം കൊയ്തൊഴിഞ്ഞ പുഞ്ചപ്പാടത്ത്  ഇടയന്മാർ പണമിറക്കി വെള്ളം കയറ്റിയ കണ്ടങ്ങളിൽ താറാക്കൂട്ടങ്ങൾ തിന്നു പുളച്ചു നടക്കുന്നുണ്ട്. പറന്നു പോയ്ക്കൂടെ നിങ്ങൾക്കങ്ങോട്ട്‌? കാലണ കണ്ടത്തിലിറക്കാതെ ഉഴുതു മറിച്ച് മുക്തകണ്ഠം വിഴുങ്ങാലോ ?"

വഴിപോക്കൻ പറയുന്നതിലെ ഭക്ഷ്യസുരക്ഷാസാദ്ധ്യത തിരിച്ചറിഞ്ഞിട്ടാകാം വിഷയം പഠിക്കുവാന്‍ യോഗം  കൂടിയ  കൊക്കുകളെ  ഉത്സുകനായി നോക്കി   നിൽക്കുമ്പോഴാണ് അതുണ്ടായത്‌!. 

എതിർ  ദിശയിൽനിന്നാണ്  അവർ വന്നത്. കറുപ്പും വെളുപ്പും തവിട്ടും നിറത്തിൽ പാണ്ഡന്മാരും കുണ്ടന്മാരും ചാവാളികളുമായി അവര്‍ ഒരു ഡസനോളം  പേരുണ്ടായിരുന്നു.

ലക്‌ഷ്യം ഞാൻ തന്നെയായിരുന്നു. ഗൂഡ സങ്കേതത്തിൽ ചെന്നു പെട്ട ആലിബാബയുടെ ചേട്ടനു  നേരെ നാല്പതു കള്ളന്മാരുടെ കുതിരപ്പട്ടാളമെന്നപോലെ കുളമ്പടികളും പൊടി പടലവും ഹുങ്കാരവുമുയർത്തി അവർ  കുതിച്ചു വന്നു. 

ഡ്രാക്കുളയുടെ താവഴിയിൽ പെട്ട തെരുവുപട്ടികൾ പതിയിരിക്കുന്ന കുറ്റിക്കാടുകൾ നിറഞ്ഞ വിജനപ്രദേശങ്ങളിലൂടെ ഒറ്റയ്ക്ക് നിരായുധനായി നടക്കുന്നതിലെ അപകടത്തെക്കുറിച്ചു കുറച്ചുനാൾ മുൻപ് ആരൊക്കെയോ സൂചിപ്പിച്ചിരുന്നതോർത്തു. ജ്ഞാനികളുടെ ഉപദേശങ്ങളെ  അവഗണിച്ചതിനു പശ്ചാത്തപിക്കാൻ പോലും ഇട നൽകാതെയാണ് പൊതു മിനിമം പരിപാടി അടിസ്ഥാനത്തിൽ ഐക്യമുന്നണി തീർത്തവര്‍ കുരച്ചും ഇളിച്ചും തേത്തായി ഒലിപ്പിച്ചും തൊട്ടു മുന്നിലെത്തിയത്!. 


ഒന്നുറക്കെ നിലവിളിച്ചാൽപോലും കേൾക്കാൻ ആൾത്തരിയില്ലാത്ത സ്ഥലം. പള്ളിയിൽ നിത്യകുർബാന കൈക്കൊള്ളാന്‍ പോകാറുള്ള പരിചിതരായ ഇരുചക്രവാഹനക്കാരെ ആരെയും കാണുന്നില്ല.  ഒന്നു മാത്രം മുന്നിൽ തെളിഞ്ഞു കണ്ടു . മരണത്തിന്‍റെ ശ്വാനമുഖം. 'ഒരു മരണത്തിന്   നീ ദൈവത്തോടു കടപ്പെട്ടിരിക്കുന്നു' എന്ന വിജ്ഞവാക്യം ഉദ്ധരിച്ചുകൊണ്ട് വായ്പ തിരിച്ചടക്കാത്തവന്‍റെ ഓട്ടോ റിക്ഷ പിടിച്ചെടുക്കാൻ വന്ന ഗുണ്ടകളെപ്പോലെ നായ്ക്കൾ മുന്നിൽ മുണ്ട് വളച്ചു കുത്തി നിന്നു .


ഇനി ഒന്നും ആലോചിക്കാനില്ല .ഒരു കൈ നോക്കുക തന്നെ. ഭാഗ്യം തുണയ്ക്കാത്ത പക്ഷം ഇവറ്റകളുടെ ദംഷ്ട്രകളിൽ ആസകലം  കീറിപ്പറിഞ്ഞ്   ഉടലോടെ സ്വർഗം!

കറുത്തു തടിച്ചു യോഗ്യനായ   ഒരു മഞ്ഞക്കണ്ണനാണ്  ശത്രുപക്ഷത്തുനിന്നും 'ഭൌ'ണ്ട്രം മുഴക്കിയത്. യുദ്ധമര്യാദക്ക്‌ തിരിച്ചൂതാൻ എന്‍റെ കയ്യിൽ  ഓരോലപ്പീപ്പി പോലുമില്ല. കൈകാലുകൾ വീശിയും ഓതിരം മറിഞ്ഞും ആക്രോശിച്ചും പറ്റാവുന്ന വിധത്തിൽ ഒരു രൌദ്രഭീമൻ നമ്പറിറക്കിയാണ് ഞാൻ പ്രതികരിച്ചത്. മനുഷ്യരായിട്ട് ഇതുവരെ അവതരിപ്പിച്ചു കണ്ടിട്ടില്ലാത്ത വിശേഷപ്പെട്ട ഐറ്റം  കണ്ടിട്ടാവണം അക്രമികൾ  ഒരു ചുവടു പുറകോട്ടു വലിഞ്ഞ് അന്തം വിട്ടു നിന്നു . പക്ഷെ  കിതപ്പകറ്റാനായി ഞാൻ ആദ്യത്തെ ടൈംഔട്ട് എടുത്തപ്പോൾ യുദ്ധമര്യാദ ലംഘിച്ചുകൊണ്ട് അവർ  മുന്നോട്ടു കുതിച്ചു കയറി . ശരി, എങ്കിൽ ഇന്ദ്രനെപ്പോലും കുശുമ്പു കുത്തിക്കുന്ന ഒരു യുദ്ധം നിങ്ങൾക്ക്  ഞാൻ തരുന്നുണ്ട് എന്നാക്രോശിച്ചുകൊണ്ട് ഞാൻ ആയുധത്തിനായി ചുറ്റും തിരഞ്ഞു . 

അഹോ  ഭാഗ്യം! പൊളിച്ച കെട്ടിടത്തിന്‍റെ ഇഷ്ട്ടികക്കഷ്ണങ്ങളും കോണ്ക്രീറ്റ് കട്ടകളും മറ്റുമായി അസ്ത്രശസ്ത്രങ്ങൾ കൂമ്പാരമായി അതാ മുന്നിൽ കിടക്കുന്നു!. മാനത്തുനിന്നും പൊട്ടിവീണ പോലെ! ഇന്നലെ വരെ ഇതിവിടെ ഉണ്ടായിരുന്നില്ല. ആരോ രഹസ്യമായി കഴിഞ്ഞ രാത്രി ടിപ്പറിൽ കൊണ്ടു വന്നു തട്ടിയതാകണം. ആപത്തു കാലത്തു  കല്ലുപത്തൊരുക്കിത്തന്നവരെ മനസാ സ്തുതിച്ചുകൊണ്ട്‌ വഴിയരികിലെ ഹോളോബ്രിക്ക്   മതിലിനെ    പിൻഭാഗം കാക്കാൻ നിയോഗിച്ച്  ഞാൻ വില്ലു  കുലച്ചു. 

ആദ്യത്തെ ഇഷ്ട്ടികക്കട്ട ലക്‌ഷ്യം തെറ്റി ടാർ റോഡിലൂടെ തുള്ളിത്തുള്ളി ചാടിമറിഞ്ഞകന്ന് അനന്തതയിൽ ലയിച്ചു . അടുത്ത കട്ടയ്ക്കായി കുനിഞ്ഞ തക്കത്തിൽ കുരച്ചു ചാടിയ ശുനകപ്പടയെ " ഡേയ് !!" എന്നു   ചൂണ്ടുവിരലിൽ  മരവിപ്പിച്ചു നിർത്തിക്കൊണ്ട് അടുത്ത കോണ്ക്രീറ്റ് കട്ട. അങ്ങിനെ അലറിയും മുരണ്ടും  ഇടതും വലതും കരങ്ങളാൽ വേട്ടേക്കരന് പതിനായിരം തേങ്ങയെറിഞ്ഞു കലിയിറങ്ങിയപ്പോൾ അതാ! മുന്നിൽ ആരവങ്ങളൊടുങ്ങി ശൂന്യമായ ശത്രുവിന്‍റെ കളം !. ചുറ്റിലും നോക്കി... ഇല്ല... ആരുമില്ല! യുദ്ധത്തടവിലേക്ക് പിടിച്ചു വരവ് വെക്കാൻ  മരുന്നിനൊരെണ്ണമില്ല !

"പട്ടികൾ!"

അവജ്ഞയോടെ നീട്ടിത്തുപ്പി കയ്യിലെ പൊടിതട്ടി നടക്കാൻ തുടങ്ങിയപ്പോൾ പുറകിൽ ഹർഷാരവം! കൊക്കുകളാണ്. വരമ്പിൽ വരിവരിയായി നിന്ന് ചിറകുകൾ വീശി പള്ളക്കടിച്ചുകൊണ്ടാണ് സമാദരണം . 

"വൗ! ടെറിഫിക്ക്!!  സമ്മതിച്ചു തന്നിരിക്കുന്നു മാഷേ. സത്യത്തിൽ ഞങ്ങളായിരുന്നു അവന്മാരുടെ ടാർജറ്റ്!. അളവിലും തൂക്കത്തിലും കൂടുതൽ മികച്ച ഉരുപ്പടി കണ്ടപ്പോൾ ചുള്ളന്മാർ മാറ്റിപ്പിടിച്ചതാണ്. എന്തായാലും ഗഡീസ് ആണുങ്ങളെ കണ്ടു !. മൂന്നെണ്ണത്തിന്‍റെ കാലൊടിഞ്ഞിട്ടുണ്ട്; പ്രാരംഭ കണക്കെടുപ്പിൽ. അമ്പേറ്റ കുരുക്കളുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ട്. ഔദ്യോഗിക കണക്ക് ഉച്ചക്ക് ശേഷമേ ലഭിക്കൂ.  എനിവേ കണ്‍ഗ്രാറ്റ്സ് ! "

"താങ്ക്സ് കൊക്കീസ് ! "

"ഇറ്റ്സ് ആൾ റൈറ്റ്! നാളത്തെ പത്രമാരണക്കോ ളത്തിലേക്കുള്ള റിപ്പോർട്ടൊക്കെ തയ്യാറാക്കി കഴിഞ്ഞതായിരുന്നു." പ്രഭാതസവാരിക്കിടെ തെരുവു നായ്ക്കളുടെ കടിയേറ്റ് അറുപതുകാരൻ മരിച്ചു" എന്ന പഞ്ച് തലവാചകത്തോടെ. പക്ഷെ മാഷ്‌ ക്ലൈയ്മാക്സ് മാറ്റിമറിച്ച സാഹചര്യത്തിൽ അതു  കീറിക്കളഞ്ഞു. മനുഷ്യൻ പട്ടിയെ കടിക്കുന്നത് വാർത്തയാണെന്നൊക്കെ ജേർണലിസം ക്ളാസ്സിൽ  പറയാൻ കൊള്ളാം !."

"LOL ..! കലക്കി ബഡീസ് !"

" ജീവൻ കൂടു വിട്ടു പോകുന്നതിന്‍റെ  പ്രതീകദൃശ്യം ക്യാമറയിൽ പകർത്താനായി കൂട്ടത്തോടെ ചിറകടിച്ചു പറന്നുയരാൻ ഫ്രെയിമിൽ   ഒരുങ്ങി  നിൽക്കുകയായിരുന്നു ഞങ്ങൾ  !  ഇനി ആ ഷോട്ട് അപ്രസക്തം. പിന്നേയ്! സാമൂഹ്യദ്രോഹികളും ചിലപ്പോൾ രക്ഷകരായി മാറാറുണ്ട്‌!. അല്ലെങ്കിൽ ആ ഇഷ്ട്ടികക്കൂൂന രാത്രിക്ക് രാത്രി ഇവിടെ ഉയരണമായിരുന്നോ ?  ശരി മാഷേ! സമയമില്ല. മാഷ് സജസ്റ്റ് ചെയ്തതുപോലെ ഞങ്ങൾ കോൾപ്പാടത്തേക്കു നന്ദിപൂർവ്വം പറക്കുന്നു. അപ്പോ പിന്നെ കാണാം. ബൈ ...ടേക്കെയർ ! "

പറന്നകലുന്ന കൊക്കുകളുടെ ലോങ്ങ്‌ ഷൊട്ടിൽനിന്ന് ടിൽറ്റ് ഡൌണ്‍ ചെയ്തുകൊണ്ട് പതിനായിരമെറിഞ്ഞ് ബാക്കി വന്ന ഇഷ്ട്ടികക്കഷ്ണങ്ങളുടെ ക്ളോസ് ഷോട്ടിൽ കണ്ണുകൾ  ഫ്രീസ് ചെയ്യുമ്പോൾ ലൊക്കേഷൻ ഷെഡ്യൂൾ പൂർത്തിയാവുന്നു. 

"പാക്ക് ഓഫ് !!." 



**************




2014 ഏപ്രിൽ 21, തിങ്കളാഴ്‌ച

മുഖാമുഖം

മുഖാമുഖം



ചുമ പെരുമ്പറ കൊട്ടി ആവേശിച്ച ഒരു മീനമാസരാത്രി....

പത്തു മണിക്ക് മലർന്ന കിടക്കയിൽ കൃത്യം രണ്ടു മണിക്ക് എണീറ്റിരുന്ന് നാലാമത്തെ താളവട്ടം അടിമുടി ചുമച്ചു കഴിഞ്ഞപ്പോൾ സമാധാനിച്ചു; ആചാരമനുസരിച്ച് ഇനി വെളുപ്പിന് ആറു മണിക്കാണ് ചുമയ്ക്കേണ്ടത്. അപ്പോള്‍ മൂന്നു മൂന്നര മണിക്കൂർ കണ്ണടക്കാൻ സമയമുണ്ട് .

കഴിഞ്ഞതിന്റെ ക്ഷീണം തീർക്കാനായി കട്ടിലിനരികിലെ ജനൽപ്പടിയിൽ കൈമുട്ടുകൾ കുത്തി പുറത്തേക്കു നോക്കിയിരുന്നപ്പോഴാണ് കണ്ടത്!

പത്തടി അപ്പുറം വീടിന്റെ തെക്കേ മതില്‍ ചാരി സംഭവം നിൽക്കുന്നു!

പത്തു മിനിട്ടോളം വെടിപ്പായി ചുമച്ച വകയിൽ ഞെട്ടാനും പരിഭ്രമിക്കാനുമുള്ള ശേഷി പൂർണമായും ചോർന്നു പോയതുകൊണ്ടാവണം മനസ്സിൽ ധൈര്യം ചാർജെടുത്തിരുന്നു. അറ്റാച്ച്ഡ്‌ കുളിമുറിയിലെ നരച്ച വെന്റിലേറ്റർ ഗ്ളാസ്സിലൂടെ പുറത്തു ചാടിയ നേർത്ത പ്രൊഫൈല്‍ വെളിച്ചത്തില്‍ മതിൽ ചാരി നിന്നവന്റെ ത്രിമാനചിത്രം തെളിഞ്ഞു. ആദ്യായിട്ട് കാണ്വാ. എന്തൊരെടുപ്പ്‌ !

ആറടി ഉയരം. കുളുർക്കെ മെഴുക്കു പുരട്ടി മിനുക്കിയ ആറുകട്ട കരിവീട്ടി മെയ്യ്!. കറുത്ത ബെർമൂഡ. ട്രെൻഡി മുഖം മൂടി. ചമയങ്ങളും ലക്ഷണങ്ങളും കിറുകൃത്യം! .

നെഞ്ചുയരം മാത്രമുള്ള അഞ്ചടി മതിലിനു മുകളിൽ വലതു കൈമുട്ടു കുത്തി ചുരുട്ടിയ മുഷ്ട്ടിയിൽ തല താങ്ങി വിവേകാനന്ദൻ സ്റ്റൈലിൽ നിർമമനും നിരഹങ്കാരിയുമായാണ് പ്രതിഷ്ഠ. മുഖംമൂടിയിലെ ദ്വാരങ്ങൾക്കു പിന്നിലെ ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകൾ !. നോട്ടം ഇങ്ങോട്ടു തന്നെ.

രണ്ടു പേർക്കുമിടയിൽ നീണ്ടു വലിഞ്ഞു രംഗബോധമില്ലാതെ ഘനീഭവിച്ച മൌനത്തെ കയ്യില്‍ കിട്ടിയ ഉപചാരമെടുത്തു ഞാൻ ഭേദിച്ചു :

"ആരാ ?"

ഒരു മുരടനക്കത്തെ അകമ്പടിച്ച് ഘടോൽക്കചൻ പ്രതിവചിച്ചു:

"അയ്‌! ഇതെന്തു ചോദ്യാ മാഷെ?. ഇപ്പൊ സമയം എത്ര്യാ?."

"രണ്ട്?"

"ആണലോ? രാത്രി രണ്ടു മണി നേരത്ത്‌ മേലാസകലം ഗ്രീസ് തേച്ച് മുഖമ്മൂടി കെട്ടി വീട്ടുവളപ്പില് കടക്കണതാരാവും ?"

"കള്ളൻ?."

"അപ്പൊ ചോളാക്യം ചോദിക്ക്യാർന്നുല്ലേ!"

"സോറി; ഒരുപചാരമൊക്കെ വേണ്ടേ?"

ഞാൻ നിരുദ്ധകണ്ഠനായി.

"അത് ശര്യാ. ചക്ക തലേല് വെച്ച് നടന്നു പോണോനോടും ചോദിക്കണലോ എന്തൂട്ടാ തലേല് ന്ന് !"

"കറക്റ്റ്!."

"അതൊക്കെ പോട്ടെ, കൊറേ നേരായി ഞാൻ കേട്ടു നിക്ക്വാർന്നു. എന്റെ വഴി മുടക്കിയ ഈ പ്രകടനം. ഭേദപ്പെട്ട ചൊമ്യാണലോ? ഡോക്ട്ടറെ കാണിച്ച്വോ ?"

" കാണിക്ക്യൊക്കെ ചെയ്തു എന്റെ തസ്കര്‍ജീ ! ഒരു മാസായി. ഒരു കൊറവൂലല്യാന്ന് പറഞ്ഞാ മതീലോ!?."

"ഒരു മാസോ!?."

മതിലിൽ നിന്നും കയ്യെടുത്ത് താടിക്കു വെച്ച് അതിശയമുദ്ര കാണിച്ചുകൊണ്ട് നിശാചരൻ തുടര്‍ന്നു:

"രണ്ടാഴ്ച കഴിഞ്ഞിട്ടും മാറാത്ത ചൊമയെ സംശയത്തിന്റെ സൂചിമുനയിൽ കോർക്കണന്നാ വൈദ്യമതം. വല്ല ചെസ്റ്റ് സ്പെഷലിസ്റ്റിനേം കാണാർന്നില്ല്യേ!."

" കണ്ടൂന്നേയ്. അയാള് കൊറേ പരീക്ഷേം നടത്തി."

" കശ്മലൻ എന്തു ചൊല്ലീ?."

"പേടിക്കാനൊന്നൂല്ല്യാന്ന്. നീരെറങ്ങീട്ടാത്രെ. ചുട്ട വേനലാണലോന്നും കൂട്ടിച്ചേർത്തു."

"ങ്ഹും, അതും ശര്യന്ന്യാ. എന്താ ചൂട്! സദാസമയോം തലങ്ങനെ വെശർക്ക്വല്ലേ!."

ജനലിനപ്പുറം മൌനം വീണ്ടും ഐസുണ്ടാക്കി.

"തൃശ്ശൂക്കാരനാല്ലേ?."

ഞാൻ ഡീഫ്രോസ്റ്റർ ഓണാക്കി .

"എങ്ങനെ മനസ്സിലായി?."

"സ്ലാങ്ങ്!. "

"അനുമാനത്തിന് നൂറു മാർക്ക്!. "

" വീടെവട്യായിട്ടു വരും?."

"ഓ ഷിറ്റ്! കള്ളന്മാരടേം പുഴകൾടേം പോസ്റ്റൽ അഡ്രസ്സ് ചോയ്ക്കരുതെന്ന് മഹാഭാരതത്തില് ദുര്യോധനന്‍ പറഞ്ഞ്ട്ട്‌ണ്ട് ! അറീല്ല്യാന്ന്ണ്ടോ? "

"സോറി!."

കരിവേഷം കയ്യകലം വിട്ടു ജനലരികില്‍ വന്നു. ഗ്രീസിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി!.

"അതേയ് ചൊമക്കൊരു സൂത്രം പറഞ്ഞ് തരാം. ഇഞ്ചി, പൊതീനയില, ചോന്നുള്ളി ങ്ങനെ മൂന്നു കൂട്ടം സമാസമം ഇടിച്ചു പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് ഓരോ സ്പൂണ്‍ വീതം അഞ്ചു നേരം സേവിച്ചു നോക്ക്യേൻ!"

"ചൊമ പുവ്വ്വോ ?"

"പമ്പ വഴി !. "

"വൌ! ഗൃഹചികിത്സ വശണ്ട് ല്ലേ?."

"പിന്നില്ല്യാണ്ട് പറ്റ്വോ ഗഡീ!. ഒക്ക്യുപേഷണൽ റിസ്ക്‌ വേണ്ടത്രേള്ള ഫീല്‍ഡാ. ഫിസിക്കൽ ഫിറ്റ്നസ്സിൽ കോംപ്രമൈസില്ല!. "

"കാണ്ട് എഗ്രീ വിത്ത്‌ യു മോർ! മുടിഞ്ഞ ജാഗ്രത വേണം!."

"യു സെഡിറ്റ്!; ജാഗ്രത ! നിതാന്ത ജാഗ്രത ! പ്രാപ്യ വരാൻ നിബോധത!. ഓ! സമയം പോയി!. അപ്പൊ വരട്ടെ ഭായ്!. "

"അയ്‌! അപ്പൊ വന്ന കാര്യം?"

"പർവാ നൈ. ലീവിറ്റ്.! "

"എനിക്ക് വിരോധല്ല്യ . ഗോ അഹെഡ്. "

" നോണ്‍ സെൻസ്! ചെയ്യണ ജോലിക്ക് സത്യം വേണ്ടേ? അതെന്റെ പോർട്ട്‌ഫോളിയോ അല്ല. "

"ഏത്?."

"ഗൃഹനാഥൻ അപ്രൂവ് ചെയ്ത മോഷണം. ഒരു മാതിരി സെൻ കഥ പോലെ!."

"ന്നാലും അത്യാവശ്യം നടക്കട്ടെ."

"നോ താങ്ക്സ്!. എന്തൊക്ക്യായാലും ജോബ്‌ സാറ്റിസ്ഫാക്ഷൻ എന്നൊന്നുണ്ടലോ ? "

"ജോബ്‌ സാറ്റിസ്ഫാക്ഷനോ ?"

"അതപ്പാ! എൻജോയിങ്ങ് ദ് ഗെയിം!. മനുഷ്യൻ അപ്പംകൊണ്ട് മാത്രം കഴിഞ്ഞു കൂട്യാ മത്യോ ? ബാപ്‌രേ!! ദാ കോഴ്യാ കൂവണ്! ഇന്നത്തെ ഇന്നിങ്ങ്സ് ഡക്ക്! ഓക്കേ ബഡീ, ബൈ ഫോർ നൗ, ടേക്കെയർ!
*************

2014 മാർച്ച് 7, വെള്ളിയാഴ്‌ച

ഗുണപാഠം

ഗുണപാഠം 


ഒന്നാം  ക്ലാസ്സിലെ  ഗോപിയും   രാമുവും  വഴക്കായി. വഴക്കു  മൂത്തപ്പോൾ    ഗോപി    രാമുവിന്റെ   സ്ലേറ്റ്‌ എടുത്ത്   നിലത്തെറിഞ്ഞു.      പൊട്ടിയ    സ്ലേറ്റുമായി രാമു  മാഷുടെ മുന്നില്‍ നിന്ന് തേങ്ങി.

"മാഷേ, ഇയ് ഗോപി ഇന്റെ സ്ലേറ്റ്‌ പൊട്ടിച്ചു!"


മാഷ് കുപിതനായി ഗോപിയോട് ചോദിച്ചു:


"ഉവ്വോ?  ഇവന്‍ പറേണത് ശര്യാണോടാ?"


"അതെ" ഗോപി കുറ്റം സമ്മതിച്ചു. 


"ആഹ! അത്രയ്ക്കായോ!?"


മാഷുടെ    ചൂരല്‍    ഗോപിയുടെ    തുടയില്‍    ഗുണന ചിഹ്നങ്ങള്‍ വരച്ചു. 


വൈകീട്ട്   മേലു   കഴികിക്കുന്നതിനിടയില്‍    മകന്‍റെ തുടയില്‍  ചുവന്ന  തിണര്‍പ്പുകള്‍ കണ്ടപ്പോള്‍ അമ്മ പരിഭ്രമത്തോടെചോദിച്ചു:


"എന്താ മോനേദ്‌ !?"


"മാഷ് അടിച്ചതാ."


"ദെന്തിനാ മാഷ് അടിച്ചേ!?"


"വഴക്കായീപ്പോ ഞാന്‍ രാമൂന്‍റെ സ്ലേറ്റ്‌ പൊട്ടിച്ചു!"


"ഇനി  കുറുമ്പ്  കാട്ട്വോ!      ഇനി   കുറുമ്പ്   കാട്ട്വോ! അശ്രീകരം!!"


കുട്ടിയുടെ   തുടയില്‍   അദ്ധ്യാപകന്‍   ചൂരല്‍ വരഞ്ഞിടത്തു  തന്നെ  അമ്മയുടെ  കൈപ്പടം  പപ്പടം പൊള്ളിച്ചു!


വൈകിട്ട്   നഗരത്തിലെ   ആപ്പീസില്‍നിന്നു   ജോലി കഴിഞ്ഞെത്തിയ   അച്ഛന്   വാർത്ത   എരിവും പുളിയും ചേര്‍ത്തു നല്‍കി അമ്മ.


"നിന്നേന്ന്  ഞാൻ....!!"  


മുറ്റത്തെ   തെച്ചിയുടെ  കൊമ്പും  കുട്ടിയുടെ തുടയിൽ നാലഞ്ചു  തവണ ദംശിച്ചു   !.


അന്ന്  ജീവിതത്തിലെ  ഒരു  വലിയ  പ്രായോഗിക പാഠം  കുട്ടി  പഠിച്ചു;   സത്യം  പ റയുന്നത് അപകടമാണ് !


അടുത്ത   വഴക്കിൽ   മാഷ്‌   ഇടപെടുന്നതിനു  മുൻപ് സ്വന്തം സ്ലേറ്റും പൊട്ടിച്ചുവെക്കാൻ അവൻ മറന്നില്ല!



-----------




2014 മാർച്ച് 2, ഞായറാഴ്‌ച

കുറുക്ക്‌

കുറുക്ക്‌


മൊബൈല്‍ ഫോണൊന്നും ഇല്ലാതിരുന്ന  കാലത്ത് നടന്ന കഥയാണ്‌...

വലിയ ബിസിനസ്സുകാരായിരുന്നുവെങ്കിലും  'മുറിഞ്ഞോടത്ത് ഉപ്പ് തേക്കാത്തോരാ'യിരുന്നു പാര്‍ട്ട്ണര്‍മാര്‍ 'ജോസ് ആന്‍ഡ്‌  വറീത് '.   യാത്ര  പോവുകയാണെങ്കില്‍ കൊച്ചിക്കായാലും കല്‍ക്കത്തക്കായാലും വഴീയിലെ പൈപ്പ്  വെള്ളം  കുടിച്ചേ രണ്ടു പേരും പോവൂ .   ഖരഭക്ഷണം 'വെള്ളച്ചോറും മൊളകിരുമ്പീതും'.  


ബിസിനസ്സുമായി ബന്ധപ്പെട്ട  ഒരു കേസിന്‍റെ വിധി കേൾക്കാന്‍  ഒരു ദിവസം മദിരാശിക്കു മുണ്ടുചുറ്റിയ  ജോസിനെ വറീത്  ഉപദേശിച്ചു :


" ഡാ, കേസ്  വിധ്യായാ  അപ്പളയ്ക്കപ്പ  വിളിച്ചോളോ ട്ടാ.   പിന്നേയ്  ഒരു കാര്യണ്ട്‌.  വിളിക്കുമ്പോ   നീട്ടിപ്പിടിക്കരിക്കോ!.  ഇള്ള കാര്യം രണ്ട്  വാക്കിലൊതുക്ക്യോളോ  ട്ടാ. പണ്ടാറം എസ്റ്റീഡ്യാ !  ങ്ഹാ ...സെക്കന്റ്നാ  കാശ് .  ഡാ ശവീ നീയ്‌ കേക്ക്ണ്ടാ? 


'അയ്‌ ! ഒന്ന്  ചുമ്മാരിക്ക്‌ ഗഡി! ഇയ്ക്കറിഞ്ഞൂടെ ?. എന്ന്യാ  പഠിപ്പിക്കണേ നീയ് !"


അടുത്ത ദിവസം വിധി കേട്ട ശേഷം കോടതിക്കടുത്തുള്ള ബൂത്തിൽ കയറി ജോസ് ഡയല്‍ ചെയ്തു .


പാര്‍ട്ട്‌ണര്‍ ഫോണെടുത്തു: "അലോണ്‍ "


"ഡാ ശവീ, അറിഞ്ഞു ട്ടാ! . "


"ങ്ഹ! എന്തായീഡാ!?"


" മ്മള്  ഊഊഊ.....ട്ടാ!" 


കട്ട്..!

2014 ഫെബ്രുവരി 12, ബുധനാഴ്‌ച

വാങ്ങി വെച്ച വെള്ളം

വാങ്ങി വെച്ച വെള്ളം



"നാല് മണിക്ക് പത്തു രൂപേം റേഷൻ  കാർഡും  കൊടത്തു പറഞ്ഞാച്ചതാ ചെക്കനെ..."

തേക്കിലയിൽ ഉണക്കമാന്തൾ പൊതിഞ്ഞു കൊടുക്കുന്നതിനിടയിൽ മകന്‍റെ തിരോധാനത്തെക്കുറിച്ചന്വേഷിച്ച തങ്കപ്പൻ നായരോട് സംഭവം വിവരിക്കുകയായിരുന്നു  വാറുണ്ണി. ഒമ്പതാം ക്ലാസ്സ് മൂന്നാം  തവണയും തോറ്റു കാജാ ബീഡിയും പടവെട്ടുകളിയുമായി പീടികത്തിണ്ണ നിരങ്ങി നടന്നിരുന്ന ജോണിയെ ഒരുനാൾ കാണാതായി. സാമ്പ്രദായിക രീതിയിൽ ഒന്നും രണ്ടും ദിവസം കഴിഞ്ഞാലേ  ചാടിപ്പോയതാണെന്ന്  ഉറപ്പിക്കാറുള്ളു. പക്ഷെ തന്‍റെ സന്താനത്തിന്‍റെ കേസിൽ ആദ്യ ദിനം തന്നെ അതും മണിക്കൂറുകൾക്കുള്ളിൽ സംഗതി  വാറുണ്ണിക്ക് പിടികിട്ടിയത്രെ!. അതെങ്ങിനെ? 

വിശദവിവരങ്ങൾക്കായി നമുക്ക് വാറുണ്ണിയിലേക്കു തിരിച്ചു ചെല്ലാം .

തന്നാഴ്ചയിലെ റേഷനരി വാങ്ങാനായി ജോണിയെ ഏർപ്പാടാക്കുകയായിരുന്നു വാറുണ്ണിയുടെ കെട്ടിയോൾ പ്ലമേന. അയൽവക്കത്തെ പുളിമരത്തിൽനിന്നും തങ്ങളുടെ പറമ്പിൽ വീണു  പെറുക്കിയെടുത്ത തൊണ്ടു  പൊളിക്കാത്ത വാളൻപുളി ശേഖരിച്ചു വെച്ചിരുന്ന ചാക്കുസഞ്ചി അടുക്കളയുടെ ഒഴിഞ്ഞ മൂലയിലേക്കു ചെരിഞ്ഞു കുടഞ്ഞുകൊണ്ട്  പ്ലമേന  പറഞ്ഞു :

"നോക്ക്യേ, ഗോപാലേഴ്ശന്‍റെ പീടികത്തിണ്ണേല് പടവെട്ടി നെരങ്ങാൻ  നിക്കാണ്ട് വേഗം പോയി അരി വാങ്ങി വന്നോളോ ട്ടാ.  നേരന്ത്യായിട്ട്  കേറി വന്നാ പോരാന്ന്!. വന്നട്ട് വേണം അരി അടപ്പത്തിടാൻ!. കേക്ക്ണ്ട്രാ  പോത്തേ!?"

" ഉവ്വ് ! നീയൊന്ന്  വായ പൂട്ട്യേന്റമ്മേ !" 

അന്നു രാവിലെ തിരുമ്പിയുണക്കിയ കള്ളി ഷർട്ടെടുത്തിട്ടു കണ്ണാടിക്കു മുന്നിൽ നിന്നു മുടിചീകുന്ന മകനെ കണ്ടപ്പോൾ പ്ലമേനയ്ക്ക് സംശയം!. കല്യാണസദ്യക്കു പോലും കിട്ടിയ കൂറക്കുപ്പടമിട്ടു പോകാറുള്ള ചെക്കൻ ഇന്നെന്താപ്പോ ഇങ്ങനെ ?

" ഡാ ജോണ്യേ , അലക്കീതിട്ടട്ട്  നീയെങ്ങടാണ്ടാ  പെണ്ണ് കാണാൻ പുവ്വാ ?"

"അതൊക്കേണ്ട്!. അമ്മ കാശും സഞ്ചീം എടുത്തേൻ ." 

" അപ്പ റേഷന്‍ കാർഡ് വേണ്ടേ ?."

"എന്തൂട്ടാച്ചെങ്ങെ വേഗെടുത്തേദ് ! തേങ്ങേരെ  മൂട് ! മണി  നാലായി!."

"ഔ ന്‍റെ മോന്‍ ബോംബേൽക്ക്‌ വണ്ടി കേറാൻ  പൂവ്വല്ലേ!."

"അതെ ബോംബേൽക്ക്‌  പൂവ്വഞ്ഞ്യാ. ന്തേ പിടിച്ചില്ല്യേ ?  അമ്മേ  നീയ്യ് കളിക്കാൻ നിക്കാണ്ട് കാശെട്ക്കണ്‌ണ്ടാ!"

പ്ലമേന കൊടുത്ത കാശും കാർഡും സഞ്ചിയുമായി ജോണി പടിയിറങ്ങി.

"കാശും സഞ്ചീമായി വന്ന്  മേശേമൽത്തെ കുപ്പി ഭരണീന്ന് രണ്ടു നാരങ്ങസത്ത് എടുത്ത് വായേലിട്ടിട്ട് ചെക്കനാ   പോയി. പോണ വഴിക്ക് പതിവില്ല്യാണ്ട് ഒരു വാക്കും പറഞ്ഞു; അപ്പാ ഞാന്‍  പൂവ്വാട്ടാന്ന്."

വാറുണ്ണി തുടർന്നു:

"ആറ് മണ്യായീപ്പോണ്ട്രാ   അവന്റെ  താഴേള്ളത്  പീട്യേൽക്ക് ഓടി വന്നേക്കണൂ!."

"എന്താണ്ട്യേ  പോന്ന് ?. "

"അപ്പാ,  ജോണ്യേട്ടനെ ഇത്വരെ കാണാല്ല്യ .  നാല് മണിക്ക് റേഷൻ വാങ്ങാൻ പോയീതാ. അപ്പനോട് പറയാൻ  പറഞ്ഞു അമ്മ. "

"ആറ് മണ്യല്ലേ ആയീള്ളോ. കളരിക്കുറുപ്പിനു സമയായിട്ട്ണ്ടാവില്ല്യ! റേഷൻ പീടികേടെ ഉമ്മറത്താവും പടവെട്ട് !."

അതും കേട്ട് ജോണീടെ അനിയത്തി ലില്ലിക്കുട്ടി  പോയി.

ഏഴു മണിക്ക് പ്ലമേന തന്നെ  പീടികയിലേക്ക്  വന്നു .

"അതേയ്! നിങ്ങളെന്തൂട്ട്  നോക്കീട്ടാ ഇരിക്കണ് . ചെക്കൻ പോയീട്ട്  മണിക്കൂറ്  മൂന്നായി . എന്ത് ഗവർണറുദ്യോഗണ്ടെങ്ങിലും അരി മേടിച്ച് കൊണ്ട്രാൻ ചെക്കൻ  വൈകിക്കാറില്ല്യ .  നേരാനേരം തൊണ്ടേല് വറ്റ് കുത്തണോണം മിഴുങ്ങണലോ! ഇക്കിപ്പോ തംശയതല്ല.  ചെക്കൻ  തിരുമ്പി വെളുപ്പിച്ച  മുണ്ടും ഷർട്ടൂട്ട്ട്ടാ പോയേക്കണേ!."

പൊതിഞ്ഞു കെട്ടിയ മത്സ്യം നായർക്ക് കൊടുത്തുകൊണ്ട് വാറുണ്ണി തുടർന്നു :

"പ്ലമേനേടെ  തംശയത്തില് കാര്യണ്ട്‌ന്ന് ഇക്കും  തോന്നി. അന്നത്തെ കച്ചോടം അതോടെ അവസാനിപ്പിച്ചു പീടിക നെരപ്പലകേട്ട് പെണ്ണിന്റൊപ്പം വീട്ടിൽക്ക് ചെന്നു. ചായവെള്ളം ഇരിക്കിണ്ടെങ്ങെ ഒന്ന് തൊണ്ട നനക്കാംന്ന് വെച്ച് അടുക്കളേ കേറീപ്പോണ്ട് അടപ്പത്ത് കലത്തില്  വെള്ളം കെടന്നു കായണു."

"ദെന്താണ്ട്യേദ്?."

"ചെക്കൻ  അരീം കൊണ്ടരണത്  കാത്ത്  ആറരക്ക്  വെച്ച വെള്ളാ !"

പാത്യേമ്പുറത്ത് ഓട്ടുമൊന്തയിൽ വെച്ചിരുന്ന വാട്ടച്ചായ എടുത്തു കുടിക്കുമ്പോ പ്ലമേന നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു:

" എനിക്ക് പേട്യതല്ല . പോണ  വഴിക്ക് ചെക്കൻ അറം  പറ്റണോണം ഒരു   വാക്ക്  പറേണ്ടായി !"

"എന്തൂട്ടാണ്ടി പറഞ്ഞ് ?"

"വേഗം കാശെട്ക്കാൻ  പറഞ്ഞു തിട്ക്കം കാട്ടണ  കണ്ടപ്പോ ഞാൻ കളിതമാശക്ക് ചോദിച്ചു ;  നീയെന്താ ബോംബേൽക്ക് വണ്ടി കേറാൻ  പൂവാണോ ന്ന് ."

"അപ്പ ചെക്കൻ  ന്താ പറഞ്ഞേ ?"

"അതേ വണ്ടി കേറാൻ പൂവ്വഞ്ഞ്യാ, എന്തേ  പറ്റീല്ല്യേന്ന് !."

മത്സ്യത്തിന്‍റെ കാശു വാങ്ങി പെട്ടിയിലിട്ട്‌ ഒന്നു മുറുക്കാൻ തുടങ്ങിയ വാറുണ്ണിയിലേക്ക് ക്ലൈമാക്സ് കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചു നിന്ന നായരോട്  വാറുണ്ണി മുഴുമിപ്പിച്ചു :

"അവളത്‌   പറഞ്ഞ്   കേട്ടപ്പോ ഇന്‍റെ തംശയൊക്കെ തീര്‍ന്നു. പിന്നെ ഞാന്‍ വൈകിച്ചില്ല്യ. അടപ്പത്തിരുന്ന കാഞ്ഞെള്ളം എട്ത്ത്ട്ട്  ഉഷാറായിട്ടൊന്ന്  കുളിച്ചു !."


***************








2014 ഫെബ്രുവരി 1, ശനിയാഴ്‌ച

സൈലൻസർ

സൈലൻസർ 

സീൻ 1 

( മോപ്പഡ്‌ തുറ്റചുകൊണ്ടിരിക്കുന്ന ഇനാശു )


ഡാ ..നെന്‍റെ ഈനാശ്വേട്ടൻ, മുണ്ടക്കോടൻ പൊറിഞ്ചു ഈനാശു , ഓരോ ദിവസോം ഓരോ വഴീക്കോട്യല്ലടാ നെന്നെ ഓടിക്കാറ് ? ചുള്ളൻ !.


ചേറൂർ റോഡിക്കൂടെ പോയി, പെൻഷൻ മൂല, കെകേഴക്കെ കോട്ട, നെല്ലിക്കുന്ന്  പള്ളി , പൊട്ടക്കുളം വഴി വീണ്ടും കേഴക്കെ കോട്ട! പിന്നെ  കാഴ്ച ബംഗ്ലാവ് ചേറൂർ റോഡ്‌ വഴി പെരിങ്ങാവില് സണ്ണീടെ ബംഗ്ലാവിലെത്തും . പിറ്റേസം വേറെ വഴി . ഷോർണൂർ റോഡിക്കൊട്യങ്ങട് കേറി മ്മടെ സ്വരാജ് റൌണ്ടിലെത്തും.  പിന്നെ പോസ്റ്റ്‌  ഓഫീസ്  വഴി വീണ്ടും ചേറൂർ റോഡ്‌. ഒരീസം പോയെ വഴീക്കൂടെ പിന്നെ നിന്നെ കാണണെങ്ങെ   അഞ്ചാറീസം കാത്തിരിക്കണ്ട്രാ ശവീ?


ഡാ നെന്‍റെ ശബ്ദണ്ടലോ ഒരെമണ്ടൻ ശബ്ദാ ട്ടാ ! പിന്നെ ചെലോന്മാർക്ക് തോന്നും കാക്കൂട്ടില് കയ്യ്‌ തിരുകി  കെടക്കണ്ട കൊച്ചുവെളുപ്പാങ്കാലത്ത് ഇങ്ങനെ മാലപ്പടകം പൊട്ടിച്ച്  നാട്ട്വാരടെ ഒരക്കം കളയാന്‍  ഈ തന്തക്ക്‌ എന്തിന്‍റെ കേടാന്ന്! . അങ്ങട്ട്  തോന്നിക്കോട്രാ . അതൊന്നും പൊറത്തക്ക് വരില്ല്യാ. അപ്ലക്കും   മ്മള് വിട്ട്ണ്ടാവില്ല്യേ!


മുമ്പൊക്കെ നെന്നെ തൊടച്ചു  മിനുക്കി പൊറപ്പെടാൻ നിക്കുമ്പോ കൊച്ചുത്രേസ്യ ചുടുക്കനെ ഒരു ഗ്ലാസ് ചായ തന്നേർന്നു . ആ കാലൊക്കെ പോയി. ഇപ്പ ദേ അവൾടെ  ഒടുക്കത്തെ കൂർക്കംവലി  കേട്ടാ ! പാറപ്പൊറത്ത് കണ്ണൻ  ചെരട്ട  ഒരക്കണ  മാതിരി പല  പല താളത്തില്‌ ! അവള്‍ടെ  മോന്തേമില്‍ക്ക് ഒരു പാട്ട വെള്ളങ്ങടോഴിച്ചിട്ട് പോയാലോ !?


അയ്യട! ബീഡീം തീപ്പെട്ടീം ഇട്‌ക്കാൻ മറന്നു.


കണ്ടില്ല്യേ  അവൾടെ നീണ്ട് നീർന്നുള്ള കെടപ്പ്! നല്ല പൂക്കളുള്ള  ളോഹ , മുഴുത്ത രണ്ട് ! കല്യാണം  കഴിക്കുമ്പോ   ന്‍റെ പകുതി  പ്രായേ  ഇവൾക്ക്ണ്ടാർന്നുള്ളോ ! കെട്ട്  കഴിഞ്ഞ രാത്രീല് ആദ്യായിട്ട് അവൾടെ  ചട്ട ഊരിപ്പിച്ചപ്പൊ  ഔ...ന്‍റെ കർത്താവേ ..! (ദ്വേഷ്യം ) ങ്ഹാ ..ഞാനൊന്നും...! (പോയി വണ്ടിയിൽ കയറി ഇരുന്നു.)


(കാർ  ഷെൽട്ടറിൽ  നോക്കി) ഡാ , നിന്നെ കൊച്ചാക്കീട്ട്  ഇവടെ  കെടക്കാറുള്ള ആ എമണ്ടൻ  കാറില്ല്യേ ? അവൻ ന്‍റെ മോൻ സണ്ണീനേം കൊണ്ട് തിരോന്തരത്തക്ക്  പോയിരിക്ക്യാ. ഏതോ മന്ത്രീടെ  കാല്  പിടിക്കാനാത്രേ !ഫൂ!!


( മുരളുന്ന  നായയെ നോക്കി ) അവനേയ് ..ആ നായ  വിദേശ്യാ . അതെപ്പഴും മൊരളും . സാരല്ല്യാ  സാരല്ല്യാന്നോ മറ്റോ ആണ് അത് മുറുമുറുക്കണേ! . ന്‍റെ  സൈക്കിൾ  ഷാപ്  നടത്തീർന്ന സ്ഥലം തീറാധാരം എഴുതി കൊടുത്തിട്ട് കാശ് മുഴുവൻ ന്‍റെ  മോൻ  സണ്ണി അവന്‍റെ ബാഗില്‌  കുത്തിത്തിരിക്യേ ദിവസം റേയ്സ്ട്രാപ്പീസീന്നു മടങ്ങി വന്നപ്പഴും നായ ഇതേ നോട്ടത്തില് ഇതേ പോലെ സാരല്ല്യ സാരല്ല്യാന്ന് പര്‍ഞ്ഞേര്‍ന്നു. ഒന്നും സാരല്ല്യാ ! നായോൾക്ക് !. പക്ഷെ ഈനാശൂന് അങ്ങന്യല്ല !. ഈനാശൂന്റപ്പന്‍ മുണ്ടക്കോടന്‍ പൊറിഞ്ചൂനും അങ്ങന്യല്ലാർന്നു !


സീൻ 2 

(വണ്ടി തുടയ്ക്കുന്ന അപ്പനോട് പൊങ്ങച്ചം പറയുന്ന മകൻ സണ്ണി. മുറ്റമടിക്കുന്ന കൊച്ചുത്രേസ്യ)

ഡീ കൊച്ചുത്രേസ്യേ ! ഇവനിപ്പോ എന്താ പറ്റ്യേടീ ? എന്തൂട്ടാണ്ടി   കാര്യം  പറേമ്പോ  നിയ്യ്‌ തെങ്ങിന്‍റെ മണ്ടേല്  നോക്കി നിക്കണേ ? ന്താ നെന്‍റെ  തലേല് മണ്ടരി ബാധിച്ചാ ? എന്താണ്ടീ  നെന്‍റെ നാക്കെറങ്ങിപ്പോയാ ?


(കൊച്ചുത്രേസ്യയുടെ അവജ്ഞ കലർന്ന മറുപടി )


അന്ന് അഴിച്ച് മാറ്റീതാണ്ടാ നെന്‍റെ  സൈലൻസറ് ! ന്നാലും അവളങ്ങനെ പറയുംന്ന് ഞാൻ നിരീച്ചില്ല്യ.

തീകൊള്ളി എടുത്ത് നെഞ്ചിലിക്ക് കുത്ത്യേ പോല്യാ എനിക്ക്  പോള്ളീത് ! അമ്മേം മോനും ഒരൊറ്റ  ഐക്യമുന്നണ്യാ!  സാരല്ല്യാ. ഇപ്പൊ അവരോടൊന്നും പറഞ്ഞിട്ട്  കാര്യല്ല്യാ .

(വണ്ടിയിൽ തല ചായ്ക്കുന്നു)


(തല ഉയർത്തി)  തൃശ്ശൂർ  പൂരത്തിന്  അമിട്ട്  പൊട്ടണ പോലെ  ഒരു ശബ്ദം  തലോട്ടിക്കുള്ളില് മൊഴങ്ങി കാതുകളിലൂടെ പോറത്തക്ക് ചീറ്റും . അപ്പോഴൊന്നും ഈ ഈനാശൂന്‍റെ നേന്ത്രണത്തിലല്ല നീയ്  ഓടീർന്നത്‌!.


    പണ്ട് കൊച്ചുത്രെസ്യോടുള്ള അടങ്ങാത്ത ആവേശത്തിൽ അവൾക്ക്  ബിരിയാണീം  കരിമീൻ പൊരിച്ചതും വാങ്ങാറുള്ള പടിഞ്ഞാറെ കൊട്ടേലെ  ജോസോട്ടലിലേക്ക് നിയ്യെന്നെ കൊണ്ടു  പോയി ശങ്കരയ്യ റോഡിന്ന് തിരിഞ്ഞപ്പഴാ അറിഞ്ഞത്  ജോസോട്ടൽ അവടെ  ഇല്ല്യാന്ന് .


ന്‍റെ നിയന്ത്രണം വിട്ട് പോമ്പഴാ ഇങ്ങന്യൊക്കെ ഇണ്ടാവാടാ ശവീ !


   പിന്നൊരീസം കൊച്ചുത്രേസ്യേ ഡോക്ട്ടർടെ അടുക്കൽക്ക് കൊണ്ട് പോകാൻ റിക്ഷ  വിളിക്കാറുള്ള പേട്ടേലിക്ക് നിയ്യ്  പോയി. അന്ന് കൊച്ചുത്രേസ്യക്ക് വയറ്റിലുണ്ടായി ഇരിക്ക്യാർന്നു . ബാറ്  നടത്തി  നാട്ടുകാരെ  കുടിപ്പിച്ച്  കൊല്ലാൻ പോണ ഒരുത്തനാ ആ വയറ്റില്  കെടക്കണതെന്ന് അന്ന് ഞാൻ അറിഞ്ഞിഞ്ഞെര്‍ന്നില്ലിലോ ! മുനിസിപ്പൽ ആപ്പീസ് റോഡിലിക്കു തിരിഞ്ഞപ്പഴാ അറിയണത് , അവടെ  ഒരൊറ്റ  റിക്ഷ പോലും ഇല്ല്യാന്ന് . പകരം ഒക്കെ ഓട്ടോ റിക്ഷോള്! .


ഡാ , ഇത്  മ്മടെ  പഴേ  ത്രുശ്ശൂരല്ലടാ . പഴേ ത്രുശ്ശൂരല്ല!


സീൻ 3  


(കിടക്കയിൽ അസ്വസ്ഥനായിരിക്കുന്ന ഇനാശു )


( വേദിയുടെ വലത്തറ്റം വന്ന്  തെങ്ങിൽ നോക്കി ) അ: അ: അ: ആ ...! തെങ്ങിന്‍റെ മണ്ടേലാ കൂടു കൂട്ട്യേക്കണേ ല്ലേ !?


( വേദിയുടെ  ഇടത്തറ്റം വന്ന്  പ്ലാവിൽ നോക്കി ) ങ്ഹും  ങ്ഹും! അതേയ് ..ഓരൊറ്റെണ്ണം ബാക്കി നിർത്താണ്ട്‌ കൊത്തിക്കോളോ ട്ടാ!


(വേദിയുടെ  മധ്യത്തിൽ നിന്ന് മുൻപിൽ പട്ടിയെ നോക്കി ) ഡാ ചൊക്ക്ലീ ! നെന്നെ സമ്മതിച്ചൂ  ട്ടാ. ഇവൻ ഇവടെങ്ങനെ കെടക്കുമ്പോ മുമ്പിക്കൂടെ  കൂസലില്ല്യാണ്ട് കൊരച്ചു പുവ്വാൻ ധൈര്യം ണ്ടായീലോ  നെനക്ക് ! ഡാ , നോക്ക്യേ , അവനൊരു വിദേശിയാ . അവന്യൊന്നു  മൈൻഡ് ചെയ്ത് പോടപ്പാ നിയ്യ്‌ !


( വീണ്ടും വേദിയുടെ വലത്തറ്റം വന്ന് ) അ: അ: അ: ആ ..! ടീ  കൊച്ചുത്രേസ്യേയ് , ദേ  ഇവടെ  നെന്‍റെ കോഴ്യോള്  പെരുന്നാളൂടണ്ട് ട്ടാ !


(കൊച്ചുത്രേസ്യയുടെ കയ്യിൽനിന്നും പണം വാങ്ങിക്കൊണ്ട് )  അവളെ കെട്ട്യേന്റേം സണ്ണീടെ  അപ്പനായെന്റെം   പാപത്തിന്‍റെ ശമ്പളാ!. പിന്നെന്താച്ചാ പെട്രോളടിച്ചു  ബാക്കി ബീടിക്കും  ചായക്കൂള്ള വക ഇതിലുണ്ടാവും . (വണ്ടിയിൽ കയറി സ്റ്റാർട്ടാക്കുന്നു. ഓടിക്കുന്നു, ഓടിക്കൊണ്ടിരിക്കെ  വണ്ടിയോട്)


ഡാ നോക്ക്യേ കണ്ണിക്കണ്ടോണം പൂവരുത്ട്ടാ. ഞാന്‍ പറഞ്ഞോണം പൊക്കൊളോ. പാട്ടുരായ്ക്കലെത്ത്യാ നേരെ പൊക്കൊളോ. എവടയ്ക്ക നീ തിര്യേണേ. നേരെ നേരെ . ടാ ഓവര്‍ ബ്രിജ്

വേണ്ട ഓവര്‍ ബ്രിജ് വേണ്ട. ഡാ ശവീ നിന്നോടു പറഞ്ഞില്ല്യെ ഓവര്‍ ബ്രിജുമ്മേ കേറണ്ടാന്ന്. ടെ തീവണ്ട്യാ പോണ്. എവടക്കാ പൂങ്കുന്നത്തക്കാ. വേണ്ട്ര വേണ്ട്ര വേണ്ട്ര പൂങ്കുന്നത്തക്ക് പോണ്ട്ര. പൂങ്കുന്നത്തക്ക് പോണ്ട്ര ..നിക്കടാവടെ......!!!

( വണ്ടി നിന്നു. )


ഏന്തേ നെനക്ക് ചായ കുടിക്കണാ?  പണ്ട് പാലസ് റോഡിക്കോടെ പൂവുമ്പോ മ്മടെ ഗോപാലേട്ടന്‍റെ  കോര്‍ട്ട് വ്യൂ  ഹോട്ടലീ കേറി ഒരു ചായ കുടിക്കും.  ഇപ്പളും അതീക്കൊട്യൊക്കെ പൊമ്പോ ഹീറോ ഹോട്ടലീന്ന് ഒരു സിങ്കിളടിക്കാറുണ്ട്.


(അകലേക്ക്‌ നോക്കിക്കൊണ്ട്‌)


ഡാ ഡാ കാണണ കണ്ണാടി മാളികേണ്ടലോ അത് നിക്കണോടത്താര്‍ന്നു മ്മടെ സൈക്കിള്‍ ഷാപ്പ്. വല്ല്യേ ബോര്‍ഡോന്നും എഴുതി വെച്ചില്ലിങ്ങിലും ഈനാശൂന്‍റെ സൈക്കില്‍ ഷാപ്പ്‌ന്ന് പറഞ്ഞാ എല്ലാര്‍ക്കും അറിയാര്‍ന്നു.


പിന്നില്‍ ഈനാശുവിന്റെ ഭൂതകാലം


(  പീറ്ററിന്‍റെ  വരവിനു ശേഷം. )


അന്ന് രാത്രി കൊച്ചുത്രേസ്യേനെ കെട്ടിപ്പിടിച്ചു കെടക്കുമ്പോ ഞാന്‍ സ്വകാര്യം പറഞ്ഞു "ട്യേ പീറ്റര്‍ന്ന് പേരുള്ള ഒരു ചെക്കന്‍ ഇന്നിമ്മടെ  കടേല് വന്നേര്‍ന്നു.  അവന്‍ കയ്യാളായിട്ട് നിക്കാത്രേ.എന്തൂട്ടാ നെന്‍റെ അയ്പ്രായം?


ഒക്കെ ചേട്ടന്റെ ഇഷ്ട്ടം പോലെ


ഹി ഹി ഹി. പീറ്റര്‍റേയ്  ആള്  മിടുക്കനാര്‍ന്നു ട്ടാ. നല്ല പണ്യാ ചെക്കന്‍റെ . മ്മക്കൊന്നും പറഞ്ഞു കൊടുക്കണ്ട.


ഡാ കമ്മീഷന്‍ മേടിക്കണ പണി വേണ്ടാ ട്ടാ.


ഒരീസം പണീടുത്തോണ്ടിരിക്കുമ്പോ ഫട ഫട ഫടാന്നു ശബ്ദണ്ടാക്കീട്ടു ഷാപ്പിന്‍റെ മുമ്പ്യോടെ

ഒരു സാധനാ പോയി!

ആ ബൈക്കിന്‍റെ ഷോക്കബ് ശര്യല്ലാ.


പിന്നെ ഓരോ ദിവസോം അഞ്ചും ആറും ചാത്തന്‍ വണ്ട്യോള് സൈക്കില്‍ ഷാപ്പിനെട്ട്  വെറപ്പിച്ചോണ്ട് പുവാന്‍ തൊടങ്ങി!.


നെന്‍റെ പൂത്യേയ് ഉള്ളില് വെച്ച മതീ ട്ടാ!


ഒരീസം പീറ്ററ് എന്നെ പറഞ്ഞു മയക്കീട്ട് ടൌണില് കൊറേ മോപ്പഡോള് നേരത്തി വെച്ചേക്കണ ഒരു കടേലിക്ക്‌ കൊണ്ടോയി. അതില് ഒരെണ്ണത്തിന്‍റെ ഹാന്റിലിമ്മേ ന്‍റെ കയ്യ് പിടിച്ചമര്‍ത്തി വെച്ചിട്ട്  ചെക്കന്‍ പറഞ്ഞു. " ഈനാശ്വേട്ടാ ഇനീത് ഈനാശ്വേട്ടന്‍റെ വണ്ട്യാ." ന്ന്! അന്ന് സൊന്താക്കീതല്ലടാ മോനെ നിന്നെ ഞാന്‍. പിന്നെ ചെക്കന്‍ പറഞ്ഞു. "ഈനാശ്വേട്ടാ ഇത് ഭാഗ്യവണ്ട്യാ. ഈനാശ്വേട്ടന്‍ ഇനി സൈക്കിള് ചവിട്ടി ക്ഷീണിക്കണ്ട." അപ്പ ഞാന്‍ ചോച്ചു അയ്‌! ദിപ്പോ എങ്ങന്യാണ്ടാ ഒടിക്ക്യാന്ന്! അപ്പ ചെക്കാന്‍ പറഞ്ഞു അതീനാശ്വേട്ടന്‍ പേടിക്കണ്ട  ഞാമ്പടിപ്പിച്ച്വരാംന്ന്‍!ഒറ്റ രാത്രീം പകലും കൊണ്ട് ചെക്കന്‍ എന്നെ വണ്ടി ഒരിക്കാന്‍ പഠിപ്പിച്ചൂന്നേയ്! ഒരാഴ്ച കഴിഞ്ഞപ്പോ പതിവില്ല്യാണ്ട് മ്മടെ സണ്ണിച്ചെക്കന്‍ കടേല്‍ക്ക്‌ കേറി വന്നേക്കുണൂ!


അപ്പാ ഞാന്‍ പത്തില് തോറ്റു.


പിന്നെ പിന്നെ പീറ്ററ് പതിവ് തെറ്റിക്കാന്‍ തൊടങ്ങി. കൃത്യസമയത്ത് വരാണ്ടായി ചെക്കന്‍. കൂടാണ്ട് അവന്‍ എടക്കെടക്ക് സിനിമാ പാട്ടോള് മൂളാനും തൊടങ്ങി !.


പിന്നെന്തൂട്ടിനാ ഞാന്‍ വര്‍ക്ക്ഷോപ്പില് പോയി പഠിച്ചത്?


പീറ്ററ് പോയി. അവന്‍റെ കയ്യിലിണ്ടാര്‍ന്ന സൈക്കിള്‍ ചങ്ങല ന്‍റെ കഴുത്തിലിട്ട് മുറുക്ക്യെ പോല്യാ ഇക്ക് തോന്നീത്! സണ്ണി ചെക്കന്‍ പത്തില് തോറ്റൂന്നു പറഞ്ഞപ്പോ എനിക്കിത്ര സങ്കടണ്ടായില്ല്യ. സൈക്കിള്‍ ഷാപ്പില് പിന്നെ ആരും വരാണ്ടായി. വല്ലപ്പഴും വരണതൊക്കെ യ്യ് കൂലിപ്പണിക്കാരടെ    

തുരുമ്പിച്ച വണ്ട്യോള്! അതാ പണിത് കൊടുത്താലോ കടോം  പറയും. കിട്ടാക്കടം. തല്ലാരും തന്താരും കുട്ടി സൈക്കിളുകള് വാങ്ങിക്കൊടത്തപ്പോ വാടക വണ്ടിക്കു പിള്ളേരും വരാണ്ടായി!  പിന്നെ വെര്‍തെ കുത്തീരിക്ക്യാന്ന്‍ ആളോള്‍ക്ക് തോന്നാണ്ടിരിക്കാന്‍ ഞാന്‍ എന്തെങ്കില്വോക്കെങ്ങനെ ചെയ്തോണ്ടിരിക്കും. അങ്ങനെ ഇരിക്കുമ്പ്ലാ പിന്നേം സണ്ണിച്ചെക്കന്‍റെ വരവ്!

സണ്ണി:ഈ അവസരം കളഞ്ഞാ പിന്നെ അപ്പന് ഈ മോൻ ഉണ്ടാവില്ല്യാ ട്ടാ അപ്പാ !


പീറ്റർ :നാളെ തൊട്ടു ഞാൻ വരണില്ല്യാ


അപ്പാ...അമ്മച്ച്യേ ..കേട്ടില്ല്യേ  ന്‍റെ മോൻ  പറഞ്ഞത് ?  മ്മടെ സൈക്കിൾ ഷാപ്പിരിക്കണ സ്ഥലം അവന് വിക്കണംന്ന് ! വേണോ അപ്പാ? അത് വിക്കണോ ? എന്താ നിങ്ങള് മിണ്ടാത്തേ? എന്തെങ്കില്വോന്നു പറയെന്‍ടപ്പാ !"


(കുറച്ചു നടന്നു എന്തോ കേട്ട പോലെ തിരിഞ്ഞ്)


ങ്ഹേ ! എന്താ പറഞ്ഞെ? അപ്പനെന്താ പറഞ്ഞേ ? വിറ്റോളാനാ? എന്ടപ്പനും അങ്ങന്യാ പറേണേ ! അപ്പാ!! അമ്മച്ച്യെയ്!!


തിരിഞ്ഞു നടക്കുമ്പോൾ വികാരിയെ കാണുന്നു.


അച്ചോ ! ഈശോ  മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!


ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ!


അച്ചോ  ന്‍റെ മോൻ...;


അതെ സണ്ണി ?


അതെ സണ്ണി പറയ്വാ  മ്മടെ സൈക്കിൾ കട വിറ്റിട്ടേയ് അവനു ഹോട്ടല്  നടത്തണന്ന് ! അതൊന്നും വേണ്ടാന്ന്  അവനോടോന്നു പറഞ്ഞു മനസ്സിലാക്കെന്റച്ചോ !


ഞാൻ നിനക്ക് വേണ്ടി പ്രാർഥിക്കാം!


വീട്ടീ ചെന്നപ്പോ കൊച്ചുത്രേസ്യേം  അങ്ങന്യന്ന്യാ  പറഞ്ഞേ!!


(അച്ഛനും ത്രേസ്യയും ചേർന്ന്  പ്രാർത്ഥിക്കുന്നു .ആമേൻ)


അങ്ങനവളും അച്ചനും മുട്ടിപ്പായി പ്രാർത്ഥിച്ചു  പ്രാർത്ഥിച്ച് എക്സലൻസി  ഹോട്ടല്  ബാറോട്ടലായി!


സൈക്കിളില്നിന്നും എണീറ്റ്‌  അച്ചനരികിൽ ചെന്ന്


അച്ചോ  ന്‍റെ പൊന്നച്ചോ  അവൻ ഹോട്ടല്  നടത്തിക്കോട്ടെ . പക്ഷെ മനുഷ്യന്മാരെ  ബ്രാണ്ടി  കുടിപ്പിച്ച് കുടുമ്മം വഴിയാധാരാക്കണ കച്ചോടം മ്മക്ക്  വേണ്ടച്ചോ ! അവനോട്  അതെങ്കിലും ഒന്ന് പറയച്ചോ !


(ഒഴിഞ്ഞു മാറി പോകുന്ന അച്ചനോട്)


അച്ചോ ...! കുടുമ്മം കുറുമ്പാടാക്കണ  ആ കച്ചോടെങ്ങിലും വേണ്ടാന്ന്  അവനോടൊന്നു പറയെന്റച്ചോ !


(തിരിച്ചു സൈക്കിളിൽ വന്നിരുന്ന്)


അന്ന് ഞാൻ പള്ളിമേടേന്ന് എറങ്ങീതാ! . പിന്നെ അപ്പനേം അമ്മേനേം കാണാൻ സിമിത്തേരീൽക്കേ  ഞാന്‍ പോയിട്ടുള്ളോ!.


സിമിത്തേരിയിലേക്കുള്ള യാത്ര. മോപഡ്  കണ്ടു ഞെട്ടുന്ന യാത്രക്കാർ. വണ്ടി നിർത്തി.


സിമിത്തേരീല് പരേതാത്മാക്കള്  ചായ കുടിക്ക്വോ ? ന്‍റെ അപ്പനും അമ്മേം ഇതുപോലെ ചായ കുടിക്കാൻ  വരാറുണ്ടാവോ! ?   ഇപ്പൊ സമയം എത്ര്യായീണ്ടാവും ? കര്‍ത്താവേ ! അപ്പൊ വഴീല് കണ്ടോരൊക്കെ പ്രേതങ്ങളായിരുന്ന്വോ!? അതോ നി ഞാൻ സ്വപ്നം കാണ്വാണോ ?


മോപഡ്  തരിച്ചു വെച്ച് സ്റ്റാർട്ടാക്കി ഹെഡ്  ലൈറ്റിൽ നോക്കുമ്പോൾ 


യാത്രക്കാർ :"ചായ വേണോ ഈനാശ്വേട്ടാ ? "


(ചമ്മലോടെ ) വേണ്ട ഞാൻ ചായ കുടിച്ചു . അപ്പൊ അവരൊന്നും പ്രേതങ്ങളായിരുന്നില്ല്യ അല്ലെ? മഴക്കോട്ട്  ഇട്ടിട്ട്  വെളുപ്പാൻ കാലത്ത്  നടക്കാൻ എറങ്ങ്യെആൾക്കാരാവുംല്ലേ !


സിമിത്തേരിയിൽ കയറുന്നു 


മൂന്നീസം മുമ്പ്  വവന്നു ന്പ്പോ പോയീതേള്ളൂ!അപ്പളക്കും പുല്ല്  തഴച്ചു പൊന്തി!. ദുഷ്ടൻ പന പോലെ വളരുംന്ന്  പറേണ  കേട്ട്ണ്ട്‌ . ആർക്കും  വേണ്ടാത്ത പുല്ലും തഴയ്ക്കും . ഈനാശൂനെ ഒറ്റപ്പെടുത്താൻ കൊച്ചുത്രേസ്യേം സണ്ണിച്ചെക്കനും കൂടി ഈ സിമിത്തേരീടെ  മതിലിനെക്കാളും  വല്ല്യെ  കോട്ട കെട്ടിപ്പൊക്ക്യാലൊന്നും  ഈനാശു  ഒറ്റപ്പെടില്ല്യ.  ഈനാശു  തോല്ക്കില്ല്യ.


ങ്ഹേ ! ആരാ കരകരഞ്ഞത്!? ഇലകളൊക്കെ എളക്ണ്ടലോ ! ഇനീപ്പോ മരങ്ങളായിരിക്ക്വൊ കരഞ്ഞത്? ഏയ്‌! അവറ്റക്കിപ്പോ കരേണ്ട കാര്യൊന്നൂല്ലിലൊ! . എല്ലാരും കൂടി ഒറ്റക്കെട്ടായി  പറ്റിച്ചേർന്നു  നിക്ക്വല്ലെ ! ചെലപ്പോ ഓരോ മരോം അട്ടക്കല്ലേന്ന് വിചാരിച്ചു കരേണതായിരിക്ക്വോ ?


ഇടിമിന്നൽ 


ങ്ഹേ! ഈ കല്ലറേടെ ഉള്ളീന്നല്ലേ  കരച്ചില് കേട്ടത്? എന്റെപ്പനും അമ്മേം ആവ്വോ  കരഞ്ഞത്? അതോ അധികപ്പറ്റായി  ജീവിച്ചു  മരിച്ചിട്ട്  ബന്ധുക്കള്  കൊറേ  കാശും  ചെലവാക്കി  മെത്രാനും പൊൻകുരിശും ഒക്ക്യായി  കുഴിച്ചിട്ട ആരെങ്കില്വാവോ? അപ്പാ...അമ്മച്ച്യെ!


തിരിച്ച് വണ്ടിയില്‍ കയറി പുറത്തേക്ക് ഓടിച്ചു പോകുന്നു. 


കസേരയില്‍ ആഭരണങ്ങലണിഞ്ഞു ഗമയില്‍ ഇരിക്കുന്ന കൊച്ചുത്രേസ്യ. അത് കണ്ടു പുറത്തുനിന്നു വരുന്ന ഈനാശു.


അയ്യട!.  എന്താ  ചേല്! രണ്ടു  കയ്യിലും നറച്ചു വളേം ഇട്ടിട്ട്  അവള്‍ടെ ഒരിരിപ്പ് കണ്ടില്ല്യേ. ട്യേ.. ബ്രാണ്ടീടെ ചൂരുണ്ടടീ ആ വളോള്‍ക്ക്! ട്യേ എന്തൂട്ട് ഇരിപ്പാണ്ടീ നിയ്യിരിക്കണേ? എന്താ നെnte വല്ലോരും ചത്താ? 


സണ്ണിക്കുട്ടി കാറുംകൊണ്ട്.......


എന്തൂട്ടാ നിയ്യ്‌ പറെണേ!


മോപ്പട്മ്മേ കേറ്റി


ഹേ! എന്ത്!


അപ്പാ. രണ്ടു തെറിയെങ്കിലും പറയാന്‍ എനിക്ക് പറ്റണില്ലിലോ എന്റപ്പാ. അപ്പനല്ലേ എന്നെ പഠിപ്പിച്ചത് " ഈനാശ്വോ! നിയ്യാരേം അപമാനിക്കരുത് ട്ടോ. ആരോടും ചീത്ത വാക്കോള് നിയ്യ്‌ പറേരുത് ട്ടോ "ന്നൊക്കെ. അപ്പന്‍ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചില്ല്യെ അപ്പന്റെ മോന്‍ ഈനാശു! ഞാനിനി എന്താ വേണ്ട്പ്പാന്റ? ഞാനിനി എന്താ വേണ്ട് ?











2014 ജനുവരി 29, ബുധനാഴ്‌ച

കോന്ത





കോന്ത 

ചെല്ലപ്പേരിനൊരു   ചാരുതയുണ്ട്. ചൊല്ലുന്നവര്‍ക്കും പേരിന്നുടമയ്ക്കും  മാത്രം അനുഭവവേദ്യമാകുന്ന ഒരു കുളിര്!. പക്ഷെ  വലിയൊരു പരിമിതിയുമുണ്ട് . സ്ഥലകാലവിവേകമില്ലാതെ  പ്രയോഗിച്ചാല്‍     ചാരുത    പൂതനയായി ഇളകിയാടും കുളിരു   മൂത്ത്  കാട്ടുതീയാകും!

അമ്പതു വർഷം മുൻപുനടന്ന കാര്യമാണ്. കഥയിലെ നായിക ഈയുള്ളവന്‍റെ സഹോദരി. നായകനില്ലാത്ത കഥയില്‍ പക്ഷെ  പ്രതിനായകനുണ്ട്. അച്ഛൻ .!

ടോണ്‍സിലൈറ്റിസ് അസുഖത്തിനു ഡോക്റ്ററെ കാണിക്കാനായി
പതിനെട്ടുകാരിയായ ചേച്ചിയെയുംകൂട്ടി ഒരു നാൾ അച്ഛൻ പട്ടണത്തിലേക്ക് പോയി. നല്ല തിരക്കുള്ള ബസ്സ്‌. ജില്ലാ ആശുപത്രി  സ്റ്റോപ്പിലെത്തിയപ്പോൾ അച്ഛൻ മുന്നേ ഇറങ്ങി. തിങ്ങി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിലൂടെ തിക്കിത്തിരക്കി  അച്ഛന്‍റെ വേഗത്തോടു സമരസപ്പെട്ട്‌ ബസ്സിൽനിന്ന് ഒപ്പം ഇറങ്ങാൻ നോക്കിയെങ്കിലും ചേച്ചിക്കതിനു  കഴിഞ്ഞില്ല.

"ആരാ ജില്ലാസ്പത്രി ഏറങ്ങാള്ള് ! ജില്ലാസ്പത്രി, ജില്ലാസ്പത്രീ ...!" 

 കിളി അനുഷ്ഠാനപരമായ കൃത്യതയോടെ  മൂന്നു വട്ടം  കൂകിയിട്ടും ചേച്ചി ഇറങ്ങി വരാത്തതു  കണ്ടു വെപ്രാളപ്പെട്ട  അച്ഛൻ ഉറക്കെ വിളിച്ചു. 

"കോന്തേ , കോന്തേ !"

ഏതാണ്ട് വാതില്‍ക്കലെത്തിയതായിരുന്ന  ചേച്ചി ആ വിളി കേട്ടപ്പോൾ ഞെട്ടിത്തരിച്ചു നിന്നിടത്തു നിന്നു പോയി!. പതിനെട്ടു വയസ്സ്, രണ്ടായി മെടഞ്ഞിട്ട ട്രെൻഡി ഹെയർ സ്റ്റൈൽ, ബീയെസ്സി രണ്ടാം വർഷം , സെന്മേരീസ് കോളേജ് എന്നൊക്കെ പുളകിതയായി അച്ഛന്‍റെ പുറകിൽ  അന്നനടയ്ക്കു തയ്യാറെടുത്തു നിന്നപ്പോൾ കിട്ടിയ പ്രഹരം ചേച്ചിയെ തളർത്തിക്കളഞ്ഞു.  പ്രതീക്ഷിക്കാത്തതായിരുന്നു പൊതുവേദിയില്‍ വെച്ചുള്ള ഈ താരാട്ട്. വല്ലപ്പോഴുമൊരിക്കൽ സേവിക്കുന്ന രണ്ടു ഗ്ലാസ്‌ അന്തിക്കള്ളിന്‍റെ പുന്നാരത്തിലും കുടുംബത്തിന്‍റെ സ്വകാര്യതയിലുമല്ലാതെ അച്ഛൻ ഒരിക്കലും ശാന്തയെ കോന്തയാക്കാറില്ല . പിന്നെയിപ്പോൾ ?

"ആരാ കോന്ത ? കോന്ത....കോന്താ! നേരം പോണൂ....നേരം പോണൂ... കോന്തെവട്യാ ? കോന്തച്ചേച്ച്യേയ് ഒന്ന് വേഗെറങ്ങ്യെ !.  ദേ  അച്ഛൻ വിളിക്കുണൂ! "

അച്ഛനും കിളിയും  കണ്ടക്ട്ടറും ചേർന്നുള്ള കോറസ്സും അനുസാരിയായി ബസ്സിനുള്ളിലുയർന്ന കൂട്ടച്ചിരിയും എല്ലാം ചേര്‍ന്നപ്പോള്‍  ചേച്ചിക്കു സർപ്പദംശനത്തിനു മേൽ ഇടിവെട്ടുമായി! ഇനിയെങ്ങിനെ പുറത്തിറങ്ങും എന്ന പ്രതിസന്ധിയിൽ ചുമന്നുപുകഞ്ഞു നിന്നപ്പോള്‍  " തോളിൽ കിടക്കുന്ന രണ്ടാംമുണ്ടിങ്ങോട്ട് എറിഞ്ഞു തരൂ അച്ഛാ; ഞാൻ മുഖം മറയ്ക്കട്ടെ! എന്നിട്ടിറങ്ങാം " എന്നുറക്കെ വിളിച്ചു പറയാൻ തോന്നി എന്നാണ് സംഭവത്തെക്കുറിച്ച് പിന്നീടു പലവട്ടം നടന്ന അനുസ്മരണയോഗങ്ങളിൽ വെച്ച് ചേച്ചി പറഞ്ഞത് !.

വൈദ്യപരിശോധന കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍  
ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനു പൈതൃകമായി കുടുംബത്തില്‍ എർപ്പെടുത്തിയിരുന്ന വിലക്കുളെല്ലാം തകർത്തെറിഞ്ഞ് ചേച്ചി ദാരികവധം പടയണി കളിച്ചെന്നും അതുകണ്ട് തലയറുത്തു ക്രോധം തുള്ളിനില്‍ക്കുന്ന കാളിയെ ശാന്തമാക്കാൻ നെഞ്ചുവിരിച്ചു ഭൂമിയിൽ മലർന്നു കിടന്ന ശിവനെപ്പോല്‍ തലയിൽ കൈവെച്ച് അച്ഛന്‍ ഇരുന്നുപോയെന്നുമാണ് ചരിത്രം. 


കാളിനാടകം കണ്ട നടുക്കത്തിൽ   എടുത്ത ലാന്‍ഡ്‌ മാർക്ക്‌ തീരുമാനമായിരിക്കാം; അച്ഛൻ പിന്നീട് ചേച്ചിയെ കോന്ത എന്നു വിളിച്ചിട്ടില്ല. സംഭവത്തിനു മുൻപും പിൻപും എന്ന മട്ടിൽ അച്ഛന്‍റെ സ്വഭാവചരിത്രം വർഗ്ഗീകരിക്കുന്നതിന് അതു വഴിതെളിക്കുകയും ചെയ്തു. 


അപരാഹ്നം


ആർക്കും ഒന്നിനും വേണ്ടി  കാത്തുനില്‍ക്കാതെ അവിരാമം കടന്നു പോയ കാലം. അവശതകളും ഒടുങ്ങാത്ത ആവലാതികളും   മരണഭീതിയുമായി വാർദ്ധക്യം അച്ഛനെ  അവേശിച്ച നാളുകൾ. 


ഒരു മധ്യവേനൽ അവധിക്കാലം.


തൃശ്ശൂരില്‍തന്നെയെങ്കിലും വളരെ   അകലെയുള്ള   ഗ്രാമത്തിലെ ഹൈസ്കൂളിൽ അദ്ധ്യാപികയായിരുന്ന ചേച്ചി മാസാന്ത്യ സന്ദർശനത്തിനായി ഒരുനാൾ വീട്ടിൽവന്നു. വിശേഷം പറച്ചിലുകളും  സാന്ത്വനങ്ങളും ഉച്ചഭക്ഷണവും മയക്കവും കഴിഞ്ഞു  നേരം സായാഹ്നത്തോടടുത്തു. യാത്ര പറയാൻ ചെന്ന ചേച്ചിയെ അച്ഛൻ  വിളിച്ചു കട്ടിലിന്‍റെ തലയ്ക്കല്‍ ഇരുത്തി. അമ്മയും ഭാര്യയും മകനുമൊത്ത് ഞാൻ ഇറയത്തു നിന്നു. അച്ഛനോടു യാത്ര പറഞ്ഞു ജലാർദ്രമായ മിഴികളിലൂടെ പുഞ്ചിരിച്ചുകൊണ്ട് ചേച്ചി പുറത്തു വന്നു. 


"എന്തേ  മോളേ ? എന്തേ  അച്ഛൻ  പറഞ്ഞേ ?" അമ്മ  ചോദിച്ചു.


"ഒന്നൂല്ല്യമ്മേ. ഇക്കിനി അധികല്ല്യാ; മോള് എടക്കൊക്കെ വരണന്ന് പറയ്വാർന്നു അച്ഛൻ."


മുണ്ടിന്‍റെ കോന്തലകൊണ്ടു കണ്ണീരൊപ്പിനിന്ന അമ്മയുടെ  ചുമലിൽ കൈ വെച്ചുകൊണ്ട് ഗദ്ഗദം ഇടമുറിച്ച വാക്കുകളിൽ ചേച്ചി തുടർന്നു :


'എനിക്കിന്ന്....വല്ല്യേ...സന്തോഷായി! അച്ഛൻ....
അച്ഛൻ.....ന്നെ.....കോന്തേന്നാ വിളിച്ചേ !"

തൊടിയിലുണ്ടായ മാങ്ങയും മുരിങ്ങക്കായും മുതിർന്ന ഒരിടിയൻ ചക്കയും നിറച്ച്  അമ്മ ഏൽപ്പിച്ച പെരുംകായസ്സഞ്ചി തൂക്കിപ്പിടിച്ച് സാരിത്തുമ്പുകൊണ്ടു കണ്ണീരൊപ്പി പടിയിറങ്ങിപ്പോയ ചേച്ചിയെ നോക്കി ഞങ്ങൾ നിന്നു....





   @@@@@@@@@@@