ശർക്കരാഹരണം
ശർക്കര ഒരു വീക്ക്നസ്സായിരുന്ന ചെറു ബാല്യം. വീട്ടിലെ സംഭരണിയിൽ നിന്നുള്ള ഇസ്ക്കലിൽ പൊറുതി മുട്ടിയപ്പോൾ അമ്മ കലവറ പൂട്ടി താക്കോൽ മടിത്തുമ്പിൽ കെട്ടിനടക്കാൻ തുടങ്ങി. ദാരിദ്രം സഹിക്ക വയ്യാതായപ്പോൾ പുതിയ ഉപായങ്ങൾക്കു വേണ്ടി തല പുകയേണ്ടി വന്നു. ആവശ്യമാണല്ലോ ആവിഷ്ക്കാരങ്ങളുടെ തള്ള. ആവിഷ്കരിക്കുക തന്നെ ചെയ്തു.
കൊച്ചേവസ്യാപ്ളേടെ പാണ്ട്യാലയിൽ നിന്നും എഴുതി തയ്യാറാക്കിയ ലിസ്റ്റു പ്രകാരം പലവ്യഞ്ജനങ്ങൾ വാങ്ങിക്കൊണ്ടു വരുന്ന ജോലി ചന്നരന്റേതായിരുന്നു. സാധനങ്ങളുമായി മടങ്ങുമ്പോൾ പാണ്ട്യാലയിൽ നിന്നും പൊതിഞ്ഞു തരുന്ന കൂർത്ത കടലാസു പൊതിയിൽ നിന്ന് കെട്ടഴിച്ച് സ്വന്തം ആവശ്യത്തിനുള്ള ബെല്ലങ്ങൾ എണ്ണിയെടുത്ത് തിരിച്ചു കെട്ടി വീട്ടിൽ എത്തിക്കും. പക്ഷെ പാണ്ട്യാലപ്പൊതിയുടെ സൌന്ദര്യശാസ്ത്രത്തിൽ വിശാരദ യായിരുന്ന അമ്മക്ക് കടയിൽ നിന്നും വീട്ടിലേക്കുള്ള ചരക്കുനീക്കത്തിനിടയിൽ പൊതിയിൽ നടക്കുന്ന തിരിമറി കണ്ടു പിടിക്കാൻ വിഷമമുണ്ടായിരുന്നില്ല. പുളിവാറൽ പഴുപ്പിക്കലും മധുരമില്ലാക്കാപ്പി കുടിപ്പിക്കലുമായി ആ വഴിയും അടഞ്ഞപ്പോഴാണ് സുരക്ഷിതമായ മറ്റൊരു മാർഗം കണ്ടു പിടിച്ചത്.
കടയിൽ തൂക്കം പിടിച്ച് പൊതി മൂട്ടുന്നതിന് മുമ്പെ വേണ്ടത്ര ബെല്ലമെടുത്ത് വള്ളി ട്രൗസറിന്റെ കീശയിലിടുക എന്നതായിരുന്നു വിദ്യ. ശേഷം ദേവസ്യാപ്ലയുടെ കരവിരുതിൽ സംശയത്തിനിട നൽകാത്ത വിധം പൊതിയുടെ കെട്ടും മട്ടും ഭദ്രമായിരിക്കും!.
കൊച്ചേവസ്യാപ്ല ആദ്യമൊക്കെ എതിർപ്പു പ്രകടിപ്പിച്ചു.
"ക്ടാവേ, തളള അറിഞ്ഞാ ദേവസ്സിക്കാവും കുറ്റം ട്ടാ!"
എങ്കിലും ക്ടാവിന്റെ കണ്ണിലെ ദൈന്യവും ചുണ്ടുകളിലെ വരൾച്ചയും കണ്ട് മനസ്സലിഞ്ഞ അദ്ദേഹം എന്നെന്നും ഗുഢവൃത്തിയിൽ സഹകരിച്ചു പോന്നു.
പക്ഷേ ശർക്കരപ്പൊതി മലർത്തിപ്പിടിച്ച ഉള്ളം കയ്യിൽ വെച്ച് മൂന്നുവട്ടം മേൽകീഴുയർത്തി തൂക്കത്തിൽ വരുന്ന കുറവ് കണ്ടു പിടിക്കുന്ന ഊഹ വിദ്യയിൽ അമ്മ കൃതഹസ്തയായിരുന്നു. കുറെ നാൾ സംശയത്തിന്റെ ആനുകൂല്യത്തിന്മേൽ രക്ഷപ്പെട്ടുവെങ്കിലും ഒരു ദിവസം അതു സംഭവിക്കുക തന്നെ ചെയ്തു!.
പൊതി പതിവിൻപടി കയ്യിൽ വെച്ച് അമ്മ മനത്തൂക്കം തൂക്കി. കാര്യമായ കുറവുണ്ട് !. പക്ഷെ പൊതി സൌന്ദര്യം നഷ്ടപ്പെടാത്ത നിലയിൽ ഭദ്രമാണ്. ചന്നരന്റെ കൈക്രിയ നടന്നിട്ടില്ല എന്നു വ്യക്തം.
പിന്നെ?.
അമ്മയുടെ സംശയത്തിന്റെ സൂചിമുന ദേവസ്യാപ്ലയിലേക്കു തന്നെ നീണ്ടു. നാലോ അഞ്ചോ ബെല്ലത്തിന്റെ കൃത്യമായ അഭാവം എന്ന കേസുമായി മേൽമുണ്ടിട്ട് അമ്മ കടയിലേക്ക് പോയപ്പോൾ തട്ടകത്തിലെ തേവരുൾപ്പെടെ പരിചയവൃന്ദത്തിലുള്ള അര ഡസൻ ദൈവങ്ങളേയും കൊച്ചേവസ്യാപ്ലയേയും വിളിച്ചു മനസ്സുരുക്കി. ഫലമുണ്ടായില്ല!.
ദൈവങ്ങളുടെ കണ്ണടച്ചുള്ള അപ്പീൽ നിരാസവും അളമുട്ടിയപ്പോൾ
കൊച്ചേവസ്യാപ്ല നടത്തിയ വെളിപ്പെടുത്തലുമായപ്പോൾ കുംഭകോണം പരസ്യമായി!.
"ന്നെ ദേവസ്സീടെ മുമ്പില് നാണം കെട്ത്തീല്ല്യേവൻ, ഇട്ത്തോ ആ അശ്രീകരം!?."
വിവാദ ശർക്കര പൊതിയും ഉമ്മറത്തു നിന്നിരുന്ന ചെമ്പരത്തിയുടെ വലിയൊരു കമ്പുമായാണ് അമ്മ തിരിച്ചു വീട്ടിൽ കയറിയത് !.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ