ഉപനയനം
ജീവിച്ചിരിക്കുന്നു എന്നതിന്‍റെ പ്രമാണപത്രം ഉടലോടെ സമര്‍പ്പിച്ചു ബാങ്കില്‍നിന്നും മടങ്ങുമ്പോഴാണ് കോണിച്ചുവട്ടില്‍വെച്ചു പെന്‍ഷണറായ സുഹൃത്ത് വാസുദേവനെ കണ്ടത്.
“അ: വാസേവാ, ദെന്താദ് കൊറേ കാലായിലോ കണ്ടട്ട്!. എന്തു പറേണൂ, സുഖന്ന്യല്ലേ?.”
“അല്ലടോ, സുഖന്നേന്ന് ഒറപ്പിച്ചു പറയാൻ ലേശം വെഷമണ്ട്!.”
“അയ്! അതെന്താദ്!.”
അപ്പോഴാണ് ഞാന്‍ വാസുദേവനെ ശരിക്കും ശ്രദ്ധിച്ചത്. വലിയ പ്രസാദത്തിലല്ല വദനം.
“മെഡിക്ലെയിം അയച്ചത് മടങ്ങി. പത്തുപതിനായിരം രൂവേടെ കേസാര്‍ന്നു. “
“എന്തു പറ്റീ?.”
“ അപേക്ഷേലെ വിവരങ്ങളില് പൊരുത്തക്കേടുണ്ടത്രേ.”
വാസുദേവന്‍ സംഭവം വിവരിച്ചു.
മൂന്നു മാസം മുമ്പ് വീട്ടില്‍ കോണിയിറങ്ങുമ്പോൾ തെന്നി വീണു മുട്ടിന് പരിക്ക് പറ്റി. ചികിത്സക്കായി നഗരത്തിലെ ഏറെ പ്രശസ്തിയും തിരക്കുമുള്ള ഓര്‍ത്തോപിഡീഷ്യനെയാണ് കാണിച്ചത്. അടുത്ത സുഹൃത്തും മുൻ സഹപ്രവര്‍ത്തകനും യൂണിയൻ നേതാവുമായിരുന്ന സിദ്ധാർത്ഥൻ ഡോക്ട്ടറെ ഫോണില്‍ വിളിച്ച് ഏര്‍പ്പാടാക്കിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കൺസൾട്ടേഷൻ വേഗത്തില്‍ തരമായത്. മുറിക്കു പുറത്ത് ഊഴം കാത്തിരിക്കുന്നതിനിടയില്‍ ഡോക്ട്ടറുടെ സഹായി വാതിലിനു പുറത്തേക്ക് തലയിട്ട് ഉറക്കെ വിളിച്ചു ചോദിച്ചു.
” ആരാ പീടീ വാസുദേവന്‍ നമ്പൂതിരി?.”
ആരും മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ സഹായി ആവർത്തിച്ചു.
"വാസുദേവൻ നമ്പൂതിരീ?"
ആരും മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ സഹായി ആവർത്തിച്ചു.
"വാസുദേവൻ നമ്പൂതിരീ?"
ഞാനൊന്നു സംശയിച്ചു. ഞാനാണോ? അങ്ങിനെയെങ്കിൽ പീടീ വാസുദേവൻ എ ങ്ങന്യാ നമ്പൂര്യായീത്?
മുറിയില്‍ കടന്നപ്പോള്‍ ഡോക്‍ട്ടറും ആവര്‍ത്തിച്ചു:
“ വാസുദേവന്‍ നമ്പൂതിരി അല്ലേ. വരൂ ഇരിക്കൂ. സിദ്ധാര്‍ത്ഥന്‍ പറഞ്ഞിരുന്നു.”
അപ്പോൾ പൂണൂലിടുവിച്ചത് സിദ്ധാര്‍ത്ഥനാണ്!. ഒരുമിച്ചു ജോലി ചെയ്തിരുന്ന കാലത്തൊക്കെ അയാള്‍ തന്നെ തിരുമേനി എന്നാണ് വിളിച്ചിരുന്നതെന്നോര്‍ത്തു. അപ്പോഴൊക്കെ എന്തെങ്കിലും ആവട്ടെ എന്നു കരുതി അവഗണിച്ച വിഷയമായിരുന്നു. പക്ഷേ അതിങ്ങനെ എടങ്ങേറുണ്ടാക്കുമെന്ന് കരുതിയില്ല!.
"പരിശോധനേം നാലാഴ്ചത്തെ പ്ലാസ്റ്റര്‍, ഗുളിക, പിന്നെ ഫിസിയോ തെറാപ്പി ചികിത്സോളും കഴിഞ്ഞപ്പോ പതിനായിരത്തിച്ചില്ല്വാനം ചെലവായി. അതിന്‍റെ ബില്ലോളൊക്കെ വെച്ചയച്ച ക്ലെയിമാണ് മടങ്ങിയത്!."
“എന്താ റീസൺ പറഞ്ഞേക്കണത്?.”
"ക്ലെയിമിലും അനുബന്ധ രേഖകളിലും പേരിനു വെത്യാസണ്ടത്രേ."
“എന്ന് വെച്ചാ ?.”
" ക്ലെയിമിലെ വാസുദേവന്‍ അനുബന്ധങ്ങളില്‍ വാസുദേവന്‍ നമ്പൂര്യായീന്ന്!."
“അതെങ്ങനെ സംഭവിച്ചൂ?.”
“ആ സിദ്ധാര്‍ത്ഥന്‍റെ പണ്യന്നെ അല്ലാണ്ടെന്താ!. അയാള് വാസുദേവന്‍ നമ്പൂരീന്നു പറഞ്ഞ് പരിചയപ്പെടുത്തി. ഡോക്ട്ടറ് പ്രിസ്ക്രിപ്ഷനില് അങ്ങന്യന്നെഴുതി. അതിന്‍റെ ബലത്തില് ആശുപത്രി രേഖകളിലും മരുന്നിന്‍റെ ബില്ലുകളിലും ഒക്കെ നമ്പൂരി കടന്നിരുന്നു അതന്നെ!.”
“അയ് അപ്പോ വാസേവന്‍ ഇതൊന്നും നേരത്തെ നോക്കീല്ല്യേ?.”
“അങ്ങനൊരബദ്ധം പറ്റീടോ. സാധനം മടങ്ങീപ്പളാ ഞാനും ശ്രദ്ധിച്ചത്!.”
“ഇനീപ്പെന്താ ചെയ്യ്വാ?.”
“ഡോക്റ്ററേം ആസ്പത്രിക്കാരേം ഫാര്‍മസിക്കാരേം ഒക്കെ കാണണം. എല്ലാറ്റിലേം നമ്പൂരിയെ വെട്ടി നെരത്ത്യാ രക്ഷേണ്ടോന്ന് നോക്കണം."
"അതൊന്നും ബുദ്ധിമുട്ടാവില്ല്യ വാസേവാ. ഒക്കെ ശര്യാവും."
"ന്ന് വിചാരിക്ക്യാ. ന്നാ ഞാന്‍ വരട്ടെ. മസ്റ്ററീയണം. താനത് കഴിഞ്ഞു വര്വാവും ല്ലേ?
"അതെ."
"ങ്ഹാ, കൊർച്ച് പണോം എടുക്കണം. ന്നാ പിന്നെ കാണാടോ."
" ശരി വാസേവാ, കാണാം."
കോണി കയറി പോകുന്നതിനിടയ്ക്ക് തിരിഞ്ഞുനിന്നുകൊണ്ട് വാസുദേവന്‍ വിളിച്ചു പറഞ്ഞു:
“ജാതി ചോദിക്കരുത്, പറയരുത് എന്നൊക്കെ ഉപദേശിച്ച കൂട്ടത്തില് എഴുതരുത് എന്നൂടി ഗുരു പറഞ്ഞേർന്നെങ്കില് ഇന്നീ നട്ടംതിരിച്ചലിണ്ടായേനില്ല്യ !.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ