ഉച്ചാടനം
വിളഞ്ഞ നെല്ലില്‍ മലരു വിരിയിക്കുന്ന മേട വെയിൽ.
" ഹൌ ദെന്തൊരു ചൂടാപ്പോ ചൂട്!."
രാമൻനായർ കാലൻ കുട നിവർത്തി വലിഞ്ഞു നടന്നു.
തേവരുടെ ആൽത്തറക്കടുത്തെത്തിയപ്പോൾ ചുട്ട വെയിലിനെ മുന്നൂറ് മില്ലി കനാൽപരുങ്ങിയിൽ മുക്കി പൂനിലാവാക്കി സിഗ്സാഗടിച്ചു നടന്നു വരുന്ന ശങ്കരനെ കണ്ടു.എന്തെങ്കിലും ഒരു ചോളാക്യം വേണ്ടേ എന്ന് കരുതി നായര്‍ സ്നേഹപുരസ്സരം ചോദിച്ചു:
"ദെന്താ ശങ്കരാ?. നല്ല ദ്ലാവ് (നിലാവ്) ല്ലേ?."
മണിപ്രവാളത്തിൽ ബിരുദാനന്തര ബിരുദമുണ്ടായിരുന്ന ദേഹമായിരുന്നു ശങ്കരൻ എന്നറിയാമായിരുന്നിട്ടും രാമൻ നായർക്ക് കാലദോഷംകൊണ്ട് പറ്റിയ ഒരു നാക്കു പിഴയായിരുന്നു അത്!.
"ഫ! "#*@¥¢π÷¥ മോനേ...!. നെന്‍റെ $#*@=€ ടെ #+/"*@ ലാണ്ടാ ദ്ലാവ്!. നോക്ക്യേ, മറ്റേലെ വർത്താനം പർഞ്ഞാണ്ടലാ നെന്‍റെ....."
വിരണ്ട നായര് കുട ചെരിച്ചുപിടിച്ചുകൊണ്ട് ശങ്കരന്‍റെ വാഗ്ദൃഷ്ടി ദോഷങ്ങൾക്ക് മതിൽ കെട്ടി.
പക്ഷെ പുലിവാല് പിടിച്ച നായരുടെ പരിചത്തട ശങ്കരനെ കൂടുതൽ ഉത്തേജിതനാക്കി.
അനിർഗ്ഗളമായൊഴുകിയ സാരസ്വതത്തെ നിഷാദത്തിലെത്തിച്ച് മംഗളംചൊല്ലി ആന്ദോളിതനായി ശങ്കരൻ നടന്നകന്നപ്പോൾ നിവർത്തിയ കുട നിലത്താഞ്ഞാഞ്ഞടിച്ച് തകർത്തു രാമൻ നായർ.
" പോട്ടെ...... കേട്ടേന്റെ ദോഷൊക്കിതോടെ പോട്ടെ!. ന്റെ തേവരേ കാത്ത് രക്ഷിക്ക്വാ!."
:
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ