2020 നവംബർ 21, ശനിയാഴ്‌ച

നാലാംതൂണ്

 

നാലാംതൂണ്


ഉച്ചക്ക് കാൻ്റീനിൽ ഊണ് കഴിഞ്ഞ് കൈ കഴുകുമ്പോഴാണ് കാൻ്റീൻ ബോയ് രാമകൃഷ്ണൻ കയ്യിലൊരു കടലാസു പൊതിയുമായി പുറത്തു നിന്നു കയറി വന്നത്.

'' ബാലേന്ദ്രൻ സാറേ...."

"ങ്ഹാ, ദെന്താ രാമഷ്ണാ പർച്ചേസ്?."

"ഏയ്, ദ് നേന്ത്രപ്പഴാ."

"വിശേഷിച്ച്?."

"അയ്, എടനേരം ചായക്ക് കടിക്കണ്ടേ!."

"ഓ, പഴംപൊര്യാവും ല്ലേ?."

"അതെ. "

"ഇതെത്ര പഴണ്ട്?."

"ഒരു കിലോ."

"അതു മത്യാ?."

"ങ്ഹൂം......ധാരാളം!."

നീട്ടിയൊന്നു മൂളി ആത്മവിശ്വാസത്തോടെ പറയുമ്പോൾ രാമകൃഷ്ണൻ്റെ മുഖത്ത് നിഗൂഢമായ ഒരു ചിരി വിരിഞ്ഞതെന്തിനാണെന്ന് മനസ്സിലായില്ല.

"നൂറിനു മോളിലാളുണ്ട് ബ്രാഞ്ചിൽ. ഒരു കിലോ നേന്ത്രപ്പഴണ്ടായാ അവർക്കൊക്കെ സപ്ളൈയ്യാള്ള പഴം പൊരീണ്ടാക്കാൻ പറ്റ്വോ?."

എൻ്റെ ആത്മവിചാരം ഉച്ചത്തിൽ പ്രകാശിതമായത് കേട്ട് ഊണ് കഴിച്ചുകൊണ്ടിരുന്ന രാമസാമി പറഞ്ഞു.

"അതിനെന്താ വെഷമം?. ഒരു കിലോ തന്നെ അധികാ ബാലചന്ദ്രൻ. ഒരൊറ്റ പഴം മതി."

" ഹ ഹ ഹ ഹ!."

"ഏയ് ചിരിക്കാതപ്പാ!. ഞാൻ പറഞ്ഞ് തരാം പ്രോസസ്സ്. പഴം തൊലി കളഞ്ഞ് ചീള് ചീളാക്കി മുറിച്ച് മാവിൽ മുക്കി വെളിച്ചെണ്ണയിലിട്ട് മൊരിഞ്ഞാൽ അതെടുത്ത് ഒരറ്റത്തെ മാവ് അല്പമൊന്ന് പൊളിച്ചടർത്തണം. കൈ പൊള്ളാതെ ചെയ്യണം!. എന്നിട്ട് പതുക്കെ ഉള്ളിലെ പഴച്ചീള് ഇങ്ങ് ഊരിയെടുക്കണം. ആ ചീളെടുത്ത് വീണ്ടും മാവിൽ മുക്കി എണ്ണയിലിട്ടു മുന്നെ ചെയ്ത പണി ആവർത്തിക്കുക. ഒരു കിലോ പോയിട്ട്, ബാലേന്ദ്രാ, ഒരു പഴം പോലും വേണ്ട. ഒരൊറ്റച്ചീള് മതി, നൂറ് പഴംപൊരി തയ്യാർ!. അല്ലേ രാമഷ്ണാ?."

ഉണ്ണാൻ സീറ്റ് കാത്തിരിക്കുന്നവരും ഉണ്ടിരിക്കുന്നവരുമായി പത്തിരുപത്തഞ്ച് പേരുടെ ചിരിയിൽ ഊണുമുറി കുലുങ്ങി.

"ആളെ കോഴ്യാക്കാണ്ട് എണീക്ക് സാറെ. ആൾക്കാരുണ്ണാൻ കാത്തിരിക്ക്യാ!."
രാമകൃഷ്ണൻ്റെ മുഖം ചുവന്നു.

"അത് ശരി, അപ്പതണല്ലേ പണി!. ഞാനും വിചാരിക്കാറ്ണ്ട് ദെന്തായി പഴംപൊരില് പഴത്തിൻ്റെ തരീല്ലിലോ അപ്പടി മാവണലോന്ന്!."

കൈകഴുകി കർച്ചീഫുകൊണ്ട് കയ്യും വായും തുടച്ച് ഒരേമ്പക്കത്തോടെ ഫ്രാൻസീസും കക്ഷി ചേർന്നപ്പോൾ രാമകൃഷ്ണൻ അടുക്കളയുടെ ചായ്ച്ചെറക്കിയിൽ പോയി ഒരു ബീഡിക്ക് തീക്കൊളുത്തി. പിന്നെ ഒരു കവിൾ പുകയെടുത്ത് പല്ലിറുമ്മി:

"#@*&#*ള്!. വല്ല്യേ ആപ്പീസർമാരാത്രേ!."

പക്ഷേ ലഞ്ചിൻപുറത്തുള്ള ലിഞ്ചിങ്ങിൻ്റെ പ്രത്യാഘാതം ദൂരവ്യാപകമായിരുന്നു. വിഷയം കാൻ്റീൻ മാനേജർ രാഘവൻ നായരുടെ ചെവിയിലെത്തി. കാൻ്റീൻ കമ്മിറ്റി കൂടി സംഭവം ചർച്ച ചെയ്ത് മേൽഘടകമായ ലോക്കൽ ഇംപ്ലിമെൻ്റേഷൻ കമ്മിറ്റിയുടെ തീരുമാനത്തിനു വിട്ടു. ബ്രാഞ്ച് മാനേജർ അദ്ധ്യക്ഷനായ എൽ ഐ സി സംഭവത്തിൽ അമർഷം രേഖപ്പെടുത്തുകയും പ്രതികളെ ശാസിക്കുന്നതിന് ഏകകണ്ഠമായി തീരുമാനമെടുക്കുകയും ചെയ്തു. പിറ്റേ ദിവസം തന്നെ മാനേജർ കൂട്ടുപ്രതികളായ എന്നെയും സാമിയേയും ഫ്രാൻസിസിനേയും വിളിച്ച് ശിക്ഷ നടപ്പാക്കുകയും കമ്മിറ്റിയുടെ പൊതു വികാരത്തിനു കടകവിരുദ്ധമായി സ്വന്തം നിലയിൽ നല്ല നടപ്പിന് രഹസ്യമായി അപേക്ഷിക്കുകയും ചെയ്തു.

ചീള് പരിപാടി ഉപേക്ഷിച്ചതോ എന്തോ പിന്നീട് ഇറങ്ങിയ പഴംപൊരിയുടെ ഗേജ് ലേശം മെച്ചപ്പെടുകയുണ്ടായി.

അപരിചിതം

                                                         അപരിചിതം

കായലാറുമാസം വറ്റി പുഞ്ചപ്പണി തുടങ്ങിയ കോൾ പാടത്തിലൂടെ നടത്തം ആരംഭിച്ചിട്ട് ഇന്ന് രണ്ടാം ദിവസം. നടന്ന് നടുമുറി എത്തിയപ്പോൾ ഒരാൾ എതിരെ നിന്ന് വരുന്നതു കണ്ടു. ഇന്നത്തെ ദിവസം പാടത്തെ കണിയാണ്. ഒരമ്പത് മീറ്റർ ദൂരെയെത്തിയപ്പോർ ആളെ മനസ്സിലായി. സുഹൃത്താണ്. സരസനാണ്. സഹൃദയനുമാണ്. സംഭാഷണപ്രിയനുമാണ് എന്ന ഒരു ഭീഷണി കൂടിയുണ്ട്. ഗുഡ് മോണിങ്ങ് പറഞ്ഞ് നിർത്തി കുശലത്തിൽ കുളിപ്പിച്ചു കിടത്തും!.

പ്രതിസന്ധി എങ്ങിനെ മറികടക്കും?. നടക്കാനിറങ്ങുമ്പോൾ ചില നിഷ്ക്കർഷകളൊക്കെയുണ്ട് എനിക്ക്. പാർട്ണർമാർ പാടില്ല. കാരണം രണ്ടാണ്. കൂടിയാലും കുറഞ്ഞാലും തുണക്കാരൻ്റെ വേഗതയുമായി സമരസപ്പെടാനാവില്ല. പിന്നെ ഒത്തു നടക്കുമ്പോഴുണ്ടാവുന്ന സംസാരം. നടത്തം ഒരു ധ്യാനമാക്കണമെന്ന ഓഷോ മതാനുയായിയായതുകൊണ്ട് അതും നിഷിദ്ധം. നടത്തം നിർത്തി വർത്തമാനം പറയുന്ന കാര്യം പിന്നെ പറയാനുണ്ടോ?.

എന്തെങ്കിലുമാവട്ടെ വരുന്നിടത്തു വെച്ചു കാണാം എന്ന മൈൻ്റ് സെറ്റപ്പിൽ ചുവടുവെച്ചടുത്തു കൊണ്ടിരുന്നപ്പോൾ ഇല്ലാത്ത ഒരു വിളിയുടെ സ്മാർട്ട് ഫോൺ ചെവിയിൽ പൊത്തിക്കൊണ്ട് മുഖത്തു നോക്കാതെ ആശാൻ എന്നെ കടന്നു പോയി. രക്ഷപ്പെട്ടതിൽ നല്ല പോലെ ആശ്വസിക്കുമ്പോഴും പുള്ളിയുടെ ഗതി വ്യതിയാനത്തിൽ ഞാൻ തെല്ലൊന്ന് അതിശയിക്കാതിരുന്നില്ല. മാസ്ക്ക് ധരിച്ചതിനാൽ എന്നെ മനസ്സിലാവാതെ പോയതൊന്നുമാവില്ല. കേശാദിപാദം മൂടി നടന്നാലും ബാലന്ദ്രേട്ടാ എന്നു വിളിച്ച് കരിമ്പടം പൊക്കി നോക്കുന്നയാളാണ്. ഒളിച്ചു നടക്കാനായി ഇങ്ങോട്ട് പത്ത് പൈസയുടെ കടബാദ്ധ്യതയില്ല. പിണങ്ങാനായി മകൻ്റെയും മകളുടേയും കല്ല്യാണത്തിന് ക്ഷണിക്കാൻ വിട്ടു പോയിട്ടുമില്ല. പിന്നെന്താണിങ്ങനെ എന്നല്ലേ?. പറയാം.

കണ്ട ഭാവം നടിക്കാതെയുള്ള ഈ നടപടിക്ക് ഹേതു മറ്റൊന്നുമല്ല. തരം കിട്ടുമ്പോഴൊക്കെ കൊവിഡിൻ്റെ പകർച്ചാ സാദ്ധ്യതയും മാസ്ക്കിൻ്റെയും സാമൂഹ്യ അകലത്തിൻ്റെയും വലിയ പ്രാധാന്യവും ബോധവൽക്കരിച്ചു നടക്കുന്ന കക്ഷി മാസ്ക്ക് ധരിച്ചിട്ടില്ല!. കോംപ്ലക്സ് കോംപ്ലക്സ്!.

അപ്പൊ എല്ലാവരും പറയുന്ന പോലെ തീരെയങ്ങ് അവഗണിച്ചു കളയാവുന്ന ഒരു കഷ്ണം തുണിയൊന്നുമല്ല മാസ്ക്ക്. പരിചയങ്ങളേയും ലോഹ്യങ്ങളേയും പോലും കാണാതാക്കുന്ന കൺകെട്ടാണ്.
Image may contain: sky, outdoor, nature and water

Like
Comment
Share

അവിയല്‍

 അവിയല്‍


"ഡാ, ദെന്തൂട്ടാ നീയ്യ് കാട്ടണ്?."

അവിയലിന് കഷ്ണം അരിഞ്ഞുകൊണ്ടിരുന്ന എൻ്റെയടുത്ത് വന്ന് ദേഹണ്ഡപ്രമാണി മാധവേട്ടൻ കണ്ണുരുട്ടി. ഗോവിന്ദൻ നായരുടെ പതിനാറടിയന്തിരത്തലേന്ന്‌ രാത്രി കരക്കാര് ചെറുപ്പക്കാർ സദ്യ പന്തലിൽ വട്ടമിട്ടിരുന്ന് കറികൾക്ക് കഷ്ണം നുറുക്കുക്കുന്നതതിനിടയിലേക്ക് റൌണ്ട്സിനിറങ്ങിയതാണ് മാധവേട്ടൻ.

പത്തറുപത് വർഷം മുമ്പത്തെ കഥയാണ്.

"ഡാ ബാലഷ്ണാ, കായേടെ നാരുരിഞ്ഞ് കളേഡാ!."

"വെണ്ടക്കായ കഷ്ണം നീളം പോരാട്ടാ ഉണ്ണ്യേ. ഒരു കായോണ്ട് രണ്ടാക്കി നുറുക്ക്. സദ്യ സാമ്പാറാ. വീട്ട് വെപ്പല്ല!."

"ആ മത്തങ്ങേടെ ചോറൊന്ന് നല്ലോണം ചെത്തിക്കളേൻ്റെ തങ്കപ്പാ, അയ് അയ്!."

അതു കഴിഞ്ഞാണ് എൻ്റെ അടുത്ത് എത്തിയത്.

"ഡാ, ദെന്തൂട്ടാ നിയ്യ് കാട്ടണ്?."

"അവീലിനര്യേണു?."

"അവീൽനര്യേൺതാ കാൺണ്!?."

"പിന്നല്ലാണ്ട്?."

"ഞാൻ വിചാരിച്ചു തോരനാന്ന്. മന്തൻ!. നീയ്യെന്തിനാണ്ടാ പഠിക്കണ്?."

" പ്രീഡിഗ്രിക്ക്. സെക്കൻഡ് ഗ്രൂപ്പാ. ഡി. ബാച്ച്. ശ്രീ കേരളവർമ്മ കോളേജ്, കാനാട്ടുകര, തൃശ്ശൂർ."

"ദേ നെൻ്റെ കൊത്തേമൊന്നാങ്ങട് തന്നാണ്ടലോ!. ആ കത്തീങ്ങട് താടാ; ഞാൻ കാണിച്ചരാം. ദേ ദിങ്ങനെ ദിങ്ങനെ നീളത്തില് നനുക്കനെ... കണ്ടാ, അയ്ൻ്റൊരു ഭംഗി കണ്ടാ?."

സ്ക്കെയില് വെച്ചരിഞ്ഞ പോലെ മാധേട്ടൻ രണ്ട് ക്യാരറ്റ് അരിഞ്ഞതു കണ്ടതിലുണ്ടായൊരാവേശത്തിൽ ശേഷിച്ചതെല്ലാം വടിവിൽ അരിഞ്ഞു കൂട്ടി.

"മാധേട്ടാ റെഡി!."

"എവടെ, നോട്ടെ?."

അരിഞ്ഞിട്ട കഷ്ണക്കൂമ്പാരത്തിനിടയിൽ കൈ തിരുകി ഒരു പിടി കോരിപ്പൊക്കി വിടർത്തിയിട്ടു നോക്കിക്കൊണ്ട് മാധേട്ടൻ പറഞ്ഞു.

"ഭേഷ്! അപ്പ നെനക്കറ്യാണ്ട്യല്ല; വേഷം കെട്ടെറക്കീതാല്ലേ?."

പിറ്റെ ദിവസം ഊണിനിലയിടാൻ നേരം ഞങ്ങൾ ഉത്സാഹികൾ കുശിനിയിലെത്തി. വിളമ്പാനായി ഒരോരുത്തരും ഓരോ വിഭവങ്ങളെടുത്ത കൂട്ടത്തിൽ അവിയൽ ഞാൻ തന്നെ എടുക്കാൻ തീരുമാനിച്ചു.

ഉരുളിയിൽ ചട്ടുകം പൊതുക്കിയിട്ട അവിയൽ കണ്ടപ്പോൾ ഞാൻ ചോദിച്ചു.
"മാധേട്ടാ അവീലെവട്യാ?."

"നെൻ്റെ മോത്ത് കണ്ണില്ലിടാ. മുമ്പിലിരിക്കണതെന്തൂട്ടാ?."

"അയ്! ഇത് എരിശ്ശേര്യല്ലെ?."

"അത് ലേശട്ത്ത് കണ്ണില് തേച്ച് നോക്ക്; അപ്പറ്യാം എരിശ്ശേര്യണോ പുളിശ്ശേര്യണോന്ന്. എടുത്തട്ട് പോയി വെളമ്പാൻ നോക്കട, ആളെ മൂപ്പിക്കാൻ നിക്കാണ്ട്!."

അതാണവിയൽ.

ചേനയും കായയും പടവലങ്ങയും പയറും കാരറ്റും മുരിങ്ങക്കായയുമെല്ലാം നാലിഞ്ച് നീളം കാലിഞ്ച് കനത്തിൽ ലാവണ്യ ശാസ്ത്രാനുസാരം അണുവിട തെറ്റാതെ അരിഞ്ഞെടുത്ത് അടുപ്പത്ത് വെക്കും. പക്ഷേ വെളിച്ചെണ്ണയൊഴിച്ച് പിരട്ടി കറിവേപ്പിലയും നാളികേരം ചിരകിയതുമിട്ട് വിരകി വാങ്ങി വെച്ചാലോ എല്ലാം വെന്തൊടിഞ്ഞ് കട്ടകൂടി മത്തങ്ങ എരിശ്ശേരി പരുവം. പ്ലം കേക്ക് പോലെ മുറിച്ചെടുക്കാം!.

2020 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

നിരീക്ഷണം

  നിരീക്ഷണം


നിരീക്ഷകന്മാരെ തട്ടിത്തടഞ്ഞ് വഴി നടക്കാൻ പറ്റാത്ത കാലമാണല്ലോ?. പറയാം ഒരു പഴയകാല നിരീക്ഷണത്തിൻ്റെ കഥ. മനുഷ്യസ്നേഹിയും പ്രായോഗികമതിയും നർമ്മജ്ഞനുമായിരുന്ന ഒരു ന്യാസിയുടേയും......

ഞാൻ പഠിക്കുന്ന കാലത്ത് ആശ്രമം സ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്നു ശ്രീരാമകൃഷ്ണമഠം സംന്യാസിയായിരുന്ന അന്തരിച്ച ശ്രീ. വ്യോമകേശാനനന്ദ സ്വാമി. പേര് അന്വർത്ഥമാക്കുന്ന ആകാരം. തലമുടി ആകാശം തൊടുന്ന ഉയരം. ഒത്തവണ്ണം. മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് നേടിയിട്ടുള്ള സ്വാമി പുറനാട്ടുകര സ്വദേശി തന്നെയായിരുന്നു. വാരിയർ സ്വാമി എന്നായിരുന്നു നാട്ടുകാരെല്ലാം വിളിച്ചിരുന്നത്. പുറനാട്ടുകര വാരിയം കുടുംബാംഗമായിരുന്നു പൂർവ്വാശ്രമത്തിൽ. നാട്ടിലുള്ള എല്ലാ വീട്ടുകാരുടേയും മക്കളുടേയും ഡാറ്റാ ബാങ്കായിരുന്നു സ്വാമി. അതിനാൽ സ്കൂളിൽ പഠിക്കുന്ന കാലത്ത് വികൃതിത്തരം കാട്ടി സ്വാമിക്കു മുന്നിൽ ചെന്നു പെടാതിരിക്കുന്നതിന് പരമാവധി നിയന്ത്രണങ്ങൾ ഞങ്ങൾ സ്വയം പാലിക്കാറുണ്ടായിരുന്നു.

എല്ലാ ദിവസവും രാവിലെ വിവേകാനന്ദൻ്റെയും ഗാന്ധിജിയുടേയും കൂറ്റൻ ചിത്രങ്ങൾ സ്ഥാപിച്ചിരുന്ന കമ്മ്യൂണിറ്റി ഹാളിൽ നടന്നിരുന്ന അസംബ്ളിയിൽ പ്രാർത്ഥനക്കു ശേഷം നിത്യപഠനം, കുളി, പ്രാർത്ഥന, അനുസരണ, അദ്ധ്വാനം തുടങ്ങിയ വിഷയങ്ങളിൽ സ്വാമിയുടെ ഹ്രസ്വ പ്രഭാഷണങ്ങൾ പതിവുണ്ടായിരുന്നു. അതിൽ അദ്ധ്വാനമായിരുന്നു മിക്ക ദിവസങ്ങളിലും വിഷയം.

"കുട്ടികൾ നല്ലവണ്ണം അദ്ധ്വാനിക്കണം. വീട്ടിലെ പറമ്പിൽ കൈക്കോട്ടെടുത്ത് കളയ്ക്കണം. കൃഷി ചെയ്യണം. കൃഷിക്ക് സ്ഥലമില്ലെങ്കിൽ ഉള്ള സ്ഥലത്ത്, അഞ്ചടിയേ ഉള്ളുവെങ്കിൽ അതു മതി, രാവിലെ കൈക്കോട്ടെടുത്ത് രണ്ടടി താഴ്ച്ചയിൽ ഒരു കുഴി കുഴിക്കുക. പിറ്റെ ദിവസം രാവിലെ കൈക്കോട്ടെടുത്ത് ആ കുഴി മൂടുക. ഇങ്ങിനെ ദിവസവും ചെയ്താൽ അത് അദ്ധ്വാനവും നല്ല വ്യായാമവുമായി. നിങ്ങൾ കുട്ടികൾ ഒത്ത ആരോഗ്യമുള്ളവരാവണം. വിവേകാനന്ദ സ്വാമി പറഞ്ഞ ഇരുമ്പു പേശികളും ഉരുക്കു സിരകളുമുള്ള മനുഷ്യർ."

സ്കൂൾ പ്രവർത്തന സമയത്തു പോലും ക്യാമ്പസിലെ വൃക്ഷങ്ങളുടെയും ചെടികളുടേയും സംരക്ഷണത്തിലും പരിപാലനത്തിലും സ്വാമിയുടെ കണ്ണും കരളുമെത്തിയിരുന്നു. ഒഴിവു ദിവസങ്ങൾ പൂർണ്ണമായും ആശ്രമം പറമ്പുകളിലായിരുന്നു സ്വാമിയുടെ വ്യാപാരം. ആശ്രമം പറമ്പുകളെല്ലാം വൃക്ഷനിബിഡവും കാർഷിക സമൃദ്ധവുമായി ഇന്നും നിലനില്ക്കുന്നത് സ്വാമിയുടെ ഭാവനയും ദീർഘവീക്ഷണവും തികഞ്ഞ പ്രവർത്തനങ്ങളുടെ ഫലമായാണ്.

നാട്ടിൽ പല സ്ഥലത്തുമായി ധാരാളം പറമ്പുകളുണ്ട് ആശ്രമത്തിനു്. ഇന്ന് കേന്ദ്രീയ വിദ്യാലയം സ്ഥിതി ചെയ്യുന്ന വിലങ്ങൻ കുന്നിൻ്റെ അടിവാരത്തിലുള്ള സ്ഥലം പിൽക്കാലത്ത് ആശ്രമം സൌജന്യമായി നൽകിയതാണത്രെ.

വലിയ സ്വാമിയെപ്പറ്റി പറഞ്ഞു വരുന്നത്‌ ചെറിയ തമാശയുള്ള ഒരു സംഭവത്തിലേക്കാണ്. പതിവുപോലെ ഒരു ഞായറാഴ്ച ദിവസം നാട്ടിലെ വിഷ്ണു ക്ഷേത്രത്തിനും സ്വാമിയുടെ തറവാടായ വാരിയത്തിനുമടുത്തുള്ള ആശ്രമം കൃഷിപ്പറമ്പിൽ സന്ദർശനവും പരിശോധനയും കഴിഞ്ഞു മടങ്ങുകയായിരുന്നു അദ്ദേഹം. വഴിയിൽ ആശ്രമത്തിൻ്റെ തന്നെ മറ്റൊരു പറമ്പുണ്ടായിരുന്നു. തോട്ടപ്പിള്ളി പറമ്പ് എന്ന് പഴമക്കാരും ഹനുമാൻ പറമ്പ് എന്ന് ഞങ്ങളുടെ തലമുറയും വിളിച്ചു വന്നിരുന്ന നാലഞ്ച് ഏക്രയോളം വരുന്ന ഒരു തേക്കിൻകാടായിരുന്നു അത്. ശക്തൻ തമ്പുരാൻ്റെ കാലത്ത് യോദ്ധാക്കളെ പരിശിലിപ്പിച്ചിരുന്ന തോട്ടപ്പിള്ളി കളരി നിന്നിരുന്ന സ്ഥലമായിരുന്നതുകൊണ്ടാണ് തോട്ടപ്പിള്ളി പറമ്പ് എന്ന പേര് കിട്ടിയതെന്ന് ചിറ്റിലപ്പിള്ളിക്കാരനും സുഹൃത്തും അവശ്യം ചരിത്രജ്ഞാനിയുമായ ചിറയ്ക്കൽ നാരായണൻ കുട്ടി പറഞ്ഞു കേട്ടിട്ടുണ്ട്.

വഴിയിലൂടെ നടന്നുപോവുന്നതിനിടയിൽ ഹനുമാൻപറമ്പിനടുത്ത് എത്തിയപ്പോൾ ഉണങ്ങിയ തേക്കിലകൾ നിറഞ്ഞ പറമ്പിനുള്ളിൽ നിന്നും സ്വാമി ഒരു അനക്കം കേട്ടു. പറമ്പിൽ ആരോ വിഹരിക്കുന്നുണ്ട് എന്ന് സംശയിച്ച സ്വാമി നടത്തം നിർത്തി. ആറേകാലടി ഉയരമുള്ള സ്വാമിക്കു പോലും ഉൾവശം കാണാൻ കഴിയാത്ത വിധം എഴടിയോളം ഉയരത്തിൽ പൊട്ടുകല്ലുകൾ കൊണ്ട് കെട്ടിപ്പൊക്കിയ വേലിയിതയാണ് പറമ്പിന്. അതിനു മുകളിൽ മേലായി കൃഷ്ണൻ്റെ കരവിരുതിൽ ഉയർന്ന മുള്ളുവേലിയും. റോഡിൽ നിന്നാൽ നോട്ടം കിട്ടില്ല.

എന്തു ചെയ്യണമെന്നു നിശ്ചയമില്ലാതെ സ്വാമി നിന്നപ്പോഴാണ് ദിവാകരൻ നമ്പൂതിരി അതു വഴി വന്നത്. അയ്യന്തോളടുത്ത് ഒരമ്പലത്തിൽ ശാന്തിക്കാരനായിരുന്ന നമ്പൂതിരി സ്കൂളിൽ സ്വാമിയുടെ ശിഷ്യനായിരുന്നു. ആളെ കണ്ട വശം സ്വാമി പറഞ്ഞു.

"അഃ ദിവാകരാ പറമ്പില് എന്തോ അനക്കം കേക്കാണ്ട്. താനൊന്ന് നോക്ക്വാ ആരാ എന്താന്ന്!. "

"ഞാൻ നോക്കാം സ്വാമി!."

ദിവാകരൻ ഇതയിൽ അള്ളിപ്പിടിച്ചു കയറി വേലിക്കുള്ളിലൂടെ സസൂക്ഷ്മം പറമ്പിനകം നിരീക്ഷിച്ചു. അതിനിടയിൽ സ്വാമി ചോദിച്ചു:

"വല്ല പട്ടിയോ മറ്റോ ആയിരിക്കും ല്ലേ?."

ദിവാകരൻ ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി ഉറപ്പു വരുത്തിയ ശേഷം പറഞ്ഞു:

"ഏയ്‌, പട്ട്യല്ല സ്വാമി!."

"പിന്നെ?."

"നായ."

തെല്ലിട മിണ്ടാട്ടം മുട്ടി നിന്നു സ്വാമി. പിന്നെ കയ്യാംഗ്യം കാട്ടി പറഞ്ഞു:

"ശരി. ന്നാ താനെറങ്ങ്യോള്വാ."

നിലത്തിറങ്ങി ദേഹത്തും മുണ്ടിലും പറ്റിപ്പിടിച്ച കരടുകൾ തട്ടിക്കളഞ്ഞു കൊണ്ടിരുന്ന ദിവാകരനോട് സ്വാമി ചോദിച്ചു.

"താനെത്ര വരെ പഠിച്ചു ദിവാകരാ?."

"പത്തുവരെ."

"പത്ത് പാസായില്ല്യേ?."

"ഇല്ല്യ സ്വാമി. "

"എന്തേ?."

"നാലഞ്ച് തവണ എഴുതിത്തോറ്റപ്പോ നിർത്തി. പിന്നെ ശാന്തിപ്പണി തൊടങ്ങി. "
ദിവാകരൻ നമ്പൂതിരിയെ ആപാദചൂഢം ഒന്നുഴിഞ്ഞു നോക്കിയ ശേഷം ഒരു ഗൂഢസ്മിതത്തോടെ സ്വാമി പറഞ്ഞു:

"അല്ല; എനിക്കതിശയം തോന്ന്വാ ദിവാകരാ!."

"എന്താദ് സ്വാമി?."

"ഇത്ര നിരീക്ഷപാടവള്ള തനിക്ക് പത്താം ക്ലാസ് ജയിക്കാൻ പറ്റീല്ലിലോന്ന് വിചാരിച്ചിട്ട്!."



2020 ഒക്‌ടോബർ 21, ബുധനാഴ്‌ച

ലക്ഷ്മിയേടത്തി

  

ലക്ഷ്മിയേടത്തി

പേരക്കുട്ടിക്ക് വിരശല്ല്യത്തിനു മരുന്നു വാങ്ങുവാനായി വൈദ്യൻ മാഷെ കാണാൻ പോകുന്ന വഴി ആൽത്തറയിൽ നിന്ന് പൊങ്ങിയ വലിയ കൂട്ടച്ചിരിയിൽ ലക്ഷ്മ്യേടത്തി ഒന്നു ഞെട്ടി. കൌമാരക്കാരും യുവാക്കളുമായി ഞങ്ങൾ പത്തുപന്ത്രണ്ട് പിള്ളേരുണ്ട് വായനശാലയ്ക്കു മുന്നിലുള്ള ആൽത്തറയിൽ. മുപ്പതിനു മുകളിലെത്തിയ സുന്ദരൻ മാഷാണ് ഞങ്ങൾക്കിടയിൽ മുതിർന്നയാൾ. മാഷ് പൊട്ടിച്ച കുഴിമിന്നലിലാണ് ആൽത്തറ കുലുങ്ങിയതെന്ന് ലക്ഷ്മ്യേടത്തി ഊഹിച്ചെടുത്തു.

വായിലെ നാവിലും നേരമ്പോക്ക് പറയുന്നതിലും ഡോക്റ്ററേറ്റുള്ള പ്രതിഭയാണ് ലക്ഷ്മ്യേട്ത്തി. ധാരാളം ശിഷ്യ സമ്പത്ത്. ഞങ്ങക്കിടയിൽ ധാരാളം ശിഷ്യന്മാരും ആരാധകരുമുണ്ട്. വാത്സല്യം കലർന്ന ഒരടുപ്പമായിരുന്നു ലക്ഷ്മ്യേടത്തിക്ക് ഞങ്ങളോട്. പരസ്പരമുള്ള സ്നേഹ ബഹുമാനങ്ങളുടെ ഒരു രസതന്ത്രം നമുക്കിടയിലുണ്ടായിരുന്നു. ഏതു സമയമായാലും ആൽത്തറയ്ക്കു മുന്നിലുടെ പോവുന്നതു കണ്ടാൽ ലക്ഷ്മ്യേടത്തിയെ ആൽത്തറയിലേക്ക് വിളിച്ചുവരുത്തും ഞങ്ങൾ. ഇല്ലെങ്കിൽ ലക്ഷ്മ്യേടത്തി തന്നെ വരും. സോഫ്റ്റ് ഏയും യൂയും കലർന്ന പൊടിപ്പുകൾ വിട്ട് എല്ലാവരേയും ചിരിപ്പിച്ച് കണ്ണീരു വരുത്തിയേ ഷഷ്ഠിപൂർത്തി കഴിഞ്ഞ അവർ മടങ്ങൂ.

ആൽത്തറയിലെ ചിരി ഒന്നടങ്ങിയപ്പോൾ ലക്ഷ്മ്യേടത്തി ബ്രേക്കിട്ടു. വിരലുകൾ മടക്കി രണ്ടു കയ്യും എളിയിൽ കുത്തി അവർ ആൽത്തറയിലേക്ക് തിരിഞ്ഞു. വായിൽ നിറഞ്ഞ മുറുക്കാൻ ചാറ് നീട്ടി തുപ്പി.

"ലക്ഷ്മ്യേടത്ത്യേ, വരൂന്നേയ്!.''

സുന്ദരൻ മാഷക്ക് ആവേശമായി.

"ൻ്റെ പിള്ളേരടട്ത്ത് വരാൻ ഇക്ക് നെന്റെ ക്ഷണൊന്നും വേണ്ട്ര മുത്തൻ വാദ്ധ്യാരേ!."

ലക്ഷ്മ്യേടത്തി ആൽത്തറയിലേക്ക് നീങ്ങി. നീക്കത്തിൻ്റെ ഉന്നം ക്ഷണിച്ചവൻ തന്നെയായിരുന്നു. സുന്ദരൻ മാഷടെ അടുത്തുചെന്ന് രണ്ട് നിമിഷം കണ്ണിലേക്ക് ചുഴിഞ്ഞു നോക്കിയ ശേഷം ലക്ഷ്മ്യേടത്തി ചോദിച്ചു:

"ടാ, പത്തു മുപ്പത്തഞ്ച് വയസ്സായില്ല്യേ നെനക്ക്?. ഊരേലെ ചോപ്പ് മാറാത്ത പിള്ളേരടെ കൂടെ കളിച്ച് ചിരിച്ചിരുന്ന് ആൽത്തറേല് വേരെറക്കാൻ തന്ന്യാ നെന്റെ ഭാവം?. വീട്ടില് വാതില് സാക്ഷേട്ടിര്ന്ന് കിക്കിള്യാക്കാനും ചിരിപ്പിക്കാനും ഒരെണ്ണത്തിനെ കൊണ്ടരണ്ട്രാ നെനക്ക്!."

"എന്താ ചെയ്യാ ലക്ഷ്മ്യേടത്തി, എഴില് ചൊവ്വ വേരെറക്കി നിക്ക്വല്ലേ?."

"ന്നാ ആ പനോലേട്ത്ത് അടുപ്പിലിട്ടിട്ട് നല്ലതൊന്നിനെ വശ്യം ചീത് വീട്ടില് കേറ്ററാ നിയ്യ്!."

"വരട്ടെ സമയണ്ട്."

"ന്റെ തേവരേ!. മുപ്പത്തഞ്ച് കഴിഞ്ഞു; ന്നട്ടും സമയായിട്ടില്ല്യാന്ന് ഇള്ളക്കുട്ടിക്ക്!."

വായിൽ വീണ്ടും കൊഴുത്തു നിറഞ്ഞ മുറുക്കാൻ ചാറ് ആൽത്തറക്ക് കുറച്ചകലെ ചെന്ന് പാറ്റിച്ച് തുപ്പിയ ശേഷം തിരിച്ചു വന്നു് ലക്ഷ്മ്യേടത്തി പറഞ്ഞു:

"ടാ.....നോക്ക്യേൻ, മൂപ്പെത്തീട്ടും വെട്ടാത്ത നേന്ത്രക്കായ വിള്ളും. കിളി കൊത്തും. കണ്ടിട്ടില്ല്യേ നിയ്യ്?. നല്ലണോർമ്മച്ചോ!."
Image may contain: tree, house, plant and outdoor
Anandan Parangodath, Raman Mundanad and 99 others
35 comments
2 shares
Like
Comment
Share