2022 സെപ്റ്റംബർ 22, വ്യാഴാഴ്‌ച

സമയനിഷ്ഠൻ

 

സമയനിഷ്ഠൻ

വിഷയം വ്യത്യസ്തമെങ്കിലും കാട്ടാക്കട KSRTC സംഭവം ചിലത് ഓർമ്മിപ്പിച്ചു.
2003ലാണെന്നു തോന്നുന്നു, ഓണാഘോഷത്തിന്റെ ഭാഗമായി തിരുവോണത്തിനു രണ്ടു ദിവസം മുമ്പ് ബാങ്കിങ്ങ് ഹാളിൽ പൂക്കളമിടുവാൻ ലോക്കൽ ഇംപ്ളിമെന്റേഷൻ കമ്മിറ്റി തീരുമാനിച്ചു. ഓണം ക്രിസ്മസ് ഇത്യാദി വിശേഷങ്ങൾ സമുചിതമായി ആഘോഷിക്കണമെന്ന് ബാങ്ക് നിർദ്ദേശമുണ്ട്. എല്ലാവരും രാവിലെ ഏഴു മണിയ്ക്കു വരണം പൂക്കളമിട്ടു കഴിഞ്ഞ് കൃത്യം പത്ത് മണിയ്ക്ക് കൗണ്ടറുകൾ സജീവമാവണം എന്ന നിഷ്ക്കർഷകളോടെ മാനേജരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.
പൂക്കളെല്ലാം തലേ ദിവസം തന്നെ വാങ്ങി ഡ്രസ്റ്റ് ചെയ്ത് മാനേജരുടെ ഏസി ചേംബറിൽ വെച്ചിരുന്നു. അന്നു തന്നെ ഡിസൈനും വരച്ചു വെച്ചു. സമയലാഭത്തിനു വേണ്ടിയുള്ള മുന്നൊരുക്കം.
ഉത്സാഹികളിൽ ലേഡീ സ്റ്റാഫായിരുന്നു ഭൂരിപക്ഷം എന്നതിനാൽ കൃത്യസമയം തന്നെ കളമൊരുക്കൽ തുടങ്ങി. പത്തിന് പത്ത് മിനിറ്റായപ്പോൾ ഫൈനൽ ടച്ചിന് രണ്ട് പേരെ മാത്രം നിർത്തി ബാക്കി എല്ലാവരോടും സീറ്റിൽ ചെന്നിരിക്കാൻ നിർദ്ദേശിച്ച് മാനേജർ ചേംബറിൽ പോയി. വരുന്ന കസ്റ്റമർമാരിൽ ആരെയെങ്കിലും ക്ഷണിച്ച് വിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യിക്കാനും ആയതിന് പത്തര മണി സമയം നിശ്ചയിച്ചുമാണ് മാനേജർ പോയത്.
കൌണ്ടറുകളെല്ലാം തുറന്ന് ഇടപാടുകാരുടെ വരവും പോക്കുമായി ബാങ്കിങ്ങ് ഹാൾ സജീവമായി. ഫൈനൽ ടച്ചുകാർ വിളക്കും ഉപ്പേരി താമ്പാളങ്ങളും പൂക്കളത്തിനടുത്ത് വെച്ച് പൂക്കളപൂർത്തി പ്രഖ്യാപിച്ചു.
മാനേജർ പത്തരയ്ക്ക് പുറത്തു വന്ന് വിളക്കു കൊളുത്തുവാൻ ഒരാളെ തിരഞ്ഞ് ബാങ്കിങ്ങ് ഹാൾ മൊത്തം ഒന്നു വീക്ഷിച്ചു. ആ സമയത്ത് വെളുത്ത മുണ്ടും ഷർട്ടും കട്ടമീശയും കട്ടി ഫ്രെയിമുള്ള കണ്ണടയും ധരിച്ച് ഒരാൾ ബാങ്കിന്റെ ചില്ലുവാതിൽ നിർദ്ദാക്ഷിണ്യം തുറന്ന് ഹാളിൽ കടന്നു. പിന്നെ ഹാളിനുള്ളിലെ ഒരുക്കങ്ങളും സ്വന്തം വാച്ചും ബാങ്ക് ക്ലോക്കും രണ്ടാവർത്തി നോക്കി ഗൌരവം പൂണ്ടു നിന്നു.
ധവളവസ്ത്രധാരിയെ കണ്ട് മതിപ്പു തോന്നിയിട്ടായിരിക്കണം മാനേജർ അയാൾക്കടുത്തു ചെന്ന് വിളക്കൊന്നു കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്യണമെന്ന് വിനയ പുരസ്സരം അഭ്യർത്ഥിച്ചു. കേട്ടവശം അയാൾ പൊട്ടിത്തെറിച്ചു :
"മിസ്റ്റർ! ഞാൻ പണമെടുക്കാൻ വന്നതാണ്. കൈകൊട്ടിക്കളിക്കല്ല!"
അപ്രതീക്ഷിതമായ പ്രതികരണത്തിൽ മാനേജർ വല്ലാതായി.
"ഓക്കെ, സോറി സർ. കുഴപ്പമില്ല."
ശ്രവണ മാത്രയിൽ ഉടക്കിയവന്റെ പ്രകൃതം പിടികിട്ടിയിരിക്കണം അദ്ദേഹത്തിന്. എത്രയെത്ര തരത്തിലുള്ള കസ്റ്റമർമാരെ കണ്ടു പരിചയിച്ച കരിയറാണ്! അന്തരീക്ഷം കൂടുതൽ വഷളാക്കാൻ അനുവദിക്കാതെ മാനേജർ വേഗത്തിൽ ക്യാഷ് കൗണ്ടറിൽ പണമെണ്ണി നിന്ന റിട്ടയേഡ് ടീച്ചറായ ഒരു ലേഡി കസ്റ്റമറെ സമീപിച്ചഭ്യർത്ഥിച്ച് അവരെക്കൊണ്ട് വേഗത്തിൽ ഉദ്ഘാടന കർമ്മം നിർവ്വഹിപ്പിച്ചു. ആ സമയമൊക്കെയും നമ്മുടെ ധവളവസ്ത്രൻ ഇടതടവില്ലാതെ ബാങ്ക്, ബാങ്ക് സ്റ്റാഫ്, ശമ്പള വലിപ്പം, വിലപിടിച്ച വസ്ത്രങ്ങൾ, അഹങ്കാരം, ധാർഷ്ട്യം ഉത്തരവാദിത്തമില്ലായ്മ, ജോലി സമയത്തെ ഓണക്കളി ഇത്യാദികൾ വിഷയമാക്കി ഉച്ഛസ്ഥായിയിൽ പശ്ചാത്തലം പാടിക്കൊണ്ടിരുന്നു.
അഞ്ചു മിനിറ്റു കൊണ്ട് ചടങ്ങ് കഴിച്ച് മടങ്ങും വഴി ഉപ്പേരിത്രയം നിറച്ച ചെറിയ ഒരു പോളിത്തീൻ കവർ ലഹളക്കാരന് നീട്ടിക്കൊണ്ട് മാനേജർ ക്ഷമാപണം ചെയ്തു.
"സോറി ഫോർ ഇൻകൺവീനിയൻസ് സർ! ഓണല്ലേ? ആഘോഷിക്കണന്ന് ബാങ്കിന്റെ ഇൻസ്ട്രക്ഷനുണ്ട്. "
"കോപ്പാണ്! ജോലി സമയത്താണോ മിസ്റ്റർ നിങ്ങളുടെ ആഘോഷം?."
"അധികമൊന്നുമില്ലല്ലോ, അഞ്ച് മിനിറ്റല്ലേ എടുത്തുള്ളു?"
"അഞ്ച് മിനിറ്റ് ഞങ്ങൾക്ക് വില പിടിച്ചതാണ്. ഇത് കഴിഞ്ഞിട്ട് വേണം ഓഫീസിലെത്താൻ. ഞാനും ഒരു സർക്കാർ ജോലിക്കാരനാണ്. നോൺ സെൻസ്!"
"ഓ, ഐ ആം റിയലി സോറി! ഏത് ഡിപ്പാർട്ട്മെന്റിലാണ് സർ?"
"അതൊക്കെ നിങ്ങളെന്തിനറിയണം?"
"ജസ്റ്റ് റ്റു നോ. പത്തരയ്ക്കാണ് നിങ്ങളിവിടെ വന്നത്. അഞ്ച് മിനിറ്റേ ഞങ്ങൾ മൂലം നിങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുള്ളു. ഇനി ഓഫിസിലെത്തുമ്പോൾ ഒരു പക്ഷേ പതിനൊന്നായേക്കാം. പെർമി ഷനെടുത്തിട്ടുണ്ടാവുമല്ലേ?"
അയാൾ ഒന്നു പതറിയ പോലെ തോന്നി.
"അതെന്തിന് നിങ്ങളോട് പറയണം?"
"ഒന്നിനുമല്ല; പതിനൊന്ന് മണിക്ക് തുറക്കുന്ന ആ സർക്കാരോഫീസ് എതാന്നറിയണന്ന് തോന്നി, ദാറ്റ്സാൾ!."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ