ഭക്തജനങ്ങളേ...സഹൃദയരേ
പണ്ട് നാട്ടിലെ ക്ഷേത്രത്തിൽ ഒരുത്സവക്കാലം.
തെറ്റിപ്പോയി; ഉത്സവമല്ല പൂരം. കുറച്ചു വർഷം മുമ്പാണ് ഉത്സവമായത്. പൂരമായാലും ഉത്സവമായാലും ഒരാഴ്ചത്തെ കലാപരിപാടികളുടെ കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ല; അന്നും ഇന്നും. ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, മിമിക്രി, ഗാനമേള തുടങ്ങിയവയ്ക്കൊപ്പം കേരളത്തിലെ ദക്ഷിണ മദ്ധ്യ ഉത്തരപ്രദേശങ്ങളിലെ പ്രമുഖ സംഘങ്ങളെല്ലാം അമ്പലപ്പറമ്പില്‍ വന്നു നാടകവും കളിച്ചു പോകാറുണ്ട്. കൂടുതൽ ജനപ്രീതി കൈവരിച്ച കലാരൂപമായതിനാൽ ഏഴു ദിവസത്തെ കലാപരിപാടികളില്‍ മൂന്നും നാടകങ്ങളായിരിക്കും.
നാടകവുമായി തൊട്ടും തൊടീലുമുള്ള ആളായതിനാല്‍ ഏതാണ്ടെല്ലാ വർഷങ്ങളിലും കലാപരിപാടികളുടെ കൺവീനർ സ്ഥാനം എന്റെ പിടലിയില്‍ വന്ന് വീഴാറുണ്ട്. പ്രധാനപ്പെട്ട നാടക/ഗാനമേള/മിമിക്രി പ്രോഗ്രാം ഏജന്‍സികളുമായി ബന്ധപ്പെടുക, ഐറ്റം ഉറപ്പിക്കുക, അവതരണ ദിവസങ്ങളിൽ എത്തിച്ചേരുന്ന കലാസമിതികളെ സ്വീകരിക്കുകയും അവർക്കു വേണ്ടുന്ന സൌകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യുക, പരിപാടി തുടങ്ങുന്നതിനു തൊട്ടു മുമ്പ് കർട്ടനു പിന്നിലും മൈക്കിനു മുന്നിലുമായി നിന്ന് പ്രൊഫഷണൽ നാടക അനൌൺസ്മെൻ്റ് ശൈലി അനുകരിച്ച് തൊണ്ടയിറുക്കിപ്പിടിച്ച് "ഭക്തജനങ്ങളേ.... സഹൃദയരേ..." എന്നു കാണികളേയും കാണിക്കാൻ വന്നവരേയും ‘സഹർഷം സ്വാഗതം’ ചെയ്യുകയും ഇടവേളയിൽ അവർക്കു നന്ദി പറയുകയും ചെയ്യുക, നാടകം കഴിഞ്ഞ് മേക്കപ്പഴിച്ചു വിയർപ്പുതുടച്ചു നിൽക്കുന്ന ആക്റ്റർ കം മാനേജരുമായി പൊള്ളച്ചിരിയും വിലപേശലുമായി പൂരച്ചിലവിലേക്കുള്ള സംഭാവന നിശ്ചയിച്ചുറപ്പിച്ച് ആയതും നേരത്തെ അഡ്വാൻസ് നൽകിയതും തട്ടിക്കിഴിച്ചുള്ള പ്രതിഫലത്തുക നൽകി ബോധിപ്പിക്കുക എന്നതൊക്കെയാണ് കൺവീനറുടെ ചുമതല. നിരവധി വർഷങ്ങളിലെ കൺവീനർ പ്രവർത്തനപരിചയങ്ങളിൽ നിന്ന് പ്രമുഖരായ നാടകപ്രവർത്തകരുമായി ഇടപഴകുവാനും സൌഹൃദം സ്ഥാപിക്കാനുമുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. നിരവധി നാടക സമിതികളുടെ റിഹേഴ്സൽ ക്യാമ്പുകളടക്കമുള്ള പ്രവർത്തന സംസ്ക്കാരം നേരിൽ കണ്ടു മനസ്സിലാക്കുവാനും സ്വാംശീകരിക്കുവാനും അത് സഹായിച്ചിട്ടുണ്ട്. അതിരിക്കട്ടെ; ഇപ്പോള്‍ പറയാനുള്ളത് ബന്ധപ്പെട്ട മറ്റൊരു കാര്യമാണ്.
പരാമൃഷ്ടകാലത്തെ പൂരത്തിന് രാത്രി കളിക്കാൻ നിശ്ചയിച്ചിരുന്നത് കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന സമിതിയുടെ നാടകമായിരുന്നു. നിശ്ചയിച്ച സമയത്തിനു നാലു മണിക്കൂർ മുമ്പ് അതായത് വൈകീട്ട് അഞ്ചു മണിക്കു തന്നെ സംഘം അമ്പലപ്പറമ്പിലെത്തി ആളും സെറ്റുമിറക്കി. സ്വാഗതക്കാപ്പിക്കു ശേഷം ബെഞ്ച്, മേശ, കസേര, സ്റ്റൂള്, മുള, മുപ്പിരി-ചൂടി കയറുകൾ, സോപ്പ്, തോർത്ത്, ചന്ദനത്തിരി, കർപ്പുരം, കദംബം മാല, നാക്കില തുടങ്ങി എഗ്രീമെൻറിനൊപ്പം നേരത്തെ തന്ന പ്രോപ്പർട്ടി ലിസ്റ്റില്‍ പറഞ്ഞിട്ടുള്ള വസ്തുവഹകളെല്ലാം എൽപ്പിച്ച് ഇനി വല്ലതുമുണ്ടോ എന്ന ചോദ്യഭാവത്തിൽ നിന്ന എന്നോട് നടനും മാനേജരുമായ ജെയിംസ് ( പേര് സാങ്കല്‍പികം) പറഞ്ഞു:
"ബാലൻ ചേട്ടാ എനിക്കൊന്നു ഫ്രഷാവണമല്ലോ എന്താ വഴി?."
"അയിനെന്താത്ര വഴി ചോയ്ക്കാള്ള്; വീട്ടിൽക്ക് പൂവാം."
വീട്ടിലേക്ക് ഞങ്ങൾക്കൊപ്പം സുഹൃത്ത് വിജയനും ചേര്‍ന്നു. ജെയിംസ് കുളിമുറിയിൽ കയറിയ നേരം വിജയന്‍ ചോദിച്ചു:
"ഡാ, സാനം വീട്ടില്ണ്ട്. എപ്പഴാ വേണ്ട്ന്ന് ചോച്ചോ ട്ടാ."
പൂരാതിഥികളില്‍ അത്യാവശ്യക്കാരെ ഉദ്ദേശിച്ച് കരുതിയ മുഴുക്കുപ്പി ഹണി ബീയുടെ കാര്യമാണ് അവന്‍ സൂചിപ്പിക്കുന്നത്.
"ചോയ്ക്കാം. വരട്ടെ."
കുളി കഴിഞ്ഞ് പുറത്തു വന്ന് ഷർട്ടിന്റെ കുടുക്കിടുമ്പോൾ ജെയിംസിനോട് ഞാൻ ചോദിച്ചു:
" സാനണ്ട്. എപ്പഴാ വേണ്ട്?."
"ഏത്?."
"മറ്റത്... സ്മോള്?."
"ജീസസ്!. ബാലൻ ചേട്ടാ എന്തായിത്!. ഇപ്പോഴോ?. കളി കഴിയട്ടെ. പറയാം."
"സോറി. അതറിയാനാ ചോയ്ച്ചേ."
"അത് സാരല്ല്യ. ഞങ്ങള് നാടകക്കാർ വെള്ളമടിച്ച് സ്റ്റേജിൽ കയറില്ല. ആരേയും കയറ്റുകയുമില്ല."
ജെയിംസ് ഖണ്ഡിതമായി പറഞ്ഞു. പിന്നെ വിരൽ ഞൊടിച്ചു ശബ്ദമുണ്ടാക്കിക്കൊണ്ട് ചവിട്ടുപടിയിറങ്ങുമ്പോള്‍ തിടുക്കം കൂട്ടി.
"വാ പാം. ചായമിടണം."
നാടകം ഭംഗിയായി അവസാനിച്ചു. സംഭാവനാ രശീതിയും പ്രതിഫലബാക്കിയും വാങ്ങി ഹാൻഡ് ബാഗിലിട്ട് മുടി പുറകോട്ട് ചീകിയൊതുക്കിക്കൊണ്ട് ജെയിംസ് ഞങ്ങളോട് പറഞ്ഞു.
"ബാലൻ ചേട്ടാ അപ്പൊ നീങ്ങ്വല്ലേ?."
വീട്ടിലേക്ക് നടക്കുമ്പോൾ വിജയന്‍ ചോദിച്ചു:
"വേറെ ആരൂല്യേ ജെയിംസേ?.''
"ഇല്ലപ്പാ; സുകുവേ, നീ വരുന്നോടാ?."
ജെയിംസ് പിന്നിലേക്ക് വിളിച്ചു ചോദിച്ചു.
"ഇല്ല ജെയിംസേട്ടാ. പോയ് വാ."
"കൂട്ടത്തിൽ ഞാനൊഴിച്ച് അവനേ കഴിക്കൂ. അവനാണേല് നാളും മുഹൂർത്തോം പണിയും കഴിഞ്ഞ് സമയം കിട്ടില്ല. ബാക്കിയുള്ളോരൊക്കെ പശുക്കളും."
ജേക്കബ് ചിരിച്ചു.
"നീ ഉഷാറാക്ക് ഞാനിതാ വന്നു."
"ആട്ടെ ജെയിംസേട്ടാ."
സുഹൃത്തിന്റെ വീട്ടിൽ സെറ്റിയില്‍ ചെന്നിരുന്നപ്പോൾ ജെയിംസ് അക്ഷമനായി.
"വേഗമെടുക്ക്. ചെന്നിട്ട് പണിയുണ്ട്. "
കുപ്പിയും ഗ്ലാസും ബോണിയിൽ വെള്ളവും ഒരു പ്ലേറ്റ് മിക്സ്ചറുമായി സുഹൃത്ത് വന്നപ്പോൾ ഗ്ലാസ്സും കുപ്പിയും പിടിച്ചു വാങ്ങിക്കൊണ്ട് ജെയിംസ് ചോദിച്ചു:
"നിങ്ങള് കഴിക്കുന്നില്ലേ?."
"ഏയ് ഇല്ല. പൂരമൊക്കെ കഴിഞ്ഞിട്ട്. ഇടയിലില്ല."
"അതെന്താ?."
"അതൊരു തീരുമാനമാണ്."
"അദ്ദാണ്!. അതാണ് നിഷ്ഠ. കളിക്ക് മുമ്പ് ഞാന്‍ വേണ്ടെന്നു പറഞ്ഞത് അതുകൊണ്ടാണ്. കല ദൈവീകമാണ്. അതൊരുത്തരവാദിത്തവുമാണ് ബാലൻചേട്ടാ. പ്രേക്ഷകരോട്, കമ്മിറ്റിക്കാരോട്, നാടകത്തോട്, ദൈവത്തോട് ഒക്കെയുള്ള ഒരു സമര്‍പ്പണം."
ജെയിംസ് വര്‍ത്തമാനം നിർത്തി. പിന്നെയെല്ലാം കാഴ്ചയായിരുന്നു. കുപ്പി ചെരിയുന്നതും വെള്ളം തൊടാത്ത ലാർജുകളും ഡബിൾ ലാർജുകളും ഗുളു ഗുളു ശബ്ദത്തിൽ നിറഞ്ഞ് വടിഞ്ഞ ഗ്ലാസ്സ് അന്തരീക്ഷത്തിലുയരുന്നതും താഴുന്നതും നാലു തവണ കണ്ടതോർമ്മയുണ്ട്. അഞ്ചാമത് ഒന്നുകൂടി പ്രതീക്ഷിച്ചത് നടന്നില്ല. ജെയിംസ് എണീറ്റു.
"അപ്പൊ ശരി. നിങ്ങൾ വരുന്നില്ലേ?."
"ഉവ്വ്. മിക്സ്ചര്‍?."
"വേണ്ട വായ് നാശമാകും."
അയാള്‍ ഹൃദ്യമായി ചിരിച്ചുകൊണ്ട് വീട്ടുപടിയിറങ്ങി. പിന്നാലെ ഒരക്ഷരം ഉരിയാടാനാകാതെ ഞങ്ങളും. അമ്പലപ്പറമ്പില്‍ എത്യതിപ്പോൾ ജെയിംസ് പറഞ്ഞു.
"അപ്പൊ ശരി ചേട്ടന്മാരെ, നമുക്കിനി അടുത്ത വർഷം!. ജൂണില് പുതിയ നാടകം പണി തുടങ്ങും."
"ശരി. "
ഒരു ചഞ്ചലിപ്പുമില്ലാതെ ഉറച്ച കാല്‍വെപ്പോടെ സ്റ്റേജിനടുത്തേക്ക് നീങ്ങുന്ന ആ മനുഷ്യനെ നിർന്നിമേഷനായി നോക്കി നിൽക്കുമ്പോൾ പിന്നിൽ വിജയന്റെ പരിദേവനം.
"നാളെ പെരുവല്ലൂരിന് കൊടുക്കാൻ സാനം വേറെ സംഘടിപ്പിക്കണം!."
പൂരത്തിന് പഞ്ചവാദ്യം കൊട്ടാൻ വരുന്ന മദ്ദളപ്രമാണിയുടെ സേവാഗ്രാമാണ് പ്രതിപാദ്യം.
"അയ് അതില് ബാക്കീല്ലിടാ?."
"ന്തൂട്ട് ബാക്കി!. കൂട്യാ രണ്ട് ലാർജ്. പെരുവല്ലൂരിന് ചുണ്ടത്ത് പെരട്ടാല്ല്യ. വെള്ളം കൂട്ടാണ്ട് മൊന്തേന്ന് മട മടാന്നൊഴിച്ച് കുടിക്കണ പാർട്ട്യാ!."
:
:
:
അതൊരു കഥ.
ഇനി മറ്റൊന്ന്. പിറ്റേ വര്‍ഷത്തെ പൂരത്തിന് കളിച്ച ഒരു നാടകത്തെക്കുറിച്ച് ഓര്‍മ്മയില്‍ തെളിഞ്ഞു കിടക്കുന്നത് രണ്ടു കാര്യങ്ങള്‍. ഒന്ന്, യയാതി എന്ന കഥ. രണ്ട്, നാടകത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത പ്രശസ്തനായ സിനിമാ നടന്‍.
നാടക സംഘം എത്തി പെട്ടെന്നുതന്നെ ജോലി തുടങ്ങി. പൂരം ദിവസമായിരുന്നു നാടകം. സന്ധ്യക്ക് ദീപാരാധന കഴിഞ്ഞപ്പോൾ നൂറ്റൊന്നു ഗുണ്ട് പൊട്ടി. അതിൻ്റെ പുകയൊന്നടങ്ങിയപ്പോൾ അമ്പലനടയിൽ പുരക്കമ്മിറ്റി സെക്രട്ടറിയുമായി സംസാരിച്ചു നിന്നിരുന്ന എൻ്റെയരികിലേക്ക് ഒരു പയ്യൻ ഓടി വന്നു പറഞ്ഞു:
''ബാലന്ദ്രേട്ടനെ വിളിക്ക്ണ്ട്."
"ആര്?."
" നാടകക്കാര്."
ഞാൻ വേഗം പുറത്ത് അമ്പലപ്പറമ്പിലുള്ള സ്റ്റേജിനരികിൽ ചെന്നു. അവിടെ സ്റ്റേജ് മൈക്ക് വലിച്ചുകെട്ടിക്കൊണ്ടിരുന്ന ജോലിക്കാരനോട് ചോദിച്ചു:
"ആരാ എന്നെ അന്വേഷിച്ചത്?. ഞാൻ ബാലചന്ദ്രൻ. കൺവീനര്‍.”
"ഓ സാറാണല്ലേ. സാറിനെ പി. എസ്. അന്വേഷിക്ക്ണ്ട്."
അയാള്‍ ചിരിച്ച് അര്‍ത്ഥഗര്‍ഭം ധരിച്ചു.
"എന്ന്യാ?."
"അതെ."
ഞാനാലോചിച്ചു. പ്രശസ്തനായ പി. എസ് എന്തിനാണാവോ എന്നെ അന്വേഷിക്കുന്നത്?."
"എവടാള്?."
"ഗ്രീൻ റൂമില്."
ഗ്രീൻ റൂമിൽ ചെന്നപ്പോൾ ഒരു കസേരയിൽ മുറുക്കാന്‍ ചവച്ചു മതിൽക്കകത്തേക്ക് നോക്കിയിരിപ്പാണ് പി.എസ്.
"സർ!."
"ങ്ഹാ, ആരാ?."
"ഞാൻ ബാലചന്ദ്രൻ."
"ഓ.. താനാ കൺവീനറല്ലേ?."
"അതെ. "
"ദെന്താടോ ഇവടെ വെടിക്കെട്ട്?."
"പൂരല്ലേ. ദീപാരാധന കഴിഞ്ഞപ്പൊ ഒരു നൂറ്റൊന്നു ഗുണ്ട് പൊട്ടിച്ചതാ."
"ഇത് കൃഷ്ണന്റമ്പലല്ലടോ?.''
"വിഷ്ണു."
"ങ്ഹാ രണ്ടും ഒന്നന്നെ. വിഷ്ണൂൻ്റമ്പലത്തിലെങ്ങന്യാടോ വെടി വഴിപാട്?."
"സർ വഴിപാടല്ല. ഇവിടെ വെടിവഴിപാടൊന്നൂല്യ. പൂരാവുമ്പൊ കൊഴുപ്പിനു കൊറച്ച് വെടിക്കെട്ട്. അത്രന്നെ."
"ഓ... ന്നാലും അത് ശര്യല്ല വിധി പ്രകാരം. അതുപോട്ടെ; നാടകം കൃത്യ സമയത്തന്നെ തൊടങ്ങും ല്ല്യേ?."
"ഉവ്വ്."
"എത്രക്ക്?.''
"ഒമ്പതിന്.''
"അതു കഴിഞ്ഞട്ടോ?."
പി.എസ്. മുറുക്കാന്‍ വായ പൂട്ടി കുലുങ്ങിച്ചിരിച്ചു. എനിക്ക് കാര്യം മനസ്സിലായി. അറിയാത്ത പോലെ ഞാൻ പറഞ്ഞു.
"നാടകം കഴിഞ്ഞാ എഴുന്നെള്ളിപ്പ്. വീണ്ടും വെടിക്കെട്ട്."
"ആയ് ആയ് ഇയാൾക്ക് പറഞ്ഞത് മനസ്സിലായില്ല്യ!. ആ എഴുന്നള്ളിപ്പല്ലടോ കൺവീനർ രാമചന്ദ്രാ അല്ല; എന്തായാൾടെ പേര് പറഞ്ഞത്?."
"ബാലചന്ദ്രൻ."
"അതെ ബാലചന്ദ്രൻ. ട്ടോ ബാലചന്ദ്രാ ഞാൻ മറ്റേ എഴുന്നള്ളിപ്പാ ഉദ്ദേശിച്ചത്!.”
"മനസ്സിലായി. അതൂണ്ട്. ചമയങ്ങളൊക്കെ റെഡി. ഇപ്പെടുക്കണോ?."
"അടി!. ചുട്ട അടി എടുക്കണം രണ്ടെണ്ണം. തനിക്ക് തരാന്‍!. പുറനാട്ടുകര വിഷ്ണോ!. ഇയാളോട് പൊറുക്ക്വ!. കൺവീനർക്കറീല്ല്യേ ഇതൊക്കെ?. ഡോ നാടകത്തിന് മുമ്പ് ഈ വക്യൊന്നും പാടില്ല്യ. ന്നാ കളി കഴിഞ്ഞൊടനെ വേണേനും. അപ്ലോ?."
പി.എസ്. എന്നെ ചുഴിഞ്ഞൊന്നു നോക്കി.
"വെഷമല്ല്യ."
"റെഡ്യണലോ?."
"എവറെഡി. "
"ങ്ഹ. അപ്പ ശരി കഴീമ്പൊ താൻ ങ്ങട് വന്നോള്വാ. ഏതെങ്കിലും വീട്ടിലാവൂലോ എഴുന്നെള്ളിപ്പ്?."
"തീർച്ചയായും."
"ഭേഷ്. ന്നാങ്ങന്യാട്ടെ. താൻ ചെല്ല്വ."
"ശരി സർ."
:
:
:
ഇങ്ങിനെ രണ്ടു കഥകള്‍. കഥകളല്ല നടന്ന രണ്ടു സംഭവങ്ങള്‍. ഒരു പക്ഷെ ഇപ്പോഴും നടന്നുകൊണ്ടിരിക്കാവുന്ന കഥകള്‍. ഇതിപ്പോള്‍ ഇവിടെ ഓര്‍ത്തെടുത്തതിന് കാരണമുണ്ട്.
നാടകവണ്ടിയില്‍ സ്ഥാപിച്ച ബോര്‍ഡിന്റെ പേരില്‍ ഭീമമായ തുക മോട്ടോര്‍വാഹന വകുപ്പ് ചുമത്തി എന്ന വാര്‍ത്താ വിവാദവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ സംവാദങ്ങള്‍ക്കിടയില്‍ വാഹനത്തിലുണ്ടായിരുന്നവരെല്ലാം മദ്യലഹരിയിലായിരുന്നു, പൊതുവെ നാടകക്കാരെല്ലാം മദ്യപാനികളാണ് എന്ന തരത്തില്‍ ചിലര്‍ ആക്ഷേപങ്ങള്‍ എഴുതി കണ്ടിരുന്നു. അങ്ങിനെയുള്ളവർ ഉണ്ടായിരിക്കാം. നാടകക്കാര്‍ മാലാഖമാരല്ല. മദ്യപിക്കുന്നവരുണ്ട്. പക്ഷെ എന്റെ അറിവിലും അനുഭവത്തിലും ഭൂരിഭാഗം അഭിനേതാക്കളും കളിക്ക് മുമ്പ് മദ്യപിക്കാറില്ല. കളി കഴിഞ്ഞാല്‍ ചേലില്‍ മദ്യപിക്കുകയും ചെയ്യും. മദ്യപിച്ചുകൊണ്ട് അരങ്ങില്‍ കയറുന്നത് നാടകത്തോടും ദൈവത്തോടും അവനവനോടും ചെയ്യുന്ന നിന്ദയാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് അമച്വര്‍ പ്രൊഫഷനല്‍ നാടകരംഗത്തെ വലിയൊരു വിഭാഗം കലാകാരന്മാർ.
സ്റ്റേജിലെന്നല്ല റിഹേഴ്സല്‍ ക്യാമ്പില്‍ പോലും മദ്യപിച്ച കലാകാരനെ പ്രവേശിപ്പിക്കാത്തവരുണ്ട്. അബദ്ധവശാല്‍ മദ്യപിച്ചുപോയാൽ റിഹേഴ്സല്‍ സങ്കേതത്തില്‍നിന്ന് സ്വയം വിലക്കി വിട്ടു നില്‍ക്കുന്നവരുമുണ്ട്. കഥയിലെ ജെയിംസ് പറയുന്നതുപോലെ അതൊരു സമര്‍പ്പണമാണ്. ആത്മസമര്‍പ്പണം. അതറിയണമെങ്കില്‍ നാടകമെന്തെന്ന് അറിയണം. നല്ല നാടകക്കാരെ അറിയണം.
വിഷയത്തിൽ എതിരഭിപ്രായങ്ങൾ സ്വാഭാവികം. അതങ്ങിനെയാണല്ലോ. കേരളമെന്നല്ല അന്താരാഷ്ട്ര തലത്തില്‍തന്നെ അറിയപ്പെടുന്ന മേളാസ്വാദകനും തികഞ്ഞ മദ്യവിരോധിയുമായ ടൈറ്റസ് ഇനാശു നാട്ടിലെ ചെണ്ടപ്പുറത്തെ കോലിനൊക്കെ നൃത്തം വെയ്ക്കുന്നത് മദ്യപിച്ചിട്ടാണെന്നു കരുതുന്ന ശുദ്ധാത്മാക്കള്‍ ഇപ്പോഴുമുണ്ടല്ലോ!.
എഴുതിയതെല്ലാം ഈയുള്ളവന്റെ മാത്രം അനുഭവങ്ങള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ