2020 മാർച്ച് 13, വെള്ളിയാഴ്‌ച

ശിവ പഞ്ചകം.




ശിവ പഞ്ചകം.

വർഷങ്ങൾക്കു മുമ്പ് ഒരു ശിവരാത്രി നാൾ രാവിലെ വടക്കുന്നാഥനിൽ തൊഴുതു മടങ്ങി ശ്രീമൂലസ്ഥാനത്തെത്തിയപ്പോൾ ഭാര്യക്ക് ഒരു മോഹം:

"അശോകേശ്വരത്തിലും ഒന്നു കേറാം."


ശരി. വടക്കേച്ചിറക്കരയിലെ അശോകേശ്വരം ശിവക്ഷേത്രത്തിലും തൊഴുത് പഞ്ചാരി പതി കാലം ലേശം സേവിച്ച് സ്കൂട്ടറിനരികിലേക്ക് നീങ്ങുമ്പോൾ കേട്ടു:

"ദിതീക്കൂടെ പോയി പാലസ് റോഡിലിക്ക് കടക്കേ വേണ്ടു. മിഥുനപ്പിള്ളി ക്ഷേത്രായി."

നല്ല പേര്; മിഥുനപ്പിള്ളി!. കണ്ടു കളയാം. പാലസ് റോഡ് ശിവശങ്കരനേം കണ്ടു വണങ്ങി.

"ഇന്യോ?."

"വന്നവഴിക്കൂടന്നെ മടങ്ങാം. കോട്ടപ്പുറത്ത് കേറാലോ?."

ഷൊറണൂർ റോഡിൽ കയറി കുന്നത്തുമന ലയിൻ വഴി നമ്പൂതിരി വിദ്യാലയം ലെവൽ ക്രോസ് തുള്ളിത്തുള്ളി കടന്ന് കോട്ടപ്പുറം പരമേശ്വരനോട് കുശലം.

"കഴിഞ്ഞൂലോ?."

"പൂങ്കുന്നം പിന്നെ വീട്ടിൽക്ക് മടങ്ങണ വഴീലാ. വെഷമല്ല്യ."

വിഷമമില്ലാതെ പൂങ്കുന്നം തൊഴുത് പുറത്ത് വന്നപ്പോൾ ചോദിച്ചു.

''ഇപ്പോ?."

"അഞ്ചായി. "

"ശംഭോ മഹാദേവാ!. ഇനി?."

"മടങ്ങാം."

"മുതുവറക്കാരൻ വേണ്ടേ?. മ്മടെ പഞ്ചായത്തീരാജനല്ലേ?."

"അത് വൈകീട്ട്."

"ശര്യാ; എനിക്കും വെശന്നൊടങ്ങി!."

പൂങ്കുന്നം വിട്ട് പുഴയ്ക്കൽ പാടത്തെത്തിയപ്പോൾ പിന്നിൽ ഭക്തിസാന്ദ്രമായ ആത്മഗതം:

"ശിവരാത്രി ദിവസം രാവിലെ അഞ്ച് ശിവനെ തൊഴണത് വളരെ വിശേഷാ!."

"അഞ്ചമ്പലം ല്ലേ?. ഇതാരു പറഞ്ഞു?."

"എനിക്ക് തോന്നി. "

തോന്നലാണ് മൂലം. ശിവരാത്രി ദിവസം രാവിലെ അഞ്ച് ശിവക്ഷേത്രദർശനം ഇപ്പോൾ പലർക്കും ആചാരമാണത്രേ!.

MORNING DREAMS



 MORNING DREAMS 

രാവിലെ നടൂത്താറ കോൾപ്പാടത്തുകൂടെ നടന്ന് പുല്ലഴിപ്പടവിലെ പുറംചാലിനരികിലെ ഇഞ്ചന്തറയിലെത്തിയപ്പോൾ ഒരു പൂതി. പാടനിരപ്പിൽനിന്നും നല്ല ഉയരത്തിലുള്ള ചാലുവരമ്പിലൂടെ പടിഞ്ഞാറോട്ട് സ്കൂട്ടറോടിച്ച് അടാട്ട് കുറൂർ പാറയിലേക്ക് ഒരു പോക്കങ്ങ് പോയാലോ?. ഇതു വരെ ഈ വഴി പോയിട്ടില്ല. രസികൻ സവാരിയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ശരി, ഇന്നു തന്നെ പരീക്ഷിക്കാം.

തിരിച്ചു നടന്നു വീട്ടിലെത്തി സ്കൂട്ടറെടുത്തു. പുറംചാലിൻ്റെ കുണ്ടും കുഴിയും പുൽപ്പടർപ്പും നിറത്ത വരമ്പിലൂടെ ശ്രദ്ധിച്ച് സാവധാനത്തിൻ ഓടിച്ചു. ഇടംവലം തെറ്റിയാൽ നിറഞ്ഞ ചാല് അല്ലെങ്കിൽ പത്തടിയോളം താഴ്ചയിലുള്ള കണ്ടം. ഓടിയിട്ടും ഓടിയിട്ടും കുറൂർ പാറയെത്തുന്നില്ലല്ലോ എന്നു വന്നപ്പോൾ മടങ്ങണോ എന്നു ശങ്കിച്ചു. വേണ്ട ഒരു വഴിക്കിറങ്ങിയതല്ലേ ഒരറ്റമെത്തട്ടെ. അര മണിക്കൂർ കഴിഞ്ഞിട്ടുണ്ടാവും യാതൊരു പിടിപാടുമില്ലാത്ത ഒരു സ്ഥലത്തെത്തി. മാത്രവുമല്ല പലയിടത്തേക്കുമായി വഴി പിരിയുകയുമാണ്. വണ്ടി നിർത്തി ചുറ്റും കണ്ണോടിച്ചു. മാറത്തടിച്ച് നിലവിളിച്ചാൽ പോലും കേൾക്കാനൊരാളില്ല പരിസരത്ത്. താണ്ടിയ ദൂരവും സമയവും മനസ്സിൽ ഗണിച്ചു നോക്കിയപ്പോൾ ഒന്നുറപ്പായി; എത്തിപ്പെട്ടിരിക്കുന്നത് മുല്ലശ്ശേരി അല്ലെങ്കിൽ പറപ്പൂര്!. ദൈവമേ!. പാങ്ങ് പാവർട്ടിയിൽ എത്തിയിരുന്നെങ്കിൽ നല്ല കള്ളെങ്കിലും കിട്ടുമായിരുന്നു.(നല്ല കള്ളൊക്കെ പണ്ട് ' എന്നാരോ പുച്ഛിച്ചിട്ടുണ്ടെങ്കിലും.)

ഭാഗ്യമെന്നു പറയാം അഞ്ചു മിനിറ്റു കഴിഞ്ഞപ്പോർ ഒരു സ്കൂട്ടർ വരുന്നതു കണ്ടു.
കൈകാട്ടി നിറുത്തി ചോദിച്ചു:


"അതേയ് ആമ്പലങ്കാവിലിക്ക് ഏതാ വഴി?."

"ഔ അത് കൊറച്ച്ണ്ടലോ മാഷേ!. ദേ, ദാ വരമ്പത്തിക്കൂട നേരെ പോയാ കൂറൂപ്പാറെത്തും. അവടന്ന് നേരെ കെഴക്കോട്ടടിച്ചാ ആമ്പലങ്കാവ്."

ഹാവൂ!. കുറൂർ പാറ കടന്ന് ടാറിട്ട വഴിയിലൂടെ ആമ്പലങ്കാവിലേക്ക് വെച്ചടിക്കുമ്പോൾ എതിരെനിന്ന് പപ്പേട്ടൻ ബൈക്കിൽ വരുന്നതു കണ്ടു. ഓ ഇതു പപ്പേട്ടൻ്റെ വീടിരിക്കുന്ന വഴിയാണല്ലോ. പപ്പേട്ടൻ എന്നു വെച്ചാൽ പത്മജൻ. പഴയ അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട്. സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുന്ന നല്ല സഖാവ്. സാംസ്കാരിക പ്രവർത്തകൻ. കേരളോത്സവത്തിന് മാതൃകയായിരുന്ന അടാട്ട് പഞ്ചായത്ത് കലോത്സവത്തിൻ്റെ ഉപജ്ഞാതാവ്. ഒത്ത കൃഷിക്കാരൻ. പടവിൽ നെല്ല് നോക്കാൻ പോവുകയാവാം.

ചെവിക്കു മുകളിൽ പിരിച്ചു കയറ്റിയ മങ്കി ക്യാപ് ഞാൻ പെട്ടെന്ന് വലിച്ച് താഴ്ത്തി വായും കഴുത്തും മൂടി 'ഭീകര'രൂപിയായി. തിരിച്ചറിയരുത്!. അറിഞ്ഞാൽ പണികിട്ടും!. പിന്നെ നിശിതമായ ചോദ്യം ചെയ്യലുണ്ടാവും.

"ദെന്താണ്ടോ പൊറാട്രക്കാരൊക്കിവടെ?."

"ഒന്നൂല്ല്യ, വെർതെ."

"വെർത്യാ? ഈ നേരത്താ?."

"പാടത്തൂടെ ഒന്ന് ചുറ്റിക്കറങ്ങീതാ."

"അതിന് തനിക്കിവടെ നെലണ്ടാ?"

ചോദ്യം കാലിക പ്രസക്തം. കോൾനിലമൊക്കെ കതിരണിഞ്ഞു നിൽക്കുകയാണ്.

"ഏയ് നെലൊന്നൂല്ല്യ."

"പിന്നെ?."

"ഒന്നു കറങ്ങാൻ തോന്നി. അത് പുലിവാല്വായി!. "

''എന്ത് പുലിവാല്?."

സംഭവം വിവരിക്കേണ്ടി വരും. വിവരിച്ചു കൊടുത്താലോ:

"അത് ശരി; ഇക്കണ്ട കാലായിട്ടും തനിക്ക് അടാട്ടെന്താന്നറീല്ല്യാല്ലേ?. വയസ്സാംകാലത്താ നാട് കാണല്!. തന്ന്യൊക്കെന്താ വേണ്ട്ന്നറ്യോ!."

എന്തായാലും ശാസന കേൾക്കേണ്ടി വന്നില്ല. ക്രോസ് ചെയ്തു പോകുന്ന പോക്കിൽ ഒന്നു സുക്ഷിച്ചു നോക്കിയെങ്കിലും കക്ഷിക്ക് കുരങ്ങൻ തൊപ്പിക്കാരനെ പിടി കിട്ടിയില്ല!. രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചില്ല; പപ്പേട്ടൻ്റെ വണ്ടി ഏതായിരുന്നു?. പഴയ ആ രാജദൂത് തന്നെയാണോ!.

"ബാലേട്ടാ!."

ആമ്പലങ്കാവ് ഭഗവതിക്കു പിന്നിലെത്തിയപ്പോൾ ചെറുപ്പക്കാരനായ സുഹൃത്ത് സർവ്വത്തു കടക്കരികിൽ ചിരിച്ചു നിൽക്കുന്നു.

"അയ്, ബാലേട്ടാ ദെന്താ ഈ വഴിക്ക്?."

വീണ്ടും സംഭവ വർണ്ണന.

"ഹ ഹ !. അത് കലക്കി. അടാട്ട് പാടം വല്ലാണ്ട് കൺഫ്യൂസിങ്ങാ. പരിചയല്ല്യാത്തോരായാ മുല്ലശ്ശേരീന്നല്ല ചെലപ്പൊ ദുബായീലന്നെ ചെന്നു കേറീന്നു വരും. അതുപോട്ടെ; എന്തൊക്കേണ്ട് വിശേഷം ബാലേട്ടാ?. "

"സുഖന്നെ."

"ഇപ്പ ഫേസ് ബുക്കിലൊന്നും എഴുതാറില്ലിലോ?."

"ഇന്നെഴുതും. ദേ ഇക്കഴിഞ്ഞത്."

"ഹ ഹ!. ശര്യാ, ബെസ്റ്റ് തീമാ. പൂശണം!. അപ്പൊ ബാലേട്ടാ പാടത്ത് കറങ്ങി ക്ഷീണിച്ചതല്ലേ വീട്ടിക്കേറി പൂവാം?."

"മണി എട്ടര്യായി."

"അതാ പറഞ്ഞേ. കേറി കാപ്പി കുടിച്ച് പൂവാം."

"ഇട്ള്യോ ദോശ്യോ?."

"രണ്ടൂണ്ടെങ്ങലോ?."

"മുഷീല്ല്യ."

"ന്നാ വാ പാം."
:
:
:
അതേയ്, ദേ ഇതു വായിച്ചേക്കാവുന്ന ആമ്പലങ്കാവ് സുഹൃത്തുക്കളോടാ ട്ടാ;


ബാലേട്ടാ, നടന്നതാ?.

എപ്പോ?.

എവടെ?.

ആര്?.


ഇത്യാദി ചോദ്യങ്ങളുമായി ആരും ഈ വഴി വരണ്ട!. ഒരു കഥയൊക്കെ മെനഞ്ഞുണ്ടാക്കാൻ ഏതു വിഷയദാരിദ്രക്കാരനും അവകാശണ്ട്!.

പപ്പടം Inc.



 പപ്പടം Inc. 

വിഭവങ്ങളെല്ലാം നിരന്നശേഷം പന്തിയിലിരുത്തുന്ന സദ്യകളാവുമ്പോൾ നിവൃത്തിയില്ല; പപ്പടം ഊണിനിടയ്ക്ക് ചോദിച്ചു വാങ്ങേണ്ടി വരും. എന്നാൽ ഇരുന്ന പന്തിയിൽ വിളമ്പലാവുമ്പോൾ ആ ബുദ്ധിമുട്ടില്ല. വലിയ പാത്രത്തിൻ്റെ രണ്ടു വശം പിടിച്ച് പുഷ്പുള്ളായി നീങ്ങി രണ്ടു വരിയിലും താളത്തിൽ വിളമ്പിപ്പോകുന്നവരോട് പറയാം:

" രണ്ടെണ്ണം വെച്ചോളൂ."


സന്തോഷത്തോടെ രണ്ടല്ല മൂന്നെണ്ണം

തന്നെ വെച്ചു പോകുന്ന സംസ്ക്കാര സമ്പന്നരുള്ളതുകൊണ്ടാവാം പൊതുവേ നിരാശപ്പെടേണ്ടി വന്നിട്ടില്ല.


പക്ഷേ രണ്ടു ദിവസം മുമ്പ് പട്ടണത്തിലെ ഒരു ഈവൻ്റ് മാനേജ്മെൻ്റ് സദ്യപ്പന്തിയിൽ ഇടംവലം കാൺകെ നല്ലൊരു തേപ്പു കിട്ടി!.

ഇലയുടെ നാക്കറ്റത്ത് സിങ്കിൾ പപ്പടം വെച്ച ഫാൻസി ഡ്രസ്സ് വിളമ്പന്മാരോട് ജന്മവാസന പറഞ്ഞു.

"ഒന്നൂടി ആയ്ക്കോട്ടെ."

കരുണാഹരന്മാർ രണ്ടു പേരും തുറിച്ചൊന്നു നോക്കി കൂസലൊന്നും കൂടാതെ ഡിമാൻഡ് അവഗണിച്ചു പന്തി വിട്ടു. ദയനീയാവസ്ഥ കണ്ട് അലിവു തോന്നിയിട്ടാകണം അയൽപക്കത്ത് പരിപ്പുകൂട്ടി ചോറു കുഴച്ചു തുടങ്ങിയയാൾ കരുണാകരനായി..

"സർ ഇതെടുത്തോളൂ. എനിക്ക് പപ്പടം വേണ്ടാത്തയാളാണ്."

"താങ്ക്സ്. വേണ്ട!."

പക്ഷേ തളർന്നു പോയത് ഉദാരമതിയുടെ തുടരന്വേഷണം കേട്ടപ്പോഴാണ്:

"സാറ് സിനിമേലൊക്കേണ്ട് ല്ല്യേ?."

രക്ഷപ്പെടാൻ ഒരു ഔട്ട് റൈറ്റ് നിഷേധം അത്യന്താപേക്ഷിതമായിരുന്നു.

"ഏയ്, നിങ്ങക്ക് തെറ്റീതാവും. ഞാനൊരു പെൻഷണറാണ്."

കടലാസ് ബൌളിലെ പരിപ്പുപായസം അവസാന മൊത്ത് മൊത്തി ഇല മടക്കാൻ നോക്കും നേരം കോട്ടും ടൈയും സലാമുമായി സൂപ്പർവൈസർ ക്ഷേമാന്വേഷണത്തിനു വന്നു:

"സർ എന്താണ് വേണ്ടത്?. പായസം?."

"വേണ്ടത് പപ്പടമായിരുന്നു."

മനോഹരവും വ്യാഖ്യാനാതീതവുമായ ഒരു എച്ച് ആർ ഡി ചിരി വിളമ്പിക്കൊണ്ട് മേൽനോക്കി അടുത്ത കസ്റ്റമർ കോണ്ടാക്റ്റ് ലക്ഷ്യമാക്കി നീങ്ങി.

പപ്പടം കുടുംബ ഭക്ഷണമായവരുടെ വേദന ഇവ(ൻ്റ്)ന്മാർറിയില്ല!.

ഭക്തജനങ്ങളേ...സഹൃദയരേ



 ഭക്തജനങ്ങളേ...സഹൃദയരേ

പണ്ട് നാട്ടിലെ ക്ഷേത്രത്തിൽ ഒരുത്സവക്കാലം.

തെറ്റിപ്പോയി; ഉത്സവമല്ല പൂരം. കുറച്ചു വർഷം മുമ്പാണ് ഉത്സവമായത്. പൂരമായാലും ഉത്സവമായാലും ഒരാഴ്ചത്തെ കലാപരിപാടികളുടെ കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ല; അന്നും ഇന്നും. ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, മിമിക്രി, ഗാനമേള തുടങ്ങിയവയ്ക്കൊപ്പം കേരളത്തിലെ ദക്ഷിണ മദ്ധ്യ ഉത്തരപ്രദേശങ്ങളിലെ പ്രമുഖ സംഘങ്ങളെല്ലാം അമ്പലപ്പറമ്പില്‍ വന്നു നാടകവും കളിച്ചു പോകാറുണ്ട്. കൂടുതൽ ജനപ്രീതി കൈവരിച്ച കലാരൂപമായതിനാൽ ഏഴു ദിവസത്തെ കലാപരിപാടികളില്‍ മൂന്നും നാടകങ്ങളായിരിക്കും.


നാടകവുമായി തൊട്ടും തൊടീലുമുള്ള ആളായതിനാല്‍ ഏതാണ്ടെല്ലാ വർഷങ്ങളിലും കലാപരിപാടികളുടെ കൺവീനർ സ്ഥാനം എന്റെ പിടലിയില്‍ വന്ന് വീഴാറുണ്ട്‌. പ്രധാനപ്പെട്ട നാടക/ഗാനമേള/മിമിക്രി പ്രോഗ്രാം ഏജന്‍സികളുമായി ബന്ധപ്പെടുക, ഐറ്റം ഉറപ്പിക്കുക, അവതരണ ദിവസങ്ങളിൽ എത്തിച്ചേരുന്ന കലാസമിതികളെ സ്വീകരിക്കുകയും അവർക്കു വേണ്ടുന്ന സൌകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യുക, പരിപാടി തുടങ്ങുന്നതിനു തൊട്ടു മുമ്പ് കർട്ടനു പിന്നിലും മൈക്കിനു മുന്നിലുമായി നിന്ന് പ്രൊഫഷണൽ നാടക അനൌൺസ്മെൻ്റ് ശൈലി അനുകരിച്ച് തൊണ്ടയിറുക്കിപ്പിടിച്ച് "ഭക്തജനങ്ങളേ.... സഹൃദയരേ..." എന്നു കാണികളേയും കാണിക്കാൻ വന്നവരേയും ‘സഹർഷം സ്വാഗതം’ ചെയ്യുകയും ഇടവേളയിൽ അവർക്കു നന്ദി പറയുകയും ചെയ്യുക, നാടകം കഴിഞ്ഞ് മേക്കപ്പഴിച്ചു വിയർപ്പുതുടച്ചു നിൽക്കുന്ന ആക്റ്റർ കം മാനേജരുമായി പൊള്ളച്ചിരിയും വിലപേശലുമായി പൂരച്ചിലവിലേക്കുള്ള സംഭാവന നിശ്ചയിച്ചുറപ്പിച്ച് ആയതും നേരത്തെ അഡ്വാൻസ് നൽകിയതും തട്ടിക്കിഴിച്ചുള്ള പ്രതിഫലത്തുക നൽകി ബോധിപ്പിക്കുക എന്നതൊക്കെയാണ് കൺവീനറുടെ ചുമതല. നിരവധി വർഷങ്ങളിലെ കൺവീനർ പ്രവർത്തനപരിചയങ്ങളിൽ നിന്ന് പ്രമുഖരായ നാടകപ്രവർത്തകരുമായി ഇടപഴകുവാനും സൌഹൃദം സ്ഥാപിക്കാനുമുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. നിരവധി നാടക സമിതികളുടെ റിഹേഴ്സൽ ക്യാമ്പുകളടക്കമുള്ള പ്രവർത്തന സംസ്ക്കാരം നേരിൽ കണ്ടു മനസ്സിലാക്കുവാനും സ്വാംശീകരിക്കുവാനും അത് സഹായിച്ചിട്ടുണ്ട്. അതിരിക്കട്ടെ; ഇപ്പോള്‍ പറയാനുള്ളത് ബന്ധപ്പെട്ട മറ്റൊരു കാര്യമാണ്.

പരാമൃഷ്ടകാലത്തെ പൂരത്തിന് രാത്രി കളിക്കാൻ നിശ്ചയിച്ചിരുന്നത് കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന സമിതിയുടെ നാടകമായിരുന്നു. നിശ്ചയിച്ച സമയത്തിനു നാലു മണിക്കൂർ മുമ്പ് അതായത് വൈകീട്ട് അഞ്ചു മണിക്കു തന്നെ സംഘം അമ്പലപ്പറമ്പിലെത്തി ആളും സെറ്റുമിറക്കി. സ്വാഗതക്കാപ്പിക്കു ശേഷം ബെഞ്ച്, മേശ, കസേര, സ്റ്റൂള്, മുള, മുപ്പിരി-ചൂടി കയറുകൾ, സോപ്പ്, തോർത്ത്, ചന്ദനത്തിരി, കർപ്പുരം, കദംബം മാല, നാക്കില തുടങ്ങി എഗ്രീമെൻറിനൊപ്പം നേരത്തെ തന്ന പ്രോപ്പർട്ടി ലിസ്റ്റില്‍ പറഞ്ഞിട്ടുള്ള വസ്തുവഹകളെല്ലാം എൽപ്പിച്ച് ഇനി വല്ലതുമുണ്ടോ എന്ന ചോദ്യഭാവത്തിൽ നിന്ന എന്നോട് നടനും മാനേജരുമായ ജെയിംസ് ( പേര് സാങ്കല്‍പികം) പറഞ്ഞു:

"ബാലൻ ചേട്ടാ എനിക്കൊന്നു ഫ്രഷാവണമല്ലോ എന്താ വഴി?."

"അയിനെന്താത്ര വഴി ചോയ്ക്കാള്ള്; വീട്ടിൽക്ക് പൂവാം."

വീട്ടിലേക്ക് ഞങ്ങൾക്കൊപ്പം സുഹൃത്ത് വിജയനും ചേര്‍ന്നു. ജെയിംസ് കുളിമുറിയിൽ കയറിയ നേരം വിജയന്‍ ചോദിച്ചു:

"ഡാ, സാനം വീട്ടില്ണ്ട്. എപ്പഴാ വേണ്ട്ന്ന് ചോച്ചോ ട്ടാ."

പൂരാതിഥികളില്‍ അത്യാവശ്യക്കാരെ ഉദ്ദേശിച്ച് കരുതിയ മുഴുക്കുപ്പി ഹണി ബീയുടെ കാര്യമാണ് അവന്‍ സൂചിപ്പിക്കുന്നത്.

"ചോയ്ക്കാം. വരട്ടെ."

കുളി കഴിഞ്ഞ് പുറത്തു വന്ന് ഷർട്ടിന്റെ  കുടുക്കിടുമ്പോൾ ജെയിംസിനോട് ഞാൻ ചോദിച്ചു:

" സാനണ്ട്. എപ്പഴാ വേണ്ട്?."

"ഏത്?."

"മറ്റത്... സ്മോള്?."

"ജീസസ്!. ബാലൻ ചേട്ടാ എന്തായിത്!. ഇപ്പോഴോ?. കളി കഴിയട്ടെ. പറയാം."

"സോറി. അതറിയാനാ ചോയ്ച്ചേ."

"അത് സാരല്ല്യ. ഞങ്ങള് നാടകക്കാർ വെള്ളമടിച്ച് സ്റ്റേജിൽ കയറില്ല. ആരേയും കയറ്റുകയുമില്ല."

ജെയിംസ് ഖണ്ഡിതമായി പറഞ്ഞു. പിന്നെ വിരൽ ഞൊടിച്ചു ശബ്ദമുണ്ടാക്കിക്കൊണ്ട് ചവിട്ടുപടിയിറങ്ങുമ്പോള്‍ തിടുക്കം കൂട്ടി.

"വാ പാം. ചായമിടണം."

നാടകം ഭംഗിയായി അവസാനിച്ചു. സംഭാവനാ രശീതിയും പ്രതിഫലബാക്കിയും വാങ്ങി ഹാൻഡ് ബാഗിലിട്ട് മുടി പുറകോട്ട് ചീകിയൊതുക്കിക്കൊണ്ട് ജെയിംസ് ഞങ്ങളോട് പറഞ്ഞു.

"ബാലൻ ചേട്ടാ അപ്പൊ നീങ്ങ്വല്ലേ?."

വീട്ടിലേക്ക് നടക്കുമ്പോൾ വിജയന്‍ ചോദിച്ചു:

"വേറെ ആരൂല്യേ ജെയിംസേ?.''

"ഇല്ലപ്പാ; സുകുവേ, നീ വരുന്നോടാ?."

ജെയിംസ് പിന്നിലേക്ക്‌ വിളിച്ചു ചോദിച്ചു.

"ഇല്ല ജെയിംസേട്ടാ. പോയ് വാ."

"കൂട്ടത്തിൽ ഞാനൊഴിച്ച് അവനേ കഴിക്കൂ. അവനാണേല് നാളും മുഹൂർത്തോം പണിയും കഴിഞ്ഞ് സമയം കിട്ടില്ല. ബാക്കിയുള്ളോരൊക്കെ പശുക്കളും."

ജേക്കബ് ചിരിച്ചു.

"നീ ഉഷാറാക്ക് ഞാനിതാ വന്നു."

"ആട്ടെ ജെയിംസേട്ടാ."

സുഹൃത്തിന്റെ വീട്ടിൽ സെറ്റിയില്‍ ചെന്നിരുന്നപ്പോൾ ജെയിംസ് അക്ഷമനായി.
"വേഗമെടുക്ക്. ചെന്നിട്ട് പണിയുണ്ട്. "

കുപ്പിയും ഗ്ലാസും ബോണിയിൽ വെള്ളവും ഒരു പ്ലേറ്റ് മിക്സ്ചറുമായി സുഹൃത്ത് വന്നപ്പോൾ ഗ്ലാസ്സും കുപ്പിയും പിടിച്ചു വാങ്ങിക്കൊണ്ട് ജെയിംസ് ചോദിച്ചു:

"നിങ്ങള് കഴിക്കുന്നില്ലേ?."

"ഏയ്‌ ഇല്ല. പൂരമൊക്കെ കഴിഞ്ഞിട്ട്. ഇടയിലില്ല."

"അതെന്താ?."

"അതൊരു തീരുമാനമാണ്."

"അദ്ദാണ്!. അതാണ്‌ നിഷ്ഠ. കളിക്ക് മുമ്പ് ഞാന്‍ വേണ്ടെന്നു പറഞ്ഞത് അതുകൊണ്ടാണ്. കല ദൈവീകമാണ്‌. അതൊരുത്തരവാദിത്തവുമാണ് ബാലൻചേട്ടാ. പ്രേക്ഷകരോട്, കമ്മിറ്റിക്കാരോട്, നാടകത്തോട്, ദൈവത്തോട് ഒക്കെയുള്ള ഒരു സമര്‍പ്പണം."

ജെയിംസ് വര്‍ത്തമാനം നിർത്തി. പിന്നെയെല്ലാം കാഴ്ചയായിരുന്നു. കുപ്പി ചെരിയുന്നതും വെള്ളം തൊടാത്ത ലാർജുകളും ഡബിൾ ലാർജുകളും ഗുളു ഗുളു ശബ്ദത്തിൽ നിറഞ്ഞ് വടിഞ്ഞ ഗ്ലാസ്സ് അന്തരീക്ഷത്തിലുയരുന്നതും താഴുന്നതും നാലു തവണ കണ്ടതോർമ്മയുണ്ട്. അഞ്ചാമത് ഒന്നുകൂടി പ്രതീക്ഷിച്ചത് നടന്നില്ല. ജെയിംസ് എണീറ്റു.

"അപ്പൊ ശരി. നിങ്ങൾ വരുന്നില്ലേ?."

"ഉവ്വ്. മിക്സ്ചര്‍?."

"വേണ്ട വായ് നാശമാകും."

അയാള്‍ ഹൃദ്യമായി ചിരിച്ചുകൊണ്ട് വീട്ടുപടിയിറങ്ങി. പിന്നാലെ ഒരക്ഷരം ഉരിയാടാനാകാതെ ഞങ്ങളും. അമ്പലപ്പറമ്പില്‍ എത്യതിപ്പോൾ ജെയിംസ് പറഞ്ഞു.

"അപ്പൊ ശരി ചേട്ടന്മാരെ, നമുക്കിനി അടുത്ത വർഷം!. ജൂണില് പുതിയ നാടകം പണി തുടങ്ങും."

"ശരി. "

ഒരു ചഞ്ചലിപ്പുമില്ലാതെ ഉറച്ച കാല്‍വെപ്പോടെ സ്റ്റേജിനടുത്തേക്ക് നീങ്ങുന്ന ആ മനുഷ്യനെ നിർന്നിമേഷനായി നോക്കി നിൽക്കുമ്പോൾ പിന്നിൽ വിജയന്റെ പരിദേവനം.

"നാളെ പെരുവല്ലൂരിന് കൊടുക്കാൻ സാനം വേറെ സംഘടിപ്പിക്കണം!."

പൂരത്തിന് പഞ്ചവാദ്യം കൊട്ടാൻ വരുന്ന മദ്ദളപ്രമാണിയുടെ സേവാഗ്രാമാണ് പ്രതിപാദ്യം.

"അയ് അതില് ബാക്കീല്ലിടാ?."

"ന്തൂട്ട് ബാക്കി!. കൂട്യാ രണ്ട് ലാർജ്. പെരുവല്ലൂരിന് ചുണ്ടത്ത് പെരട്ടാല്ല്യ. വെള്ളം കൂട്ടാണ്ട് മൊന്തേന്ന് മട മടാന്നൊഴിച്ച് കുടിക്കണ പാർട്ട്യാ!."
:
:
:
അതൊരു കഥ.


ഇനി മറ്റൊന്ന്. പിറ്റേ വര്‍ഷത്തെ പൂരത്തിന് കളിച്ച ഒരു നാടകത്തെക്കുറിച്ച് ഓര്‍മ്മയില്‍ തെളിഞ്ഞു കിടക്കുന്നത് രണ്ടു കാര്യങ്ങള്‍. ഒന്ന്, യയാതി എന്ന കഥ. രണ്ട്, നാടകത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത പ്രശസ്തനായ സിനിമാ നടന്‍.

നാടക സംഘം എത്തി പെട്ടെന്നുതന്നെ ജോലി തുടങ്ങി. പൂരം ദിവസമായിരുന്നു നാടകം. സന്ധ്യക്ക് ദീപാരാധന കഴിഞ്ഞപ്പോൾ നൂറ്റൊന്നു ഗുണ്ട് പൊട്ടി. അതിൻ്റെ പുകയൊന്നടങ്ങിയപ്പോൾ അമ്പലനടയിൽ പുരക്കമ്മിറ്റി സെക്രട്ടറിയുമായി സംസാരിച്ചു നിന്നിരുന്ന എൻ്റെയരികിലേക്ക് ഒരു പയ്യൻ ഓടി വന്നു പറഞ്ഞു:


''ബാലന്ദ്രേട്ടനെ വിളിക്ക്ണ്ട്."

"ആര്?."

" നാടകക്കാര്."

ഞാൻ വേഗം പുറത്ത് അമ്പലപ്പറമ്പിലുള്ള സ്റ്റേജിനരികിൽ ചെന്നു. അവിടെ സ്റ്റേജ് മൈക്ക് വലിച്ചുകെട്ടിക്കൊണ്ടിരുന്ന ജോലിക്കാരനോട് ചോദിച്ചു:

"ആരാ എന്നെ അന്വേഷിച്ചത്?. ഞാൻ ബാലചന്ദ്രൻ. കൺവീനര്‍.”

"ഓ സാറാണല്ലേ. സാറിനെ പി. എസ്. അന്വേഷിക്ക്ണ്ട്."

അയാള്‍ ചിരിച്ച് അര്‍ത്ഥഗര്‍ഭം ധരിച്ചു.

"എന്ന്യാ?."

"അതെ."

ഞാനാലോചിച്ചു. പ്രശസ്തനായ പി. എസ് എന്തിനാണാവോ എന്നെ അന്വേഷിക്കുന്നത്?."

"എവടാള്?."

"ഗ്രീൻ റൂമില്."

ഗ്രീൻ റൂമിൽ ചെന്നപ്പോൾ ഒരു കസേരയിൽ മുറുക്കാന്‍ ചവച്ചു മതിൽക്കകത്തേക്ക് നോക്കിയിരിപ്പാണ് പി.എസ്‌.

"സർ!."

"ങ്ഹാ, ആരാ?."

"ഞാൻ ബാലചന്ദ്രൻ."

"ഓ.. താനാ കൺവീനറല്ലേ?."

"അതെ. "

"ദെന്താടോ ഇവടെ വെടിക്കെട്ട്?."

"പൂരല്ലേ. ദീപാരാധന കഴിഞ്ഞപ്പൊ ഒരു നൂറ്റൊന്നു ഗുണ്ട് പൊട്ടിച്ചതാ."

"ഇത് കൃഷ്ണന്റമ്പലല്ലടോ?.''

"വിഷ്ണു."

"ങ്ഹാ രണ്ടും ഒന്നന്നെ. വിഷ്ണൂൻ്റമ്പലത്തിലെങ്ങന്യാടോ വെടി വഴിപാട്?."

"സർ വഴിപാടല്ല. ഇവിടെ വെടിവഴിപാടൊന്നൂല്യ. പൂരാവുമ്പൊ കൊഴുപ്പിനു കൊറച്ച് വെടിക്കെട്ട്. അത്രന്നെ."

"ഓ... ന്നാലും അത് ശര്യല്ല വിധി പ്രകാരം. അതുപോട്ടെ; നാടകം കൃത്യ സമയത്തന്നെ തൊടങ്ങും ല്ല്യേ?."

"ഉവ്വ്."

"എത്രക്ക്?.''

"ഒമ്പതിന്.''

"അതു കഴിഞ്ഞട്ടോ?."

പി.എസ്‌. മുറുക്കാന്‍ വായ പൂട്ടി കുലുങ്ങിച്ചിരിച്ചു. എനിക്ക് കാര്യം മനസ്സിലായി. അറിയാത്ത പോലെ ഞാൻ പറഞ്ഞു.

"നാടകം കഴിഞ്ഞാ എഴുന്നെള്ളിപ്പ്. വീണ്ടും വെടിക്കെട്ട്."

"ആയ് ആയ് ഇയാൾക്ക് പറഞ്ഞത് മനസ്സിലായില്ല്യ!. ആ എഴുന്നള്ളിപ്പല്ലടോ കൺവീനർ രാമചന്ദ്രാ അല്ല; എന്തായാൾടെ പേര് പറഞ്ഞത്?."

"ബാലചന്ദ്രൻ."

"അതെ ബാലചന്ദ്രൻ. ട്ടോ ബാലചന്ദ്രാ ഞാൻ മറ്റേ എഴുന്നള്ളിപ്പാ ഉദ്ദേശിച്ചത്!.”

"മനസ്സിലായി. അതൂണ്ട്. ചമയങ്ങളൊക്കെ റെഡി. ഇപ്പെടുക്കണോ?."

"അടി!. ചുട്ട അടി എടുക്കണം രണ്ടെണ്ണം. തനിക്ക്‌ തരാന്‍!. പുറനാട്ടുകര വിഷ്ണോ!. ഇയാളോട് പൊറുക്ക്വ!. കൺവീനർക്കറീല്ല്യേ ഇതൊക്കെ?. ഡോ നാടകത്തിന് മുമ്പ് ഈ വക്യൊന്നും പാടില്ല്യ. ന്നാ കളി കഴിഞ്ഞൊടനെ വേണേനും. അപ്ലോ?."

പി.എസ്. എന്നെ ചുഴിഞ്ഞൊന്നു നോക്കി.

"വെഷമല്ല്യ."

"റെഡ്യണലോ?."

"എവറെഡി. "

"ങ്ഹ. അപ്പ ശരി കഴീമ്പൊ താൻ ങ്ങട് വന്നോള്വാ. ഏതെങ്കിലും വീട്ടിലാവൂലോ എഴുന്നെള്ളിപ്പ്?."

"തീർച്ചയായും."

"ഭേഷ്. ന്നാങ്ങന്യാട്ടെ. താൻ ചെല്ല്വ."

"ശരി സർ."
:
:
:

ഇങ്ങിനെ രണ്ടു കഥകള്‍. കഥകളല്ല നടന്ന രണ്ടു സംഭവങ്ങള്‍. ഒരു പക്ഷെ ഇപ്പോഴും നടന്നുകൊണ്ടിരിക്കാവുന്ന കഥകള്‍. ഇതിപ്പോള്‍ ഇവിടെ ഓര്‍ത്തെടുത്തതിന് കാരണമുണ്ട്.

നാടകവണ്ടിയില്‍ സ്ഥാപിച്ച ബോര്‍ഡിന്റെ പേരില്‍ ഭീമമായ തുക മോട്ടോര്‍വാഹന വകുപ്പ് ചുമത്തി എന്ന വാര്‍ത്താ വിവാദവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ സംവാദങ്ങള്‍ക്കിടയില്‍ വാഹനത്തിലുണ്ടായിരുന്നവരെല്ലാം മദ്യലഹരിയിലായിരുന്നു, പൊതുവെ നാടകക്കാരെല്ലാം മദ്യപാനികളാണ് എന്ന തരത്തില്‍ ചിലര്‍ ആക്ഷേപങ്ങള്‍ എഴുതി കണ്ടിരുന്നു. അങ്ങിനെയുള്ളവർ ഉണ്ടായിരിക്കാം. നാടകക്കാര്‍ മാലാഖമാരല്ല. മദ്യപിക്കുന്നവരുണ്ട്. പക്ഷെ എന്റെ അറിവിലും അനുഭവത്തിലും ഭൂരിഭാഗം അഭിനേതാക്കളും കളിക്ക് മുമ്പ് മദ്യപിക്കാറില്ല. കളി കഴിഞ്ഞാല്‍ ചേലില്‍ മദ്യപിക്കുകയും ചെയ്യും. മദ്യപിച്ചുകൊണ്ട് അരങ്ങില്‍ കയറുന്നത് നാടകത്തോടും ദൈവത്തോടും അവനവനോടും ചെയ്യുന്ന നിന്ദയാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് അമച്വര്‍ പ്രൊഫഷനല്‍ നാടകരംഗത്തെ വലിയൊരു വിഭാഗം കലാകാരന്മാർ.

സ്റ്റേജിലെന്നല്ല റിഹേഴ്സല്‍ ക്യാമ്പില്‍ പോലും മദ്യപിച്ച കലാകാരനെ പ്രവേശിപ്പിക്കാത്തവരുണ്ട്. അബദ്ധവശാല്‍ മദ്യപിച്ചുപോയാൽ റിഹേഴ്സല്‍ സങ്കേതത്തില്‍നിന്ന് സ്വയം വിലക്കി വിട്ടു നില്‍ക്കുന്നവരുമുണ്ട്. കഥയിലെ ജെയിംസ് പറയുന്നതുപോലെ അതൊരു സമര്‍പ്പണമാണ്. ആത്മസമര്‍പ്പണം. അതറിയണമെങ്കില്‍ നാടകമെന്തെന്ന് അറിയണം. നല്ല നാടകക്കാരെ അറിയണം.


വിഷയത്തിൽ എതിരഭിപ്രായങ്ങൾ സ്വാഭാവികം. അതങ്ങിനെയാണല്ലോ. കേരളമെന്നല്ല അന്താരാഷ്ട്ര തലത്തില്‍തന്നെ അറിയപ്പെടുന്ന മേളാസ്വാദകനും തികഞ്ഞ മദ്യവിരോധിയുമായ ടൈറ്റസ് ഇനാശു നാട്ടിലെ ചെണ്ടപ്പുറത്തെ കോലിനൊക്കെ നൃത്തം വെയ്ക്കുന്നത് മദ്യപിച്ചിട്ടാണെന്നു കരുതുന്ന ശുദ്ധാത്മാക്കള്‍ ഇപ്പോഴുമുണ്ടല്ലോ!.

എഴുതിയതെല്ലാം ഈയുള്ളവന്റെ മാത്രം അനുഭവങ്ങള്‍.

വിചാരം


വിചാരം 

വേനലാണെങ്കിലും വെളുപ്പിന് മഞ്ഞുണ്ട്. പ്രഭാതസവാരിക്ക് മങ്കി ക്യാപ് അത്യാവശ്യം. തല മൂടിപ്പൊതിഞ്ഞ് ആൾമാറാടി കോൾപ്പാടത്തു കൂടി നടക്കുമ്പോൾ പക്ഷേ നല്ല ഉഷ്ണം തന്നെ!. നെല്ല് വിളഞ്ഞ് ഓലകളുണങ്ങി നിൽക്കുന്ന പാടമാണ്. അടിയിൽനിന്നുയരുന്ന പുഴുക്കമായിരിക്കും. തൊപ്പി ഇടയ്ക്കിടെ ഊരി ടവലെടുത്ത് തുടച്ചു കളയുന്ന വിയർപ്പ് ശേഖരിച്ചാൽ ഉദ്ദേശം വീരേന്ദർ സേവാഗ്‌ ഹെൽമെറ്റിനുള്ളിൽ നിന്നും വാർത്തു കളയുന്നത്ര വരും!.

മടക്കം വീടെത്താറായി തൊപ്പിയൂരി ചുമലിലിട്ട് ഉള്ള തലനാര് കോതി വെയ്ക്കുമ്പോൾ നവതിയോടുക്കാറായ ഓയെൻജീസി റിട്ടയേഡ് മാനേജർ രാഘവേട്ടൻ എതിരെനിന്നു കുടക്കാലും കുത്തി വരുന്നു.


"ഗുഡ് മോണിങ്ങ് രാഘേട്ടാ!. "

"വെരി വെരി ഗുഡ് മോണിങ്ങ് ബാലന്ദ്രാ!. ഇന്നെന്താ തൊപ്പീട്ത്തില്ല്യേ?."

"ഉവ്വലോ തൊപ്പ്യല്ലേ തോളത്ത് കെടക്കണേ?."

"ഓഹോ അതു ശ്രദ്ധിച്ചില്ല്യ. ദെന്തേ തൊപ്പി തോളത്തിട്ടേ?."

"ഒന്നൂല്ല്യ. നടത്തൊക്കെ അവസാനിക്കാറായില്ല്യേ."

"അവസാനിക്കാറായീന്നാ!. അയ്യയ്യോ ദെന്താദ്!. അങ്ങന്യൊന്നും പറേര്ത് ബാലന്ദ്രാ!. "

" ഹ ഹ, രാഘേട്ടാ ഇന്നത്തെ നടത്തത്തിൻ്റെ കാര്യാ പറഞ്ഞത്!. "

"അത്യോ.... ഞാൻ വിചാരിച്ചു...!. "

"ഹ ഹ ഹേയ്!. അപ്പ ശരി രാഘേട്ടാ."

സംഗതി ചിരിച്ചു തള്ളിയെങ്കിലും ഉള്ളൊന്നു കാളി:; രാഘവേട്ടൻ എന്താണ് വിചാരിച്ചത്!?.

ഗണപതിപ്രാതൽ




ഗണപതിപ്രാതൽ

ഒന്നിനു പുറകെ ഒന്നായി മൂന്ന് മസാല ദോശ അകത്താക്കി ചായ കാത്തിരിക്കുന്ന ആ മധ്യവയസ്കൻ്റെ മുന്നിൽ നിന്നും ഒരു നെയ് റോസ്റ്റിൻ്റെ ദാരിദ്രം തുടച്ചു നക്കി ഭാരത് ഹോട്ടലിനു വെളിയിലേക്ക് കടക്കുമ്പോൾ എനിക്കു പഴയ പന്തുകളിക്കാലം ഓർമ്മ വന്നു.

ജില്ലാ എ ഡിവിഷൻ ഫുട്ബോൾ ലീഗിലെ മുന്തിയ ടീമുകളിലൊന്നായ തൃശ്ശൂർ യംഗ്സ്റ്റേഴ്സിൻ്റെ ഗോൾകീപ്പറായിരുന്ന എഴുപതുകളുടെ രണ്ടാം പാദം. എല്ലാ ദിവസവും കളി കഴിഞ്ഞ് വൈകീട്ട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നു മടങ്ങുന്നത് പാലസ് റോഡിലൂടെ നടന്നിട്ടാവും; ജേഴ്സിയൂരാതെ. മോഡൽ ബോയ്സ് സ്കൂളിനു മുന്നിലെ കെട്ടിടത്തിലുള്ള യംഗ്സ്റ്റേഴ്സിൻ്റെ ഓഫീസിൽ ചെന്നിട്ടാണ് വസ്ത്രം മാറൽ. അതിനു മുമ്പ് റീജണൽ തിയ്യറ്ററും ടൌൺ ഹാളും കടന്നാൽ ആനയെ വിഴുങ്ങാനുള്ള വിശപ്പുമായി കളിക്കാരെല്ലാം സാമിയുടെ മോഡേൺ കേഫിൽ കയറും. പിന്നത്തെ കാര്യം പറയാനില്ല. ദോശമാവ് നിറച്ച സ്വാമിയുടെ കുണ്ടൻ ബോണി പ്ലാവില വടിച്ചൊഴിച്ചുണ്ടാക്കിയ ഷേയ്പ്പില്ലാത്ത ഓട്ടദോശ കൂടി അകത്താക്കിയേ ഒന്നേകാൽ ഡസൻ കളിക്കാർ കേഫ് വിടൂ. വിടുന്ന വഴി തിരിഞ്ഞു നോക്കിയാൽ പറ്റുബുക്കിൽ കണക്കെഴുതി ഇടനെഞ്ഞു പൊട്ടിക്കരയുന്ന ടീം മാനേജരെ സാമി പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നതു കാണാം!.

എഴുപത്തിയാറിലെ തൃശ്ശൂർ ജില്ലാ ഫുട്ബോൾ എ ഡിവിഷൻ ലീഗ് ഫൈനൽ. ചാലക്കുടി ഗവ. സ്കൂൾ ഗ്രൌണ്ടിലായിരുന്നു കളി. ഞങ്ങൾ തൃശ്ശൂർ യംഗ്സ്റ്റേഴ്സും തൃശ്ശൂർ ജിംഖാനയും തമ്മിലാണ് മത്സരം. ജിംഖാനയിൽ നാട്ടുകാരനും സുഹൃത്തും പന്തുകളിയിൽ ഗുരുവുമായിരുന്ന ജോൺ പ്രതിരോധ നിരയിൽ കളിക്കുന്നുണ്ട്. (എഴുപതു കഴിഞ്ഞിട്ടും പുറനാട്ടുകര ആശ്രമം ഗ്രൌണ്ടിൽ ഇപ്പോഴും പന്തു തട്ടുന്നുണ്ട് ജോൺ. നാട്ടിലെ ലെജണ്ടായ കക്ഷിയെക്കുറിച്ച് മുമ്പ് എഴുതിയിട്ടുണ്ട്.)

കളിയിൽ ഞങ്ങൾ തോറ്റു. കണ്ടീഷനനുസരിച്ച് ചാംപ്യന്മാരായ ജിംഖാനയും റണ്ണേഴ്സ് അപ്പായ ഞങ്ങളും അടുത്ത ഏപ്രിലില്‍ നടന്ന തൃശ്ശൂർ ചാക്കോളാ ട്രോഫിയിൽ കളിക്കുകയുണ്ടായി. ജിംഖാന ഓർക്കെ മിൽസിനെതിരേയും ഞങ്ങൾ ഇന്ത്യൻ താരം ബീർബഹദൂറിൻ്റെ ഇ.എം.ഇ. സെൻ്റെർ സെക്കന്തരബാദിനെതിരേയും.(ഇതിനെപ്പറ്റിയും എഴുതാനുണ്ട്. പിന്നീടാവാം.)

ചാലക്കുടി കളി കഴിഞ്ഞ് ജിംഖാന ടീം പട്ടണത്തിലെ ഹോട്ടലിൽ 'ലഘു'ഭക്ഷണം കഴിക്കാൻ കയറിയ കഥ നാട്ടിൽ അമ്പലപ്പറമ്പിലെ ആൽത്തറയിലിരുന്ന് ഒരു ദിവസം ജോൺ അയവിറക്കി.

ഹോട്ടലിൽ കയറി അവിടവിടെയായി കളിക്കാരിരുന്നു. ഓർഡറിടുന്നതിനു മുമ്പ് ഓരോരുത്തർക്കും വേണ്ടതെന്തെന്ന് ടീം മാനേജർ വിത്സൺ ചോദിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജോണിനു തൊട്ടടുടുത്തിരുന്ന ബഷീർ അടുക്കളയിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞത്:

"അതേയ് ചേട്ടാ നല്ലോണം മൊരിഞ്ഞട്ട് ഒരേഴ് മസാൽ ദോശ. ഓരോന്നോരോന്നായിട്ട് പോന്നോട്ടെ."

കണക്കെടുപ്പ് തെറ്റിച്ചതിൽ ശുണ്ഠി കയറിയ വിത്സൺ ചോദിച്ചു:

"അയ് അതെന്തൂട്ടാണ്ടാ ഏഴെണ്ണം?. മ്മള് പൈനാലാളില്ല്യേ?."

"വിൽസേട്ടൻ പോയേ!. എനിക്ക്ള്ളതാ ഞാൻ പർഞ്ഞേ!."

കണക്കെടുപ്പ് നിർത്തി മേശയിലിരുന്ന ഗ്ലാസ്സിലെ വെള്ളവും പോരാഞ്ഞ് അടുത്തിരുന്ന പ്ലാസ്റ്റിക്ക് മഗ്ഗിലെ ശേഷിപ്പത്രയും മോന്തി ഹോട്ടലിനു വെളിയിലേക്ക് നീങ്ങുമ്പോൾ വിത്സൺ ജോണിനോട് പറഞ്ഞു:

"ജോണേട്ടാ, എന്താച്ചാ കഴിക്ക്. എല്ലാരടേം കഴിഞ്ഞാ ബില്ല് വാങ്ങി വാ. ഞാൻ പൊറത്ത് നിക്ക്ണ്ട്. "

"അയ് നിക്കറാ വിൽസാ!. അപ്പ നിയ്യ് കഴിക്കിണില്ല്യെ?."

"ഇല്ല്യ ജോണേട്ടാ; ഇക്കിത് കാണാൻ വയ്യ!."




നായ


നായ

വീടിന്റെ പോർട്ടിക്കോയിലെ തിണ്ണയിൽ അനന്തശയനം പോസിൽ കിടക്കുകയായിരുന്നു തോമസ്സേട്ടൻ. തൊട്ടുമുമ്പ് ചേട്ത്ത്യാരുമായി സമ്പ്രദായത്തിലൊന്നു കോർത്തതിൻ്റെ ചൊരുക്കും മുറുക്കവുമുണ്ട് മുഖത്ത്. ചങ്ങലയഴിച്ചിട്ട നായ തൊട്ടടുത്ത് ചവിട്ടുപടിയിൽ അഗാധചിന്തയിലാണ്ട് കിടപ്പുണ്ട്. കഴുത്തിൽ മഴു കൊളുത്തിയിട്ട് വീട്ടിലേക്ക് കയറി വന്ന ഒരപരിചിതൻ നായയെ കണ്ടപ്പോൾ സഡൺ ബ്രേക്കിട്ടു.

"അതേയ്, നായ കടിക്ക്വോ?."

വിളിച്ചു ചോദ്യം കേട്ട് പടിക്കലേക്ക് നോക്കിയ തോമസ്സേട്ടൻ ഒന്നും മിണ്ടാതെ തല വെട്ടിത്തിരിച്ചു.

"ചോയ്ച്ചത് കേട്ടില്ല്യേ?. നായ കടിക്ക്വോന്ന്?."

ആഗതനെ ഗൌരവത്തിൽ ഒന്നു നോക്കി തോമസ്സേട്ടൻ മുരണ്ടു..

"അറീല്ല്യ; നായോട് ചോയ്ക്ക്!. "

"ന്താ നിങ്ങളാളെ കള്യാക്ക്വാ!."

"പിന്നെ ഞാനെന്തൂട്ടാ തന്നോട് പറേണ്ട്?. കടിക്കണോ കടിക്കണ്ടേന്നൊക്കെ തീരുമാനിക്കണത് നായല്ലടോ!."

തോമസ്സേട്ടൻ മുറ്റത്തേക്ക് കാർക്കിച്ചു തുപ്പി.

തർക്കം കേട്ട് തിടുക്കത്തിൽ പുറത്തു വന്ന ചേട്ത്ത്യാർക്ക് പടിക്കൽ നിൽക്കുന്ന മനുഷ്യനെ കണ്ടപ്പോൾ വെപ്രാളമായി.

"എൻ്റീശോയേ! വെറക് വെട്ടാനൊരാളെ വിളിക്കാൻ പറഞ്ഞട്ട് ആഴ്ച്ചൊന്നായി. ബടൊരു മൻഷ്യന് കേട്ട മട്ടില്ല്യ. പ്ലമേനോട് പറഞ്ഞട്ട് അവളൊരാളെ പുത്തിശ്ശേരീന്ന് വിട്ടതാ. അതിന്യാ ഇങ്ങനേട്ട് കോഴ്യാക്കണ്!. ഉപകാരം ചെയ്തില്ലിങ്ങിലും ഊദ്രവിക്കാണ്ടിരുന്നൂടേ മൻഷ്യന്!."

ചേട്ത്ത്യാര് അരിശമടക്കി വിളിച്ചു പറഞ്ഞു.

"അതേയ് ങ്ങട് പോന്നോ; നായ കടിക്കില്ല്യ."

ചേട്ത്യാരുടെ സത്യവാങ്ങ് മൂലത്തിൻ്റെ കരുത്തിൽ മഴു കയ്യിൽ പിടിച്ച് വീടിന്റെ തെക്കുപുറത്തേക്ക് നടക്കുമ്പോൾ വിറകുവെട്ടുകാരൻ മുറുമുറുത്തു:

"എന്തിനാപ്പൊരു നായ; ങ്ങനൊരണ്ണം ഉമ്മറത്ത് കെടന്നാ മതീലോ!."

"എന്തൂട്ടാ താൻ പർഞ്ഞേ!?."

"ഒന്നൂല്ല്യ നായ പാവാന്ന് പർഞ്ഞതാ!."