2014 ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

മുക്തദന്തം

മുക്തദന്തം


ഉച്ചഭക്ഷണപ്പുറമെ എല്ലാ ദിവസവും മുടക്കമില്ലാതെ നടന്നിരുന്ന സംഭവമായിരുന്നു   നാട്ടിലെ   മുതിർന്ന പൌരന്മാരുടെ  സപ്പോർട്ട് കളി. അടുത്തൂണ്‍ പറ്റിയ വാദ്ധ്യാരും സർക്കാർ  ജോലിക്കാരനും ദേഹണ്ണക്കാരനും കൃഷിക്കാരനും അടങ്ങുന്നവർ  ചേരിതിരിഞ്ഞു പട വെട്ടിയിരുന്നത് കുറുപ്പുമാഷുടെ   വീടിന്റെ    പൂമുഖത്ത്. കളിയിൽ പിഴവുവന്നാൽ പിശകിയവന്‍റെ നാലു തലമുറക്ക്‌ പങ്കുകളിക്കാരിൽനിന്നും    പുലഭ്യം കേൾക്കും. കേട്ടാൽ തൊഴുതു നിൽക്കാൻ തോന്നുന്ന സരസ്വതി. 

കളിയില്‍ പിഴവു വരുത്താനും    തെറി കേൾക്കാനും എന്നും നിയോഗം കൂട്ടത്തിൽ ഇളയവൻ തങ്കപ്പൻനായര്‍ക്കായിരുന്നു .   സപ്പോർട്ട് കളിയുടെ രസതന്ത്രത്തിൽ ഏഴാംക്ലാസ്  തോറ്റവനെങ്കിലും മറ്റാരും ഇല്ലാത്ത സാഹചര്യത്തില്‍  തങ്കപ്പൻനായരെ കടത്തിയിരുത്തി വട്ടമൊ പ്പിക്കുകയായിരുന്നു. 

ക്ഷിപ്രകോപിയായിരുന്ന റിട്ടയേഡ്‌ താസിൽദാർ മേനോന്‍റെ ടീമിലേക്കാണ് തങ്കപ്പൻ  നായർക്ക്‌ നറുക്ക് വീണത്‌.  ആദ്യത്തെ കളിയിൽ തന്നെ തങ്കപ്പൻ നായർ ബാറ്റണ്‍ നിലത്തിട്ടു. പാട്ടും പാടി ജയിക്കേണ്ട കളി തുലച്ചതില്‍ കലികയറി മേനോന്‍ കയ്യിലിരുന്ന ചീട്ടിന്‍റെ ശേഷിപ്പ്  നിലത്തെറിഞ്ഞു. താൻ ഭൂമിയിലേക്ക്‌ വന്നവഴി മേനോണ്‍  ചെല്ലുന്നത് കേൾക്കാൻ   നമ്രശിരസ്കനായി  തങ്കപ്പന്‍നായർ ഇരുന്നു. പക്ഷെ പതിവിനു വിപരീതമായി മേനോൻ  സ്ഫോടത്തില്‍ ഒരു വെറൈറ്റി ഐറ്റമാണ് വിട്ടത്.

" പ്ഫ.....!! "

അറുപത്തഞ്ചു വയസ്സും തത്തുല്ല്യം മേദസ്സും കനിഞ്ഞു നൽകിയ കരുത്തു മുഴുവൻ ആവാഹിച്ചുകൊണ്ടുള്ള ഒരാട്ട് ! 

പൊട്ടിത്തെറിയുടെ ആഘാതത്തിൽ  ആടിയുലഞ്ഞ തങ്കപ്പൻ നായർക്ക്  അസ്ഥാനത്ത് എന്തോ വന്നു തറച്ച പോലെ തോന്നി. മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് ദുരന്തസ്ഥലിയിലേക്കു നോക്കിയപ്പോൾ പക്ഷെ സ്ഥിതി സാധാരണം. കാര്യമെന്തെന്നറിയാതെ അന്തംവിട്ടു മുന്നിലേക്കു നോക്കിയപ്പോൾ പരിഭ്രമിച്ചുകൊണ്ട് എന്തോ തിരയുന്ന മേനോനെ കണ്ടു. മേനോന്‍റെ ദൃഷ്ടി ചമ്രം പടിഞ്ഞിരുന്ന തങ്കപ്പൻനായരുടെ വലത്തെ കാല്‍മുട്ടിനടിയില്‍ തറച്ചു വിടര്‍ന്നുനിന്നു.  ആട്ടിയ വായകൊണ്ടു തന്നെ മേനോൻ അഭ്യർഥിച്ചു:

"അയ്യോ തങ്കപ്പാ ! അതിങ്ങടെടുക്ക്വാ!"

"ഏത്?"

"അയ്‌! ദത്, തന്‍റെ കാലിന്‍റെ ചോട്ടില് കെടക്കണതടോ!"


കാലിനടിയിൽ പരതി തടഞ്ഞ വസ്തു എടുത്തു നോക്കിയപ്പോൾ തങ്കപ്പൻ നായര്‍ ഞെട്ടി!. 

ഉള്ളംകയ്യിലിരുന്നു ചിരിക്കുന്ന മേനോന്റെ സെറ്റുപല്ല്!








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ