2020 മാർച്ച് 13, വെള്ളിയാഴ്‌ച

ഗണപതിപ്രാതൽ




ഗണപതിപ്രാതൽ

ഒന്നിനു പുറകെ ഒന്നായി മൂന്ന് മസാല ദോശ അകത്താക്കി ചായ കാത്തിരിക്കുന്ന ആ മധ്യവയസ്കൻ്റെ മുന്നിൽ നിന്നും ഒരു നെയ് റോസ്റ്റിൻ്റെ ദാരിദ്രം തുടച്ചു നക്കി ഭാരത് ഹോട്ടലിനു വെളിയിലേക്ക് കടക്കുമ്പോൾ എനിക്കു പഴയ പന്തുകളിക്കാലം ഓർമ്മ വന്നു.

ജില്ലാ എ ഡിവിഷൻ ഫുട്ബോൾ ലീഗിലെ മുന്തിയ ടീമുകളിലൊന്നായ തൃശ്ശൂർ യംഗ്സ്റ്റേഴ്സിൻ്റെ ഗോൾകീപ്പറായിരുന്ന എഴുപതുകളുടെ രണ്ടാം പാദം. എല്ലാ ദിവസവും കളി കഴിഞ്ഞ് വൈകീട്ട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നു മടങ്ങുന്നത് പാലസ് റോഡിലൂടെ നടന്നിട്ടാവും; ജേഴ്സിയൂരാതെ. മോഡൽ ബോയ്സ് സ്കൂളിനു മുന്നിലെ കെട്ടിടത്തിലുള്ള യംഗ്സ്റ്റേഴ്സിൻ്റെ ഓഫീസിൽ ചെന്നിട്ടാണ് വസ്ത്രം മാറൽ. അതിനു മുമ്പ് റീജണൽ തിയ്യറ്ററും ടൌൺ ഹാളും കടന്നാൽ ആനയെ വിഴുങ്ങാനുള്ള വിശപ്പുമായി കളിക്കാരെല്ലാം സാമിയുടെ മോഡേൺ കേഫിൽ കയറും. പിന്നത്തെ കാര്യം പറയാനില്ല. ദോശമാവ് നിറച്ച സ്വാമിയുടെ കുണ്ടൻ ബോണി പ്ലാവില വടിച്ചൊഴിച്ചുണ്ടാക്കിയ ഷേയ്പ്പില്ലാത്ത ഓട്ടദോശ കൂടി അകത്താക്കിയേ ഒന്നേകാൽ ഡസൻ കളിക്കാർ കേഫ് വിടൂ. വിടുന്ന വഴി തിരിഞ്ഞു നോക്കിയാൽ പറ്റുബുക്കിൽ കണക്കെഴുതി ഇടനെഞ്ഞു പൊട്ടിക്കരയുന്ന ടീം മാനേജരെ സാമി പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നതു കാണാം!.

എഴുപത്തിയാറിലെ തൃശ്ശൂർ ജില്ലാ ഫുട്ബോൾ എ ഡിവിഷൻ ലീഗ് ഫൈനൽ. ചാലക്കുടി ഗവ. സ്കൂൾ ഗ്രൌണ്ടിലായിരുന്നു കളി. ഞങ്ങൾ തൃശ്ശൂർ യംഗ്സ്റ്റേഴ്സും തൃശ്ശൂർ ജിംഖാനയും തമ്മിലാണ് മത്സരം. ജിംഖാനയിൽ നാട്ടുകാരനും സുഹൃത്തും പന്തുകളിയിൽ ഗുരുവുമായിരുന്ന ജോൺ പ്രതിരോധ നിരയിൽ കളിക്കുന്നുണ്ട്. (എഴുപതു കഴിഞ്ഞിട്ടും പുറനാട്ടുകര ആശ്രമം ഗ്രൌണ്ടിൽ ഇപ്പോഴും പന്തു തട്ടുന്നുണ്ട് ജോൺ. നാട്ടിലെ ലെജണ്ടായ കക്ഷിയെക്കുറിച്ച് മുമ്പ് എഴുതിയിട്ടുണ്ട്.)

കളിയിൽ ഞങ്ങൾ തോറ്റു. കണ്ടീഷനനുസരിച്ച് ചാംപ്യന്മാരായ ജിംഖാനയും റണ്ണേഴ്സ് അപ്പായ ഞങ്ങളും അടുത്ത ഏപ്രിലില്‍ നടന്ന തൃശ്ശൂർ ചാക്കോളാ ട്രോഫിയിൽ കളിക്കുകയുണ്ടായി. ജിംഖാന ഓർക്കെ മിൽസിനെതിരേയും ഞങ്ങൾ ഇന്ത്യൻ താരം ബീർബഹദൂറിൻ്റെ ഇ.എം.ഇ. സെൻ്റെർ സെക്കന്തരബാദിനെതിരേയും.(ഇതിനെപ്പറ്റിയും എഴുതാനുണ്ട്. പിന്നീടാവാം.)

ചാലക്കുടി കളി കഴിഞ്ഞ് ജിംഖാന ടീം പട്ടണത്തിലെ ഹോട്ടലിൽ 'ലഘു'ഭക്ഷണം കഴിക്കാൻ കയറിയ കഥ നാട്ടിൽ അമ്പലപ്പറമ്പിലെ ആൽത്തറയിലിരുന്ന് ഒരു ദിവസം ജോൺ അയവിറക്കി.

ഹോട്ടലിൽ കയറി അവിടവിടെയായി കളിക്കാരിരുന്നു. ഓർഡറിടുന്നതിനു മുമ്പ് ഓരോരുത്തർക്കും വേണ്ടതെന്തെന്ന് ടീം മാനേജർ വിത്സൺ ചോദിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജോണിനു തൊട്ടടുടുത്തിരുന്ന ബഷീർ അടുക്കളയിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞത്:

"അതേയ് ചേട്ടാ നല്ലോണം മൊരിഞ്ഞട്ട് ഒരേഴ് മസാൽ ദോശ. ഓരോന്നോരോന്നായിട്ട് പോന്നോട്ടെ."

കണക്കെടുപ്പ് തെറ്റിച്ചതിൽ ശുണ്ഠി കയറിയ വിത്സൺ ചോദിച്ചു:

"അയ് അതെന്തൂട്ടാണ്ടാ ഏഴെണ്ണം?. മ്മള് പൈനാലാളില്ല്യേ?."

"വിൽസേട്ടൻ പോയേ!. എനിക്ക്ള്ളതാ ഞാൻ പർഞ്ഞേ!."

കണക്കെടുപ്പ് നിർത്തി മേശയിലിരുന്ന ഗ്ലാസ്സിലെ വെള്ളവും പോരാഞ്ഞ് അടുത്തിരുന്ന പ്ലാസ്റ്റിക്ക് മഗ്ഗിലെ ശേഷിപ്പത്രയും മോന്തി ഹോട്ടലിനു വെളിയിലേക്ക് നീങ്ങുമ്പോൾ വിത്സൺ ജോണിനോട് പറഞ്ഞു:

"ജോണേട്ടാ, എന്താച്ചാ കഴിക്ക്. എല്ലാരടേം കഴിഞ്ഞാ ബില്ല് വാങ്ങി വാ. ഞാൻ പൊറത്ത് നിക്ക്ണ്ട്. "

"അയ് നിക്കറാ വിൽസാ!. അപ്പ നിയ്യ് കഴിക്കിണില്ല്യെ?."

"ഇല്ല്യ ജോണേട്ടാ; ഇക്കിത് കാണാൻ വയ്യ!."




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ