വിചാരം
വേനലാണെങ്കിലും വെളുപ്പിന് മഞ്ഞുണ്ട്. പ്രഭാതസവാരിക്ക് മങ്കി ക്യാപ് അത്യാവശ്യം. തല മൂടിപ്പൊതിഞ്ഞ് ആൾമാറാടി കോൾപ്പാടത്തു കൂടി നടക്കുമ്പോൾ പക്ഷേ നല്ല ഉഷ്ണം തന്നെ!. നെല്ല് വിളഞ്ഞ് ഓലകളുണങ്ങി നിൽക്കുന്ന പാടമാണ്. അടിയിൽനിന്നുയരുന്ന പുഴുക്കമായിരിക്കും. തൊപ്പി ഇടയ്ക്കിടെ ഊരി ടവലെടുത്ത് തുടച്ചു കളയുന്ന വിയർപ്പ് ശേഖരിച്ചാൽ ഉദ്ദേശം വീരേന്ദർ സേവാഗ് ഹെൽമെറ്റിനുള്ളിൽ നിന്നും വാർത്തു കളയുന്നത്ര വരും!.
മടക്കം വീടെത്താറായി തൊപ്പിയൂരി ചുമലിലിട്ട് ഉള്ള തലനാര് കോതി വെയ്ക്കുമ്പോൾ നവതിയോടുക്കാറായ ഓയെൻജീസി റിട്ടയേഡ് മാനേജർ രാഘവേട്ടൻ എതിരെനിന്നു കുടക്കാലും കുത്തി വരുന്നു.
"ഗുഡ് മോണിങ്ങ് രാഘേട്ടാ!. "
"വെരി വെരി ഗുഡ് മോണിങ്ങ് ബാലന്ദ്രാ!. ഇന്നെന്താ തൊപ്പീട്ത്തില്ല്യേ?."
"ഉവ്വലോ തൊപ്പ്യല്ലേ തോളത്ത് കെടക്കണേ?."
"ഓഹോ അതു ശ്രദ്ധിച്ചില്ല്യ. ദെന്തേ തൊപ്പി തോളത്തിട്ടേ?."
"ഒന്നൂല്ല്യ. നടത്തൊക്കെ അവസാനിക്കാറായില്ല്യേ."
"അവസാനിക്കാറായീന്നാ!. അയ്യയ്യോ ദെന്താദ്!. അങ്ങന്യൊന്നും പറേര്ത് ബാലന്ദ്രാ!. "
" ഹ ഹ, രാഘേട്ടാ ഇന്നത്തെ നടത്തത്തിൻ്റെ കാര്യാ പറഞ്ഞത്!. "
"അത്യോ.... ഞാൻ വിചാരിച്ചു...!. "
"ഹ ഹ ഹേയ്!. അപ്പ ശരി രാഘേട്ടാ."
സംഗതി ചിരിച്ചു തള്ളിയെങ്കിലും ഉള്ളൊന്നു കാളി:; രാഘവേട്ടൻ എന്താണ് വിചാരിച്ചത്!?.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ