2022 സെപ്റ്റംബർ 22, വ്യാഴാഴ്‌ച

ബ്ലാക്ക് ഗോൾഡ്

 

ബ്ലാക്ക് ഗോൾഡ്

അലൈപായുതേ....
അമ്പല നടയിൽ താലി കെട്ടി ദക്ഷിണയും പ്രദക്ഷിണവും വെച്ച് വിപുലമായ തുടർ ചടങ്ങുകൾക്കായി കല്യാണപ്പാർട്ടി തൊട്ടടുത്ത വിവാഹ മണ്ഡപത്തിലേക്ക് തകിലു കൊട്ടി.

ഇനിയെന്താ പരിപാടി? കൊവിഡും ലോക്ഡൌണും കഴിഞ്ഞ് കിട്ടുന്ന ആദ്യത്തെ മേജർ സെറ്റ് സദ്യയാണ്, കുഴച്ചടിക്കണം!. ആയതിന് ഫൌണ്ടേഷനിടണം. കൂടെ ഭാര്യ വന്നിട്ടില്ല. തണ്ടൽ വേദനയായി വിശ്രമത്തിലാണ്. നല്ല അവസരം. സെൻട്രൽ ഹോട്ടലിലേക്ക് വണ്ടി വിട്ടു. രണ്ടു ലാർജ് നിൽപ്പൻ മോന്തി വന്ന സ്പീഡിൽ മടങ്ങി.

മണ്ഡപത്തിലെത്തിയപ്പോൾ ചുവട്ടിലുള്ള ഡൈനിങ്ങ് ഹാളിൽ ആദ്യ പന്തി നിരന്നിരിക്കുന്നു. കോണിയിറങ്ങി ഒരാൾ വരുന്നു. ചോദിച്ചു:

"എന്തായി മോൾല്?"

"ദേ കഴിഞ്ഞേള്ളൊ. പാലും പഴോം തൊടങ്ങി."

ഓക്കെ. കണ്ട് വിഷ് ചെയ്ത് പടം പിടിച്ച് രേഖയാക്കാം. രണ്ടു പടി കയറിയപ്പോൾ നിന്നു. പന്തിയല്ല!. പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. ഈ പരുവത്തിൽ കയറിച്ചെന്നു കാണണോ? കണ്ടില്ലെങ്കിൽ....

"ഒരു സീറ്റ്ണ്ട്. ആരാ ഇരിക്കണ്?"

പന്തിപ്പുരയുടെ അരയടി വിടവിൽ തുറന്നു പിടിച്ച വാതിലിലൂടെ പുറത്തു നീണ്ട ഒരു തല വിളിച്ചു ചോദിച്ചു.

ഇരുന്നാലോ? ഇരിക്കാം, സംശയിച്ചു നിൽക്കരുത്. ആദ്യപന്തിയിലേ ഈ ഭാഗ്യം ലഭിക്കൂ. രണ്ടു മുതൽ പൂരത്തിരക്കാവും. അവസാനം സെൻട്രൽ ഹോട്ടലിലെ ഫിഷ് കറി മീൽസ് വിരകി തിന്നേണ്ടി വരും, ജഠരാഗ്നിശമനത്തിന്. അതു വേണ്ട, രണ്ട് വർഷം ആറ്റുനോറ്റിരുന്നു കിട്ടിയ തൂശനിലയാണ്. വടിച്ചു നക്കണം!

"ആള്ണ്ടാള്ണ്ട്!."

"വര്വോ വേം വര്വോ! ദാ അറ്റത്തക്ക് പൊക്കോളോ."
:
:
കൈ കഴുകി കുലുക്കുഴിഞ്ഞ് പുറത്തു വന്ന് വണ്ടിയെടുത്തപ്പോൾ കണ്ടു, വലിയ അകലെയല്ലാതെ കിടക്കുന്ന ട്രാവലറിന്റെ പിന്നിൽ വധൂവരന്മാരുടെ പോസ്റ്റർ. പടത്തിലെങ്കിലും പെണ്ണിനെ ഒന്നു കണ്ടു കളയാം. ചെക്കൻ നാട്ടുകാരനാണല്ലോ.

കണ്ടു. ചൊങ്കൻ ചെക്കന് പറ്റിയ പെണ്ണല്ല!

ഇനി പോകാം. ചെന്ന് പായയിൽ മലർന്ന് കിടന്നു മുക്തകണ്ഠം ഉറങ്ങണം. സമ്പ്രദായമാണ്.വണ്ടി പോർച്ചിലിട്ട് സിറ്റൗട്ടിൽ കയറിയപ്പോൾ വാതിൽക്കൽ ഭാര്യ:

"കുട്ട്യെങ്ങനേണ്ട്?"

"ചെക്കന് പോര. മുഖശ്രീണ്ടെങ്കിലും നെറം കൊറവാ."

"അയ് സൊർണ്ണനെറണലോകുട്ടിക്ക്? ഞാൻ നിശ്ചയത്തിന് കണ്ടതല്ലേ!"

"കറത്ത സൊർണ്ണാവും. ബ്ളാക്ക് ഗോൾഡ്! കേട്ടിട്ടില്ല്യേ?"

തൊട്ടുരുമ്മി അകത്തു കടക്കുമ്പോൾ ഭാര്യ മൂക്കും വായും കൈ പരത്തി മൂടി:

"കേട്ട്ണ്ട്. ഇപ്പൊ മണക്കേം ചീതു. ബോധല്ല്യാണ്ട് നിങ്ങളേത് കല്ല്യാണാ കൂടീത് മൻഷ്യാ!"

"ഏത് കല്യാണോ? ബെസ്റ്റ്‌! ഒരു മണ്ഡപത്തിലെത്ര കല്യാണണ്ടാവും മേഡം?"

"ഓ, ഗോൾഡൻ ബ്ലാക്കല്ലേ, കണ്ണ് കണ്ട്ണ്ടാവില്ല്യ. ആ കോംപ്ലക്സില് രണ്ട് മണ്ഡപണ്ട് സാർ!"

"ങ്‌ഹേ! അപ്പോ!?"

"അതേ, അന്തസ്സ്ള്ളാൾക്കാരാവും; പന്തീന്നെണീപ്പിച്ച് വിട്ടില്ലിലോ, ഭാഗ്യം!"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ